UPDATES

വായന/സംസ്കാരം

‘ഞാന്‍ രൂപേഷ് കുമാറോ രൂപേഷ് പിഎസോ അല്ല, മാവോയിസ്റ്റ് എന്ന നോവല്‍ എഴുതിയിട്ടുമില്ല’; ഡിസി ബുക്‌സിനെതിരെ എന്തുകൊണ്ട് കത്തെഴുതി? ഷൈന വിശദീകരിക്കുന്നു

ഗ്രീന്‍ ബുക്‌സുമായുള്ള കരാര്‍ ആവസാനിച്ച ശേഷം ഡിസി അയച്ചു തന്ന കരാര്‍ കണ്ടപ്പോഴാണ് ഇതിലെ ചതി ഞങ്ങള്‍ക്ക് മനസിലായത്‌

അനുവാദമില്ലാതെ തന്റെ പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചതിനെതിരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന രൂപേഷ് ഡിസി ബുക്‌സിന് കത്തയച്ചു. ജയിലില്‍ നിന്നും ഡിസി ബുക്‌സിന്റെ പബ്ലിക്കേഷന്‍ മാനേജര്‍ ശ്രീകുമാറിന് അയച്ച കത്തിലാണ് അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനെതിനെക്കുറിച്ച് രൂപേഷ് പറയുന്നത്.

രൂപേഷ് ശ്രീകുമാറിന് അയച്ച കത്തിന്റെ പൂര്‍ണരൂപം താഴെ:

‘നിങ്ങളയച്ച എഗ്രിമെന്റ് കണ്ട് വല്ലാത്ത നിരാശ തോന്നി. ഞാന്‍ രൂപേഷ് കുമാറോ രൂപേഷ് പി.എസ്. എന്നയാളോ അല്ല. ചന്ദ്രോത്ത് ഹൗസ്, വാടാനപ്പള്ളി, തൃശ്ശൂര്‍ എന്നത് എന്റെ അഡ്രസ്സുമല്ല. ഞാന്‍ മാവോയിസ്റ്റ് എന്ന ഒരു നോവലും എഴുതിയിട്ടില്ല.

ഈ വസ്തുതകള്‍ മറ്റാരെക്കാളും നിങ്ങള്‍ക്കറിയാം. ഇതുമായി ബന്ധപ്പെട്ട് എനിക്കും നിങ്ങള്‍ക്കുമിടയില്‍ ചില കത്തിടപാടുകളുണ്ടായിട്ടുണ്ട്.

തീര്‍ത്തും അധാര്‍മ്മികമായിട്ടായിരുന്നു 2013ല്‍ DC എന്റെ പേരില്‍ ആ നോവല്‍ പ്രസിദ്ധീകരിച്ചത്. ഇതറിഞ്ഞയുടന്‍ ആമിമോള്‍ നിങ്ങളെ നേരില്‍ വിളിച്ച് വസന്തത്തിന്റെ പൂമരങ്ങള്‍ എന്ന പേരില്‍ ഗ്രീന്‍ ബുക്സ് എന്റെ നോവല്‍ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നറിയിച്ചിരുന്നു. നിങ്ങളോട് ഇത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നീട്ടും നിങ്ങളിത് തന്നിഷ്ടപ്രകാരം പ്രസിദ്ധീകരിച്ചു ഒരാളുടെയും സമ്മതമില്ലാതെ തന്നെ. ഇതറിഞ്ഞയുടനെ 2013 ല്‍ തന്നെ ഞാന്‍ നിങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. നിങ്ങളുടെ അധാര്‍മ്മികപ്രവൃത്തി ചൂണ്ടികാണിച്ചിരുന്നു.

ഇതത്ര മെച്ചപ്പെട്ട നോവലായതുകൊണ്ടൊന്നുമല്ല നിങ്ങള്‍ ഇങ്ങനെ പ്രസിദ്ധീകരിച്ചത് എന്ന് നിങ്ങള്‍ക്കറിയാം. ഇതിന്റെ വിപണന സാധ്യതയായിരുന്നു നിങ്ങള്‍ കണ്ടത്. നിങ്ങളുടെ ആ പഴയ കത്തില്‍ അത് ചര്‍ച്ച ചെയ്യുന്നുണ്ട്.

ഗ്രീനിന്റെ അഞ്ചു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനുശേഷം ഞാന്‍ തന്നെയാണ് നിങ്ങളെ ബന്ധപ്പെട്ടത്. തീര്‍ച്ചയായും ഗ്രീന്‍ ബുക്സിന്റെ സമ്മതപ്രകാരം മാത്രം. ജയില്‍വാസം, കടുത്ത സാമ്പത്തിക പരാധീനതകള്‍ ഇതെല്ലാമായിരുന്നു അങ്ങിനെ ഒരാലോചനയുടെ പിന്നില്‍.

എന്നാല്‍ നിങ്ങള്‍ അയച്ചുതന്ന കരാര്‍ ഞെട്ടിച്ചു കളഞ്ഞു. 2013 ലെ നിങ്ങളുടെ അധാര്‍മ്മികവും നിയമവിരുദ്ധവുമായ നടപടികളെ സാധൂകരിക്കലാണ് നിങ്ങളുടെ ലക്ഷ്യം എന്ന് മനസ്സിലാക്കുമ്പോള്‍ വലിയ പ്രയാസം തോന്നി. 2013 ല്‍ നിങ്ങള്‍ അച്ചടിച്ചുവെച്ച കരാറും കോയമ്പത്തൂര്‍ അസി. പോലീസ് കമ്മീഷണര്‍ സുന്ദറിന് നിങ്ങള്‍ അയച്ചുകൊടുത്ത രേഖകളും SC 121/2017 എന്ന കേസിലെ രേഖകളാണ്. നിങ്ങള്‍ ആ കേസിലെ 14-ാം നമ്പര്‍ പോലീസ് സാക്ഷിയും.

നിങ്ങള്‍ കേരളത്തിലെ തലമുതിര്‍ന്ന പ്രസാധകകേന്ദ്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നയാളാണ്. മൂന്ന് ദശകത്തിലുമധികമുള്ള വലിയ അനുഭവ സമ്പത്ത് നിങ്ങള്‍ക്കുണ്ടാകേണ്ടതാണ്. മുതിര്‍ന്ന സാഹിത്യകാരുമായുള്ള ദീര്‍ഘ ഇടപെടലുകള്‍ നിങ്ങള്‍ക്കുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് വിവേകപൂര്‍ണ്ണമായ സമീപനം നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഞാന്‍ കരുതിയത്.

വേണ്ട സാര്‍, എനിക്കങ്ങനെ ഒരു സാഹിത്യകാരനാകേണ്ട. സാഹിത്യവുമായി എനിക്കത്ര ബന്ധങ്ങളൊന്നുമില്ല. ഞാനൊരു ആക്ടിവിസ്റ്റാണ്. സോഷ്യല്‍ മീഡിയയുടെ കാലത്ത് മൂന്നാംകിട സാഹിത്യത്തിനു പോലും പ്രകാശന ദാരിദ്ര്യമൊന്നുമില്ല എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊക്കെ എല്ലാ കാലത്തും കൂടെയുണ്ടായിരുന്നു. ആത്മാഭിമാനം വിട്ടുള്ള നടപടികള്‍ക്ക് ഒരു കാലത്തും നമ്മള്‍ ആലോചിച്ചീട്ടില്ല, ഇനിയങ്ങനെ ആലോചിക്കുന്നുമില്ല.

ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു നിങ്ങളുമായി കരാറുണ്ടാക്കുന്നതിനുള്ള ആലോചനക്കു കാരണം. ഞാന്‍ രൂപേഷ് കുമാറോ രൂപേഷ് പി.എസോ അല്ലാത്തതിനാല്‍ മാവോയിസ്റ്റ് എന്ന പേരില്‍ ഒരു നോവലെഴുതിയിട്ടില്ലാത്തതിനാലും ഇത് ഇവിടെ അവസാനിക്കുകയാണ്.

നിങ്ങളുടെ നിയമവിരുദ്ധവും അധാര്‍മ്മികവുമായ പ്രവൃത്തികളോട് കണ്ണടക്കേണ്ടുന്ന ആവശ്യം എനിക്കില്ല. ആദരവോടെ, രൂപേഷ്’

രൂപേഷിന്റെ ഭാര്യ ഷൈനയ്ക്ക് പറയാനുള്ളത്

അതേസമയം ഈ കത്തെഴുതാനുണ്ടായ സാഹചര്യം വിവരിക്കുകയാണ് രൂപേഷിന്റെ ഭാര്യ ഷൈന. രൂപേഷ് ഈ പുസ്തകം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഡിസിയെ സമീപിച്ചിരുന്നു. അന്ന് അത് ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. ഫൈനല്‍ എഡിറ്റിംഗിന് മുമ്പാണ് അത് കൊടുത്തത്. പുസ്തകം പ്രസിദ്ധീകരിക്കാനാകുമോയെന്ന കാര്യത്തില്‍ അന്ന് തന്നെ സംശയം പറഞ്ഞതാണെന്നും ഷൈന പറയന്നു. അന്ന് അവര്‍ മറുപടി പറയാത്തതിനാല്‍ തന്നെ ഇപ്പോള്‍ അത് പ്രസിദ്ധീകരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഞങ്ങള്‍ കരുതിയത്. വീണ്ടും എഡിറ്റ് ചെയ്തതിന് ശേഷം ഗ്രീന്‍ ബുക്‌സ് അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുകയും ഗ്രീന്‍ ബുക്‌സിന് ഞങ്ങള്‍ അത് നല്‍കുകയുമായിരുന്നു. വസന്തത്തിന്റെ പൂമരങ്ങള്‍ എന്ന പേരിലാണ് ആ നോവല്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചത്. ഗ്രീന്‍ ബുക്‌സ് ഇത് പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഞങ്ങളോട് ചോദിക്കാതെ തന്നെ ഡിസി ബുക്‌സ് മാവോയിസ്റ്റ് എന്ന പേരില്‍ എഡിറ്റ് ചെയ്യാത്ത കോപ്പി പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. അതിന് ഞങ്ങളുമായി കരാര്‍ ഉണ്ടാക്കുകയോ ഒന്നുമുണ്ടായില്ല. ആ പേരില്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തയ്യാറുമല്ലായിരുന്നു.

അതുമായി ബന്ധപ്പെട്ട് ഡിസി തന്നെ പോലീസിന് നല്‍കിയ ചില രേഖകളില്‍ നിന്നും മനസിലായത് മാവോയിസ്റ്റ് എന്ന് അറിയപ്പെടുന്ന ഒരാള്‍ എഴുതിയ പുസ്തകമായതിനാല്‍ അത് ശ്രദ്ധേയമാകുമെന്ന് തോന്നി തങ്ങള്‍ അത് പ്രസിദ്ധീകരിച്ചുവെന്നാണ്. വ്യാജമായ ഒരു അഡ്രസിലുണ്ടാക്കിയ കരാര്‍ വച്ചാണ് അവരിത് ചെയ്തത്. പ്രസിദ്ധീകരിച്ച ശേഷം ഞങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ അത് പ്രസിദ്ധീകരിച്ച് പോയി, ഇനി ചെയ്യില്ലെന്നാണ് പറഞ്ഞത്. നഷ്ടപരിഹാരം എന്ന രീതിയില്‍ ഒരു 49,000 രൂപ തന്നിരുന്നു. അല്ലാതെ മറ്റൊരു പണവും അതിന്റെ പേരില്‍ സ്വീകരിച്ചിട്ടില്ല.

രണ്ട് വര്‍ഷം മുമ്പ് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താമെന്ന ഒരു ഓഫര്‍ ഡിസി ഞങ്ങള്‍ക്ക് മുന്നിലേക്ക് വച്ചിരുന്നു. മലയാളം പതിപ്പിന്റെ മുഴുവന്‍ പ്രസിദ്ധീകരണ അവകാശം നല്‍കുകയാണെങ്കില്‍ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കാമെന്ന വാഗ്ദാനമാണ് അവര്‍ മുന്നോട്ട് വച്ചത്. ഗ്രീന്‍ ബുക്‌സുമായുള്ള അഞ്ച് വര്‍ഷത്തെ കരാര്‍ അവസാനിച്ച ശേഷം അവരുടെയും അനുവാദം തേടിയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ഡിസിയുമായി ചര്‍ച്ച ചെയ്തത്. അവര്‍ കരാര്‍ തയ്യാറാക്കി ഞങ്ങള്‍ക്ക് അയച്ചിരുന്നു. ഈ കരാര്‍ വന്നപ്പോഴാണ് ഇതിലെ ചതി ഞങ്ങള്‍ക്ക് മനസിലായത്. വസന്തത്തിലെ പൂമരങ്ങള്‍ ആണ് ഞങ്ങള്‍ ഡിസി വഴി പ്രസിദ്ധീകരിക്കാന്‍ ആലോചിച്ചത്. അല്ലാതെ മാവോയിസ്റ്റ് എന്ന നോവല്‍ അല്ല. അതൊരു ഡ്രാഫ്റ്റ് വെര്‍ഷന്‍ മാത്രമാണ്. അതില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയാണ് വസന്തത്തിന്റെ പൂമരങ്ങള്‍ എന്ന നോവല്‍ പൂര്‍ത്തിയാക്കിയത്.

മാവോയിസ്റ്റ് എന്ന ടൈറ്റില്‍ ഒരുപക്ഷെ വിറ്റ് പോകാന്‍ വേണ്ടി അവര്‍ ഉപയോഗിച്ചതാകാം. പക്ഷെ അത് തെറ്റായ ഒരു കരാറും അതിന്റെ തുടര്‍ച്ചയുമാണെന്നതിനാലാണ് രൂപേഷ് ശ്രീകുമാറിന് കത്തെഴുതേണ്ടി വന്നത്. അത് അവര്‍ ചെയ്ത തെറ്റിനെ സാധൂകരിക്കാനുള്ള ശ്രമമായാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്.- ഷൈന വ്യക്തമാക്കി.

read more:‘അയ്യനും അച്ഛനും ഞാനും നീയും പിറന്നു വീണത് ഒരേ വഴിയിലൂടെ’; കേരളവർമ്മ കോളജിൽ എസ്എഫ്ഐ സ്ഥാപിച്ച പോസ്റ്ററിനെതിരെ പരാതിയുമായി ബിജെപി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍