UPDATES

ട്രെന്‍ഡിങ്ങ്

ചുംബനം ആണിന് സുഖം നല്‍കുന്നു, പക്ഷെ പെണ്ണിന് അത് സ്വയം നല്‍കലാണ്; മീടൂവില്‍ പുരുഷന്മാരും

‘നിന്റെ അമ്മയായിരുന്നെങ്കില്‍ പെങ്ങളായിരുന്നെങ്കില്‍’ എന്ന പ്രയോഗങ്ങള്‍ മാറ്റിപ്പിടിച്ച് ‘അത് നിന്നെയായിരുന്നെങ്കില്‍, നിനക്കിഷ്ടമില്ലാത്ത ഒന്നായിരുന്നെങ്കില്‍’ എന്ന് പറഞ്ഞു തുടങ്ങണം

ലൈംഗികമായി അപമാനിക്കപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറച്ചിലുകള്‍ നടത്തിയപ്പോള്‍ പുരുഷ സമൂഹം ഒന്നടങ്കം അമ്പരക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഓരോ സ്ത്രീകളുടെയും തുറന്നു പറച്ചില്‍ മറ്റൊരു സ്ത്രീയ്ക്ക് ഊര്‍ജ്ജം പകരുന്നതായിരുന്നു. അതിനാല്‍ തന്നെ ദിനംപ്രതി കൂടുതല്‍ പേര്‍ ഇത്തരം തുറന്നുപറച്ചിലുമായി രംഗത്തെത്തുകയും ചെയ്തു. പല പുരുഷന്മാരും ഇത്തരം തുറന്നുപറച്ചിലിനെ ഭയക്കുകയും അവജ്ഞയോടെ കാണുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായി. തുറന്നുപറച്ചില്‍ നടത്തിയ സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചും അസഭ്യം പറഞ്ഞും പിന്തിരിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചത്. എന്നാല്‍ സ്ത്രീകളുടെ ഈ തുറന്നു പറച്ചിലിനെ അതിന്റെ അന്ത:സത്ത മനസിലാക്കി രണ്ട് കൈയും നീട്ടി സ്വീകരിച്ചവരും കുറവായിരുന്നില്ല. ജോസഫ് അന്നംകുട്ടി ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇത്തരത്തില്‍ ഒന്നാണ്.

#Metoo ഒരാണെന്ന നിലയില്‍ എനിക്കും ചിലത് പറയാനുണ്ട്, കേള്‍ക്കണം

എന്റെ സൗഹൃദവലയത്തിലെ മിക്കവാറും പെണ്‍കുട്ടികള്‍ #MEtoo എന്ന് ഹാഷ് ടാഗ് ഇട്ടിട്ടുണ്ട്. ഇത്രയും പെണ്‍കുട്ടികള്‍ ഇങ്ങനെ ഇടണമെങ്കില്‍ ഞങ്ങള്‍ ഒട്ടുമിക്ക ആണ്‍കുട്ടികളും #metooharassedWomen എന്നൊരു ഹാഷ് ടാഗ് ഇടേണ്ടിയിരിക്കുന്നു. നിങ്ങളെ വേദനിപ്പിച്ച പുരുഷസമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു ആണ്‍കുട്ടി എന്ന നിലയ്ക്ക് ചിലത് പറയട്ടെ. ന്യായീകരണമല്ല, ഏറ്റു പറച്ചിലാണ്, നിങ്ങള്‍ക്കിത് പുരികം ഉയര്‍ത്തി കണ്ണ് തള്ളി വായിക്കാം അല്ലെങ്കില്‍ ഒരു ആണ്‍കുട്ടിയുടെ കുമ്പസാരമായി കണ്ട് വേണമെങ്കില്‍ മാപ്പുകൊടുക്കാം.

ഞങ്ങള്‍ ആണ്‍കുട്ടികളെ ദൈവം പടച്ചതില്‍ എന്തൊക്കയോ പ്രശ്‌നങ്ങളുണ്ട്. ആദ്യമായി പ്രണയം തോന്നിയ പെണ്‍കുട്ടിയോട് ഒരു ലിഫ്റ്റില്‍ ഞങ്ങള്‍ മാത്രമായിരുന്നപ്പോള്‍ ശാരീരികമായ പ്രേരണയാല്‍ ചുണ്ടില്‍ ചുംബിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ‘എനിക്ക് പേടിയാണ് ജോസഫ്, നിന്നെ ഉമ്മ വയ്ക്കുന്നതിലല്ല അതിന് ശേഷം നീ എങ്ങാന്‍ വഴക്കിട്ടാല്‍ ഇന്നുള്ളതിനേക്കാള്‍ നൂറിരട്ടി വേദനയായിരിക്കും എനിക്ക്’. ഒരു ചുംബനം ആണിനെ സംബന്ധിച്ചിടത്തോളം സുഖം നല്‍കുന്ന ഒരു പ്രവൃത്തിയാണ് പക്ഷെ ഒരു പെണ്ണിന് അത് സ്വയം നല്‍കലാണ്. ചുംബനത്തിനും, തഴുകലുകള്‍ക്കും ശേഷം ഒരാണ്‍കുട്ടി കൂട്ടുകാര്‍ക്കൊപ്പം എല്ലാം മറന്ന് സിനിമയ്ക്ക് പോകുമ്പോള്‍ അവള്‍ എന്തുകൊണ്ടാണ് കൂടുതല്‍ സംസാരിക്കാനും, കൂടുതല്‍ സ്‌നേഹിക്കാനും ആഗ്രഹിക്കുന്നത്? കുറച്ചൊക്കെ ഹോര്‍മോണ്‍ പ്രത്യേകതളാണ്, പടച്ചവന് എഡിറ്റ് ചെയ്യാന്‍ പറ്റാത്ത വിധം കാമം കൂടുതല്‍ ചേര്‍ത്ത് അയാള്‍ ഞങ്ങള്‍ ആണുങ്ങളെ സൃഷ്ട്ടിച്ചു(Read difference between estrogen and testosterone), അതിന് വളം വയ്ക്കുന്ന രീതിയിലുള്ള ജീവിത സാഹചര്യങ്ങളിലൂടെ ഞങ്ങള്‍ ആണുങ്ങളെ വളരാന്‍ അനുവദിച്ചു. പരിചയമില്ലാത്ത ഒരു പെണ്‍കുട്ടി ഞങ്ങളെ മുട്ടി ബസ്സില്‍ നില്‍കുമ്പോള്‍ ഒരു തെറ്റായ ഉദ്ദേശം ഉള്ളില്‍ ഇല്ലെങ്കില്‍ കൂടിയും ഞങ്ങളുടെ ശരീരം ചൂടാകുന്നത് എന്തുകൊണ്ടാണ്, ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

ബോബി ജോസ് കട്ടിക്കാടിന്റെ ‘അവള്‍’ എന്ന പുസ്തകത്തില്‍ പറയുന്നപോലെ ‘ഒരു പ്രണയ ബന്ധത്തില്‍ ഏറ്റവും ഒടുവില്‍ മാത്രം വയ്ക്കേണ്ടതാണ് ശരീരം’ ഇതൊന്നും ആരും ഞങ്ങള്‍ ആണുങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടില്ല. കുട്ടികാലത്ത് കൂട്ടുകാരിയോട് മാത്രം എന്തിനാണ് കാലുകള്‍ അടുപ്പിച്ചു വയ്ക്കാന്‍ ടീച്ചര്‍ പറഞ്ഞത്?. ടി വി യില്‍ വയറു കാണിച്ചുള്ള പെണ്‍കുട്ടിയുടെ നൃത്തം കണ്ടപ്പോള്‍ അമ്മൂമ്മ കണ്ണടയ്ക്കാന്‍ എന്നോട് പറഞ്ഞത് എന്തുകൊണ്ടാണ്? ആണുങ്ങള്‍ അങ്ങനെ വന്നപ്പോള്‍ പെങ്ങളോട് അങ്ങനെ പറയാതിരുന്നത് എന്ത് കൊണ്ടാണ്? ‘അവള്‍ വയസറിയിച്ചു’ എന്നത് നാണത്തോടും, ഇനി മുതല്‍ സൂക്ഷിക്കേണ്ട രഹസ്യ സ്വഭാവമുള്ള എന്തോ ആണെന്ന് സിനിമകളിലും മറ്റും കാണിച്ചത് എന്തുകൊണ്ടാണ്? തപസ്സ് മുടക്കാന്‍ വരുന്നവര്‍ ദേവലോക നര്‍ത്തകിമാര്‍ ആയത് എന്ത് കൊണ്ടാണ്? പുരുഷനെ മയക്കുന്ന ഒന്നായി സ്ത്രീശരീരത്തെ ഞങ്ങള്‍ക്ക് കാണിച്ചുതന്നത് എന്തുകൊണ്ടാണ്? സ്ത്രീയുമായി ഒരു ബന്ധവുമില്ലാത്ത പരസ്യങ്ങളില്‍ പോലും സ്ത്രീയുടെ ഉടലും മുഖവും വച്ചത് എന്തുകൊണ്ടാണ്? കുട്ടിക്കാലം തുടങ്ങി കണ്ട സിനിമകള്‍ മുതല്‍ ദേ അടുത്ത് കണ്ട ചങ്ക്സ് പടത്തില്‍ വരെ സ്ത്രീയുടെ പൊക്കിളിനെയും, ശരീരത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു തമാശ രൂപത്തില്‍ അവതരിപ്പിച്ചത് എന്തിനാണ്? ആണിനുമില്ലേ പൊക്കിള്‍ കൊടി?

അവളുടെ സമ്മതമില്ലാത്ത ഏതൊരു സ്പര്‍ശനവും violation ആണെന്ന് ആരും എന്തുകൊണ്ട് ഞങ്ങളെ പഠിപ്പിച്ചില്ല? ഒരു സ്ത്രീയുടെ പൊക്കിള്‍ കൊടി അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ അടയാളം ആണെന്ന് എന്തുകൊണ്ട് ആരും പറഞ്ഞില്ല? ആണിനെ വേണ്ട രീതിയില്‍ വളര്‍ത്താനുള്ള എന്ത് സംവിധാനമാണ് ഒരാണ്‍കുട്ടിയായ എനിക്ക് ലഭിച്ചിട്ടുള്ളത്? ഒരു പെണ്‍കുട്ടിക്ക് കൊടുത്തിട്ടുള്ള ശ്രദ്ധയുടെ നാലിലൊന്ന് എനിക്ക് കിട്ടിയിട്ടില്ല. സ്ത്രീയെ മനുഷ്യജീവിയായി കാണാന്‍ അല്ല എന്നെ പഠിപ്പിച്ചത്, ആരും കവര്‍ന്നെടുക്കാതെ സൂക്ഷിച്ചുകൊണ്ട് നടക്കേണ്ട എന്തോ ഒന്ന്, അതുകൊണ്ടാണല്ലോ ഒരു പുരുഷന്‍ രാത്രി അവള്‍ക്ക് കൂട്ട് പോകേണ്ടിവരുന്നത് ‘സംരക്ഷിക്കാന്‍’. ‘ഇത് തുറക്കരുത്’ എന്ന് പറഞ്ഞു ഒരു സാധനം കയ്യില്‍ തന്നാല്‍ അത് തുറക്കാനുള്ള ചിന്തയായിരിക്കും മനസ്സില്‍ ഉണ്ടാകുക.

‘നിന്റെ അമ്മയായിരുന്നെങ്കില്‍ പെങ്ങളായിരുന്നെങ്കില്‍’ എന്ന പ്രയോഗങ്ങള്‍ മാറ്റിപ്പിടിച്ച് ‘അത് നിന്നെയായിരുന്നെങ്കില്‍, നിനക്കിഷ്ടമില്ലാത്ത ഒന്നായിരുന്നെങ്കില്‍’ എന്ന് പറഞ്ഞു തുടങ്ങണം. ഒരു പെണ്‍കുട്ടിയെ ആഗ്രഹങ്ങളുടെ വേലിയേറ്റത്തില്‍ കയറി പിടിക്കുമ്പോള്‍, തോണ്ടുമ്പോള്‍ ഒരു പെണ്ണിന്റെ മാനവും പോകുന്നില്ല നഷ്ടപ്പെടുന്നില്ല, നഷ്ടപ്പെടുന്നത് ആണുങ്ങളുടെ മാനമാണ്, പെണ്ണിന് നഷ്ടപ്പെടുന്നത് അവളുടെ സ്വാതന്ത്ര്യം മാത്രമാണ് അങ്ങനെ പഠിപ്പിച്ചു തുടങ്ങണം അടുത്ത തലമുറയെ. നിയമങ്ങള്‍ ശക്തമായിരുന്നെങ്കില്‍ ഇത്തരം ഹാഷ് ടാഗുകള്‍ കുറച്ചെങ്കിലും കുറഞ്ഞേനേ എന്ന് ഞാനും വിശ്വസിക്കുന്നു, പക്ഷെ അതില്ലല്ലോ, അതൊന്നുമില്ലാത്ത ഒരു സമൂഹത്തിലാണ് എന്നെ പോലുള്ള ഓരോ ആണ്‍കുട്ടിയും ജനിച്ചതും വളര്‍ന്നതും.

എന്റെ അമ്മ ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഒരാളാണെങ്കില്‍ അമ്മയ്ക്കും ഉണ്ടാകും ഒരുപാട് me too ഹാഷ് റ്റാഗുകള്‍, എല്ലാ സ്ത്രീകള്‍ക്കും ഉണ്ട് ഒരു കഥ. പുരുഷസമൂഹത്തിന്റെ, ചെറുപ്പക്കാരുടെ ഒരു പ്രതിനിധി എന്ന നിലയില്‍ ഞാന്‍ മാപ്പു പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നതിന്. പക്ഷെ ഞങ്ങള്‍ ആണുങ്ങള്‍ അതിന് നൂറു ശതമാനം കുറ്റക്കാരല്ല എന്ന് വിനയത്തോട് കൂടി, ശിരസ്സ് താഴ്ത്തി പറഞ്ഞുകൊള്ളട്ടെ. എല്ലാ സ്ത്രീകളോടും ഒന്നേ പറയാനുള്ളു, നിങ്ങള്‍ക്ക് ജനിക്കുന്നത് ഒരാണ്‍കുട്ടിയാണെങ്കില്‍ അവനെ ഏറ്റവും നല്ല മകനായി വളര്‍ത്തൂ. സ്‌നേഹമില്ലാത്ത, അനുവാദമില്ലാത്ത ഏതൊരു സ്പര്‍ശനവും തെറ്റാണ് എന്ന് പറഞ്ഞ് പഠിപ്പിക്കുക. ‘തത്വമസി’ (അത് നീ തന്നെയാണ്)’ എന്ന് വേദങ്ങളില്‍ പഠിപ്പിക്കുന്ന പോലെ അവളുടെ ഉടല്‍ നിന്റെ തന്നെയാണ് എന്ന് അവന്റെ കാതുകളില്‍ മന്ത്രമായി ഓതുക.

സമര്‍പ്പണം

ദൈവമേ നിനക്ക്, സാധിക്കുമെങ്കില്‍ ഒരു ദിവസം ഞങ്ങള്‍ ആണുങ്ങളെ പെണ്ണുങ്ങളായും, പെണ്‍കുട്ടികളെ ആണുങ്ങളായും ജീവിക്കാന്‍ അനുവദിക്കണം, കൂടുതല്‍ കാമം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരാണായി ജീവിക്കുകയെന്നാല്‍ എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പെണ്ണുങ്ങള്‍ മനസ്സിലാക്കട്ടെ. ഒരു പെണ്ണായതുകൊണ്ട് മാത്രം അവള്‍ അനുഭവിക്കുന്ന സങ്കട കടലുകള്‍ എത്രമാത്രമാണെന്ന് ഞങ്ങള്‍ ആണുങ്ങളും മനസ്സിലാക്കട്ടെ. ഞങ്ങള്‍ പരസ്പരം അറിയട്ടെ, ഹൃദയങ്ങള്‍ കൊണ്ട് ചുംബിക്കട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍