UPDATES

ട്രെന്‍ഡിങ്ങ്

പ്രവാചകന് കവചം തീര്‍ത്ത സ്ത്രീകളെ കുറിച്ച് ഉദ്ഘോഷിക്കുന്നവർ അതേ സ്ത്രീകളെ നബി ദിനാഘോഷത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു

ഒരേ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ കൊടി തോരണങ്ങളും ദഫ് മുട്ടും കോല്‍കളികളുമൊക്കെയായി റോഡിലൂടെ ആഹ്ലാദത്തോടെ നടന്നു നീങ്ങുമ്പോള്‍ വീട്ടില്‍ മാറി നിന്ന് അത് നോക്കി നില്‍ക്കുന്ന കുഞ്ഞു പെണ്‍കുട്ടികളുടെ സങ്കടങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

നബിദിനം ആഘോഷിക്കുന്നത് കേരളത്തില്‍ സുന്നികള്‍ ആണ്. ഇസ്ലാമിലെ പ്യൂരിട്ടന്‍ വാദികള്‍ നബിദിന ആഘോഷത്തിനെതിരാണ്. മറ്റെവിടെയെങ്കിലും ഉണ്ടോ എന്നതിനപ്പുറം ഇത്തരം ആഘോഷങ്ങള്‍ കാര്‍ക്കശ്യമായ നിലപാടുകള്‍ ഇല്ലാതെ ആഘോഷപരതയില്‍ കൊണ്ടാടുക എന്നത് സര്‍ഗാത്മകമാണ്.

കേരളത്തിലെ തദ്ദേശിയമായ കൂടിക്കലരില്‍ നിന്ന് സ്വീകരിച്ച ആണ്ടു നേര്‍ച്ചകള്‍ പോലെയുള്ള ആഘോഷങ്ങളും സുന്നി ധാരയിലെ ഇത്തരം ബഹുസ്വരതയുടെ തെളിവുകളാണ്. ആഘോഷങ്ങളില്ലെങ്കില്‍ സാമൂഹ്യ ജീവിതം വരണ്ടു പോയേനേ. പറഞ്ഞു വന്നത് അതല്ല. ഇന്നലെ നടന്ന ഒരു പാട് നബിദിന ഘോഷയാത്രയുടെ ചിത്രങ്ങള്‍ കണ്ടു. മദ്രസയില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ചിത്രത്തില്‍ റാലിയില്‍ എവിടെയും ഇല്ല. അവര്‍ക്ക് വിലക്കാണ്. എന്‍റെ നാട്ടില്‍ വിളിച്ചു അന്വേഷിച്ചു. അവിടെയും പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചിട്ടില്ല. കുട്ടികള്‍ക്ക് വിഷമം ഉണ്ടെന്നു കണ്ടു ചില രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോള്‍ സമസ്തയുടെ തീരുമാനം ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്, പാടില്ല എന്ന്.

ഘോഷയാത്രയില്‍ മാത്രമല്ല ഒന്നിച്ചു പങ്കെടുക്കുന്ന കലാപരിപടികളിലും പെണ്‍കുട്ടികള്‍ക്ക് വിലക്കാണ്. അതാണ്‌ അതിലും സങ്കടം. പങ്കെടുക്കാന്‍ താല്പര്യമുണ്ടായിട്ടും അതിനു കഴിയാതെ വന്ന സുഹൃത്തിന്‍റെ മകള്‍ പ്രതിഷേധിച്ചു എല്ലാ പരിപാടികളില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് സുഹൃത്ത് കഴിഞ്ഞ തവണ വേദനയോടെ പറഞ്ഞതോര്‍ക്കുന്നു.

ഞാന്‍ പഠിച്ചത് സുന്നി മദ്രസയില്‍ ആണ്. അന്ന് കലാപരിപാടികളില്‍ പങ്കെടുക്കുന്നതും പ്രോത്സാഹന സമ്മാനം കിട്ടുന്നതിന്‍റെയും ആഹ്ലാദം കാരണം നബിദിനത്തിനു വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു ഓരോ കുട്ടികളും. ആര്‍ക്കും വിലക്കുകള്‍ അന്നുണ്ടായിരുന്നതായി ഓര്‍മ്മയില്ല. കുഞ്ഞു പെണ്‍കുട്ടികളുടെ ആഘോഷങ്ങള്‍ വിലക്കാന്‍ എന്ത് അവകാശമാണ് ഇവര്‍ക്ക്. ഇതേ പെണ്‍കുട്ടികള്‍ പൊതുവിദ്യാഭ്യാസ സ്ഥാപങ്ങളില്‍ എത്തിയാല്‍ അവിടെ ഒന്നിച്ചു ഇടപെടുന്നതും പരിപാടിക്ക് പങ്കെടുക്കുന്നതും കൊണ്ട് കുട്ടികളുടെ സ്കൂള്‍ പഠനം ഇവര്‍ നിര്‍ത്താറുണ്ടോ.

ഒരേ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ കൊടി തോരണങ്ങളും ദഫ് മുട്ടും കോല്‍കളികളുമൊക്കെയായി റോഡിലൂടെ ആഹ്ലാദത്തോടെ നടന്നു നീങ്ങുമ്പോള്‍ വീട്ടില്‍ മാറി നിന്ന് അത് നോക്കി നില്‍ക്കുന്ന കുഞ്ഞു പെണ്‍കുട്ടികളുടെ സങ്കടങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. ഇത്ര ചെറു പ്രായത്തില്‍ തന്നെ എന്തിനാണ് ഇവരെ വിഭജിച്ചു നിര്‍ത്തുന്നത്. മുതിര്‍ന്ന സ്ത്രീകളെ പണ്ട് തൊട്ടേ പങ്കെടുപ്പിക്കാറില്ല. അവര്‍ മാറി നോക്കി നില്‍ക്കാറാണ് പതിവ്. നടന്നു വെയില്‍ കൊള്ളുന്നവര്‍ക്ക് നാരങ്ങ വെള്ളം കലക്കി കൊടുക്കാനാ അവരുടെ വിധി. നോക്കണം പള്ളിയില്‍ മാത്രമല്ല ഒരാഘോഷ ഘോഷയാത്രയില്‍ പോലും സ്ത്രീകള്‍ കാഴ്ചക്കാര്‍ ആകുന്ന അവസ്ഥ. സ്ത്രീകള്‍ ഉപാധികളില്ലാതെ ഊരിക്കൊടുക്കുന്ന അഭരണങ്ങള്‍ വിറ്റ പണത്തിന്‍റെ പങ്ക് കൊണ്ട് കൂടിയാണ് കേരളത്തിലെ മിക്ക സുന്നിപ്പള്ളികളും ആഡംബരത്തോടെ കെട്ടിപ്പൊക്കിയത്. എന്നിട്ടും അവരെ അവിടെ പ്രവേശിപ്പിക്കാറില്ല.

എണ്ണി എണ്ണി ക്യാഷ് വാങ്ങിക്കുന്ന പല മത പ്രഭാഷകന്‍മാരുടെയും പരിപാടികളില്‍ സ്ത്രീകള്‍ക്ക് പ്രത്യക മറയാണ്. ചെറിയ പരിപാടിക്കെങ്കില്‍ ചെറിയ മറ. ഇതേ പണ്ഡിതന്മാര്‍ തന്നെ ബാക്കി ജീവിതത്തിന്‍റെ പൊതു മണ്ഡലങ്ങളില്‍ സ്തീകളോട് ഇടപഴകാനും മിണ്ടാനും മടി കാണിക്കാറില്ല. ഇവരുടെ നേതാക്കന്‍മാര്‍ വിദേശങ്ങളിലും മറ്റും പോയാല്‍ സ്ത്രീകളുള്ള വേദി പങ്കിടുന്നത് നമ്മള്‍ കാണാറുണ്ട്. ആശുപത്രികളിലോ ബസ്സിലോ മറ്റൊരു സ്ഥലത്തും ഇവര്‍ക്ക് മാറി നില്‍ക്കാന്‍ കഴിയുമോ? എന്നിട്ടും ഈ പൗരോഹിത്യം മുന്നില്‍ വരുന്ന പരിപാടിക്ക് സ്ത്രീകളെയും പുരുഷന്‍മാരെയും വേറിട്ട്‌ നിര്‍ത്തുക. എന്ത് അസംബന്ധമാണ്!

കഴിഞ്ഞ നോമ്പിന് പ്രസംഗം കേട്ട് വരുമ്പോള്‍ മറക്കിപ്പുറത്തു പോയിരുന്നു നിങ്ങളുടെ മുഖം കാണാന്‍ പറ്റാത്തവരുടെ പ്രസംഗം കേള്‍ക്കാന്‍ പോകാന്‍ നിങ്ങൾക്ക് ആത്മാഭിമാനാവും, ഉളുപ്പുമില്ലേ എന്ന് എന്‍റെ ഇത്താത്തമാരോട് ചോദിച്ചിരുന്നു. അവര്‍ മറുപടി പറഞ്ഞിട്ടില്ല. നിസ്സഹാരായ അവരുടെ അഭിമാനത്തിന് മുറിവേല്‍ക്കുന്നുണ്ട് എന്ന് എനിക്ക് കേള്‍ക്കാമായിരുന്നു.

കാലം മാറി വരുന്നു. സ്തീകളും പെണ്‍ക്കുട്ടികളും സ്വയം ഇഷ്ടത്തോടെ മാറി നില്‍ക്കുന്നു എന്ന് കരുതുന്നത് മൗഢ്യമാണ്. പൌരോഹിത്യം തല്ലിക്കെടുത്തുന്ന ആഘോഷങ്ങളും ആഹ്ലാദങ്ങളും ഉപേക്ഷിക്കുന്നതിന് തുടര്‍ച്ചയാവാനുള്ളതല്ല എല്ലാ കാലത്തും സ്ത്രീകളുടെ സാമൂഹ്യ ജീവിതം. പ്രവാചക കാലത്ത് യുദ്ധം ചെയ്ത ഉമ്മു സുലൈമയെ കുറിച്ചും ഹുനൈന്‍ യുദ്ധത്തില്‍ പൂര്‍ണ്ണ ഗര്‍ഭിണി പങ്കെടുത്തതിനെ കുറിച്ചും യുദ്ധത്തില്‍ പ്രവാചകന് കവചം തീര്‍ത്ത സ്ത്രീകളെ കുറിച്ചും പ്രഭാഷണം നടത്തുന്നവരും അത് ഏര്‍പ്പാട് ചെയ്യുന്ന മഹല്ല് കമ്മറ്റിക്കാരും അതേ പ്രവാചകന്‍റെ ജന്മദിന ആഘോഷ പരിപാടികളില്‍ നിന്ന് സ്തീകള്‍ ആയതു കൊണ്ട് അവരെ മാറ്റി നിര്‍ത്തുന്നത് ഏത് നീതി ബോധത്തിന്‍റെ പേരിലാണ്.

*ഫേസ്ബുക്ക് പോസ്റ്റ്

മുത്തലാഖ്; മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ അന്തസ്സ് കെട്ട വാദങ്ങള്‍

ഷെരീഫ് ചേരണ്ടത്തൂര്‍

ഷെരീഫ് ചേരണ്ടത്തൂര്‍

കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍