UPDATES

ട്രെന്‍ഡിങ്ങ്

തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മാനസികപീഡനം: അര്‍ണാബിന്റെ ചാനലിലെ ജോലി ഉപേക്ഷിച്ച് ജേണലിസ്റ്റ്

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അര്‍ണാബ് നിരന്തരം പരിശോധിച്ചിരുന്നതായും ഇവര്‍ പറയുന്നു

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിലെ ജോലി ഉപേക്ഷിച്ച ശ്വേത കൊത്താരി ചാനലില്‍ താന്‍ നേരിട്ട മാനസിക പീഡനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചാനലിലെ ജോലി ഉപേക്ഷിക്കാനുണ്ടായ സാഹചര്യം ഇവര്‍ വിശദീകരിക്കുന്നത്.

തിരുവനന്തപുരം എംപി ശശി തരൂര്‍ ട്വിറ്ററില്‍ തന്നെ ഫോളോ ചെയ്യുന്നതിനാല്‍ താന്‍ അര്‍ണാബിന്റെ സംശയത്തിന്റെ കണ്ണിലായിരുന്നെന്നാണ് ശ്വേത പറയുന്നത്. ശശി തരൂര്‍ റപ്പബ്ലിക് ചാനലിലേക്ക് കടത്തിവിട്ട ചാരനാണ് താനെന്ന് അര്‍ണാബ് സംശയിക്കുന്നതായി തന്റെ റിപ്പോര്‍ട്ടിംഗ് മാനേജര്‍ തന്നെയാണ് അറിയിച്ചതെന്ന് അവര്‍ വ്യക്തമാക്കുന്നു. കൂടാതെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അര്‍ണാബ് നിരന്തരം പരിശോധിച്ചിരുന്നതായും ഇവര്‍ പിന്നീട് കണ്ടെത്തി. തരൂരില്‍ നിന്നും പണം സ്വീകരിക്കുന്നുണ്ടോയെന്ന് അറിയാന്‍ ഇവരുടെ സാമ്പത്തിക പശ്ചാത്തലങ്ങളിലും അന്വേഷണം നടക്കുന്നുണ്ടായിരുന്നു. അതേസമയം താന്‍ ഇന്നേവരെ തരൂരിനെ കാണുകയോ ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ല. താന്‍ ഇക്കാര്യം പലപ്രാവശ്യവും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും മാസങ്ങളായി മാനേജ്‌മെന്റ് തന്നെ നിരീക്ഷിച്ചുവരികയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ ഒമ്പതോടെ തനിക്ക് സഹിക്കാവുന്നതിന്റെ പരമാവധിയായെന്ന് ബോധ്യപ്പെട്ടതോടെ ജോലി രാജിവയ്ക്കുകയായിരുന്നെന്ന് ഇവര്‍ വ്യക്തമാക്കി.

ഇവര്‍ കൂടി ഉള്‍പ്പെട്ടിരുന്ന ഒരു പ്രോഗ്രാമില്‍ നിന്നും അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടതോടെയായിരുന്നു ഇത്. ഇതിന് കാരണം അന്വേഷിപ്പോള്‍ വിശ്വസ്തയല്ലെന്നാണ് മറുപടി ലഭിച്ചതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. അതേസമയം ഇത്തരത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയല്ല താനെന്നും അവസാനത്തെ വ്യക്തിയായിരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും ശ്വേത വ്യക്തമാക്കി. എന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു, എന്റെ ആത്മാഭിമാനത്തിന് മുറിവേറ്റു അവര്‍ പറയുന്നു.

താന്‍ തന്നെ ഇത്തരം അനുഭവങ്ങള്‍ ആദ്യമായല്ല സ്ഥാപനത്തില്‍ നിന്നും നേരിടുന്നതെന്നും ശ്വേത വ്യക്തമാക്കുന്നുണ്ട്. 2017 മെയ് 30ന് ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ രഹസ്യക്യാമറ വാര്‍ത്ത താന്‍ ചെയ്തിരുന്നു. എന്നാല്‍ താന്‍ എസ്എച്ച്ഒയുമായി സല്ലപിക്കുകയായിരുന്നുവെന്നാണ് ഒരു മുതിര്‍ന്ന എഡിറ്റര്‍ ആരോപിച്ചത്. താന്‍ ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ ഈ സംഭാഷണം പുറത്തുവിടുമെന്നും കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.

ഇന്നെങ്കിലും ഇത് തുറന്നുപറഞ്ഞില്ലെങ്കില്‍ താനൊരു ജേണലിസ്റ്റ് ആണെന്ന് പറയുന്നതില്‍ എന്തുകാര്യം എന്ന് ചോദിച്ചാണ് അവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍