UPDATES

പോസിറ്റീവ് സ്റ്റോറീസ്

തിരുവനന്തപുരത്തുകാരുടെ ശ്രദ്ധയ്ക്ക്; ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങള്‍ എത്തിക്കേണ്ടത് ഇവിടെയൊക്കെ

പ്രളയബാധിത പ്രദേശങ്ങള്‍ക്ക് കരുതലുമായി തിരുവനന്തപുരം

വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യ സാധനങ്ങള്‍ ശേഖരിക്കാനുള്ള റിലീഫ് കേന്ദ്രങ്ങള്‍ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തനം സജീവമായി തുടരുന്നു. എസ്എംവി ബോയ്‌സ് ഹൈസ്‌കൂള്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ തുടങ്ങിയ ഇടങ്ങളിലുള്ള റിലീഫ് കേന്ദ്രങ്ങള്‍ യുവജനങ്ങള്‍ ആവശ്യസാധനങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങള്‍ കളക്ഷന്‍ പോയിന്റുകളില്‍ കൊണ്ടെത്തിക്കുന്ന സാധനങ്ങള്‍ വോളണ്ടിയര്‍മാര്‍ ശേഖരിച്ച് പാക്കിങിനായുള്ള അതാത് ഗ്രൂപ്പുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ബിഎസ്എഫില്‍ (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്) നിന്നുള്ള ഉദ്യോഗസ്ഥരും ബോക്‌സുകള്‍ സുരക്ഷിതമായി പൊതിയാനും വാഹനങ്ങളിലേക്ക് കയറ്റി അയയ്ക്കാനും സഹായിക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഇവിടെ വോളന്റിയര്‍മാരായി എത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍, ഐടി മേഖലയില്‍ നിന്നുള്ളവര്‍, എന്‍എസ്എസ് അംഗങ്ങള്‍, എന്‍ജിഓ, കേരളാപോലീസ്, മന്ത്രിമാര്‍, ജില്ലാ കളക്ടര്‍ എന്നിവരെല്ലാവരും ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്ക് കൈത്താങ്ങാകാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.

കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍, ബ്രഡ്, ബണ്‍, അവല്‍, എണ്ണ, ഉപ്പ്, ശര്‍ക്കര, തേയിലപ്പൊടി, ലോഷന്‍, ബ്ലീച്ചിങ് പൗഡര്‍, റസ്‌ക്, ബേബി ഫുഡ്, സ്റ്റീല്‍ പ്ലേറ്റ്, ബക്കറ്റുകള്‍, മഗ്ഗുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ എന്നിവയാണ് ഇന്ന് ആവശ്യമുള്ളതായി റിലീഫ് കേന്ദ്രങ്ങളില്‍ നിന്ന് അറിയിച്ചിരിക്കുന്നത്. മരുന്നുകളായ അമോക്‌സിലിന്‍ ക്ലാവ്, സിപ്രോ പ്ലസ് ടിനിഡാസോള്‍, മെട്രോക്വില്‍, മള്‍ട്ടിവിറ്റാമിന്‍സ് എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്.

റസ്‌ക്, ബിസ്‌കറ്റ്, സാനിറ്ററി നാപ്കിന്‍, തീപ്പെട്ടി, മെഴുകുതിരി, കുടിവെള്ളം, ടിഷ്യൂ എന്നിവ അടങ്ങിയ പാക്കറ്റുകളാണ് റിലീഫ് കേന്ദ്രങ്ങളില്‍ തയാറാക്കുന്നത്. ക്യാംപുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം കലര്‍ത്തിയാണ് അയയ്ക്കുന്നത്. ഒരു വാഹനത്തില്‍ ഒരേ സാധനങ്ങള്‍ കൊടുത്ത് അയച്ചാല്‍ എല്ലായിടത്തും തുല്യമായി ആവശ്യമുള്ള സാധനങ്ങള്‍ ലഭ്യമാകില്ല. വോളണ്ടിയറായ അധ്യാപിക അറിയിച്ചു. ഇന്നലെ സ്‌കൂളുകളില്‍ യുവജനങ്ങളാണ് വോളണ്ടിയര്‍മാരായി അധികവും ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് നാല്പതിന് മുകളില്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും കോട്ടണ്‍ഹില്‍ സ്‌കൂളിലും എസ്എംവിയിലുമായി എത്തിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം പ്രതികൂലമായ കാലാവസ്ഥയെ പോലും വകവെക്കാതെയാണ് തലസ്ഥാനവാസികള്‍ ദുരിതാശ്വാസ ക്യാംപുകള്‍ക്ക് വേണ്ട സാധനങ്ങള്‍ കൊണ്ടെത്തിച്ചത്. റിലീഫ് കേന്ദ്രങ്ങളിലേക്കുള്ള ജനപ്രവാഹവും കൂടി ആയപ്പോള്‍ വൈകുന്നേരം നഗരത്തിലെ റോഡ് ഗതാഗതം തടസപ്പെട്ടു. മഴയെ പോലും വകവെക്കാതെ തങ്ങളാല്‍ കഴിയുന്ന സഹായങ്ങളുമായി ജനങ്ങളെത്തി. തിരുവനന്തപുരം ഓവര്‍ബ്രിഡ്ജിനടുത്തുള്ള എസ്എംവി ബോയ്സ് ഹൈസ്‌കൂളില്‍ വൈകുന്നേരം 6 മണിയോട് കൂടി പാക്കിങ് കഴിഞ്ഞിരുന്നു. അതിനു ശേഷം സഹായവുമായെത്തിയവരെ വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് കേന്ദ്രങ്ങളിലേക്ക് അയച്ചു. ഭക്ഷണം, കുടിവെള്ളം, വസ്ത്രം, മരുന്ന്, മറ്റ് ആവശ്യ വസ്തുക്കള്‍ എന്നിവയാണ് റിലീഫ് കേന്ദ്രങ്ങളില്‍ ശേഖരിച്ച് പായ്ക്ക് ചെയ്ത് അയയ്ക്കുന്നത്.

ജില്ലാ കളക്ടര്‍ വാസുകി, എം പി ടി.എന്‍ സീമ, മന്ത്രി ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എന്നിവര്‍ റിലീഫ് കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ എത്തിയിരുന്നു. ‘ആലപ്പുഴ വരെ മാത്രമേ റോഡ് ഗതാഗതം എത്തുകയുള്ളൂ. അത് കഴിഞ്ഞുള്ള ഭാഗങ്ങളിലേക്ക് ഹെലികോപടര്‍ വഴിയാകും സാധനങ്ങള്‍ കൊണ്ടെത്തിക്കുക. കൂടാതെ റിലീഫ് കേന്ദ്രങ്ങളില്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യാനായി കൂടുതല്‍ ഉദ്യോഗസ്ഥന്മാരെ നിയോഗിക്കും.’ കളക്ടര്‍ പറഞ്ഞു. ടെക്നോപാര്‍ക്കില്‍ നിന്നും കരസേനയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടെത്തിക്കാനായുള്ള വണ്ടികള്‍ വിട്ടു നല്‍കിയിട്ടുണ്ട്. ഒരു വണ്ടിയില്‍ ഒരേ സാധനം നിറയ്ക്കാതെ ലഭ്യമായ എല്ലാ ആവശ്യസാധനങ്ങളും കലര്‍ത്തിയാണ് അയയ്ക്കുന്നത്.

പാകം ചെയ്ത ഭക്ഷണങ്ങളായ ചപ്പാത്തി, കറി, പൊതിച്ചോറ്, പഴങ്ങള്‍ എന്നിവ ആവശ്യമില്ല. എപ്പോഴാണ് എയര്‍ലിഫ്റ്റ് ചെയ്യുക എന്ന് അറിയില്ല. അതുകൊണ്ട് ഭക്ഷണം കേടാകാനുള്ള സാധ്യത കൂടുതലാണ്. അവല്‍, ശര്‍ക്കര, റസ്‌ക് എന്നിങ്ങനെ ഒരാഴ്ച കേടാകാതെ നീണ്ട് നില്‍ക്കുന്ന ഭക്ഷണസാധനങ്ങളാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊടുത്ത് അയയ്ക്കാന്‍ ആവശ്യം. അത് കൂടാതെ ഹവായി ചെരുപ്പുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള അടിവസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, ഒആര്‍എസ് ടാബ്ലറ്റ്, ആന്റിഫങ്കല്‍ ഓയിന്‍മെന്റുകള്‍. ചാക്കുകള്‍ എന്നിവയാണ് ഇപ്പോള്‍ വളരെ അത്യാവശ്യമായി വേണ്ടത്.’ എസ്എംവി സ്‌കൂളിലെ റിലീഫ് കേന്ദ്രത്തിന് നേതൃത്വം കൊടുക്കുന്ന അധ്യാപിക ദീപ അറിയിച്ചു.

‘നവമാധ്യമങ്ങളിലാണ് ഇപ്പോഴത്തെ തലമുറയുടെ ജീവിതം എന്ന് കുറ്റം പറയുന്നവരുടെ വായടപ്പിക്കുന്നതാണ് ഇന്ന് ഇവിടെ കാണുന്ന കാഴ്ച. എത്ര ഊര്‍ജത്തോടെയാണ് ഈ മഴയിലും യുവതലമുറ പ്രവര്‍ത്തിക്കുന്നത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ രാഷ്ട്രീയചേരി തിരിവുകളില്ലാതെ എല്ലാവരും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഈ കാഴ്ച തന്നെയാണ് ഭാവിയിലേക്കുള്ള പ്രതീക്ഷയും’ ദുരിതാശ്വാസ ക്യാംപിലേക്ക് വേണ്ട സാധനങ്ങള്‍ കൊണ്ടെത്തിച്ച ലക്ഷ്മി അഭിപ്രായപ്പെട്ടു.

വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂള്‍, എസ്എംവി സ്‌കൂള്‍, കോര്‍പ്പറേഷന്‍ ഓഫീസ്, കാട്ടാക്കട താലൂക്ക് ഓഫീസ്, നെയ്യാറ്റിന്‍കര, നവജീവന്‍ സ്‌കൂള്‍ നാലാഞ്ചിറ, ബി-ഹബ് മാര്‍ ഇവാനിയോസ് കോമ്പൗണ്ട്, പാങ്ങപ്പാറ എബിസി സ്‌റ്റോറിനു സമീപം, ടെക്‌നോപാര്‍ക്ക് ക്ലബ് ഹൗസ്, വുമണ്‍സ് കോളേജ് വഴുതക്കാട്, എസിവി പണിക്കേഴ്സ് ലൈന്‍ ശാസ്തമംഗലം, കാര്‍മല്‍ ഗേള്‍സ് സ്‌കൂള്‍ വഴുതക്കാട്, അക്വോട്ടിക് ബയോളജി ഡിപാര്‍ട്‌മെന്റ് കാര്യവട്ടം ക്യാമ്പസ് എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് റിലീഫ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

(ഫോട്ടോ ക്രെഡിറ്റ്: ശ്രീകേഷ്-ദി ന്യൂസ് മിനുറ്റ്)

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍