ഉത്തരക്കടലാസിന്റെ യഥാര്‍ത്ഥ ചിത്രവും തങ്ങളുടെ കൈവശമുണ്ടെന്നും ചിത്രം പ്രസിദ്ധീകരിച്ചപ്പോള്‍ മാറിപ്പോയതാണെന്നുമാണ് മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്റര്‍ പി എ രാജീവ് അഴിമുഖത്തോട് പ്രതികരിച്ചത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിയന് ഓഫീസില്‍ നിന്നും കണ്ടെടുത്ത ഉത്തരക്കടലാസിന്റെ ചിത്രം മാതൃഭൂമി ദിനപ്പത്രം ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. പത്രത്തിന്റെ ഒന്നാം പേജിലും നഗരം പേജിലുമായാണ് ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ 2019 ഫെബ്രുവരി 22ന് പൂരിപ്പിച്ച രജിസ്ട്രേഷന് ഫോം സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് കോളേജിലെ ആര്‍ട്സ് ഫെസ്റ്റിവലിന്റെ ഫോം ആണെന്ന് മനസിലാകും. അതേസമയം മറ്റ് ചില മാധ്യമങ്ങള്‍ ഉത്തരക്കടലാസിന്റെ യഥാര്‍ത്ഥ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
മ്യൂസിക് കോമ്പറ്റിഷനുള്ള ഫോമാണ് മാതൃഭൂമി ഉത്തരക്കടലാസാണെന്ന് പറഞ്ഞ് പുറത്തുവിട്ടിരിക്കുന്നത്. ഈ ഉത്തരക്കടലാസിനെക്കുറിച്ച് വിശദമായ വാര്‍ത്ത സഹിതമാണ് മാതൃഭൂമിയുടെ ഒന്നാം പേജ്. യൂണിയന് ഓഫീസിലും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍, എസ്എഫ്ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ കൃത്രിമം കാട്ടാന്‍ വേണ്ടിയെന്ന് സംശയം എന്നിങ്ങനെയാണ് വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ പത്രം പറഞ്ഞിരിക്കുന്നത്. വധശ്രമക്കേസ് പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പോലീസ് ഉത്തരക്കടലാസ് കണ്ടെത്തിയെന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന യൂണിയന് ഓഫീസിലും ഇവ കണ്ടെത്തി.
എന്നാല്‍ മാതൃഭൂമി ഒന്നാം പേജില്‍ ‘ഉത്തരമില്ലാത്ത ക്രമക്കേട്’ എന്ന പേരില്‍ പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് കോളേജ് കലോത്സവത്തിന്റെ അപേക്ഷ ഫോം ഉത്തരക്കടലാസാണെന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം ഉത്തരക്കടലാസിന്റെ യഥാര്‍ത്ഥ ചിത്രവും തങ്ങളുടെ കൈവശമുണ്ടെന്നും എന്നാല്‍ ചിത്രം പ്രസിദ്ധീകരിച്ചപ്പോള്‍ മാറിപ്പോയതാണെന്നുമാണ് മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്റര്‍ പി എ രാജീവ് അഴിമുഖത്തോട് പ്രതികരിച്ചത്.
ഇതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ അതിക്രമത്തിന്റെ വാര്‍ത്ത കൊടുക്കാനുള്ള വ്യഗ്രതയില്‍ മാതൃഭൂമി കാണിച്ച അബദ്ധത്തെ പരിഹസിച്ചും സോഷ്യല്‍ മീഡിയ സജീവമായിട്ടുണ്ട്. ‘യൂണിവേഴ്സിറ്റി കോളേജ് യൂണിയന് ഓഫീസില്‍ നിന്നും കണ്ടെത്തിയ ഉത്തര കടലാസ്സു കണ്ടോ? കണ്ണില്ലേ ഹേ പത്രക്കാരാ? കോളേജ് യൂണിയന് ആര്‍ട്സ് ഫെസ്റ്റിവലില്‍ മ്യൂസിക് മത്സരത്തിന്റെ രെജിസ്ട്രേഷന് ഫോം! കോളേജിനെതിരെ വാര്‍ത്ത പടച്ചു വിടുമ്പോള്‍ മുന്‍പേജിലെ ആദ്യ വാര്‍ത്തയെങ്കിലും ഒന്ന് ശ്രദ്ധിക്കുക..’ എന്നാണ് നീറമണ്‍കര എന്‍എസ്എസ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായ വിനിത മോഹന്‍ പറയുന്നത്.
‘നിങ്ങളൊരു ജേര്‍ണലിസ്റ്റാണോ? സ്വന്തം റിപ്പോര്‍ട്ടിങ്ങില്‍ തൃപ്തിയില്ലാത്ത ആളാണോ? നിങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ അങ്ങോട്ടു കൊള്ളുന്നില്ല എന്നു തോന്നാറുണ്ടോ? വിഷമിക്കണ്ട.. വാര്‍ത്തകള്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കേണ്ടതെങ്ങനെയെന്നു ശാസ്ത്രീയമായി കാണിക്കുകയാണ് മാതൃഭൂമി ദിനപ്പത്രം. (ശാസ്ത്രീയ ജീര്ണ്ണലിസത്തെപ്പറ്റി അറിയാന്‍ താല്പര്യമുള്ളവരും താഴെക്കാണുന്ന ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കുക) യൂത്ത്ഫെസ്റ്റിവലിന്റെ എന്‍ട്രി ഫോമുകള്‍ എങ്ങനെയാണ് ശാസ്ത്രീയമായി യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളായി മാറ്റുന്നതെന്നതിന്റെ ‘മാറൂമി’ വേര്‍ഷന്‍…’ എന്നാണ് ഗോകുല്‍ രത്നാകര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.