UPDATES

ട്രെന്‍ഡിങ്ങ്

മാതൃഭൂമി.. ഇത് അശ്ലീലമല്ലാതെ മറ്റെന്ത്? മീ ടൂ കാമ്പെയ്‌നെതിരായ കാര്‍ട്ടൂണ്‍ വിവാദത്തില്‍

സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിയപ്പോഴേ പൊള്ളുന്നുണ്ട് പലര്‍ക്കും അതിന്റെയൊക്കെ പ്രതിഫലനങ്ങളാണ് മീ ടൂവിനെതിരായ പോസ്റ്റുകളും അവയ്ക്ക് കിട്ടുന്ന അംഗീകാരങ്ങളും ഇത്തരം കാര്‍ട്ടൂണുകളും

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളുടെ തുറന്നുപറച്ചില്‍ വേദിയായ മീ ടൂ കാമ്പെയ്‌നിംഗിനെ അപമാനിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. മാതൃഭൂമിയില്‍ എക്‌സിക്കുട്ടന്‍ എന്ന കാര്‍ട്ടൂണ്‍ കോളത്തിലാണ് മീ ടൂ കാമ്പെയ്‌നിംഗിനെ അപമാനിച്ച് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.

ഇരയാക്കപ്പെട്ട സ്ത്രീകളുടെ തുറന്നു പറച്ചിലുകള്‍ മറ്റ് സ്ത്രീകള്‍ക്കും പ്രചോദനമാകുമെന്നും അതിനാല്‍ തന്നെ ഈ കാമ്പെയ്‌നിംഗ് സാമൂഹിക പ്രസക്തമാണെന്നും ചൂണ്ടിക്കാട്ടപ്പെടുമ്പോഴാണ് അതിനെ അപമാനിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ വന്നിരിക്കുന്നത്. സ്ത്രീകളുടെ തുറന്നുപറച്ചിലില്‍ പല പുരുഷന്മാരും അസ്വസ്ഥപ്പെടുന്നതിനൊപ്പം ഈ കാമ്പെയ്‌നിംഗ് ‘മാന്യന്മാരെ’ അപമാനിക്കാനുള്ളതാണെന്ന വാദവും ഉയരുന്നുണ്ട്. മുന്‍വൈരാഗ്യങ്ങള്‍ തീര്‍ക്കാനും ഈ കാമ്പെയ്‌നിംഗ് ഉപയോഗിക്കപ്പെട്ടേക്കാമെന്ന ആശങ്കയും ഒരുവശത്തുണ്ട്.

‘പഴയൊരു കേസ്സുകൊടുത്തിട്ടുണ്ട് എഴുത്ത് പള്ളിക്കൂടത്തീ പഠിക്കുമ്പം.. മ്മടെ വടക്കേലെ നാരായണേട്ടന്‍..’ എന്നാണ് മാതൃഭൂമിയില്‍ രജീന്ദ്രകുമാര്‍ വരച്ച കാര്‍ട്ടൂണില്‍ പറയുന്നത്. ഒരു നല്ല പ്രായമുള്ള സ്ത്രീ #ME TOO എന്ന് എഴുതിയിരിക്കുന്ന ബാഗ് പിടിച്ചുകൊണ്ട് സംസാരിക്കുന്നതായാണ് കാര്‍ട്ടൂണ്‍. പത്തൊമ്പത് വര്‍ഷം മുമ്പ് ചെന്നൈ ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ച് മലയാള നടനും എംഎല്‍എയുമായ മുകേഷ് തന്നെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും തന്റെ മുറി അദ്ദേഹത്തിന്റെ മുറിയിലേക്ക് മാറ്റിയെന്നും ബോളിവുഡ് സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് വെളിപ്പെടുത്തിയതോടെയാണ് ഇത്തരം പരിഹാസങ്ങളും ഉയര്‍ന്നിരിക്കുന്നത്. മീ ടൂ കാമ്പെയ്‌നിംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രായമായ സ്ത്രീകള്‍ പോലും വെളിപ്പെടുത്തലുകളുമായി ഇറങ്ങുകയാണെന്നാണ് ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നത്.

‘ഞാന്‍ ഭവാനി. പണ്ട് തമ്പി സാറിന്റെ വീട്ടില്‍ കല്യാണത്തിന് പോയപ്പോള്‍ പ്യാരി എന്നയാള്‍ എന്നോട് അപമര്യാദയായ പെരുമാറി’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു ട്രോള്‍. കല്യാണരാമന്‍ എന്ന സിനിമയിലെ അശ്ലീലം നിറഞ്ഞ കോമഡി രംഗത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഈ ട്രോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണും ഇത്തരത്തില്‍ മീ ടൂ കാമ്പെയ്‌നിംഗിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്.

‘ഈ ഓഫീസിലെ മറ്റെല്ലാ വനിതാ ജീവനക്കാരും താങ്കള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് കൊടുത്തിരിക്കുകയാണ്. ഇതുവരെയും താങ്കള്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. ഞാന്‍ താങ്കള്‍ക്കെതിരെ വിവേചനത്തിന് കേസ് കൊടുക്കാന്‍ പോകുകയാണ്’ എന്നാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്ന സ്ത്രീ പുരുഷനോട് പറയുന്നത്. അവരെ വരച്ചിരിക്കുന്നതും തടിച്ച ശരീര പ്രകൃതമുള്ളവരെ അപമാനിക്കുന്ന രീതിയിലാണ്.

താന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മാവന്റെ മകളോട് ലൈംഗികമായി പെരുമാറിയെന്നും ഇനി അവളെങ്ങാന്‍ മീ ടൂവും പറഞ്ഞിറങ്ങുമോയെന്നും കവി മണി സാരംഗ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണച്ചപ്പോള്‍ നിരവധി പേര്‍ മണി സാരംഗിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തി. മുമ്പ് അഭിനേത്രി സജിത മഠത്തില്‍ മീ ടൂ കാമ്പെയ്‌നിംഗിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ അവര്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് സോഷ്യല്‍ മീഡിയയിലുണ്ടായത്.

‘Me Too ക്യാമ്പയിനോടുളള മാതൃഭൂമി പത്രത്തിന്‍റെ മനോഭാവം!!! ഇതിനെതിരെ പ്രതിഷേധിക്കുക ! ഈ കാര്‍ട്ടൂണ്‍ പിന്‍വലിച്ച് , മുഴുവന്‍ സ്ത്രീ സമൂഹത്തോടും മാതൃഭൂമി മാപ്പ് പറയണം.’. എന്ന് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റായ ദിവ്യ ദിവാകരന്‍ ഇതേക്കുറിച്ച് പറയുന്നു. ‘എന്തൊരു മാലിന്യമാണ് തങ്ങളെന്ന് വീണ്ടും വീണ്ടും അഭിമാനത്തോടെ തെളിയിച്ചു കൊണ്ടിരിക്കുന്ന മാതൃഭൂമി’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയുടെ പ്രതികരണം. സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിയപ്പോഴേ പൊള്ളുന്നുണ്ട് പലര്‍ക്കും അതിന്റെയൊക്കെ പ്രതിഫലനങ്ങളാണ് മീ ടൂവിനെതിരായ പോസ്റ്റുകളും അവയ്ക്ക് കിട്ടുന്ന അംഗീകാരങ്ങളും ഇത്തരം കാര്‍ട്ടൂണുകളും എന്നതാണ് യാഥാര്‍ത്ഥ്യം.

സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമം ശക്തമായിട്ട് അധികകാലമായിട്ടില്ല. ഡല്‍ഹി കൂട്ടബലാത്സംഗമാണ് നിയമം കര്‍ക്കശമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അതിനാല്‍ തന്നെ ശക്തമായ ഒരു നിയമത്തിന്റെ അസാന്നിധ്യത്തില്‍ ഇത്തരം ദുരനുഭവങ്ങള്‍ തുറന്നു പറയാനോ പരാതിപ്പെടാനോ സാധിക്കാതിരുന്ന സ്ത്രീസമൂഹത്തിന് ലഭിച്ചിരിക്കുന്ന അവസരമാണ് മീ ടൂ കാമ്പെയ്‌നിംഗ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കാര്‍ട്ടൂണുകളുടെയും ട്രോളുകളുടെയും ആക്ഷേപഹാസ്യ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കുമ്പോഴും സാമൂഹിക പ്രസക്തവും അനിവാര്യവുമായ ഈ കാമ്പെയ്‌നിംഗിനെ അപമാനിക്കാതിരിക്കാനുള്ള മര്യാദ ഇവര്‍ക്കുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

#MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു ‘വശീകരണശേഷിയുള്ള’ മന്ത്രി; തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും സിനിമാ താരങ്ങളും

ഹോളിവുഡില്‍ നിന്ന് ബോളിവുഡ് വഴി മുകേഷിലേയ്ക്ക്: #മീ ടൂ

ചേതന്‍ ഭഗത്, കിരൺ നഗാർക്കര്‍, കെ ആര്‍ ശ്രീനിവാസ്… മാധ്യമ, സാഹിത്യമേഖലയെ ഞെട്ടിച്ച് #MeToo വെളിപ്പെടുത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍