UPDATES

സിനിമ

നൂഡിന് വേണ്ടി മറാത്തികള്‍ ഐഎഫ്എഫ്‌ഐ ബഹിഷ്‌കരിക്കുന്നു; സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി മലയാളികളോ?

സ്മൃതി ഇറാനിയും കാവി സൈന്യവും മാത്രം ഐഎഫ്എഫ്‌ഐ ആസ്വദിക്കട്ടേയെന്ന് തമിഴ് എഴുത്തുകാരി ലീന മണിമേഖല

ജൂറി തെരഞ്ഞെടുത്തിട്ടും കേന്ദ്ര ഐആന്‍ഡ്ബി മന്ത്രാലയം ഇടപെട്ട് ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്നും രണ്ട് സിനിമകളെ ഒഴിവാക്കിയതിലെ വിവാദം തുടരുന്നു. ജൂറി തെരഞ്ഞെടുത്ത സിനിമകള്‍ക്ക് മേല്‍ സര്‍ക്കാര്‍ ഇടപെട്ടതില്‍ പ്രതിഷേധിച്ച് ജൂറി പ്രസിഡന്റ് സുജോയ് ഘോഷ് രാജിവച്ചതിന് പിന്നാലെയാണ് ഇത്.

മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ, മറാത്തി സംവിധായകന്‍ രവി ജാദവിന്റെ നൂഡ് എന്നീ ചിത്രങ്ങളാണ് ജൂറി തെരഞ്ഞെടുത്തിട്ടും സ്മൃതി ഇറാനി ഭരിക്കുന്ന ഐആന്‍ഡ്ബി മന്ത്രാലയം ഇടപെട്ട് ഒഴിവാക്കിയത്. ഈ ചിത്രങ്ങളുടെ പേര് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന് ആരോപിച്ചാണ് ഒഴിവാക്കിയിരിക്കുന്നത്. സെക്‌സി ദുര്‍ഗ ഹിന്ദു ദൈവമായ ദുര്‍ഗയെ അപമാനിക്കുന്നതാണെന്നും ആരോപണം ഉയരുന്നു. അതേസമയം സിനിമയുടെ പേര് മാത്രം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നീക്കമെന്ന് സനല്‍ പറയുന്നു. ഇതില്‍ നൂഡ് ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായാണ് പരിഗണിച്ചിരുന്നതെന്ന് ജൂറി അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം നൂഡിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഐഎഫ്എഫ്‌ഐ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മറാത്തി സിനിമ ഇന്‍ഡസ്ട്രിയെന്ന് സനല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്ത്യന്‍ പനോരമയില്‍ അന്തിമമായി ഇടം നേടിയ 26 സിനിമകളില്‍ 9 സിനിമകളും മറാത്തി ഭാഷയില്‍ നിന്നുള്ളതാണ്. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മറാത്തി സിനിമയായ കേശവിന്റെ സംവിധായിക സുമിത്ര ഭാവെ തന്റെ ചിത്രം മേളയില്‍ നിന്നും പിന്‍വിച്ചതിന് പിന്നാലെയാണ് ഇത്. മികച്ച സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ സ്വര്‍ണ മെഡല്‍ നേടിയ ചിത്രമാണ് കേശവ്. കൂടുതല്‍ സംവിധായകര്‍ വരും ദിവസങ്ങളില്‍ ചിത്രങ്ങള്‍ പിന്‍വലിക്കുമെന്നാണ് അറിയുന്നത്.

അതേസമയം സെക്‌സി ദുര്‍ഗ ഐഎഫ്എഫ്‌ഐയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ കേരള ഹൈക്കോടതിയില്‍ പരാതി നല്‍കിയതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ അഴിമുഖത്തെ അറിയിച്ചു. ഹര്‍ജി ഈമാസം പതിനാറിന് ഫയലില്‍ സ്വീകരിക്കും. അതേസമയം മറാത്തി സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നും രവി ജാദവിന് ലഭിക്കുന്നതിന് സമാനമായ പിന്തുണ മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നും സനലിന് ലഭിക്കുന്നില്ലെന്നത് ഖേദകരമാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് ആണ് ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മലയാള സിനിമ.

മറാത്തി, മലയാളം, തമിഴ് സിനിമ ഇന്‍ഡസ്ട്രികള്‍ ഐഎഫ്എഫ്‌ഐ ബഹിഷ്‌കരിക്കണമെന്ന് തമിഴ് എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായികയുമായ ലീന മണിമേഖല സനലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി അഭിപ്രായപ്പെട്ടു. സ്മൃതി ഇറാനിയും കാവി സേനയും ഐഎഫ്എഫ്‌ഐ ആസ്വദിക്കട്ടെയെന്നാണ് അവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍