UPDATES

ട്രെന്‍ഡിങ്ങ്

തിരുവനന്തപുരത്ത് നിപയെന്ന വാര്‍ത്ത വളച്ചൊടിച്ചത്: മാധ്യമങ്ങള്‍ പരിഭ്രാന്തി പരത്തരുതെന്ന് ഡോക്ടര്‍മാര്‍

നിപയെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിച്ചതോടെ ഒട്ടനവധി പേരാണ് ചികിത്സ തേടിയെത്തുന്നത്

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ തിരിച്ചറിഞ്ഞ നിപ വൈറസിനെക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി നിറയ്ക്കുകയാണെന്ന് ഡോക്ടര്‍മാര്‍. ഒട്ടനവധി രോഗികളാണ് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെറിയ പനിയ്ക്ക് പോലും നിപ വൈറസ് ആണോയെന്ന സംശയത്തില്‍ ചികിത്സ തേടുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍ എസ്എസ് അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മലപ്പുറം സ്വദേശിയായ യുവാവ് നിപ ആണെന്ന സംശയത്തില്‍ ചികിത്സ തേടിയെത്തിയിരുന്നു. ഇതേക്കുറിച്ചും മാധ്യമങ്ങളില്‍ വളച്ചൊടിച്ച വാര്‍ത്തയാണ് വന്നതെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി. ആ യുവാവിന് ഒരു പനി പോലുമുണ്ടായിരുന്നില്ല. എന്നാല്‍ നിപ വൈറസ് മൂലം മരിച്ച ഒരാളുടെ വീട്ടില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതുമൂലമുള്ള ഭയത്താലാണ് ചികിത്സ തേടിയെത്തിയത്. എന്നാല്‍ ഒരുദിവസം നിരീക്ഷണത്തില്‍ വച്ച ശേഷം മലപ്പുറത്തേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഡിസ്ചാര്‍ജ്ജ് നല്‍കിയെന്നും ഡോ. സന്തോഷ് വ്യക്തമാക്കി.

അതേസമയം നിപയെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിച്ചതോടെ ഒട്ടനവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. ചെറിയ പനിയുള്ളവര്‍ പോലും നിപയാണെന്ന് ഭയന്ന് ആശുപത്രികളിലെത്തുന്നു. ജനങ്ങള്‍ ആകെ പരിഭ്രാന്തരായതിന്റെ തെളിവാണ് ഇതെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവരോട് വിളിച്ച് അന്വേഷിക്കാന്‍ പോലും പലരും തയ്യാറാകുന്നില്ല. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രിന്റ്, ടെലിവിഷന്‍ മാധ്യമങ്ങളുമെല്ലാം ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവരെയും തിരുവനന്തപുരത്തോ കേരളത്തിലെ തെക്കന്‍ ജില്ലകളിലെവിടെയെങ്കിലും ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംശയവുമായി വരുന്ന ഒരു രോഗികളെയും തങ്ങള്‍ മടക്കി അയക്കുന്നില്ലെന്നും രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച ശേഷം രോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ വിട്ടയയ്ക്കുന്നതെന്നും സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിപയെ പ്രതിരോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തു കഴിഞ്ഞു. സംശയവുമായി വരുന്നവരെ കിടത്താനായി നാല് മുറികള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. കൂടാതെ ആശുപത്രി ജീവനക്കാര്‍ക്ക് വേണ്ട പ്രത്യേക ഉടുപ്പുകളും ഗ്ലൗസുകളും മാസ്‌കുകളുമെല്ലാം സജ്ജീകരിച്ചു കഴിഞ്ഞു. കൂടുതല്‍ തയ്യാറെടുപ്പുകളെന്തെങ്കിലും വേണോയെന്ന് നാളെ നടക്കുന്ന മീറ്റിംഗില്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിപ വയറസ് ബാധിച്ചവരെ ചികിത്സിച്ച നഴ്‌സ് മരിച്ചത് ആരോഗ്യ രംഗത്തെ സുരക്ഷിതത്വമില്ലായ്മയാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മറ്റൊരു അസിസ്റ്റന്റ് സൂപ്രണ്ടായ ജോബി ജോണ്‍ അറിയിച്ചു. കേരളത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഒരു രോഗം എന്താണെന്ന് ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കില്ല. മലേഷ്യയില്‍ ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോഴും ഇതായിരുന്നു സ്ഥിതി. സാധാരണ പനിയായി മാത്രമാണ് ഇത് കണക്കാക്കിയത്. ആദ്യം വവ്വാലുകളും പിന്നീട് പന്നികളും ചാകുന്നതാണ് മലേഷ്യയില്‍ കണ്ടത്. പിന്നീട് നിപ എന്ന ഒരു രോഗിയുടെ തലച്ചോറില്‍ നിന്നും ലഭിച്ച സ്രവത്തില്‍ നിന്നാണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അതിനാലാണ് ഈ വൈറസിന് ഈ പേര് വന്നതെന്നും ഡോ. ജോബി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍