UPDATES

സോഷ്യല്‍ മീഡിയയില്‍ മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കി മാതൃഭൂമി; ലൈക്കും വേണ്ട ഷെയറും വേണ്ട

രാഷ്ട്രീയമോ മതപരമായോ ഉള്ള സ്വന്തം അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ രേഖപ്പെടുത്തരുതെന്നു നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കി

ശ്രീഷ്മ

ശ്രീഷ്മ

സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃഭൂമിയുടെ വിലക്ക്. വ്യക്തിപരമായ താത്പര്യങ്ങളോ നിലപാടുകളോ രേഖപ്പെടുത്തുന്ന ഇടപെടലുകള്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തരുത് എന്ന നിര്‍ദ്ദേശമടങ്ങുന്ന സര്‍ക്കുലറുകളാണ് മാതൃഭൂമിയുടെ കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കില്‍ അടക്കം വായിച്ചു കേള്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയപരമായോ മതപരമായോ ഉള്ള സ്വന്തം അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ രേഖപ്പെടുത്തരുതെന്നാണ് നിര്‍ദ്ദേശത്തിന്റെ ഉള്ളടക്കം.

ഇത്തരം വിഷയങ്ങളില്‍ വ്യക്തിപരമായ നിലപാട് വെളിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഇടരുതെന്നും, ഏതെങ്കിലും തരത്തിലുള്ള പക്ഷം പിടിക്കുന്ന പോസ്റ്റുകള്‍ ലൈക്കോ ഷെയറോ ചെയ്യരുതെന്നും സര്‍ക്കുലറില്‍ എടുത്തു പറയുന്നുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ അഭിപ്രായം പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. മാതൃഭൂമിക്കെതിരായ പോസ്റ്റുകളില്‍ അഭിപ്രായം കുറിക്കുക, ലൈക്കോ ഷെയറോ ചെയ്യുക എന്നിവയ്ക്കും വിലക്കുണ്ട്.

കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കില്‍ ന്യൂസ് എഡിറ്റര്‍ സജീവനാണ് നിര്‍ദ്ദേശങ്ങള്‍ പൊതുവായി വായിച്ചത്. മാതൃഭൂമിയുടെ മറ്റു ന്യൂസ് ബ്യൂറോകളിലും ഇതേ നിര്‍ദ്ദേശങ്ങള്‍ ന്യൂസ് എഡിറ്റര്‍മാര്‍ അറിയിക്കുന്നുണ്ട്. മീശ വിവാദവും, കമല്‍റാം സജീവിനെ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സ്ഥാനത്തു നിന്നും മാറ്റിയതടക്കമുള്ള നടപടികളില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെയും മറ്റു ജീവനക്കാരുടെയും സമൂഹമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ നടപടിയുണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ച് ചരിത്രത്തിലിടം നേടിയ മാധ്യമസ്ഥാപനം കൂടിയാണ് മാതൃഭൂമി. ആര്‍ത്തവത്തിന്റെ ആദ്യ ദിവസം എല്ലാ വനിതാ ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ച നീക്കം വലിയ പ്രശംസകളോടെയാണ് സ്വീകരിക്കപ്പെട്ടിരുന്നത്. മുന്‍പ് അത്തരത്തില്‍ വിപ്ലവകരമായ തൊഴിലാളി സൗഹൃദ നടപടികളെടുത്തിട്ടുള്ള മാതൃഭൂമിയിലെ ജീവനക്കാര്‍ക്ക് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്രാഭിപ്രായം രേഖപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് സ്വാഗതാര്‍ഹമല്ലെന്നാണ് വിലയിരുത്തല്‍.

ഫേസ്ബുക്കടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ കുറിച്ചതിന്റെ പേരില്‍ നേരത്തേയും മാതൃഭൂമിയിലെ ജീവനക്കാര്‍ക്ക് മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ് നേരിടേണ്ടി വന്നിട്ടുള്ളതായി ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ന്യൂസ് എഡിറ്റര്‍മാര്‍ ബ്യൂറോകളില്‍ അറിയിച്ചിട്ടുള്ള ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നാണ് മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്റേയും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശ്രേയാംസ് കുമാറിന്റേയും പ്രതികരണം.

മീശ വിവാദത്തെയും അനുബന്ധ സംഭവങ്ങളെയും തുടര്‍ന്ന് മാതൃഭൂമിയിലെ സംഘപരിവാര്‍ ഇടപെടലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ശബരിമല വിഷയത്തിലടക്കം സംഘപരിവാര്‍ സംഘടനകളുടെ പക്ഷം പിടിച്ചുകൊണ്ടുള്ള ‘ചങ്ങാത്ത മാധ്യമപ്രവര്‍ത്തന’മാണ് മാതൃഭൂമി നടത്തിയിട്ടുള്ളതെന്നും പത്രത്തിനകത്ത് തീരുമാനിക്കപ്പെടേണ്ട കാര്യങ്ങളില്‍പ്പോലും സംഘപരിവാര്‍ ഏജന്‍സികള്‍ ഇടപെടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നതെന്നും കമല്‍റാം മാതൃഭൂമിയില്‍ നിന്നും രാജിവച്ച ശേഷം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി മോദിയുടെ ഭരണനേട്ടങ്ങളെ പ്രശംസിക്കുന്ന പുസ്തകത്തിന്റെ അടുത്ത ദിവസം ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രകാശനച്ചടങ്ങളില്‍ ബി.ജെ.പി – ആര്‍.എസ്.എസ് ബന്ധമുള്ളവരോടൊപ്പം അതിഥിയിയായി പങ്കെടുക്കാനിരിക്കുകയാണ് മാതൃഭൂമിയുടെ മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മോദിയുടെ സ്വാധീനത്തെ പ്രകീര്‍ത്തിക്കുന്ന പുസ്തകത്തിന്റെ രചയിതാവ് ബിജെപിയുടെ ഇന്റലിജന്‍സ് സെല്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുള്ള, ആര്‍.എസ്.എസ് അംഗീകൃത പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ കൂടിയായ ഡോ. ബാലശങ്കറാണ്. ചടങ്ങില്‍ അതിഥി പ്രഭാഷകനായാണ് പി.വി ചന്ദ്രന്‍ പങ്കെടുക്കുക.

നരേന്ദ്രമോദി എന്ന Creative Disruptor: പുസ്തകപ്രകാശനം അമിത് ഷാ; മുഖ്യാതിഥി മാതൃഭൂമി എഡിറ്റർ പിവി ചന്ദ്രൻ

സംഘപരിവാര്‍ മിശ്രണം, മാതൃഭൂമിയുടെ പാക്കിംഗ്; പത്രത്തിനൊപ്പം ഇങ്ങനെയാണ് ‘സംസ്കാരം’ പ്രചരിപ്പിക്കുന്നത്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍