UPDATES

ട്രെന്‍ഡിങ്ങ്

‘ഇത്രയും ജനങ്ങളെ ഒരുമിച്ച് കണ്ടം വഴി ഓടിച്ചതിന് ആ നായര്‍ക്ക് ഒരു ഗിന്നസ് റെക്കോര്‍ഡ് കൂടി കൊടുക്കണം ‘

ഷോ വീണ്ടും നടത്തുമെന്നും ടിക്കറ്റിന്റെ പണം തിരികെ വേണ്ടവര്‍ നല്‍കുമെന്നും ഖേദം പ്രകടനത്തോടെ ചാനല്‍ രംഗത്തു വന്നെങ്കിലും ആളുകള്‍ തങ്ങളുടെ നിരാശ രൂക്ഷമായ ഭാഷയില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്

കണ്ടം വഴി ഓടിക്കുന്ന ട്രോളുകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ ശരിക്കും കണ്ടം വഴി ഓടേണ്ടി വന്നത് എ ആര്‍ റഹ്മാന്‍ ഷോ കാണാന്‍ പോയപ്പോഴാണ്. ഇത്രയും ജനങ്ങളെ കണ്ടം വഴി ഓടിച്ചതിന് ആ നായര്‍ക്ക് വീണ്ടുമൊരു ഗിന്നസ് റെക്കോര്‍ഡ് കൊടുക്കാവുന്നതാണ്; ഫ്ലവേഴ്‌സ് ടി വി യുടെ സംഘാടനത്തില്‍ ഇരുമ്പനത്ത് നടത്താനിരുന്ന എ ആര്‍ റഹ്മാന്‍ ഷോ മുടങ്ങിയതിന്റെ നിരാശ കമന്റുകളില്‍ ഒന്നാണിത്. റഹ്മാനെ പോലെ ഒരാളെ വിളിച്ചു വരുത്തി ഇങ്ങനെ അപമാനിക്കണമായിരുന്നോ എന്നും ചിലര്‍ ചോദിക്കുന്നു. പരിപാടി മുടങ്ങിയതില്‍ ഖേദം പ്രകടിപ്പിച്ചും വീണ്ടും നടത്തുമെന്ന ഉറപ്പ് പറഞ്ഞും ഫ്ലവേഴ്‌സും ശ്രീകണ്ഠന്‍ നായരും രംഗത്തു വന്നെങ്കിലും അതൊന്നും തങ്ങള്‍ ശനിയാഴ്ച രാത്രിയില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകില്ലെന്നാണ് അവിടെ പോയവര്‍ പറയുന്നത്. ഇത്രവലിയൊരു ഷോ സംഘടിപ്പിക്കുമ്പോള്‍ എങ്ങനെയെങ്കിലും തട്ടിക്കൂട്ടി കുറെ കാശ് ഉണ്ടാക്കാമെന്ന ധാരണയായിരുന്നോ ഫ്ലവേഴ്‌സിന് എന്നാണ് ഇവര്‍ ചോദിക്കുന്നത്.

തോരാത്ത മഴയാണ് ഷോ മുടങ്ങാന്‍ ഉള്ള കാരണമെന്നും ഇതുമൂലം ജനങ്ങള്‍ക്ക് വന്ന ബുദ്ധിമുട്ടില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിച്ചും അടുത്ത മാസം തന്നെ വീണ്ടും റഹ് മാന്‍ ഷോ നടത്തുമെന്ന് പ്രഖ്യാപിച്ചും ടിക്കറ്റിന്റെ പണം തിരികെ വേണ്ടവര്‍ക്ക് അത് നല്‍കുമെന്നുമൊക്കെ ചാനലും ശ്രീകണ്ഠന്‍ നായരും സോഷ്യല്‍ മീഡിയ വഴി അറിയിക്കുന്നുണ്ട്. എന്നാല്‍ ഇത്രവലിയൊരു ഷോ സംഘടിപ്പിക്കുമ്പോള്‍ പുലര്‍ത്തേണ്ട സാമാന്യ ജാഗ്രതപോലും കാണിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നത്. അതിരൂക്ഷമായ പരിഹാസമാണ് ചാനലിനും ശ്രീകണ്ഠന്‍ നായര്‍ക്കുമെതിരേ ഉയരുന്നത്.

ശ്രീ കണ്ടം’ നായര് എന്ന പേര് നിലനിര്‍ത്തി എന്നാണ് ഒരാളുടെ പരിഹാസം. കണ്ടം വഴി ഓടടാ….. കണ്ടം വഴി ഓടടാ എന്ന് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും പതിനായിരക്കണക്കിന് ആള്‍ക്കാരെ ഒരുമിച്ച് കണ്ടം വഴി ഓടിക്കുന്നത് കാണാനും അവരുടെ കൂടെ ഓടാനും അവസരം തന്നതില്‍ ഫ്ലവേഴ്‌സ് ടി വി മാനേജ്‌മെന്റിനും ശ്രീകണ്ഠന്‍ നായര്‍ക്കും പെരുത്ത് പെരുത്ത് നന്ദിയും അറിയിക്കുന്നുണ്ട്. കണ്ടം വഴി ഓട്ടവും റെയിന്‍ ഡാന്‍സും ഉണ്ടെന്ന് ആദ്യമേ അറിയിച്ചിരുന്നേല്‍ ഉപകാരമായിരുന്നുവെന്നും പരിഹാസം.

ഒരു അന്താരാഷ്ട്ര സ്റ്റേഡിയം ഉള്‍പ്പെടെ കൊച്ചിയില്‍ പല പല സ്‌റ്റേഡിയങ്ങള്‍ ഉണ്ടായിട്ടും ഫഌവേഴ്‌സ് ടിവി കണ്ടം നികത്തി ഒരു അന്താരാഷ്ട്ര ഷോ നടത്തിയതിനെതിരേ ഇനിയാരും സമരം ചെയ്യാന്‍ പോകരുതെന്നും പതിനായിരക്കണക്കിന് ആള്‍ക്കാരെ മഴയത്ത് കണ്ടം(വയല്‍) നികത്തിയ കര ഭൂമിയിലൂടെ ഓടിച്ച് ഉഴുത് മറിച്ച് പഴയപോലെ കണ്ടമാക്കി മാറ്റിയത് ഫഌവേഴ്‌സ് ടിവി മാനേജ്‌മെന്റ് കാണിച്ച കട്ട ഹീറോയിസം ആണെന്നും അതിന് അവര്‍ക്ക് മാത്രമേ കഴിയൂ എന്നും പരിഹാസമുതിര്‍ക്കുന്നു. കണ്ടം(വയല്‍)ഉഴുത് മറിച്ച് കഷ്‌പ്പെട്ട് ജോലി ചെയ്തവര്‍ക്ക് ഇന്നും കൂടി വയലില്‍ ജോലി ഉണ്ടായിരിക്കുന്നതാണെന്നും വിത്ത് വിതരണം കഴിഞ്ഞ് മാത്രമേ ശമ്പളം(കൂലി) കിട്ടുകയുള്ളൂവെന്നും കൂടിയുണ്ട് കളിയാക്കല്‍.

"</p

അന്താരാഷ്ട്ര പ്രശസ്തനായ ഒരു സെലിബ്രിറ്റിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ഷോ ഈ വിധമാണോ നടത്തേണ്ടതെന്നും കാണികള്‍ക്ക് സൗകര്യപ്രദമായ ഗതാഗത സൗകര്യം ഒരുക്കേണ്ടിടത്ത് ഇത്തരമൊരു സ്ഥലമാണോ വേദിയായി കണ്ടത്തേണ്ടിയിരുന്നതെന്നും ഇങ്ങനെയാണോ നിങ്ങള്‍ ഒരു പരിപാടി നടത്തുമ്പോള്‍ അതിന്റെ വരുംവരായ്കളെ കുറിച്ച് ചിന്തിക്കേണ്ടിയിരുന്നതെന്നും ചോദിക്കുന്നുണ്ട് ചിലര്‍. ഒരു അന്താരാഷ്ട്ര സെലിബ്രിറ്റിയുടെ വിലപിടിച്ച സമയത്തിനൊപ്പം ഒരുപാട് ജനങ്ങളുടെ സമയം കൂടിയാണ് നിങ്ങള്‍ നശിപ്പിച്ചതെന്നും ഷോ കാണാന്‍ 5,900 രൂപ മുടക്കി ടിക്കറ്റ് എടുത്തതില്‍ ഇപ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും ശ്യാം പ്രകാശ് എന്നയാള്‍ പറയുന്നു. തിരുവനന്തപുരം തൊട്ട് കാസര്‍ഗോഡ് വരെയുള്ള ജനങ്ങളാണ് അവരുടെ സമയവും പണവും ഊര്‍ജ്ജവും നഷ്ടപ്പെടുത്തി കൊച്ചിയില്‍ പരിപാടി കാണാന്‍ വന്നതെന്ന് ഓര്‍ക്കണമെന്നും വിമര്‍ശിക്കുന്നു.

മഴയെ പ്രതിയാക്കി രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയെ കുറിച്ച് ഒരു ധാരണയും നിങ്ങള്‍ക്ക് ഇല്ലായിരുന്നോയെന്നും ചിലര്‍ ചോദിക്കുന്നു. കഴിഞ്ഞ നാലുദിവസമായി വൈകുന്നേരം ശക്തമായ മഴയാണ് കൊച്ചിയില്‍ പെയ്യുന്നത്, ഇന്നലെ നിങ്ങളുടെ ഷോ നടക്കാന്‍ വേണ്ടി മഴ മാറിനില്‍ക്കുമെന്നതായിരുന്നോ നിങ്ങളുടെ ആത്മവിശ്വാസമെന്നും ചിലര്‍ ചോദിക്കുന്നു. എ ആര്‍ റഹ്മാന്‍ എന്ന വലിയ മനുഷ്യനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും നിങ്ങളുടെ കുഴപ്പം കൊണ്ട് ഉണ്ടായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ച് റഹ്മാനെ കൊണ്ട് ജനങ്ങളോട് മാപ്പ് പറയിപ്പിച്ചതും വളരെ മോശമായി പോയെന്നും ഇനി കേരളത്തില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ ആരെങ്കിലും സമീപിച്ചാല്‍ റഹ്മാന്‍ രണ്ടുവട്ടം ആലോചിക്കുമെന്നും ചിലര്‍ പറയുന്നു.

സംഘാടനത്തില്‍ വന്ന പിഴവ് മാത്രമാണ് ഇത്രവലിയൊരു നാണക്കേട് ഉണ്ടാകാന്‍ കാരണമെന്നും ഇപ്പോള്‍ പറയുന്ന ക്ഷമയും ന്യായീകരണമൊന്നും നിങ്ങളുടെ വീഴ്ച മറയ്ക്കാന്‍ മതിയാകില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു.

"</p

ഇതേസമയം ഇവന്റ് മാനേജ്‌മെന്റുകാര്‍ക്ക് വന്ന വീഴ്ചയാണ് പരിപാടി മുടങ്ങാന്‍ കാരണമെന്ന തരത്തില്‍ ചാനല്‍ അധികൃതരില്‍ നിന്നും ചില അഭിപ്രായങ്ങള്‍ പുറത്തുവന്നെന്ന വാര്‍ത്തയോട് കൊച്ചിയിലെ പ്രമുഖ ഇവന്റ് മനേജ്‌മെന്റ് ഗ്രൂപ്പുകള്‍ പ്രതികരിക്കുകയുണ്ടായി. ഫഌവേഴ്‌സ് ടിവിയുടെ ആ പരിപാടിയില്‍ ഒരു ഇവന്റ്മാനേജ്‌മെന്റുകാരും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. എല്ലാം അവര്‍ തന്നെ നടത്തുമെന്നതായിരുന്നു അവരുടെ ആത്മവിശ്വാസം. ഒരു സ്റ്റേജും കെട്ടി, ലൈറ്റ് ആന്‍ഡ് സൗണ്ടും ചെയ്തുവച്ചാല്‍ ഇവന്റ് ആകില്ല. ഒരോകാര്യവും ശ്രദ്ധാപൂര്‍വം ചെയ്യേണ്ടതുണ്ട്. ഫഌവേഴ്‌സ് ടിവിക്കാര്‍ക്ക് ഇന്നലെ കിട്ടിയത് അവരുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ്; കൊച്ചിയിലെ ഒരു പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ പ്രതിനിധി പറയുന്നു. ഒട്ടും മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ പരിപാടിയാണിതെന്ന് മനസിലാക്കാം. ഈ ദിവസങ്ങളില്‍ കൊച്ചിയില്‍ മഴ പെയ്യുമെന്നത് ഏതു കൊച്ചു കുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ്. എന്നിട്ടും അവര്‍ക്കത് മനസിലായില്ലേ? മഴ പെയ്താല്‍ എന്തു ചെയ്യുമെന്നവര്‍ മുന്‍കൂട്ടി കണ്ട് പ്ലാന്‍ ചെയ്യേണ്ടതല്ലേ…പോയവരെല്ലാം ചെളിയില്‍ കുളിച്ച അവസ്ഥയായില്ലേ…എ ആര്‍ റഹ്മാന്‍ എന്നാല്‍ ആരാണ്? കേവലം ഒരു മ്യൂസിക് ഡയറക്ടര്‍ ആണെന്നു കരുതിയോ? അദ്ദേഹമൊരു ഇന്ററര്‍നാഷണല്‍ ഫിഗര്‍ ആണ്. റഹ്മാന്റെ പരിപാടി നടക്കുമ്പോള്‍ ലോകം മുഴുവന്‍ അത് ശ്രദ്ധിക്കും. ഇതൊന്നും അറിയാതെയാണോ ഇവര്‍ പരിപാടി നടത്താന്‍ നോക്കിയത്? ഇവന്റ് മാനേജ്‌മെന്റ് പ്രതിനിധി ചോദിക്കുന്നു.

ഇത്ര വലിയൊരു പരിപാടി നടത്താന്‍ കൊച്ചിയില്‍ വേദി ഇല്ലെന്നത് സത്യമാണ്. കലൂര്‍ സ്റ്റേഡിയം ഇപ്പോള്‍ കിട്ടില്ല. കിട്ടിയാല്‍ തന്നെ അതും ഓപ്പണ്‍ ഗ്രൗണ്ടാണ്. മഴ പെയ്താല്‍ പ്രശ്‌നമാകും. മറ്റ് സ്റ്റേഡിയങ്ങള്‍ ഒന്നും തന്നെ അധികം ജനങ്ങളെ ഉള്‍ക്കൊള്ളുന്നതുമല്ല, മഴ പെയ്താല്‍ പ്രതിരോധിക്കാന്‍ കഴിയുന്നതുമല്ല. അങ്ങനെ വരുമ്പോള്‍ ഇതുപോലുള്ള ഓപ്പണ്‍ സ്‌പേസില്‍ തന്നെ പരിപാടി നടത്തേണ്ടി വരും. എന്നിരുന്നാലും തെരഞ്ഞെടുക്കുന്ന സ്ഥലത്തെ കുറിച്ച് ഒരു ബോധം വേണം. വയല്‍ പൂഴിയിട്ട് നികത്തി അവിടെ വേദിയുണ്ടാക്കുമ്പോള്‍ ശക്തമായൊരു മഴ പെയ്താല്‍ സ്ഥിതി വഷളാകുമോ എന്ന് സാമാന്യ ബുദ്ധിയുള്ളവന്‍ മുന്‍കൂട്ടി ചിന്തിക്കും. അതുണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് ഇന്നലെ ചെളിയില്‍ കുളിച്ച് കുറെ ജനങ്ങള്‍ക്ക് നില്‍ക്കേണ്ടി വന്നത്. വലിയ ക്രൗഡിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയ സ്ഥലം കിട്ടില്ലെങ്കില്‍ അതനുസരിച്ച് പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണം. റഹ്മാനെ പോലുള്ളവരുടെ ഷോ ആകുമ്പോള്‍ ഓഡിയന്‍സിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഒക്കെ വേണം. ഒന്നുകില്‍ അവര്‍ കപ്പാസിറ്റി കുറഞ്ഞതെങ്കിലും സൗകര്യങ്ങളും മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാവാത്തതുമായൊരു വേദി നിശ്ചയിക്കണം. ഓഡിയന്‍സിന്റെ എണ്ണം നിയന്ത്രിക്കണം. ഇവിടെ അതാണോ ഉണ്ടായത്? എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന ചിന്തയില്‍ എന്നപോലെ ഒരുപരിധിയുമില്ലാതെ ടിക്കറ്റുകള്‍ വിറ്റു. ഒടുവില്‍ നാണക്കേടായില്ലേ? കൊച്ചിയിലെ തന്നെ മറ്റൊരു ഇവന്റ് മനേജ്‌മെന്റ് ഗ്രൂപ്പ് പ്രതിനിധി പറയുന്നു.

എ ആര്‍ റഹ്മാന്‍ ഷോ നടക്കുന്ന വേദി വയല്‍ നികത്തി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വരെ കേസ് പോയിരുന്നതാണ്. മാധ്യമങ്ങളും വാര്‍ത്തയാക്കി. എന്നാല്‍ റഹ്മാന്റെ ഷോ നടക്കുന്നു എന്ന ആവേശത്തില്‍ ജനങ്ങള്‍ ഈ വിഷയം ചര്‍ച്ചയാക്കിയില്ലായിരുന്നു. എന്നാല്‍ ഇന്നലത്തെ മഴയില്‍ ഷോ മുടങ്ങിയതോടെ വയല്‍ നികത്തല്‍ എന്ന ഗുരുതരമായ ആരോപണം ഫഌവേഴ്‌സിനു നേരെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

"</p "</p "</p "</p

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍