UPDATES

ട്രെന്‍ഡിങ്ങ്

പ്രസംഗിക്കാനുള്ള സമയമല്ലെന്ന് മോദി; ആഘോഷിക്കാനുള്ള സമയമല്ലെന്ന് പരിഭാഷക: പൂന്തുറ പ്രസംഗത്തില്‍ തെറ്റുകള്‍ മാത്രം

മത്സ്യത്തൊഴിലാളികള്‍ പലരും വിദേശ രാജ്യങ്ങളിലെത്തിപ്പെട്ടിരിക്കുകയാണെന്നും അവരെ തിരികെ കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞെങ്കിലും ഇത് പരിഭാഷക വിട്ടുകളഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തിരുവനന്തപുരം പൂന്തുറയിലെത്തി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ തെറ്റുകളുടെ ബഹളം. മോദി പറഞ്ഞത് പലതും പരിഭാഷക തെറ്റിച്ച് പറഞ്ഞുവെന്ന് മാത്രമല്ല, പലതും വിട്ടുകളയുകയും ചെയ്തു.

കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികള്‍ പലരും വിദേശ രാജ്യങ്ങളിലെത്തിപ്പെട്ടിരിക്കുകയാണെന്നും അവരെ തിരികെ കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞെങ്കിലും ഇത് പരിഭാഷക വിട്ടുകളഞ്ഞു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ പരിശ്രമവും നടത്തുമെന്നും പറഞ്ഞപ്പോള്‍ അതും പരിഭാഷക വിട്ടുകളഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മോദി പറഞ്ഞത് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നാണ് പരിഭാഷക പറഞ്ഞത്. ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്ന് മോദി പറഞ്ഞപ്പോള്‍ ആഘോഷത്തിനുള്ള സമയമല്ലെന്നായിരുന്നു പരിഭാഷ. കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ അനുസരിച്ച് പരമാവധി സഹായം നല്‍കുമെന്ന് മോദി പറഞ്ഞതും അവര്‍ വിട്ടുകളഞ്ഞു. നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഈശ്വരന്റെ പേരില്‍ ഉറപ്പുനല്‍കുന്നു എന്നായി.

പരിഭാഷകയുടെ തെറ്റുകളില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവര്‍ അസ്വസ്ഥരാകുന്നുണ്ടായിരുന്നു. പ്രസംഗം നടക്കുമ്പോള്‍ തന്നെ പരിഭാഷകയെ മാറ്റി വി മുരളീധരനെക്കൊണ്ട് പരിഭാഷപ്പെടുത്താനുള്ള ശ്രമം നടന്നെങ്കിലും മുരളീധരന്‍ വേദിയ്ക്ക് അരികിലേക്ക് എത്തിയപ്പോഴേക്കും മോദി പ്രസംഗം അവസാനിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍