UPDATES

സിനിമ

കാലം മാപ്പ് തരില്ല: രാമലീലയെ എതിര്‍ക്കുന്നവരോട് മഞ്ജു വാര്യര്‍

വ്യക്തിപരമായ എതിര്‍പ്പുകളും വിയോജിപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. സിനിമ ഒരാളല്ല, ആരുപാട് പേരാണ്

ഈമാസം 28ന് റിലീസ് ചെയ്യാനിരിക്കുന്ന ദിലീപ് ചിത്രം രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ചിത്ര ബഹിഷ്‌കരിക്കണമെന്നും ചിത്രം റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ കത്തിക്കണമെന്നുമൊക്കെയുള്ള ആഹ്വാനങ്ങള്‍ ഉയരുമ്പോഴാണ് ചിത്രത്തെ അനുകൂലിച്ച് മഞ്ജു രംഗത്തെത്തിയിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ഉദാഹരണം സുജാതയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജു രാമലീലയെയും പിന്തുണയ്ക്കുന്നത്. ഉദാഹരണം സുജാത ഷൂട്ട് ചെയ്യാന്‍ തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള നിവാസികളില്‍ നിന്നുണ്ടായ പിന്തുണയ്ക്കും കോട്ടണ്‍ഹില്‍ സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മഞ്ജു നന്ദി പറഞ്ഞു. ഏറെ ആസ്വദിച്ചു ചെയ്ത ചിത്രമാണ് ഇതെന്നും സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നെന്നും മഞ്ജു പറയുന്നു. സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളാകുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് മഞ്ജു രാമലീലയെക്കുറിച്ച് പറഞ്ഞ് തുടങ്ങുന്നത്.

ഉദാഹരണം സുജാതയ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് രാമലീല. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തിയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍ വരെയെത്തി അത്. പക്ഷെ ഈ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ എതിര്‍പ്പുകളും വിയോജിപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. സിനിമ ഒരാളല്ല, ആരുപാട് പേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധമെന്നും മഞ്ജു ഓര്‍മ്മിപ്പിക്കുന്നു.

സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. ‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ എന്ന് പറഞ്ഞാണ് മഞ്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍