UPDATES

സിനിമ

ദിലീപിന്റെ അറസ്റ്റ്; കലാഭവന്റെ പാരമ്പര്യവും ആബേലച്ചന്റെ ശിരസും ഇപ്പോള്‍ താഴ്ന്നിരിക്കുകയായിരിക്കാം

ദിലീപ് എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ചയ്ക്ക് അയാള്‍ പല വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കലാഭവന്‍ തന്നെയാണ് അടിസ്ഥാനം

കലാഭവന്‍ എന്ന പേരിന് മലയാള സിനിമയില്‍ പ്രത്യേകമായൊരു സ്ഥാനമുണ്ട്. മൂവി ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി മലയാള സിനിമയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ നിരവധിപേരുണ്ട്; പേരിനൊപ്പം കലാഭവന്‍ എന്നു ചേര്‍ത്തവരും അല്ലാത്തവരുമായി. ആ കൂട്ടത്തില്‍ മുമ്പില്‍ നിന്നയാളായിരുന്നു ദിലീപ്. ഇന്ന് പ്രമാദമായൊരു കേസില്‍ കുറ്റാരോപിതനായി ദിലീപ് മാറുമ്പോള്‍ കലാഭവന്റെ ചരിത്രത്തിലും അത് നാണക്കേടാകുന്നു. ആബേലച്ചന്റെ ശിഷ്യരില്‍ ഇങ്ങനെയൊരു അവസ്ഥ മറ്റൊരാള്‍ക്ക് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കൊച്ചി ബ്രോഡ് വേയ്ക്ക് സമീപം ഒറ്റമുറിയില്‍ ഒരു ഹാര്‍മോണിയവും രണ്ടു ഫിഡലുകളും മൂന്നു ചെറിയ കുട്ടികളുമായി സിഎംഎസ് സഭയിലെ വികാരി ഫാദര്‍ ആബേല്‍ 1968 ല്‍ തുടങ്ങിയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ക്ലബ്ബാണ് പില്‍ക്കാലത്ത് ഇന്ത്യക്കു പുറത്തുപോലും ശാഖകളായി പടര്‍ന്ന കലാഭവനായി മാറിയത്. ക്ലാസിക്കല്‍ കലാപരിശീലനങ്ങളുടെ കേന്ദ്രം കൂടിയായിരുന്നുവെങ്കിലും മിമിക്രിയും പാരഡിഗാനമേളകളുമാണ് കലാഭവനെ പ്രശസതമാക്കിയത്. ഒരു കാലത്ത് കലാഭവനില്‍ സ്ഥാനം നേടുക എന്നത് ചെറുപ്പക്കാരുടെ വലിയൊരു മോഹമായിരുന്നു. എന്നാല്‍ അതിനുള്ള കടമ്പ ഏറ്റവും പ്രയാസമേറിയതും. ഇന്നത്തെ പ്രശസ്തരായ ചലച്ചിത്രകാരന്മാരില്‍ പലര്‍ക്കും ഒരിക്കല്‍ കലാഭവന്റെ വാതില്‍ ചെന്നിട്ട് തിരിച്ചുപോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. കഴിവ് മാത്രമായിരുന്നു ആബേലച്ചന്റെ മുന്നിലെ ഏക തെരഞ്ഞെടുപ്പ് മാനദണ്ഡം.

"</p

കലാഭവന്റെ പ്രൗഢിക്ക് ഇന്നു മങ്ങലേറ്റിട്ടുണ്ടാകാം. എന്നാല്‍ ഇന്നാ പേര് ഏറ്റു പിടിച്ചു നില്‍ക്കുന്നത് മലയാള സിനിമയാണ്. മിമിക്രി ആസ്വദിക്കുമ്പോഴും മിമിക്രിക്കാരോട് വലിയ താത്പര്യമൊന്നും ആരും കാണിച്ചില്ല. അനുകരണം ഒരു കലയാണെന്ന് അംഗീകരിക്കാതിരുന്നവര്‍ക്കു മുന്നില്‍ മിമിക്രിക്കാര്‍ കലാകാരന്മാരുമായിരുന്നില്ല. മറ്റൊരാളുടടെ ശബ്ദം അനുകരിക്കുക അത്ര എളുപ്പമല്ലെന്നു സമ്മതിക്കുമ്പോള്‍ തന്നെയായിരുന്നു അതിനു കഴിയുന്നവരെ അംഗീകരിക്കാതിരുന്നതും.

കലാഭവന്റെ ജാതകം തിരുത്തിയെഴുതിയെന്നു പറയാവുന്നത് മലയാള സിനിമയാണ്. സിനിമയിലേക്ക് ഇന്നുള്ളതുപോലെ ഓപ്പണ്‍ എന്‍ട്രികള്‍ക്ക് അവസരം ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. മദ്രാസില്‍ നിന്നും സിനിമ പൂര്‍ണമായി വിട്ടുപോരാതിരുന്ന കാലം. സിനിമയുടെ ഏത് രംഗത്ത് പ്രവര്‍ത്തിക്കാനാണെങ്കിലും കഴിവിനേക്കാള്‍ ഭാഗ്യം കലാകാരനില്‍ ഉണ്ടാകേണ്ടിയിരുന്ന കാലം. ഇന്നത്തെപ്പോലെ ചാനല്‍ റിയാലിറ്റി ഷോകളൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് തങ്ങളുടെ കഴിവ് പ്രകടമാക്കാന്‍ കലാകാരന്മാര്‍ക്ക് ആകെയുണ്ടായിരുന്ന മാര്‍ഗം സ്റ്റേജ് പ്രോഗ്രാമുകളായിരുന്നു. ഒരുകാലത്ത് നാടകങ്ങളില്‍ നിന്നും സിനിമയിലേക്ക് വഴിയുണ്ടായതിനുശേഷം അങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നത് മിമിക്രിയുടെ കാര്യത്തിലായിരുന്നു. നാട്ടിലും പുറംനാട്ടിലുമായി ബുക്കിംഗുകളുമായി കലാഭവന്‍ ടീം നേരമില്ലാതെ പായുന്ന കാലത്ത് സിനിമയിലെ ആളുകളുടെ കണ്ണുകളും ഇവരുടെ മേല്‍ പതിഞ്ഞു. കലാഭവനില്‍ നിന്നും ഏതാനും പേര്‍ക്ക് സിനിമയിലേക്ക് വഴി തുറന്നതോടെ കലാഭവന്‍ മലയാള സിനിമയിലേക്കുള്ള ഒരു പാലമായി മാറി. ഒരു കാലത്ത് അനുകരണക്കാര്‍ എന്നു പരിഹാസം കേട്ടവര്‍ക്ക് തങ്ങളെ താരങ്ങളായി ആരാധിക്കുന്ന ഒരു ജനതയുടെ മുന്നിലേക്ക് എത്താന്‍ കഴിഞ്ഞതിന് ജയറാം മുതല്‍ നീളുന്ന വലിയൊരു നിരയുണ്ട്. ചാലക്കുടിക്കാരന്‍ മണി മലയാള സിനിമയിലും മറ്റ് ദക്ഷിണേന്ത്യന്‍ സിനിമകളിലും സ്വന്തം വഴി വെട്ടിത്തുറന്നപ്പോഴും പേരിന്റെ ഒരറ്റത്ത് കലാഭവന്‍ എന്നുണ്ടായിരുന്നു.

കലാഭവനില്‍ നിന്നും സിനിമയിലേക്ക് ആളുകളുടെ ഒഴുക്ക് ഉണ്ടായതോടെയാണു പുതിയ പുതിയ ആളുകള്‍ക്ക് കലാഭവനിലേക്ക് വരാനും സാഹചര്യമുണ്ടായത്. വരുന്നവര്‍ക്കെല്ലാം മുന്നില്‍ ഒരു സ്വപ്‌നം മാത്രമായിരുന്നു; സിനിമ. ഭാഗ്യം കൂടി തുണച്ചവര്‍ക്ക് അതെളുപ്പമാവുകയും ചെയ്തു. കാമറയ്ക്കു മുന്നിലേക്കു മാത്രമല്ല കലാഭവനില്‍ നിന്നും ആളുകളെത്തിയത്. സിദ്ദിഖ്-ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍, ബേണി-ഇഗ്നേഷ്യസ്, ഗായിക സുജാത തുടങ്ങി പലരും സിനിമയുടെ മറ്റു മേഖലകളിലെ തിളക്കമേറിയ താരങ്ങളായപ്പോള്‍ അവരുടെ ആദ്യമേല്‍വിലാസവും കലാഭവന്‍ എന്നായിരുന്നു.

"</p

മലയാള സിനിമ കോടാമ്പക്കം വിട്ട് കൊച്ചിയില്‍ തമ്പടിക്കാന്‍ പ്രധാനകാരണവും കലാഭവന്‍ തന്നെയാണ്. നടന്മാര്‍ക്കൊപ്പം സംവിധായകരും എഴുത്തുകാരുമായി പലരും കലാഭവന്റെ പേരില്‍ സിനിമയില്‍ സജീവമായിരുന്നു. ചെറു ബഡ്ജറ്റില്‍ മിമിക്രി കലാകാരന്മാരായിരുന്ന നടന്മാരെവച്ച് സുഭാഷ് പാര്‍ക്കും മറൈന്‍ ഡ്രൈവുമെല്ലാം ലൊക്കേഷനുകളാക്കി സിനിമകള്‍ ഉണ്ടാവുകയും അവ സാമ്പത്തികലാഭം നേടുകയും ചെയ്തതോടെയാണ് സിനിമ കൊച്ചിയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് സിദ്ദീഖ് – ലാല്‍മാരും അവരുടെ ശിഷ്യന്മാരുമെല്ലാം കൊച്ചി തന്നെ ലൊക്കേഷനാക്കി. പതിയെ മലയാള സിനിമ പൂര്‍ണമായി കൊച്ചിയിലേക്ക് എത്തുകയും പിന്നീട് അവിടെ നിന്നും വളരുകയും പുറത്തേക്ക് വ്യാപിക്കുകയുമാണ് ഉണ്ടായത്. ഇതിന് പ്രധാന പങ്കുവഹിച്ചത് കലാഭവന്‍ പ്രതിനിധികള്‍ തന്നെയാണ്. ഇതിനിടയില്‍ തുളസിദാസിന്റെ മിമിക്‌സ് പരേഡും കാസര്‍ഗോഡ് ഖാദര്‍ഭായിയും കലാഭവന്റെ കഥപറഞ്ഞ് അഭ്രപാളികളിലെത്തുകയും വന്‍വിജയം നേടുകയും ചെയ്തു. ഒരു കലാസംഘടന സിനിമയുടെ പ്രധാനപ്രമേയമായി വരുന്നത് ആദ്യമായിരുന്നു. പിന്നീടങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടോയെന്നും സംശയം. ബാലു കിരിയത്ത് സംവിധാനം ചെയ്ത മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രവുമെല്ലാം മിമിക്രി കലാകാരന്മാരുടെ കഥ തന്നെയാണ് പറഞ്ഞത്.

കേരളത്തില്‍ മിമിക്രിക്ക് പോപ്പുലാരിറ്റി ഉണ്ടാക്കിയ കലാഭവന്റെ ചുവടുപിടിച്ച് പുതിയ പുതിയ ട്രൂപ്പുകളും ഉയര്‍ന്നു വന്നു. ഒരു പ്രത്യേക കാലഘട്ടത്തില്‍ ഇവയ്‌ക്കെല്ലാം വിജയകരമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞെങ്കിലും കലാഭവന് കഴിഞ്ഞതുപോലെ ഒരതിജീവനത്തിന് എല്ലാക്കലത്തും ആയില്ല. ഒരു വ്യക്തിയോ, ഒരു കൂട്ടമോ ചേര്‍ന്നു തുടങ്ങിയ ട്രൂപ്പുകള്‍ക്ക് അതിന്റെ അണിയറക്കാരുടെ സിനിമ തിരിക്കോ മറ്റു പ്രശ്‌നങ്ങളോ മൂലം മുന്നോട്ടുപോകാന്‍ സാധിച്ചില്ല. ഹരിശ്രീ, സാഗര്‍ തുടങ്ങിയ ട്രൂപ്പുകളൊക്കെ അതിനുദാഹരണമാണ്. എന്നാല്‍ കലാഭവനിലേക്ക് ഇന്നും കലാകാരന്മാര്‍ അവരുടെ ഭാവി തേടി എത്തുകയാണ്. പഴയകാലത്തോളം പ്രൗഢി പറയാനില്ലെങ്കിലും ആ പരമ്പര്യം തന്നെയാണ് കലാഭവന്റെ എന്നത്തെയും പ്രൗഢി.

"</p

ദിലീപ് എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ചയ്ക്ക് അയാള്‍ പല വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കലാഭവന്‍ തന്നെയാണ് അടിസ്ഥാനം. വേദികളിലേക്കും പിന്നീട് സിനിമയിലേക്കും ദിലീപിന് വഴിയൊരുക്കിയതും അതിനുതകിയ സൗഹൃദങ്ങള്‍ സമ്മാനിച്ചതിലും കലാഭവനുള്ള പങ്ക് ഒരിക്കലും ദിലീപ് തള്ളിപ്പറഞ്ഞിട്ടുമില്ല. പക്ഷേ ഇപ്പോള്‍ ഇങ്ങനെയൊരു ക്രൈമിന്റെ പേരില്‍ അയാള്‍ കുറ്റാരോപിതനായി നില്‍ക്കുമ്പോള്‍ കലാഭവന്‍ എന്ന മഹത്തായൊരു സ്ഥാപനത്തിന്റെ യശ്ശസിലും അതു മങ്ങലേല്‍പ്പിക്കുന്നുണ്ട്, ഇവിടെയിപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ആബേലച്ചനും മുഖം താഴ്ത്തും… ആ ഹൃദയം അതികഠിനമായി വേദനിക്കും… അച്ചന് തന്റെ ശിഷ്യരെല്ലാം സ്വന്തം മക്കള്‍ കൂടിയായിരുന്നു…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍