UPDATES

ട്രെന്‍ഡിങ്ങ്

ആട്ടിന്‍ തോലണിയല്ലേ കോടിയേരി, അത് ജനം പിച്ചിച്ചീന്തും: എം എം ഹസന്റെ മുന്നറിയിപ്പ്

എം വിന്‍സന്റിനെ പിന്തുണച്ചത് എംഎം ഹസന്റെ ഗതികേടാണെന്ന് പറഞ്ഞ കോടിയേരിയ്ക്ക് ഹസന്റെ മറുപടി

അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച എം വിന്‍സെന്റ് എംഎല്‍എയുടെ വക്കാലത്ത് ഏറ്റെടുത്ത് സംസാരിച്ചതിന് തന്നെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ മറുപടി. ഫേസ്ബുക്കിലൂടെ തന്റെ ന്യായീകരണത്തെ വിമര്‍ശിച്ച കോടിയേരിയെ ഫേസ്ബുക്കിലൂടെ തന്നെയാണ് ഹസനും തിരിച്ച് വിമര്‍ശിക്കുന്നത്.

കോടിയേരി സ്വന്തം പാര്‍ട്ടിയുടെ ഭൂതകാലവും വര്‍ത്തമാനകാലവും മറക്കുകയാണെന്നാണ് ഹസന്‍ പറയുന്നത്. അതൊക്കെ തുറന്നാല്‍ ഒരുപാട് അസ്ഥിപഞ്ജരങ്ങള്‍ കാണാം. കൂടാതെ സിപിഎം നേതാക്കളും എല്‍ഡിഎഫ് എംഎല്‍എമാരും സ്ത്രീപീഡനക്കേസുകളില്‍ ആരോപണ വിധേയരായപ്പോള്‍ അവരോട് രാജിവയ്ക്കാന്‍ പറയാനുള്ള ധൈര്യം കോടിയേരി കാണിച്ചിട്ടുണ്ടോയെന്നും ഹസന്‍ ചോദിക്കുന്നു.

കുറ്റവിമുക്തനാകും വരെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും വിന്‍സന്റിനെ മാറ്റിനിര്‍ത്താന്‍ താന്‍ തയ്യാറായെന്നും എന്നാല്‍ വടക്കാഞ്ചേരിയിലെ സിപിഎം നേതാവിന്റെ സ്ത്രീപീഡനത്തെ ന്യായീകരിക്കുകയാണ് കോടിയേരി ചെയ്തതെന്നും ഹസന്‍ ചൂണ്ടിക്കാട്ടുന്നു. തോട്ടം തൊഴിലാളികളായ സ്ത്രീകളെ മന്ത്രി എംഎം മണി അപമാനിച്ചപ്പോഴും മന്ത്രി ശശീന്ദ്രന്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചപ്പോഴും കോടിയേരിയുടെ നാവ് കാശിക്ക് പോയിരുന്നോയെന്നാണ് ഹസന്റെ മറ്റൊരു ചോദ്യം.

ഇപ്പോള്‍ സ്ത്രീസംരക്ഷകന്‍ ചമഞ്ഞ് തനിക്ക്‌മേല്‍ ചാടിവീഴാന്‍ ശ്രമിക്കുന്ന കോടിയേരി നടിയെ ആക്രമിച്ച കേസില്‍ ഇന്നസെന്റിനും മുകേഷിനും രാഷ്ട്രീയ അഭയം നല്‍കിയത് കേരളം മറന്നിട്ടില്ലെന്നും ആട്ടിന്‍തോലണിയല്ലേ കോടിയേരി അതു ജനം പിച്ചിച്ചീന്തുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ന് രാവിലെയാണ് ഹസന്റെ ഗതികേട് ചൂണ്ടിക്കാട്ടി കോടിയേരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വിന്‍സന്റിന്റെ വക്കാലെടുത്ത് സംസാരിക്കേണ്ടി വന്ന ഹസന്റെ ഗതികേടില്‍ താന്‍ സഹതപിക്കുകയാണെന്നാണ് കോടിയേരി പറഞ്ഞത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തില്‍ ആദ്യമായാണ് അവരുടെ ഒരു എംഎല്‍എ സ്ത്രീപീഡനത്തിന്റെ പേരില്‍ അറസ്റ്റിലാകുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇരയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ എംഎല്‍എയോട് സ്ഥാനം രാജവയ്‌ക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശിക്കുന്നത് ചരിത്രത്തിലെ കറുത്ത നിമിഷമാണ്. ഹസനെ സ്ത്രീപീഡകരുടെ സംരക്ഷകനെന്ന് ചരിത്രത്തില്‍ കോറിയിടാന്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ എടുപ്പിച്ച തീരുമാനമാകാനും മതിയെന്നും കോടിയേരി പറയുന്നു. എന്തായാലും കോണ്‍ഗ്രസ് ഇത്ര അധഃപതിക്കരുതായിരുന്നെന്നാണ് കോടിയേരി ചൂണ്ടിക്കാട്ടുന്നത്.

കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയിലാണ് പോലീസ് നടപടിയെന്നും കോടിയേരി വ്യക്തമാക്കുന്നു. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് ഇടപെടണമെന്നും സോണിയഗാന്ധി ഇടപെട്ട് വിന്‍സന്റിനെ രാജിവയ്പ്പിക്കണമെന്നുമാണ് കോടിയേരിയുടെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍