UPDATES

ട്രെന്‍ഡിങ്ങ്

വീണ്ടുമൊരു ഡിസംബര്‍; ഡല്‍ഹിയില്‍ നിര്‍ഭയ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു; ഇത്തവണ ഇര 16 കാരി, ബസിന് പകരം പാര്‍ക്ക്

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചവശനാക്കിയശേഷമായിരുന്നു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്

2013 ഡിസംബര്‍ 16, രാജ്യത്തിന് ഇന്നും വേദനയായി നില്‍ക്കുന്ന നിര്‍ഭയ കൂട്ടബലാത്സംഗം നടന്ന ദിവസം. 23 കാരിയായ സൈക്കോതെറാപ്പി വിദ്യാര്‍ത്ഥി തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരമായ ശാരീകോപദ്രവത്തിന്റെ ഫലമായി പിന്നീട് മരണത്തിനു കീഴടങ്ങുകയും ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ ബസ് ജീവനക്കാരായവര്‍(ആ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയും ഉണ്ടായിരുന്നു) ക്രൂരതയ്ക്ക് ഇരയാക്കിയത്. ഇന്ത്യ മൊത്തം പ്രതിഷേധവമായി ഉണര്‍ന്നു ഈ സംഭവത്തില്‍. ലോകമാധ്യമങ്ങള്‍ നിര്‍ഭയ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിനു മുന്നില്‍ ഇന്ത്യ തലതാഴ്ത്തി. പ്രതികളായവരെ പിടികൂടുകയും മരണശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് അവരെ നീതിപീഠം വിധിക്കുകയും ചെയ്തു. അന്നു മുതല്‍ നിരന്തരം പറയുന്നതാണ് ഇനിയൊരു നിര്‍ഭയ ഇന്ത്യയില്‍ ഉണ്ടാകരുതെന്ന്. പക്ഷേ നിര്‍ഭയമാര്‍ രാജ്യത്ത് ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേയിരുന്നു.

ഇപ്പോഴിതാ 2016 ലെ സംഭവത്തിന്റെ തനിയാവര്‍ത്തനം പോലെ, തെക്കന്‍ ഡല്‍ഹിയിലെ ആ ക്രൂരത നടന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന അതേ സമയത്ത് തന്നെ ഡല്‍ഹിയില്‍ വീണ്ടുമൊരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി.

16 വയസുള്ള പെണ്‍കുട്ടിയാണ് വടക്കന്‍ ഡല്‍ഹിയില്‍ ഷാലിമാര്‍ബാഗിലെ ബേറി വാല പാര്‍ക്കില്‍ മൂന്നുപേരാല്‍ പീഢനത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവം പോലെ. പ്രതികളായവരെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

വീട്ടുസഹായ ജോലികള്‍ ചെയ്തു വന്നിരുന്ന പെണ്‍കുട്ടി സുഹൃത്തിനൊപ്പമാണ് വൈകിട്ട് പാര്‍ക്കില്‍ എത്തുന്നത്. 19 വയസിന് അടുത്ത് പ്രായമുള്ളയാളായിരുന്നു സുഹൃത്ത്. ഇയാള്‍ ഒരു സ്വകാര്യ കമ്പനിയില്‍ പ്യൂണ്‍ ആയി ജോലി നോക്കുകയാണ്. ഏകദേശം ആറരയോടെ മൂന്നുപേര്‍ തങ്ങളെ സമീപിക്കുകയും വൈകിയ സമയത്ത് പാര്‍ക്കില്‍ വന്നതിനു ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനെതിരേ പ്രതികരിച്ച ആണ്‍കുട്ടിയെ മൂന്നുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി നശിപ്പിച്ചശേഷം വലിച്ചെറിഞ്ഞു കളഞ്ഞു. ഇതിനുശേഷമാണ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. തങ്ങള്‍ സഹായത്തിനായി കരഞ്ഞു വിളിച്ചെങ്കിലും പാര്‍ക്കില്‍ ഉണ്ടായിരുന്നവരാരും സഹായിക്കാനെത്തിയില്ലെന്നും ഇരകളാക്കപ്പെട്ടവര്‍ പറയുന്നതായി ഇവരുടെ പരാതി ഉദ്ധരിച്ചുകൊണ്ട് പൊലീസ് മാധ്യമങ്ങളോടു പറയുന്നു.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി ലൈംഗിക പീഢനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ പരിക്കുകളെക്കുറിച്ച് കൃത്യമായ വിവരം പുറത്തു വന്നിട്ടില്ല.

പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റവാളികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി ഊര്‍ജ്ജിതമായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവുള്ള പാര്‍ക്കാണിത്. വെളിച്ചക്കുറവ് ഉള്ളതിനാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നതെന്നും പൊലീസ് പറയുന്നു. പാര്‍ക്കിന് സമീപത്തുള്ളവര്‍ തന്നെയായിരിക്കാം പ്രതികളെന്നും മയക്കുമരുന്നിന് അടിമകളോ ക്രിമിനലുകളോ ആയിരിക്കാനും സാധ്യതയുണ്ടെന്നും ഇരുട്ട് വീണശേഷം പാര്‍ക്കിനുള്ളില്‍ ഇവരുടെ സാന്നിധ്യം സ്ഥിരമായിരിക്കാമെന്നും പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍