UPDATES

ട്രെന്‍ഡിങ്ങ്

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ തുറന്നുനോക്കാതെ ലോക റെക്കോര്‍ഡ് തേടി മലയാളി യുവാവ്

മെസേജുകള്‍ തുറന്നുനോക്കുക എന്ന ജോലി പോലും ചെയ്യാതെയാണ് ഇയാള്‍ ലോകറെക്കോര്‍ഡ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിമര്‍ശനം

വാട്‌സ്ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ തുറന്നു നോക്കാതെ അതിലൂടെ ചരിത്രത്തിലിടം തേടുകയാണ് ഒരു മലയാളി യുവാവ്. വാട്ട്സ്ആപ്പ് സന്ദേശത്തില്‍ എന്ത് റെക്കോഡ് എന്ന് ചോദിക്കുന്നവര്‍ക്ക് തന്റെ വാട്ട്സ്ആപ്പ് അക്കൗണ്ട് കാണിച്ച് മറുപടി നല്‍കുകയാണ് അബ്ദു നാസറെന്ന മലപ്പുറത്തുകാരന്‍. തനിക്ക് വരുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ വായിക്കാതെ ഏറ്റവുമധികം വായിക്കാത്ത വാട്ട്സ് ആപ്പ് സന്ദേശങ്ങളുടെ ഉടമയാകാനുള്ള ശ്രമത്തിലാണ് അബ്ദു നാസര്‍.

ഇത് വരെ ആറ് ലക്ഷത്തി അന്‍പതിനായിരത്തിലധികം സന്ദേശങ്ങളാണ് അബ്ദു നാസറിന്റെ വാട്ട്സ് ആപ്പ് പ്രൊഫൈലില്‍ വായിക്കാതെ കിടക്കുന്നത്. നിരവധി വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ സ്വന്തമായിട്ടുള്ള അബ്ദു നാസര്‍ അവയില്‍ വരുന്ന മെസ്സേജുകള്‍ കഴിഞ്ഞ രണ്ടുമാസക്കാലമായി തുറന്ന് പേലും നോക്കുന്നില്ല. നിലവില്‍ ഇത്രയധികം വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ വായിക്കാത്തതിന്റെ പേരില്‍ റെക്കോര്‍ഡുകള്‍ ഒന്നും ലോകത്ത് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.

ചെറുപ്പം മുതല്‍ തന്റേതായ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ കാണിക്കണം എന്ന തീവ്ര ആഗ്രഹത്തോടെയാണ് അബ്ദുവിന്റെ ഓരോ പ്രവര്‍ത്തനങ്ങളും. തന്റെ ഈ നേട്ടം ഒരു ലോക റെക്കോര്‍ഡ് ആയി വാട്ട്സ് ആപ്പ് അധികൃതര്‍ അംഗീകരിക്കുമെന്ന വിശ്വാസത്തില്‍ അധികാരികള്‍ക്ക് വിവരങ്ങള്‍ അയച്ച് നല്‍കി കാത്തിരിക്കുകയാണ് ഈ യുവാവ്. അതേസമയം അബ്ദുവിന്റെ നീക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ഇതിനെതിരെ വിമര്‍ശനങ്ങളും ശക്തമായിട്ടുണ്ട്. അടിയന്തര പ്രധാന്യമുള്ള സന്ദേശങ്ങള്‍ പോലും അവഗണിച്ച് വ്യക്തിനേട്ടം ലക്ഷ്യംവയ്ക്കുകയാണെന്നതാണ് അതിലൊന്ന്. എന്നാല്‍ മെസേജുകള്‍ തുറന്നുനോക്കുക എന്ന ജോലി പോലും ചെയ്യാതെയാണ് ഇയാള്‍ ലോകറെക്കോര്‍ഡ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് അതില്‍ രൂക്ഷമായ വിമര്‍ശനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍