UPDATES

ട്രെന്‍ഡിങ്ങ്

കരയുന്ന കാവ്യയും ചിരിക്കുന്ന മഞ്ജുവും; പക്വമായി പ്രതികരിക്കാന്‍ നമ്മളിനിയും വളര്‍ന്നിട്ടില്ല

ആണ്‍-പെണ്‍ വിഷയമായതുകൊണ്ടു മാത്രം മസാലപ്പടം കാണുന്ന രസത്തോടെ ഈ കേസ് ആഘോഷിച്ചുകൊണ്ടിരുന്ന ഞങ്ങളെപ്പോലെയാകരുതല്ലോ ഭരണകൂടം

സംഭവങ്ങളോട് പക്വമായി പ്രതികരിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല നമ്മളെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് കേരളജനത. ദിലീപ് എന്ന നടന്‍, ഗൂഢാലോചന കേസിലെ കുറ്റാരോപിതന്‍, ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ, അല്ലെങ്കില്‍ സല്ലാപം മുതല്‍ ഇങ്ങോട്ട് ചെയ്തിട്ടുള്ള സിനിമകളില്‍ ഭൂരിഭാഗവും സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തള്ളിക്കയറ്റിയ വലിയ പുട്ടുകുറ്റികളായിരുന്നു. അതിലൊന്നു പോലും നമ്മള്‍ ഉടച്ചുകളഞ്ഞിട്ടില്ല. ഞങ്ങള്‍ക്കിതല്ല വേണ്ടതെന്ന് ഒരിക്കല്‍പ്പോലും നമ്മള്‍ അയാളോട് പറഞ്ഞില്ല. അത്രക്ക് അശ്ലീലവും ദ്വയാര്‍ത്ഥവും കലര്‍ന്ന ഓരോ നോട്ടത്തിനും ഡയലോഗിനും നമ്മള്‍ അമര്‍ത്തിവെച്ച പൊട്ടിച്ചിരി കരുതിവെച്ചിട്ടുണ്ടായിരുന്നു.

എന്നിട്ടിപ്പോള്‍ ഈ കേസില്‍ അയാള്‍ അറസ്റ്റിലായതിനു പിറകെ നമ്മള്‍ അയാളുടെ ബിസിനസ് സ്ഥാപനം അടിച്ചുപൊളിക്കാന്‍ പുറപ്പെടുന്നു! വൈകാരികമായി, അതും നിമിഷാര്‍ദ്ധത്തേക്ക്, പ്രതികരിച്ച് ആ വിഷയം അവിടെത്തന്നെയിട്ട്, ‘അടുത്ത വാര്‍ത്ത താ ചാനലേ’ എന്ന് ആര്‍പ്പുകൂട്ടുന്ന ആള്‍ക്കൂട്ടമായി മാറുന്നുണ്ട് നമ്മളെന്ന് സോഷ്യല്‍ മീഡിയയില്‍ പറക്കുന്ന ട്രോളുകളും അഭിപ്രായങ്ങളും കണ്ടാല്‍ മനസിലാവും. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ ശരി ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ കരയുന്ന കാവ്യ മാധവന്റെ, ചിരിക്കുന്ന മഞ്ജു വാര്യരുടെ പോസ്റ്ററുകള്‍ വാട്‌സ്ആപ്പ് ചെയ്തും ഫോര്‍വേഡ് ചെയ്തും ഒറ്റ രാത്രികൊണ്ടു തളര്‍ന്നിട്ടുണ്ട് കേരളം.

"</p

വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന മൂന്നുമാസം പ്രായമായ കൂട്ടായ്മക്ക് ഏല്‍ക്കാവുന്നതിലും വലിയ ഒരു പ്രശ്‌നമായിരുന്നു മുന്‍പിലുണ്ടായിരുന്നത്. എന്നിട്ടും അവസാനം വരെ ശരിക്കുവേണ്ടി സംസാരിക്കാന്‍ തയ്യാറായ ആ കൂട്ടായ്മയിലെ ഓരോ അംഗത്തിനോടും സ്‌നേഹം. താന്‍ അക്രമിക്കപ്പെട്ടു എന്നു തുറന്നുപറയാന്‍ തയ്യാറായ, അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പറഞ്ഞതില്‍ ഉറച്ചുനിന്ന ആ സ്ത്രീയോട് അങ്ങേയറ്റം ബഹുമാനമുണ്ട്. കൂടെയുണ്ടാവേണ്ട കൂട്ടായ്മ നിസ്സാരമായി തള്ളിക്കളഞ്ഞപ്പോള്‍, കേരളം മുഴുവന്‍ ഇര, ഇര എന്ന് ഒളിച്ചുവെച്ച ആനന്ദത്തോടെ ആവര്‍ത്തിച്ചപ്പോള്‍ എത്ര വേദനിച്ചിട്ടുണ്ടാകും അവര്‍ എന്ന് എത്ര ഊഹിച്ചാലും മനസിലാകില്ല.

ഈ സ്ത്രീ ആക്രമിക്കപ്പെട്ടത്, ഗൂഡാലോചന നടന്നത്, ബിസിനസ്, ബിനാമി ബന്ധങ്ങളുടെ മേലാണ് എന്ന് വാര്‍ത്തകള്‍ പറയുന്നു. എങ്കില്‍ സര്‍ക്കാരേ, അതിന്റെ നിജസ്ഥിതി ഞങ്ങളെ അറിയിക്കണേ. ആക്രമിക്കപ്പെട്ട സ്ത്രീ കുറ്റകരമായ സാമ്പത്തിക ഇടപാടുകള്‍ക്ക് കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അപ്പോള്‍ മാത്രമേ ഇന്നാട്ടിലെ നിയമവ്യവസ്ഥയും പക്വതയുടെ ബാലന്‍സില്‍ വരികയുള്ളു. ആണ്‍-പെണ്‍ വിഷയമായതുകൊണ്ടു മാത്രം മസാലപ്പടം കാണുന്ന രസത്തോടെ ഈ കേസ് ആഘോഷിച്ചുകൊണ്ടിരുന്ന ഞങ്ങളെപ്പോലെയാകരുതല്ലോ ഭരണകൂടം, ഞങ്ങള്‍ അതേ അര്‍ഹിക്കുന്നുള്ളു എങ്കിലും .

ചിത്തിര കുസുമന്‍

ചിത്തിര കുസുമന്‍

കവിയും സമൂഹ്യനിരീക്ഷകയുമാണ് ചിത്തിര

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍