UPDATES

ട്രെന്‍ഡിങ്ങ്

“ഞാന്‍ മതം പറയുകയല്ല, ക്രിസ്ത്യാനിയായ ഒരു പൊലീസുകാരനാണ് അയ്യപ്പന്മാരെ തല്ലിയത്”: ശ്രീധരന്‍ പിള്ള

നേരത്തെ ബിജെപി അനുകൂല ഫേസ്ബുക്ക് പേജുകളിലും മനോജ് എബ്രഹാമിന്റെ മതം ചോദിച്ചുള്ള പോസ്റ്റുകള്‍ വന്നിരുന്നു

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരായ പ്രതിഷേധം കലാപമായി രൂപപ്പെട്ടിരിക്കുകയാണ്. ഐജി മനോജ് എബ്രഹാമിനാണ് സര്‍ക്കാര്‍ ശബരിമലയിലെ സുരക്ഷയുടെ പ്രത്യേക ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ മുന്‍കാലങ്ങളില്‍ വിദഗ്ധമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നതാണ് മനോജ് എബ്രഹാമിനെ തന്നെ ഈ ചുമതല ഏല്‍പ്പിക്കാന്‍ കാരണം. ഇന്നലെ നിലയ്ക്കലില്‍ നടന്ന പ്രതിഷേധം വണ്ടി തടയലും വണ്ടിക്കുള്ളിലെ മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമായ വനിതകളെ ഇറക്കി വിടുന്ന തലത്തില്‍ നിന്നും അക്രമാസക്തമാകുകയായിരുന്നു. പോലീസിന് നേരെയും കല്ലേറുണ്ടാകുകയും സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തപ്പോഴാണ് അത്രയും നേരം സംയമനം പാലിച്ചിരുന്ന പോലീസിന് ലാത്തി വീശേണ്ടി വന്നത്. ഇന്ത്യാ ടുഡേയുടെ മാധ്യമപ്രവര്‍ത്തകയെ ബസിനുള്ളില്‍ വച്ചും ശബരിമല ഡ്യൂട്ടിക്കെത്തിയ ദേവസ്വം ഉദ്യോഗസ്ഥയെ നിലയ്ക്കലില്‍ വച്ചും അതിക്രൂരമായാണ് സമരക്കാര്‍ കൈകാര്യം ചെയ്തത്. അതിന്റെയെല്ലാം വീഡിയോകള്‍ ഇന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുമുണ്ട്. അതേസമയം ഐജി മനോജ് എബ്രഹാമാണ് ശബരിമലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതെന്നാണ് ബിജെപി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത്. മനോജ് എബ്രഹാം ഒരു ക്രിസ്ത്യാനിയായതുകൊണ്ട് അയ്യപ്പഭക്തന്മാരെ അക്രമിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള തന്നെ ആരോപിക്കുന്നു.

അക്രമണം നടത്തിയത് ബിജെപിയോ ആര്‍എസ്എസോ അല്ലെന്നും അയ്യപ്പഭക്തന്മാരാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. ഈ അയ്യപ്പഭക്തന്മാരെ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് തല്ലിച്ചതച്ചതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ശ്രീധരന്‍ പിള്ളയുടെ ആവശ്യം. 144 പ്രഖ്യാപിക്കാന്‍ പാടില്ലാത്തിടത്ത് അത് പ്രഖ്യാപിച്ചെന്നും ലാത്തിച്ചാര്‍ജ്ജ് നടത്താന്‍ പാടില്ലാത്തിടത്ത് അത് നടത്തിയെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നതെന്നും ശ്രീധരന്‍ പിള്ള പറയുന്നത്. ഇതിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ കൊണ്ടുവരുമെന്നാണ് പിള്ള പറയുന്നത്. ഇന്നലെ ശബരിമലയില്‍ ഭക്തരെ തല്ലിച്ചതയ്ക്കുന്നത് കണ്ടാല്‍ ഏതൊരു വിശ്വാസിക്കും പ്രകോപനമുണ്ടാകുമെന്നാണ് പിള്ളയുടെ വാദം. ‘ഒരു ഓഫീസര്‍-അദ്ദേഹം ഹിന്ദുമത വിശ്വാസിയല്ല- അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശബരിമല ധര്‍മ്മശാസ്താവിന്റെ ചിത്രം വലിച്ചെറിയുന്നത് കാണാമായിരുന്നു. നിലവിളക്ക് വലിച്ചെറിയുന്നത് കാണാമായിരുന്നു. പോലീസിന് ആരാണ് ഭജന നടത്തുന്ന ആള്‍ക്കാരെ ഒഴിപ്പിക്കാന്‍ അധികാരം കൊടുത്തത്. ഇന്ന് നിരോധനാജ്ഞ ഉണ്ടെന്ന് പറയാം. ഇന്നലെ എന്ത് നിരോധനാജ്ഞയാണ് ഉണ്ടായിരുന്നത്. പോലീസ് ഓഫീസര്‍ക്ക് എന്ത് അധികാരമാണ് ഭജന നടത്തുന്നവരുടെ സാധനസാമഗ്രികള്‍ വലിച്ചെറിയാനുള്ളത്. ഒന്നുകില്‍ എഡിഎമ്മിന് അധികാരമുണ്ട്. അല്ലങ്കില്‍ കോടതിക്ക് അധികാരമുണ്ട്. ഇന്നലെ എന്തടിസ്ഥാനത്തിലാണ് അവിടുത്തെ ഗോത്രവര്‍ഗ്ഗം നടത്തിയ നാമജപ ഘോഷയാത്ര അലങ്കോലപ്പെടുത്തിയത്. കെഎപിയിലെ പരിശീലനം പൂര്‍ത്തിയാകാത്ത നെയിം ബോര്‍ഡോ നമ്പരോ ഇല്ലാത്ത മുന്നൂറ് പേരെ കൊണ്ടു നിര്‍ത്തുകയും മന്ത്രി ഉള്‍പ്പെടെ എങ്ങനെയും പ്രകോപനം നടത്താനായി എത്തിച്ചേരുകയും ചെയ്തു’. ശബരിമലയില്‍ ഏറ്റവുമധികം പ്രകോപനം നടത്തിയത് കേരളത്തിന്റെ ദേവസ്വം മന്ത്രിയാണെന്നാണ് ശ്രീധരന്‍ പിള്ളയുടെ മറ്റൊരു ആരോപണം. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന് കോണ്‍ഗ്രസിന്റെ നേതാവ് സുധാകരനാണ് പ്രഖ്യാപിച്ചത്. ബിജെപിയോ മറ്റേതെങ്കിലും പാര്‍ട്ടികളോ തടയുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. വിശ്വാസികളെ പിന്തുണയ്ക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചത്.

തന്ത്രി കുടുംബത്തിലെ മുത്തശ്ശിയെ എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പന്തളം രാജകുടുംബത്തിന് മാറ്റി വച്ച സ്ഥലത്ത് ഭജന നടത്തിയതാണോ അവര്‍ ചെയ്ത തെറ്റ്? കടകംപള്ളി എന്തിനാണ് ശബരിമലയില്‍ പോയിരിക്കുന്നത്? അവിടെ കലാപമുണ്ടാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ശ്രീധരന്‍ പിള്ള പറയുന്നു. 144 പ്രഖ്യാപിച്ചതും ലാത്തിച്ചാര്‍ജ്ജ് നടത്തിയതും ശബരിമലയില്‍ സംഘര്‍ഷാവസ്ഥയുണ്ടെന്ന് പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. ശബരിമലയെ തകര്‍ത്ത് അതിന്റെ പ്രശസ്തി ഇല്ലാതാക്കാനാണ് ഇത്. തുലാം ഒന്നിന് സാധാരണ വരാറുള്ള ആളുകള്‍ ഇക്കുറി വന്നില്ലെന്നത് അതിന് തെളിവാണ്. അനിയന്ത്രിതമായ ജനക്കൂട്ടമുണ്ടായി മറ്റുള്ളവര്‍ ബിജെപിയുടെ സമരത്തിലേക്ക് നുഴഞ്ഞു കയറാതിരിക്കാനാണ് നിയമംലംഘിക്കാന്‍ 41 പേരെ മാത്രം അയയ്ക്കുന്നത്. 144 പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമാണ്. ‘ആ തെറ്റായ തീരുമാനം നടപ്പാക്കാനായിട്ട് വിശ്വാസികളെയല്ല അവിടേക്ക് അയച്ചത്. ഞാന്‍ മതം പറഞ്ഞ് വികാരമുണ്ടാക്കുന്നില്ല. ക്രിസ്ത്യന്‍ സഹോദരന്മാരും ഞങ്ങള്‍ക്ക് വേണ്ടി ഇന്നലെ പിന്തുണ പ്രഖ്യാപിച്ചതാണ്‌. ഇതൊക്കെ മനസിലാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കും’ എന്നായിരുന്നു മനോജ് എബ്രഹാമിനെക്കുറിച്ചുള്ള ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന.

നേരത്തെ ബിജെപി അനുകൂല ഫേസ്ബുക്ക് പേജുകളിലും മനോജ് എബ്രഹാമിന്റെ മതം ചോദിച്ചുള്ള പോസ്റ്റുകള്‍ വന്നിരുന്നു. പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഐജി മനോജ് എബ്രഹാം അയ്യപ്പ ഭക്തര്‍ക്ക് മേല്‍ നടത്തുന്ന നരനായാട്ട് ഡ്യൂട്ടിയോടുള്ള ആത്മാര്‍ത്ഥത ആണോ? അതോ.. മുമ്പ് നിലക്കലില്‍ നിന്നും കുരിശ് മുത്തപ്പന്മാരെ ഓടിച്ചതിനുള്ള വാശി തീര്‍ക്കുവാണോ? എന്നാണ് ദ പാട്രിയോട്ട് ഷെയര്‍ ചെയ്ത പോസ്റ്റില്‍ ചോദിക്കുന്നത്. പത്തനംതിട്ട കളക്ടര്‍ പി ബി നൂഹ് ഇസ്ലാം മത വിശ്വാസിയായതിനാല്‍ സേവ് ശബരിമല സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഇത്തരം പേജുകളിലൂടെ പ്രചരണം നടക്കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷന്റെ നിലപാട് തന്നെ ഇതായതിനാല്‍ ഈ സമരത്തില്‍ സാധ്യമായ എല്ലാ രീതിയിലും വര്‍ഗ്ഗീയത കലര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വ്യക്തമായിരിക്കുകയാണ്.

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; ‘ആര്‍ത്തവലഹള’യും അത് തന്നെയാവും

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

ചാനല്‍ ചര്‍ച്ചയ്ക്കിടെ സാംസ്‌കാരിക വേശ്യയെന്ന് വിളിച്ചു; വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിക്കെതിരെ അഡ്വ. രശ്മിതയുടെ കേസ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍