UPDATES

ട്രെന്‍ഡിങ്ങ്

പശുക്കളെയും തെളിച്ച് ഇനിയും കേരളത്തിലേക്ക് വരുന്നില്ലേ: യോഗിയെ ട്രോളി എംബി രാജേഷ്

സ്വന്തം ബൂത്തില്‍ നൂറ് വോട്ട് പോലും പിടിക്കാന്‍ യുപി മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല

ഗോരഖ്പുരിലെ സ്വന്തം മണ്ഡലത്തില്‍ പോലും നൂറ് വോട്ട് തികച്ച് നേടാനാകാതെ പോയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സിപിഎം നേതാവും എംപിയുമായ എംബി രാജേഷ്. അഞ്ച് തവണ ജയിച്ച മണ്ഡലത്തിലെ തന്റെ സ്വന്തം ബൂത്തില്‍ നൂറ് വോട്ട് പോലും നേടാനാകാതെ പോയത് ആദിത്യനാഥിനോടുള്ള ജനങ്ങളുടെ കലിപ്പുകൊണ്ടാണെന്നാണ് രാജേഷ് പറയുന്നത്.

ഈ കാവി കുപ്പായക്കാരനെയും കൊണ്ടാണോ ചിലര്‍ കേരളം പിടിക്കാനൊരുങ്ങിയതെന്നും എംബി രാജേഷ് ചോദിച്ചു. ഇനിയും ഈ വിദ്വാനെയും പശുക്കളെയും തെളിച്ചുകൊണ്ട് വരുന്നില്ലേ കേരളത്തിലേക്ക് എന്നാണ് രാജേഷ് ചോദിക്കുന്നത്.

ത്രിപുര ജയിച്ച അഹങ്കാരത്തില്‍ യോഗി ആദിത്യനാഥ് യുപി നിയമസഭയില്‍ ത്രിപുരയില്‍ ചുവപ്പിനെ ഇല്ലാതാക്കി, ഇനി ഇന്ത്യയില്‍ എല്ലായിടത്തും ഇല്ലാതാക്കും എന്ന് പറഞ്ഞുവെന്നും അതിന് ശേഷം സമാജ്‌വാദി പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും എംപിമാരും ചുവന്ന തൊപ്പി അണിഞ്ഞ് തുടങ്ങിയെന്നും രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. രാജേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

‘ഗോരഖ്പൂരില്‍ ബി.ജെ.പി.കോട്ട തകര്‍ത്ത പ്രവീണ്‍കുമാര്‍ നിഷാദ് സഭയില്‍ ഇന്ന് എന്റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. സീറ്റ് നമ്പര്‍ ലഭിക്കാത്തത് കൊണ്ട് യാദൃച്ചികമായി അവിടെ ഇരുന്നു എന്നേയുള്ളൂ. തലയില്‍ ‘ചുവന്ന’ തൊപ്പിയണിഞ്ഞു വന്ന നിഷാദായിരുന്നു ഇന്നത്തെ സഭയുടെ ശ്രദ്ധാകേന്ദ്രം. യോഗി ആദിത്യനാഥിന്റെ സ്വന്തം ബൂത്തില്‍, ഗോരഖ് നാഥ് മഠം ഇരിക്കുന്ന അതേ ബൂത്തില്‍ വെറും 43 വോട്ടാണ് ബി.ജെ.പി.ക്ക് കിട്ടിയത്! നിഷാദിന് കിട്ടിയതാവട്ടെ 1775 വോട്ടും സ്വന്തം ബൂത്തില്‍ പോലും ആദിത്യനാഥിനോട് ജനങ്ങള്‍ക്കുള്ള കട്ടക്കലിപ്പെത്രയെന്നു നോക്കൂ. അഞ്ചു തവണ താന്‍ ജയിച്ചുവന്ന മണ്ഡലത്തിലെ തന്റെ ബൂത്തില്‍ 100 വോട്ടുകള്‍ പോലും തികച്ചു നേടാന്‍ കഴിയാത്ത ഈ കാവിക്കുപ്പായക്കാരനെയും കൊണ്ടാണോ ചിലര്‍ കേരളം പിടിക്കാന്‍ വന്നത്. ഇനിയും ഈ വിദ്വാനെയും പശുക്കളെയും തെളിച്ചു കൊണ്ട് വരുന്നില്ലേ കേരളത്തിലേയ്ക്ക്.!?

വാല്‍ക്കഷണം:ത്രിപുര ജയിച്ച ഹുങ്കില്‍ യോഗി ആദിത്യനാഥ് യു.പി.നിയമസഭയില്‍ പറഞ്ഞത്രേ, ത്രിപുരയില്‍ ചുവപ്പിനെ ഇല്ലാതാക്കി. ഇനി ഇന്ത്യയില്‍ എല്ലായിടത്തും ഇല്ലാതാക്കുമെന്ന്. ആ പ്രഖ്യാപനത്തിന് ശേഷമാണ് എസ്.പി.യുടെ മുഴുവന്‍ എം.പി.മാരും എം.എല്‍.എ. മാരും ചുവന്ന തൊപ്പി അണിഞ്ഞു തുടങ്ങിയതത്രെ….’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍