UPDATES

ട്രെന്‍ഡിങ്ങ്

ഡോ. വി.സി ഹാരിസിനെ പുറത്താക്കിയതിനു പിന്നില്‍ പി.വി.സി ആകുന്നത് തടയലും ലക്‌ഷ്യം

എന്‍ജിനിയറോട് മോശമായി പെരുമാറി എന്നതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്കൂള്‍ ഓഫ് ലെറ്റേഴ്സ്‌ ഡയറക്ടര്‍ പദവിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയത്

എം ജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് മേധാവി സ്ഥാനത്ത് നിന്ന് ഡോ. വി.സി ഹാരിസിനെ സർവകലാശാല സിന്‍ഡിക്കേറ്റ് പുറത്താക്കിയതിന് പിന്നില്‍ അരങ്ങേറിയത് ഗൂഢാലോചന. ചില സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുന്നിൽ നിർത്തി തനിക്കെതിരെ ചിലർ കളിച്ച തരംതാണ രാഷ്ട്രീയ നാടകമായിരുന്നു പുറത്താക്കലെന്ന് വി.സി ഹാരിസ് പ്രതികരിച്ചു. പുറത്താക്കലിനോട് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. ക്യാമ്പസില്‍ ശക്തമായ പ്രതിഷേധ പരിപാടികളും വിദ്യാര്‍ഥികള്‍ നടത്തുന്നുണ്ട്.

ഇന്നലെയാണ് എം ജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് മേധാവിയും എഴുത്തുകാരനും അധ്യാപകനും ചലച്ചിത്ര-നാടക, സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. വി.സി ഹാരിസിനെ സിന്‍ഡിക്കേറ്റ് പുറത്താക്കിയത്. സർവകലാശാല, സ്കൂൾ ഓഫ് ലെറ്റേഴ്സിന് അനുവദിച്ച പുതിയ ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും പ്രാരംഭ സർവേക്കെത്തിയ സർവകലാശാല ചീഫ് എൻജിനീയറെ അപമാനിച്ചെന്ന് കാണിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും ഡിപ്പാർട്ടുമെൻറ് വികസനത്തിന് എതിരായ നിലപാട് അദ്ദേഹം സ്വീകരിച്ചെന്നും സിന്‍ഡിക്കേറ്റ് വൃത്തങ്ങൾ പറയുന്നു.

എന്നാൽ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡോ വി.സി ഹാരിസ് പ്രതികരിച്ചു. സർവകലാശാല ചീഫ് എൻജിനീയറെയോ മറ്റു ഉദ്യോഗസ്ഥരെയോ താൻ അപമാനിച്ചിട്ടില്ലെന്നും സിന്‍ഡിക്കേറ്റ് തീരുമാനം ഇതുവരെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറയുന്നു.

ഡോ. വി.സി ഹാരിസന്റെ വാക്കുകളിലേക്ക്: “സത്യത്തിൽ ഇപ്പോൾ നടക്കുന്നത് കേവലം പുകമറയ്ക്കു പിന്നിൽ ആരൊക്കെയോ നടത്തുന്ന ചില പൊറാട്ടു നാടകങ്ങളാണ്. ചില ദിവസങ്ങൾക്കു മുമ്പ് ഞാൻ എന്റെ മുറിയിൽ ഇരിക്കുമ്പോഴാണ് ചിലർ കെട്ടിടത്തിന്റെ പിന്നിലൂടെ നടക്കുന്നത് ശ്രദ്ധിച്ചത്. ചോദിച്ചപ്പോൾ സർവകലാശാല ഉദ്യോഗസ്ഥരാണെന്നും മുറിയിലോട്ട് വരാമെന്നും പറഞ്ഞു. വന്നവരുടെ കയ്യിൽ ഒരു ചതുരം പോലെ ഒരു പ്ലാനുണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ പുതിയ ബിൽഡിങ് പണിയാൻ സൈറ്റ് കാണാൻ വന്നതാണെന്നവർ പറഞ്ഞു. ഡിപ്പാർട്ട്മെന്റിന്റെ ലൈബ്രറി സൗകര്യം വിപുലപ്പെടുത്താൻ പുതിയൊരു ലൈബ്രറിയും മറ്റ് അനുബന്ധ കെട്ടിടങ്ങളും അനുവദിക്കാൻ കഴിഞ്ഞ വകുപ്പ് മേധാവിയുടെ കാലത്തു തന്നെ സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഈ ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക രൂപകൽപ്പനയോട് നിരക്കാത്ത പ്ലാനുമായാണവർ വന്നത്. സ്വാഭാവികമായും അത്തരം കോൺക്രീറ്റ് കാടുകൾ അരോചകം തീർക്കുമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു.

Also Read: ഡോ. വി.സി ഹാരിസിനെ എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി

ഇവിടെ കേവലം 25 പേർക്കിരിക്കാവുന്നൊരു സെമിനാര്‍ ഹാൾ മാത്രമാണുള്ളത്. ഡിപ്പാർട്ട്മെന്റിന്റെ ആവശ്യങ്ങളാണെല്ലോ അധികാരികൾ പരിഗണിക്കേണ്ടത്; അല്ലാതെ അനാവശ്യങ്ങളല്ലല്ലോ? ഇവിടെ നല്ലൊരു സെമിനാര്‍ ഹാളാണ് വേണ്ടതെന്നും നിലവിലുള്ള ലൈബ്രറിക്ക് നല്ലൊരു കെട്ടിടമാണ് മറ്റൊരു ആവശ്യമെന്നും അവരോട് പറഞ്ഞു. കൈ കൊടുത്താണ് ഞങ്ങൾ പിരിഞ്ഞത്. പിന്നെങ്ങനെയാണ് അദ്ദേഹത്തെയും കൂടെ വന്നവരെയും ഞാൻ അപമാനിച്ചതെന്നു മനസ്സിലാവുന്നില്ല.

പിന്നെ 5 വര്‍ഷത്തിലൊരിക്കൽ സർവകലാശാല ഡിപ്പാർട്ട്മെന്റിൽ സന്ദര്‍ശനം നടത്താറുള്ള  മൂന്നംഗ സമിതി ലെറ്റേഴ്സ് സന്ദർശിച്ചപ്പോൾ അവരോടും ഞാൻ മോശമായി പെരുമാറിയെന്നാണ് മറ്റൊരു ആരോപണം. അവർ ഇവിടെ വന്നപ്പോൾ ഞാനടക്കമുള്ള മുഴുവൻ അധ്യാപകരും സകല ഡോക്യുമെന്റ്സുമായാണ് നിന്നത്. അവർ വന്നു, കാര്യങ്ങളൊക്കെ സംസാരിച്ചു; സന്ദർശനം പൂർത്തിയാക്കി അവർ പോയി. പിന്നെ ആ സമിതിയിലെ രണ്ടു പേരുമായും എനിക്ക് വർഷങ്ങൾ പഴക്കമുള്ള ആത്മബന്ധവുമുണ്ട്, ഞാന്‍ എൻറെ സുഹൃത്തുക്കളെ അപമാനിച്ചിറക്കി വിട്ടെന്നാണോ അവർ പറയുന്നത്?

എനിക്ക് മെമ്മോ അയച്ചിട്ട് കൈപ്പറ്റിയില്ലെന്നു പറയുന്നതും വാസ്തവ വിരുദ്ധമാണ്. അയച്ചെന്നു പറയുന്ന മെമ്മോ സത്യത്തിൽ ഡിപ്പാർട്ട്മെന്റിന്റെ ജനറൽ ഇ-മെയിലിലേക്ക് അയച്ച ഒരു സന്ദേശം മാത്രമാണ്. ഞാന്‍ ഓഫീസിൽ വരുന്നതിനു മുമ്പ് തന്നെ ഇവിടുള്ളവർ അതെല്ലാം അറിഞ്ഞിരുന്നു. ഇതാണോ സുതാര്യത?

ഇതിന്റെയൊക്കെ പിന്നിൽ സത്യത്തിൽ പല കാര്യങ്ങളുമുണ്ട്. ഇവിടെ ഡിപ്പാർട്ട്മെന്റിൽ താത്ക്കാലിക ജോലി ചെയ്യുന്നൊരു സ്ത്രീയുണ്ട്. പുതിയ സിന്‍ഡിക്കേറ്റ് കേറിയപ്പോൾ അവരെ പിരിച്ചു വിടാൻ ഒരു തീരുമാനം വന്നു. ഇടത് സിന്‍ഡിക്കേറ്റിലെ ഒരു മുതിർന്ന ആളോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി, മറ്റാളുകളെ കയറ്റാനാണ് ഇവരടക്കമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നതെന്നാണ്. പീന്നീട് മറ്റു ചില രാഷ്ട്രീയ നോമിനികളോടും ചോദിച്ചപ്പോൾ ഉത്തരം ഒന്നു തന്നെ. അഞ്ചു വര്‍ഷം പൂർത്തിയാക്കിയ താത്ക്കാലിക ജീവനക്കാർക്ക് ലേബർ നിയമത്തിൽ പറയുന്ന അവകാശങ്ങൾ ഏവർക്കും ബാധകമാണെന്ന് പറഞ്ഞപ്പോൾ എല്ലാ നിയമ വശങ്ങളും നോക്കിയതാണെന്ന് അവർ പറഞ്ഞു. തുച്ഛമായ ശമ്പളം വാങ്ങിച്ചാണ് താത്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നത്. അങ്ങനെയൊക്കെ സംസാരിച്ചതിന്റെ സ്വാഭാവികമായ ചില പ്രതികരണങ്ങളിലൊന്ന് മാത്രമാണിതെന്നാണ് എനിക്ക് തോന്നുന്നത്.

അടുത്തിടെ വൈസ് ചാൻസലർ വിളിച്ച വകുപ്പ് മേധാവികളുടെ യോഗത്തിലും ചില നിലപാടുകൾ പറഞ്ഞതും കൂട്ടായ ഇത്തരം ആക്രമണത്തെ ക്ഷണിച്ചു വരുത്തിയിരിക്കാം.
സിന്‍ഡിക്കേറ്റിലെ രണ്ട് സി.പി.ഐ അംഗങ്ങളാണ് എന്നെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സത്യത്തിൽ ഈ പറയുന്ന രണ്ടുപേരെയും എനിക്കോ അവര്‍ക്കെന്നെയോ പരിചയമില്ല. അപ്പോൾ ഏതൊക്കെയോ തത്പര കക്ഷികൾ ഇവരെക്കൊണ്ട് ഇതു പറയിപ്പിച്ചതായിരിക്കാനാണ് സാധ്യത”- അദ്ദേഹം പറഞ്ഞു.

അതിനിടെ, യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാന്‍സിലര്‍ ആകാനുള്ള ഡോ. ഹാരിസിന്റെ അവസരം ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഇപ്പോഴത്തെ നടപടിക്ക് പിന്നിലുണ്ടെന്നാണ് സര്‍വകലാശാല വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെ യു.ജി.സി പുറപ്പെടുവിച്ച ചട്ടപ്രകാരം, സര്‍വകലാശാലയിലെ നിശ്ചിത യോഗ്യതയുള്ള മുതിർന്ന അധ്യാപകർക്ക് മാത്രമേ ഇനി പി.വി.സി ആകാൻ കഴിയൂ. ഇതനുസരിച്ചുള്ള യോഗ്യതയുള്ള അധ്യാപകരിലൊരാളാണ് വി.സി ഹാരിസ്.

സിന്‍ഡിക്കേറ്റിലെ ഒരംഗം ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “വന്ന ഉദ്യോഗസ്ഥരോട് അദ്ദേഹം മോശമായി സംസാരിച്ചെന്നും താനാണ് ഇവിടെ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതെന്നും പറഞ്ഞത്രേ. വൈസ് ചാൻസലർക്ക് ഇതിൽ എൻജിനീയർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കേറ്റ് നടപടി സ്വീകരിച്ചത്. യോഗത്തിൽ രണ്ട് പേർ സസ്പെന്‍ഷന്‍ നടപടി മുന്നോട്ട് വെച്ചെങ്കിലും വകുപ്പു മേധാവി സ്ഥാനത്തു നിന്ന് മാറ്റിയാൽ മതിയെന്ന തീരുമാനത്തിൽ അവസാനം എത്തുകയായിരുന്നു. അക്കാദമിക് ഓഡിറ്റ് കമ്മിറ്റി അംഗങ്ങളോടും മോശമായി സംസാരിച്ചെന്ന പരാതി നിൽക്കുമ്പോൾ അദ്ദേഹത്തെ ആ സ്ഥാനത്ത് നിലനിർത്തുന്നത് ശരിയല്ല എന്ന നിലപാടാണ് ഉയർന്നു വന്നത്. നാക് അധികൃതരുടെ സന്ദർശനം ഇനി വരാനിരിക്കുന്നതേയുള്ളു”.

എന്നാൽ ഡിപ്പാർട്ട്മെന്റിലെ വിദ്യർഥികൾ സർവകലാശാല തീരുമാനം ഒരുവിധത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ്. ലെറ്റേഴ്‌സിലെ വിദ്യാർഥിയും സഖാവ് കവിതയിലൂടെ പ്രശസ്തനുമായ സാം മാത്യു പറയുന്നത്: “ഒരു കാരണവശാലും ഹാരിസ് മാഷിനെ പുറത്താക്കിയത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. തീർത്തും വിവേചനപരമാണ് തീരുമാനം. ഇതിനെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി മുന്നോട്ട് പോവും. ഇതിനോടകം തന്നെ പോസ്റ്റർ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സർഗാത്മകമായ പ്രതിഷേധ മുറയായിരിക്കും ഞങ്ങൾ സ്വീകരിക്കുക. ഡിപ്പാർട്ട്മെന്റിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളെ അണിനിരത്തി വലിയൊരു സാംസ്‌കാരിക പ്രതിരോധം തീർക്കാനാണ് വിദ്യാർഥികളുടെ കൂട്ടായ തീരുമാനം”.

ചിത്രങ്ങള്‍: വിഷ്ണു വിശ്വനാഥ്

 

റിതിന്‍ പൌലോസ് കൊച്ചുപറമ്പില്‍

റിതിന്‍ പൌലോസ് കൊച്ചുപറമ്പില്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍