UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി നേതാക്കളുടെ വാര്‍ത്ത സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍: ശശികലയ്ക്ക് കോട്ടയം പ്രസ്‌ക്ലബ്ബ് വിട്ടുനല്‍കിയില്ല

ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനവും മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു

ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മാധ്യമങ്ങള്‍. ബിജെപി നേതാക്കളും ശബരിമല കര്‍മ്മ സമിതി നേതാക്കളും വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചാണ് മാധ്യപ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ മാധ്യമങ്ങള്‍ തീരുമാനിച്ചിരുന്നു.

അതിന് പിന്നാലെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനവും മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. അതേസമയം കോട്ടയത്ത് പ്രസ് മീറ്റ് നടത്താന്‍ ഹാള്‍ തേടിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയ്ക്ക് ഹാള്‍ വിട്ടുനല്‍കാനാകില്ലെന്ന് കോട്ടയം പ്രസ്‌ക്ലബ്ബ് അറിയിച്ചു. ശശികലയെ വാര്‍ത്താ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെയാണ് പ്രസ്‌ക്ലബ്ബ് ഇത്തരമൊരു തീരുമാനമെടുത്തത്. സംസ്ഥാനത്തൊട്ടാകെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സമരമുഖത്ത് റിപ്പോര്‍ട്ടിംഗിനെത്തുന്നവരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ ഇന്ന് വിളിച്ചു ചേര്‍ക്കുന്ന പത്ര സമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി (കെ യു ഡബ്ല്യൂ ജെ) എല്ലാ ജില്ലകളിലും ഇതേ ആഹ്വാനം നടത്തി.

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണെന്ന് കെ യു ഡബ്ല്യൂ ജെ പ്രസ്താവിച്ചു. സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയാവുന്നു, ക്യാമറയും ഫോണും വാഹനങ്ങളും തകര്‍ക്കപ്പെടുന്നു. ടെലിവിഷന്‍ ചാനലിന്റെ ഓഫീസ് തകര്‍ക്കുന്നു. ഇത് അങ്ങേയറ്റം ഗുണ്ടായിസമാണ്. വാര്‍ത്ത ശേഖരിക്കാനെത്തുന്നവര്‍ ആരുടെയും ശത്രുക്കളല്ല. എന്താണ് സംഭവിക്കുന്നത് എന്നത് സമൂഹത്തെ അറിയിക്കാനുള്ള ജോലി ചെയ്യുക മാത്രമാണ്. സര്‍ക്കാരിനോടുള്ള രോഷം തീര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ ശക്തിയായി പ്രതിഷേധിക്കുകയാണെന്നും പ്രസ്താവന പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍