UPDATES

ട്രെന്‍ഡിങ്ങ്

ദേശീയപാത വികസിപ്പിക്കാന്‍ മന്ത്രി ജി സുധാകരന്‍ വീടൊഴിഞ്ഞു

ദേശീയ പാത വീതി കൂട്ടുമ്പോള്‍ മന്ത്രിയുടെ വീടിന്റെ പകുതിയോളം പൊളിച്ചുമാറ്റേണ്ടി വരുമെന്ന സാഹചര്യത്തിലാണ് അദ്ദേഹം വീടൊഴിഞ്ഞത്‌

ദേശീയ പാത വികസിപ്പിക്കാനായി മുപ്പത്തഞ്ച് വര്‍ഷങ്ങളായി താമസിച്ചു വന്നിരുന്ന വീട് വിട്ടുകൊടുത്ത് മന്ത്രി ജി സുധാകരന്‍. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ തൂക്കുകുളം ജംഗ്ഷന് സമീപത്തെ വീടാണ് ദേശീയ പാത വികസനത്തിനായി മന്ത്രി ഒഴിഞ്ഞുകൊടുത്തത്. നിലവില്‍ 30 മീറ്റര്‍ വീതിയുള്ള ദേശീയ പാത 45 മീറ്ററാക്കി നാലുവരിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

പാതയുടെ ഇരുവശങ്ങളില്‍ നിന്നുമായി ഏഴര മീറ്റര്‍ വീതമാണ് സ്ഥലമെടുക്കുന്നത്. അങ്ങനെ എടുക്കുമ്പോള്‍ മന്ത്രിയുടെ വീടിന്റെ പകുതിയോളം പൊളിച്ചുമാറ്റേണ്ടി വരും. ഈ സാഹചര്യത്തിലാണ് മന്ത്രി വീടൊഴിഞ്ഞു കൊടുത്തിരിക്കുന്നത്. പറവൂര്‍ ഗവണ്‍മെന്റ് സ്‌കൂളിന് സമീപം മറ്റൊരു വീട് വാങ്ങി മന്ത്രിയും കുടുംബവും താമസം മാറ്റി. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് വീതിവര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ സ്ഥലം വിട്ടുനല്‍കാനാകില്ലെന്ന് വ്യക്തമാക്കി ചില സംഘടനകളും വ്യാപാരികളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റുള്ളവര്‍ക്ക് മാതൃകകാട്ടി മന്ത്രി തന്നെ സ്വന്തം വീട് ഒഴിഞ്ഞുകൊടുത്തത്.

പത്ത് വര്‍ഷത്തോളം പഴക്കമുള്ള ഇരുനില വീട്ടിലേക്കാണ് മന്ത്രിയും ഭാര്യ ജൂബലി നവപ്രഭ, മകന്‍ നവനീത്, മരുമകള്‍ രശ്മി എന്നിവര്‍ താമസം മാറിത്. ദേശീയപാത വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കും. ദേശീയപാതയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഒപ്പം ബൈപ്പാസ് നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്. ദേശീയപാതയ്ക്ക് സമാന്തരമായുള്ള റോഡുകളും നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍