UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മെഡിക്കല്‍ അശ്രദ്ധ: ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ ഇരട്ടകുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിനു ജീവന്‍!

പെണ്‍കുട്ടിയുടെ ശരീരം അച്ഛനും ആണ്‍കുട്ടിയുടെ ശരീരം മുത്തച്ഛനുമായിരുന്നു പിടിച്ചിരുന്നത്. പോളിത്തീന്‍ കവറിനുള്ള ചില അനക്കങ്ങള്‍ കേള്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ട മുത്തച്ഛന്‍ കവര്‍ തുറക്കുകയും കുട്ടി ശ്വാസോച്ഛാസം ചെയ്യുന്നതായി കണ്ടെത്തുകയുമായിരുന്നു

മെഡിക്കല്‍ അശ്രദ്ധയുടെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി രാജ്യ തലസ്ഥാനത്ത് നിന്നും പുറത്തുവരുന്നു. ഷാലിമാര്‍ ബാഗിലുള്ള മാക്‌സ് ആശുപത്രി മരിച്ചുവെന്ന് വിധിയെഴുതിയ നവജാത ഇരട്ടകളില്‍ ഒരാള്‍ക്ക് ജീവനുള്ളതായി പിന്നീട് കണ്ടെത്തി. അന്ത്യകര്‍മ്മക്കള്‍ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് കുട്ടികളില്‍ ഒരാള്‍ക്ക് ജീവനുള്ളതായി വ്യക്തമായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട ഡോക്ടറോട് അവധിയില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിച്ചു.

നവംബര്‍ 30നാണ് ശിശുക്കള്‍ മരിച്ചു എന്ന് ആശുപത്രി വിധിയെഴുതിയത്. എന്നാല്‍, അന്ത്യകര്‍മ്മങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടയില്‍ ഒരാള്‍ക്ക് ജീവനുണ്ടെന്ന് മുത്തച്ഛന്‍ കണ്ടെത്തുകയായിരുന്നു. 22 ആഴ്ച മാത്രം വളര്‍ച്ചയുള്ള ശിശുവിന്റെ നില ഗുരുതരമായി തുടരുകയാണെന്നും കുട്ടിയെ പീതാംപുരയിലെ ഒരു ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കുടുംബവൃത്തങ്ങള്‍ അറിയിച്ചു. മാതാവ് വര്‍ഷ (20) മാക്‌സ് ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്.
സംഭവം നിര്‍ഭാഗ്യകരമായിപ്പോയി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നവജാതശിശുക്കളിലെ പെണ്‍കുട്ടി ചാപ്പിള്ളയായിട്ടാണ് പിറന്നത്. ആണ്‍ശിശുവിന്റെ ഹൃദയമിടിപ്പ് ക്രമരഹിതമായിരുന്നുവെന്നും ഇതാകാം ശിശുവിന്റെ നാഡിമിടിപ്പ് പരിശോധിക്കുന്നതിന് തടസമായതെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ വീഴ്ച സംഭവിച്ചതിന്റെ കാരണത്തെ കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.

ഇതൊരു മെഡിക്കല്‍ പിഴവ് അല്ലെന്നും ശിശുവിന്റെ ജീവന്‍ തിരികെ കിട്ടയത് ഒരത്ഭുതമായി കണക്കാക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി വര്‍ഷയുടെ ബന്ധുവായ ദീപക് പറയുന്നു. എന്നാല്‍ ഡോക്ടര്‍മാരില്‍ നിന്നും വിശദീകരണം തേടിയപ്പോള്‍ അത് നല്‍കാന്‍ ആശുപത്രി വിസമ്മതിക്കുകയായിരുന്നു. നവംബര്‍ 30ന് രാവിലെ വര്‍ഷയുടെ ആരോഗ്യനില മോശമാവുകയും അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയുമായിരുന്നു. രാവിലെ 7.35ന് പെണ്‍കുട്ടിയും 7.42ന് ആണ്‍കുട്ടിയും ജനിച്ചു. ഉച്ചയ്ക്ക് 12.30ന് ആണ്‍കുട്ടിയും മരിച്ചതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 1.15ന് ശിശുക്കളുടെ ‘ശവശരീരം’ പോളിത്തീന്‍ കവറുകളില്‍ പൊതിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി.

പെണ്‍കുട്ടിയുടെ ശരീരം അച്ഛനും ആണ്‍കുട്ടിയുടെ ശരീരം മുത്തച്ഛനുമായിരുന്നു പിടിച്ചിരുന്നത്. പോളിത്തീന്‍ കവറിനുള്ള ചില അനക്കങ്ങള്‍ കേള്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ട മുത്തച്ഛന്‍ കവര്‍ തുറക്കുകയും കുട്ടി ശ്വാസോച്ഛാസം ചെയ്യുന്നതായി കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പിതാംപുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിശുവിന് ജീവനുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിക്കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ സ്ഥിതി ഗുരുതരമായി തുടരുകായണ്. സംഭവത്തെ തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായ അണുബാധയേറ്റതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍