UPDATES

ട്രെന്‍ഡിങ്ങ്

ഞങ്ങള്‍ മലയിറങ്ങിയത് പോലീസ് പറഞ്ഞിട്ടല്ല; പേടിച്ചിട്ടാണ്: ശബരിമലയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു

ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ ആചാരങ്ങളുടെ പേരിലാണ് തടഞ്ഞതെന്ന് ന്യായീകരിച്ചാലും മറ്റ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് തങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്ത നല്‍കാത്തതിനാല്‍ മാത്രമാണ്

ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ ശബരിമലയില്‍ നിന്നും ഒഴിപ്പിക്കുകയാണെന്നാണ് ഇന്നലെ വൈകിട്ട് മുതല്‍ പ്രചരിക്കുന്ന വാര്‍ത്ത. ഇന്ന് കൂടുതല്‍ സ്ത്രീകള്‍ മലകയറാന്‍ വരുന്നുണ്ടെന്നും ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തു നിന്നും ഒഴിവാക്കുകയാണെന്നുമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതിനാല്‍ തന്നെ സമരക്കാര്‍ ജാഗ്രത പാലിക്കണമെന്നും സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍ പ്രചരണങ്ങള്‍ നടത്തുന്നു. എന്തായാലും ഇന്നലെ വൈകുന്നേരത്തിന് ശേഷം ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും മടങ്ങിപ്പോന്നിരിക്കുകയാണ്. അതേസമയം സമരക്കാരെ അനുകൂലിച്ച് വാര്‍ത്തകള്‍ തയ്യാറാക്കുകയും സന്നിധാനത്തും പ്രദേശത്തും സമരക്കാരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുകയും ചെയ്ത ചില മാധ്യമങ്ങളുടെ പ്രതിനിധികള്‍ ഇപ്പോഴും അവിടെയുണ്ട്.

പോലീസ് മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ ഇവിടെ നിന്നും ഒഴിപ്പിച്ചുവെന്ന വാര്‍ത്ത നുണപ്രചരണമാണെന്ന് തന്നെയാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. അല്ലാത്ത പക്ഷം സമരാനുകൂല മാധ്യമങ്ങള്‍ക്ക് മാത്രമെങ്ങനെയാണ് അവിടെ നില്‍ക്കാന്‍ പറ്റുക. ശബരിമലയില്‍ എത്താന്‍ വരുന്ന സ്ത്രീകളെ അക്രമിക്കാന്‍ തയ്യാറായി നിന്ന വിശ്വാസികളെന്ന് സ്വയം വിളിക്കുന്ന ഈ ആള്‍ക്കൂട്ടം അതിന് സാധിക്കാത്തതില്‍ അസ്വസ്ഥരായിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ ഇച്ഛാഭംഗം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് തീര്‍ക്കാനൊരുങ്ങുന്നു എന്ന സൂചന കിട്ടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സ്വയം മലയിറങ്ങിയിരിക്കുന്നത്. തുലാമാസ പൂജകള്‍ക്കായി നട തുറന്നിരിക്കുന്ന അവസാന ദിവസമായ ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ പരക്കെ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നതായി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പരന്നിരുന്നു. സമരക്കാര്‍ക്കൊപ്പമുള്ള അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കാനും സാധനസാമഗ്രികള്‍ നശിപ്പിക്കാനുമാണ് പദ്ധതിയിട്ടിരുന്നത്.

ഈ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ തന്നെ മലയിറങ്ങാന്‍ തീരുമാനിച്ചത്. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്താമെന്നും ഐജി എസ് ശ്രീജിത്ത് ഉറപ്പു നല്‍കിയിരുന്നു. എന്നിരുന്നാലും ഒരു കലാപത്തിനുള്ള സാധ്യത തങ്ങളായിട്ട് സൃഷ്ടിക്കേണ്ടെന്ന തീരുമാനത്തില്‍ ഇവര്‍ മലയിറങ്ങുകയായിരുന്നു. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ തന്നെ ഇവിടെയെത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകരെ ആചാരങ്ങളുടെ പേരില്‍ ആക്രമിച്ച് ഭീഷണിപ്പെടുത്തി ഓടിക്കുകയാണ് ഇവര്‍ ചെയ്തത്. പിന്നീട് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വലിയതോതിലുള്ള പ്രചരണം അഴിച്ചുവിടുന്നതും കണ്ടു. ആദ്യദിവസങ്ങളില്‍ പമ്പയില്‍ ജോലിയ്ക്കുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ സി പി അജിതയെ പോലുള്ള വനിതാ മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ടായിരുന്നു ഈ പ്രചരണങ്ങള്‍. അജിത, ഏഷ്യാനെറ്റ് ന്യൂസിന്റെ തന്നെ കെ ജി കമലേഷ്, അജിത് കുമാര്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ സഹിതം ഇവരെ സൂക്ഷിക്കുക, ഇവരാണ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന സന്ദേശമാണ് സംഘപരിവാര്‍ പേജുകളില്‍ പ്രചരിച്ചിരുന്നത്. സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന റിപ്പബ്ലിക് ചാനല്‍ ഉള്‍പ്പെടുള്ള ദേശീയ മാധ്യമങ്ങളും കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങളും ആക്രമിക്കപ്പെട്ടു. വാഹനങ്ങള്‍ തല്ലിപ്പൊളിച്ചും ക്യാമറകളും മറ്റും നശിപ്പിച്ചും മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ സമരവീര്യം പ്രകടിപ്പിക്കാനും ‘ഭക്തര്‍’ ഭയന്നില്ല.

ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ ആചാരങ്ങളുടെ പേരിലാണ് തടഞ്ഞതെന്ന് ന്യായീകരിച്ചാലും മറ്റ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് തങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്ത നല്‍കാത്തതിനാല്‍ മാത്രമാണ്. നിലയ്ക്കലിലും ശബരിമലയിലേക്കുള്ള മറ്റ് വഴികളിലും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി കമലേഷോ അജിത്തോ അല്ലെങ്കില്‍ ഏഷ്യാനെറ്റിലെ ആരെങ്കിലുമോ ഉണ്ടോയെന്ന് ഉറപ്പാക്കുന്ന സമരക്കാരെയും അവിടെ കാണാമായിരുന്നു. ഏഷ്യാനെറ്റിനെ മാത്രമല്ല, മാതൃഭൂമി, മനോരമ, ന്യൂസ് 18, റിപ്പോര്‍ട്ടര്‍ തുടങ്ങിയ മറ്റ് പ്രമുഖ ചാനലുകളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. അജിത് കുമാറിനെ ഭീഷണിപ്പെടുത്തി തങ്ങള്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്യിച്ച് അതിന്റെ വീഡിയോ പ്രചരിപ്പിച്ചതും ഇതേ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ തന്നെയാണ്.

വൃശ്ചിക മാസത്തില്‍ ആരംഭിക്കുന്ന മണ്ഡലക്കാലത്തിന് ഇനി ഒരുമാസം പോലും ബാക്കിയില്ല. ഇന്ന് നടയടയ്ക്കുന്നതിന് മുമ്പ് ശബരിമലയില്‍ ഒരു കലാപം സൃഷ്ടിക്കപ്പെട്ടാല്‍ മണ്ഡലക്കാലവും അതിന്റെ ഭീതിയില്‍ കടന്നുപോകും. സ്വാഭാവികമായും സുപ്രിംകോടതി വിധി ഈ മണ്ഡലക്കാലത്തില്‍ നടപ്പാക്കാതിരിക്കേണ്ടിയും വരും. കലാപസാധ്യതകള്‍ മാത്രം മതിയാകും അത്തരമൊരു നിലപാട് സ്വീകരിക്കാന്‍. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടയില്‍ ഏതാനും സ്ത്രീകള്‍ മല കയറാനെത്തുകയും ചിലര്‍ വലിയ നടപ്പന്തല്‍ വരെ എത്തിച്ചേരുകയും ചെയ്‌തെങ്കിലും പോലീസിന്റെ സംയമനത്തോടെയുള്ള ഇടപെടല്‍ മൂലം അതിനെയൊന്നും ഒരു കലാപ കാരണമാക്കി വളര്‍ത്തിയെടുക്കാന്‍ സമരക്കാരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കലാപകാരികള്‍ക്ക് സാധിച്ചിരുന്നില്ല. ഇന്നും അതിന് സാധിച്ചില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയും പോലീസ് നടപടി സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇവര്‍ ലക്ഷ്യമിട്ടത്. അങ്ങനെയായാല്‍ ശബരിമലയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുമെന്നും ഇവര്‍ പദ്ധതിയിട്ടിരുന്നു.

ഇന്നലെ ശബരിമലയില്‍ നിന്നും മടങ്ങേണ്ടി വന്ന മധ്യമപ്രവര്‍ത്തകരിലൊരാളായ സനോജ് സുരേന്ദ്രന്‍ ഇതേക്കുറിച്ച് പറയുന്നത് സന്നിധാനത്ത് നിന്ന് ഞങ്ങള്‍ മല ഇറങ്ങിയത് വേദനയോടെയാണെന്നാണ്. സംഘപരിവാര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്കൊപ്പം വ്യാജവാര്‍ത്തകള്‍ നല്‍കാന്‍ ഇവര്‍ തങ്ങളെയും പ്രേരിപ്പിച്ചതായി സനോജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. പലപ്പോഴും സമരക്കാരില്‍ നിന്നും മാറിനിന്ന് സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കേണ്ട അവസ്ഥയായിരുന്നു ഇവര്‍ക്ക്. അവര്‍ക്കിഷ്ടമില്ലാത്ത കാര്യം പറഞ്ഞാല്‍ കയ്യേറ്റ ശ്രമമുണ്ടാകും. ഇതിനിടെയായിരുന്നു വാട്‌സ്ആപ്പും ഫേസ്ബുക്ക് ഗ്രൂപ്പുകളും വഴി ഇവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അവസാന ദിവസമായ ഇന്ന് തങ്ങളെ കൈകാര്യം ചെയ്യാനുള്ള തീരുമാനമുണ്ടെന്ന് അറിഞ്ഞതോടെ മലയിറങ്ങുകയായിരുന്നെന്നും സനോജ് വ്യക്തമാക്കുന്നു.

സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സന്നിധാനത്ത് നിന്ന് ഞങ്ങള്‍ മല ഇറങ്ങിയത് വേദനയോടെയാണ്.

പവിത്രമായ മണ്ണില്‍ നിന്നും ഒളിച്ച് കടക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ഇന്നലെ രാത്രിയില്‍ പമ്പയില്‍ ട്രാക്ടര്‍ വിളിച്ച് വരുത്തി നിന്നനില്‍പ്പില്‍ ഞങ്ങള്‍ മലയിറങ്ങി. അയ്യപ്പഭക്തരുടെ വേഷത്തില്‍ 3000-ല്‍ അധികം അളുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സന്നിധാനത്ത് ഉള്ളത്. പലപ്പോഴും ഇവരുടെ സാന്നിദ്ധ്യം സ്വതന്ത്രമായി ജോലി ചെയ്യുവാനുള്ള ഞങ്ങളുടെ അവകാശത്തെയാണ് നിഷേധിച്ചത്. ജനം ടി.വി ഒഴികെ മറ്റ് മാധ്യമങ്ങള്‍ പറയുന്നതെല്ലാം കള്ളമാണെന്നാണ് ഇവരുടെ നിലപാട്. രഹന ഫാത്തിമയുടെ സന്നിധാന പ്രവേശനത്തെ ഞങ്ങള്‍ ന്യായികരിക്കുന്നില്ല. പക്ഷേ അവരുടെ ഇരുമുടി കെട്ടില്‍ നാപ്ക്കിന്‍ ആയിരിന്നുവെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. കാരണം നാപ്ക്കിന്‍ ഉണ്ടായിരുന്നില്ല എന്നത് തന്നെ. മറ്റൊരു വാര്‍ത്ത 13 സ്ത്രീകള്‍ ശനിയാഴ്ച മല ചവിട്ടും എന്നതായിരുന്നു. അങ്ങനെ ഒരു അറിയിപ്പ് പൊലിസിന് ലഭിച്ചിരുന്നില്ല. ഇല്ലാത്ത കാര്യം എങ്ങനെയാണ് വാര്‍ത്തയായി നല്‍കുവാന്‍ കഴിയുക. ഇന്നലത്തെ പ്രചരണം EP. ജയരാജന്റെ സഹോദരിയുടെ മകള്‍ മലയ്ക്ക് വരുന്നെന്നായിരുന്നു. ഇത്തരത്തില്‍ കള്ള പ്രചരണങ്ങളുടെ മലവെള്ള പാച്ചിലാണ് കുറച്ച് ദിവസമായി ഒരു ചാനലിലും, നവ മാധ്യമങ്ങളിലും പ്രചരിച്ച് കൊണ്ടിരുന്നത്.

കഴിഞ്ഞ ദിവസം ലതയെന്ന 53കാരി തെലുങ്കാനയില്‍ നിന്നും സന്നിധാനത്ത് എത്തിയപ്പോള്‍ അവരെ നടപ്പന്തലില്‍ തടഞ്ഞു. പ്രതിഷേധക്കാരില്‍ ആരോ ഒരാള്‍ ഇവര്‍ക്ക് 50 വയസ്സില്ലെന്ന് അറിയിച്ചു. പിന്നെ എല്ലാരും കൂടി മുദ്രവാക്യം വിളിക്കല്‍ പോലെയുള്ള നാമജപവുമായി അവര്‍ക്ക് നേരെ ചീറിപാഞ്ഞു. ഈ സമയം ഞങ്ങള്‍ 200 മീറ്റര്‍ മാറി സന്നിധാനത്തായിരുന്നു. വലിയ ബഹളം കേട്ടാണ് ഞങ്ങള്‍ ഇവിടേയ്ക്ക് ഓടി എത്തിയത്. തടഞ്ഞ് വെച്ച സ്ത്രീയുടെ രേഖ പരിശോധിച്ചപ്പോള്‍ വയസ്സ് 53. ഭയന്ന് വിറച്ച ആ ഭക്ത പോലീസ് അകമ്പടിയോടെ നിറകണ്ണുമായിട്ടാണ് ദര്‍ശനം നടത്തിയത്. ഇന്നലെ 47കാരിയായ തെലുങ്കാന സ്വദേശിയായ ഭക്ത വന്നപ്പോഴും സമാന സംഭവം. അവര്‍ക്ക് ബഹളം കേട്ട് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഉടന്‍ തന്നെ ആമ്പുലന്‍സില്‍ പമ്പയിലേക്ക് കൊണ്ടുപോയി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഞങ്ങളുടെ സമീപം വട്ടം കൂടുകയാണ് പ്രതിഷേധക്കാര്‍. അവര്‍ ഞങ്ങളുടെ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ട്. അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാല്‍ കയ്യേറ്റ ശ്രമം. അപ്പോള്‍ അവരെ വെറുപ്പിക്കാതെ വാര്‍ത്ത പറയേണ്ടി വരുന്ന ഞങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നും മാറി നിന്നാണ് യഥാര്‍ത്ഥ വസ്തുത പറയേണ്ടി വന്നത്. ഇതിന്റെയെല്ലാം പേരില്‍ ഞങ്ങളെ ശത്രുക്കളെ പോലെയാണ് പ്രതിഷേധക്കാര്‍ കണ്ടിരുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, അല്ലാത്തപ്പോഴും ഞങ്ങളെ നീരിക്ഷിക്കാന്‍ എപ്പോഴും രണ്ടും മൂന്നും പേരുടെ സാന്നിദ്ധ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യണമെന്ന നിലയില്‍ ഇവരുടെ വാട്‌സാപ്പ് വഴി വ്യാപകമായി സന്ദേശം പ്രചരിപ്പിച്ചിത്. ചില മാധ്യമ പ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെ ആയിരുന്നു പ്രചരണം. അവസാന ദിവസമായ ഇന്ന് ഇതിനുള്ള നീക്കം സജീവമായി നടക്കുന്നകാര്യം അറിഞ്ഞാണ് ഞങ്ങള്‍ മല ഇറങ്ങാന്‍ തീരുമാനിച്ചത്.

പോകുവാനുള്ള തീരുമാനം അറിഞ്ഞ് സന്നിധാനത്ത് ഉണ്ടായിരുന്ന ഐ.ജി. ശ്രീജിത്ത് പോവേണ്ടതില്ലെന്ന് അറിയിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും മടങ്ങുവാന്‍ തീരുമാനിക്കുക ആയിരുന്നു. അയ്യപ്പഭക്തരുടെ വേഷത്തിലാണ് പ്രതിഷേധക്കാര്‍ സന്നിധാനത്ത് ഉള്ളത്. പലരും സമരത്തിന് എത്തിയത് ഇരുമുടി കെട്ടുമായിട്ടാണ്. സ്ത്രീകള്‍ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യങ്ങളെ കൈകാര്യം ചെയ്യാനായിരിന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവര്‍ ആഗ്രഹിക്കുന്നതും സന്നിധാനത്ത് ഒരു പോലീസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം അഴിച്ച് വിടാന്നുമായിരുന്നു തീരുമാനം. ആ കലാപത്തിന് ഞങ്ങള്‍ കാരണക്കാരക്കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഞങ്ങള്‍ മല ഇറങ്ങിയത്.

മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം തീരുമാനപ്രകാരമാണ് ശബരിമലയില്‍ നിന്നും മടങ്ങിയതെങ്കിലും പോലീസ് ഇടപെട്ട് ഇവരെ മടക്കിയയക്കുകയായിരുന്നെന്നാണ് ഇപ്പോള്‍ സംഘപരിവാര്‍ ഗ്രൂപ്പുകളിലെ പ്രചരണം. മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കാന്‍ പോലീസിനാകില്ല എന്നതിനാല്‍ തന്നെ സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്ന പ്രചരണത്തിന്റെ പൊള്ളത്തരവും വ്യക്തമാണ്. തങ്ങളല്ല സര്‍ക്കാരും പോലീസും തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത മാധ്യമങ്ങളും മാത്രമാണ് കാരണക്കാരെന്ന് സ്ഥാപിക്കലാണ് അവരുടെ മുഖ്യ ലക്ഷ്യം.

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

ശബരിമല: സുരക്ഷ ആവശ്യപ്പെട്ട് ഐജി മനോജ് എബ്രഹാമിനെ വിളിച്ചു; കുടുംബാംഗങ്ങള്‍ക്ക് ‘കൌണ്‍സലിംഗു’മായി പോലീസെത്തിയെന്ന് യുവതികള്‍

പ്രളയകേരളത്തിന് 10.4 കോടി സമാഹരിച്ച ഈ മാധ്യമപ്രവര്‍ത്തകയെയാണ് ശബരിമലയില്‍ നിന്നു അസഭ്യം വിളിച്ചു ഇറക്കിവിട്ടത്

വനിതാ മാധ്യമ പ്രവര്‍ത്തകരെ അവര്‍ ഭയപ്പെടുന്നതിന് കാരണങ്ങളുണ്ട്‌

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍