UPDATES

സിനിമ

അത് അമിതാഭ് ബച്ചനല്ല, ആമിനത്താത്തയുമല്ല, അബിയാണ്

രാഷ്ട്രീയ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസിന് പിന്നാലെ മറിയം റഷീദ ചീറ്റിംഗ് എന്ന പേരില്‍ കൊച്ചിന്‍ സാഗരിക പുറത്തിറക്കിയ ഓഡിയോ കാസറ്റില്‍ ആണ് ആമിന താത്ത പൂണ്ട് വിളയാടിയത്

തൊണ്ണൂറുകളില്‍ കേരളത്തിലെ ആസ്വാദന മനസുകളില്‍ ഓഡിയോ കാസറ്റ് വിപ്ലവം നിലനിന്ന കാലത്ത് മലയാളികളുടെ സ്വീകരണ മുറിയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു അബി. ആമിന താത്തയുടെ ശബ്ദത്തിലൂടെ തൊണ്ണൂറുകളില്‍ ജീവിച്ച തലമുറയ്ക്ക് അബി ഇന്നും പ്രിയങ്കരനാണ്. കലാഭവന്‍ എന്ന ആബേല്‍ അച്ചന്റെ മിമിക്രി ഗ്രൂപ്പാണ് ആമിന താത്തയെയും അബിയെയും ആസ്വാദന കേരളത്തിന് ആദ്യമായി പരിചയപ്പെടുത്തുന്നത്.

പിന്നീട് അബി തന്നെ പല ചിത്രങ്ങളിലും ആമിന താത്തയ്ക്ക് രൂപവും നല്‍കി. ഒരുകാലത്ത് മലയാള സിനിമയില്‍ രൂപംകൊണ്ടും ശബ്ദംകൊണ്ടും മമ്മൂട്ടിയ്ക്ക് പകരക്കാരനായാണ് അബിയെ കണക്കാക്കിയിരുന്നത്. അതേസമയം അടുത്ത സുഹൃത്തുക്കളും സമകാലികരുമായ കലാഭവന്‍ മണിയും ദിലീപും നാദിര്‍ഷയുമെല്ലാം സിനിമയില്‍ ഉന്നതികളിലേക്കെത്തിയപ്പോള്‍ അരിക് വല്‍ക്കരിക്കപ്പെടുകയായിരുന്നു അബി. അമിതാഭ് ബച്ചന്റെ ശബ്ദം അനുകരിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു അബി. നിലവില്‍ കല്യാണ്‍ സില്‍ക്‌സിന്റേത് ഉള്‍പ്പെടെയുള്ള അമിതാഭ് ബച്ചന്‍ പരസ്യങ്ങളില്‍ മലയാളത്തില്‍ അദ്ദേഹത്തിന്റെ ശബ്ദമായി നാം കേള്‍ക്കുന്നത് അബിയുടെ ശബ്ദമാണ്.

പരസ്യങ്ങളില്‍ കേള്‍ക്കുന്നത് അബിയുടെ ശബ്ദമാണെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. അതേസമയം മിമിക്രി വേദികളിലും കാസറ്റുകളിലും അബി അമിതാഭ് ബച്ചനെ അനുകരിക്കുന്നത് നാം ധാരാളം കണ്ടിട്ടുമുണ്ട്. കേരളത്തിലേക്ക് കുടിയേറിയ മമിക്രി എന്ന കലാരൂപത്തെ കേരള മനസുകളില്‍ ചിരപ്രതിഷ്ഠ നല്‍കുന്നതില്‍ അബിയ്ക്ക് വലിയ പങ്കാണ് ഉള്ളത്. കാസറ്റുകളാണ് കേരളത്തിലെ കുടുംബങ്ങളുടെ പ്രിയ കലാരൂപമായി മിമിക്രിയെ മാറ്റിയെടുത്തത്. ആ കാസറ്റുകളിലൂടെ മലയാളി മനസുകളില്‍ ഏറ്റവുമധികം പതിഞ്ഞ ശബ്ദമാകട്ടെ ആമിന താത്തയുടെയും. രാഷ്ട്രീയ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസിന് പിന്നാലെ മറിയം റഷീദ ചീറ്റിംഗ് എന്ന പേരില്‍ കൊച്ചിന്‍ സാഗരിക പുറത്തിറക്കിയ ഓഡിയോ കാസറ്റില്‍ ആണ് ആമിന താത്ത പൂണ്ട് വിളയാടിയത്. തന്റെ വല്യുമ്മയെ കാരിക്കേച്ചര്‍ ചെയ്ത് മിമിക്രിയിലൂടെ പുനരാവിഷ്‌കരിക്കുകയാണ് താന്‍ ആമിനത്താത്തയിലൂടെ ചെയ്തതെന്ന് അബി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയും ശാന്തികൃഷ്ണയും മുഖ്യവേഷങ്ങളിലെത്തിയ നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്ര മേനോന്‍ സിനിമയിലൂടെയാണ് അബി ചലച്ചിത്ര രംഗത്തെത്തിയത്. അതിന് ശേഷവും നിരവധി ചിത്രങ്ങളില്‍ നാം അബിയെ കണ്ടെങ്കിലും അവിടെ തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതില്‍ ചിലതെല്ലാം നായക കഥാപാത്രങ്ങളോ അതിന് തുല്യമോ ആയ കഥാപാത്രങ്ങളോ ആയിരുന്നു. ദിലീപ് നായകനായി ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലെ ദളവ തെരുവിലെ കഥാപാത്രമായാണ് അബി സിനിമ ആസ്വാദകര്‍ക്കിടയില്‍ ഓര്‍ത്തിരിക്കാന്‍ സാധ്യതയുള്ളത്.

അബി അന്തരിച്ചുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അമിതാഭ് ബച്ചന്റെ ശബ്ദമായും ആമിനത്താത്തയായും അബിയ്ക്ക് മലയാള മനസുകളില്‍ നിന്നും ഒരിക്കലും വിട്ടുപോകാന്‍ ആകില്ലെന്നതയാണ് യഥാര്‍ത്ഥ യാഥാര്‍ത്ഥ്യം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍