UPDATES

ട്രെന്‍ഡിങ്ങ്

കാഴ്ച ശേഷിയില്ലാത്ത വിദ്യാര്‍ത്ഥിയുടെ മെഡിക്കല്‍ സീറ്റ് റദ്ദാക്കി; ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടക്കുന്ന അവഗണനയുടെയും കാലതാമസത്തിന്റെയും പുതിയ കഥയാണ് സുരേഷിന്റെ കഥയിലൂടെ പുറത്തുവരുന്നത്

കാഴ്ച ശേഷിയില്ലാത്ത വിദ്യാര്‍ത്ഥിയുടെ മെഡിക്കല്‍ സീറ്റ് റദ്ദാക്കിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി വിദ്യാര്‍ത്ഥി. എട്ട് സെന്റിമീറ്ററിന് അകലെയുള്ള കാഴ്ച സാധ്യമല്ലാത്ത വിദ്യാര്‍ത്ഥിയ്ക്ക് എംബിബിഎസ് കോഴ്‌സിന് വേണ്ട കാഴ്ചയില്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ കൗണ്‍സില്‍ അഡ്മിഷന്‍ റദ്ദാക്കിയത്.

2016ലാണ് കര്‍ണാടക എക്‌സാമിനേഷന്‍ അധികൃതര്‍ സുരേഷ് എന്ന 19കാരന്‍ വിദ്യാര്‍ത്ഥിയ്ക്ക് അഡ്മിഷന്‍ നല്‍കിയത്. അഡ്മിഷന്‍ നല്‍കുമ്പോള്‍ ഈ വിദ്യാര്‍ത്ഥിയുടെ പരിമിതിയെക്കുറിച്ചും നോട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടിന്റെ അടിസ്ഥാനത്തില്‍ കോഴ്‌സ് ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ അഡ്മിഷന്‍ റദ്ദാക്കുകയാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടക്കുന്ന അവഗണനയുടെയും കാലതാമസത്തിന്റെയും പുതിയ കഥയാണ് സുരേഷിന്റെ കഥയിലൂടെ പുറത്തുവരുന്നത്.

ഓഗസ്റ്റ് 28ന് മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ തന്റെ അഡ്മിഷന്‍ റദ്ദാക്കിയത് സംബന്ധിച്ച് സുരേഷ് അഞ്ച് പേജുകളുള്ള ഒരു കത്തും രണ്ട് പേജുള്ള ഒരു ആത്മഹത്യക്കുറിപ്പും എഴുതിയിരിക്കുകയാണ്. നോട്ടീസ് ഓഫ് ഡെത്ത് എന്നാണ് ആത്മഹത്യക്കുറിപ്പിനിട്ടിരിക്കുന്ന തലക്കെട്ട്. കോളേജില്‍ അഡ്മിഷന്‍ ലഭിക്കാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഈ കത്തുകളില്‍ വിവരിക്കുന്നുണ്ട്.

70 ശതമാനം കാഴ്ച ശക്തിയില്ലാത്ത സാഹചര്യത്തിലും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 86 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിയാണ് സുരേഷ്. മെഡിക്കല്‍ കോളേജിലെ ആദ്യ വര്‍ഷത്തെ ഫീസ് അടയ്ക്കാന്‍ കുടുംബ സ്വത്ത് വിറ്റതായും ഇക്കാലത്തിനിടയ്ക്ക് തന്റെ മാതാപിതാക്കള്‍ മരിച്ചതായും സുരേഷിന്റെ കത്തില്‍ പറയുന്നു.

കടുത്ത വിഷാദരോഗത്തെ തുടര്‍ന്നാണ് താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് കത്ത് അയച്ചതെന്നും ഇനി ജീവിതം അവസാനിപ്പിക്കുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലെന്നും സുരേഷ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. റായ്ചുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സുരേഷിന് അഡ്മിഷന്‍ അനുവദിച്ചത്. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷയില്‍ 20,000 റാങ്കായിരുന്ന സുരേഷ് അംഗപരിമിതരുടെ സംവരണത്തിലൂടെയാണ് അഡ്മിഷന്‍ നേടിയത്. തുടര്‍ന്ന് ജൂലൈയില്‍ തന്നെ കോളേജില്‍ പ്രവേശിക്കുകയും ചെയ്തു.

എന്നാല്‍ സുരേഷിന്റെ അഡ്മിഷന്‍ 2009ലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് ഇക്കഴിഞ്ഞ ജൂണ്‍ 26ന് അഡ്മിഷന്‍ റദ്ദാക്കിക്കൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉത്തരവിറക്കിയത്. കാലുകള്‍ക്ക് വൈകല്യമുള്ളവര്‍ക്ക് മാത്രമാണ് എംബിബിഎസ് അഡ്മിഷനിലെ അംഗപരിമിതി അനുവദിക്കാന്‍ സാധിക്കൂവെന്നാണ് ഈ വ്യവസ്ഥകളില്‍ പറയുന്നു. 50 മുതല്‍ 70 ശതമാനം വരെ അംഗപരിമിതിയുള്ളവരെ മാത്രമേ സംവരണത്തില്‍ ഉള്‍പ്പെടുത്താനാകൂ. എഴുപത് ശതമാനത്തിന് മുകളില്‍ അംഗപരിമിതിയുള്ളവരെ അഡ്മിഷന് യോഗ്യരല്ലെന്നും ഈ വ്യവസ്ഥകളില്‍ പറയുന്നു.

2016 ഡിസംബറില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും യാതൊരു ഒഴിവുകളുമില്ലാതെ അംഗപരിമിതര്‍ക്കും 5 ശതമാനം സംവരണം അനുവദിക്കണമെന്ന് പാര്‍ലമെന്റ് ബില്‍ പാസാക്കി. ഇക്കഴിഞ്ഞ ഏപ്രിലില്‍ മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ സുരേഷിന്റെ അഡ്മിഷന്‍ കഴിഞ്ഞവര്‍ഷമായിരുന്നതിനാല്‍ ഇത് ബാധകമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍