UPDATES

ട്രെന്‍ഡിങ്ങ്

ഏറ്റുചൊല്ലാന്‍ മാത്രമുള്ളതല്ല ഭരണഘടന എന്നുകൂടി എംഎം മണി മനസിലാക്കണം

മണി മാത്രമല്ല, തുടർച്ചയായി സ്ത്രീവിരുദ്ധ, ദ്വയാർത്ഥ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള നേതാവായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ വി.എസ് അച്യുതാനന്ദൻ

കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും സ്ത്രീ വിരുദ്ധമായിരുന്നു. കേവലം, മണിയാശാൻ എന്നപേരിൽ അറിയപ്പെടുന്ന സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ സമീപകാല സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ മാത്രം അടർത്തിയെടുത്തു വിശകലനം ചെയ്‌താൽ നമ്മൾ സ്ത്രീപക്ഷത്തോട് ചെയ്യുന്ന പാതകമായിരിക്കും. കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പലരുടെയും ഉള്ളിലെ ഫ്യൂഡൽ മനോഭാവം പലപ്പോഴും മനുസ്മൃതിയെ പുൽകുന്നവരെപ്പോലും തോൽപ്പിക്കുന്നവയാണ്. ദൃശ്യമാധ്യമ രംഗം അത്രയൊന്നും പ്രചാരണം ലഭിച്ചിട്ടില്ലാത്ത കാലത്ത് ഇത്തരം വിടുവായത്തങ്ങൾ ന്യായീകരിച്ചു വഷളാക്കിയിരുന്ന സൈദ്ധാന്തികർ ഇന്ന് കൂടുമാറ്റം നടത്തി സോഷ്യൽ മീഡിയയിൽ അവതരിച്ചിട്ടും അവരെത്ര ശ്രമിച്ചിട്ടും പകലിനെ രാത്രിയാക്കാനും രാത്രിയെ പകലാക്കാനും അവർ ന്യായീകരണങ്ങൾ നിരത്തി സർവൈവ് ചെയ്യാൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

മണി മാത്രമല്ല, തുടർച്ചയായി സ്ത്രീവിരുദ്ധ, ദ്വയാർത്ഥ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള നേതാവായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ വി.എസ് അച്യുതാനന്ദൻ. അദ്ദേഹമായിരുന്നു പൊതുവേദികളിൽ ലതികാ സുഭാഷ് മുതൽ സിന്ധു ജോയ് തുടങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളെയും കുടുംബങ്ങളെയും വരെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങളിലൂടെ അപമാനിക്കാൻ  ശ്രമിച്ചത്. അപ്പോഴൊക്കെ കൈയടിച്ചു ആഹ്ളാദം പ്രകടിച്ചവരാണ് ഇടതുനിരയിലെ ഭൂരിഭാഗം നേതാക്കളും.

സമീപകാലത്ത് ആലപ്പുഴ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സഭയിൽ പ്രതിനിധീകരിക്കുന്ന അംഗത്തിന് തന്നെ, സുന്ദരികളായ സ്ത്രീകളെ കണ്ടാൽ കർണ്ണങ്ങളെ എച്ചിലാക്കുന്ന ചിരി ചിരിക്കുന്ന ‘സൂരി നമ്പൂതിരിപ്പാടുമാർ’ തന്റെ പാർട്ടിയിൽ ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ തുറന്നു പറയേണ്ട വന്ന ഗതികേടും നമ്മൾ കണ്ടതാണ്. പാർട്ടി നേതാവിന്റെ അതിക്രമം നേരിട്ട സ്ത്രീ പരാതി കൊടുത്തതിന്റെ പേരിൽ തളിപ്പറമ്പിലെ പാർട്ടി നേതാവിനോട് അതിന്റെ പ്രതികാരം ചെയ്തതും ഒക്കെ അവരുടെ സ്ത്രീ വിരുദ്ധതയുടെ ഓരോ ഉദാഹരണങ്ങൾ മാത്രം.

കല്യാശേരിയിൽ ആയുർവേദ ഡോക്ടറായ നീത നമ്പ്യാർ അവരുടെ അമ്മ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ എതിർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു എന്നതുകൊണ്ട് മാത്രം പാർട്ടി അവരുടെ സംഘടിത ശക്തി ഉപയോഗിച്ച് അവരുടെ ക്ലിനിക് നിരന്തരമായി ആക്രമിക്കുകയും അവസാനം പാർട്ടിയിലെ ഉന്നത നേതാക്കൾ യോഗം ചേർന്ന് അവരുടെ ‘സ്വഭാവശുദ്ധി’ ചോദ്യം ചെയ്യുന്ന തരത്തിൽ  പ്രഭാഷണങ്ങൾ നടത്തിയതും, ഒടുവില്‍ പാർട്ടി ഭരിക്കുന്ന പഞ്ചായത്ത്, അവരുടെ വീടിനോടു ചേർന്ന് നിർമ്മിച്ച കൺസൾട്ടിങ് റൂം പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകിയതും ഒക്കെ സമീപകാല സ്ത്രീവിരുദ്ധതയുടെ പ്രത്യക്ഷ ഉദാഹരണങ്ങൾ മാത്രം. കുട്ടിമാക്കലിലെ ദളിത് യുവതികൾക്കെതിരെയും ഗവേഷണ വിദ്യാർത്ഥി ദീപ മോഹനന് എതിരെയും മഹിജയെ കുറിച്ച് മണി പറഞ്ഞതിലും ഒക്കെ ഉള്ള ജാതീയ, സ്ത്രീ വിരുദ്ധ അതിക്രമങ്ങളും അധിക്ഷേപങ്ങളും ഒക്കെ അനേകം സ്ത്രീവിരുദ്ധ പ്രവർത്തികളിൽ ഏതാനും മാത്രം.

സ്ത്രീവിരുദ്ധത എന്നത് പലപ്പോഴും മത, സാമൂഹിക തിട്ടൂരങ്ങളിൽ ഉൾപ്പെടുത്തുകയും ഈ പരിഷ്കൃത കാലത്ത് സ്ത്രീകള്‍ക്ക് അന്തസ്സോടെ സമൂഹത്തിൽ വ്യാപരിക്കാനുള്ള അവകാശത്തിനു മേലുള്ള ഏതൊരു പ്രവർത്തിയും പ്രചാരണവും പ്രസംഗവും സ്ത്രീവിരുദ്ധം തന്നെയാണെന്നു പോലും അറിവില്ലാത്തവർ ആണ് നമ്മളെ ഭരിക്കുന്ന ബഹുഭൂരിപക്ഷം മന്ത്രിമാരും ജനപ്രതിനിധികളും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എംഎം മണി. ഗവർണർ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി എന്നതിൽ കവിഞ്ഞ് ഭരണഘടനയെക്കുറിച്ചോ അതില്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചോ പുതിയ സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ചോ അടിസ്ഥാനപരമായ ധാരണ പോലുമില്ലാത്തവരാണ് മണിയുള്‍പ്പെടെ പലരും. അതുകൊണ്ട് കൂടിയാണ് വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ അദ്ദേഹം പലപ്പോഴും മൈക്കിന് മുന്നിൽ അധരവ്യായാമം നടത്തുന്നതും.

ഡല്‍ഹിയിലെ നിർഭയ സംഭവത്തിന് ശേഷം സ്ത്രീ സുരക്ഷ തന്നെ പുനർനിർവചനം ചെയ്തത് പോലും അറിയാത്ത, ആ അറിവില്ലായ്മയെ പലപ്പോഴും മണ്ണിന്റെ മണമുള്ള നേതാവ്, തൊഴിലാളികളുടെ കൺകണ്ട ദൈവം തുടങ്ങിയ ആലങ്കാരിക വിശേഷങ്ങൾ കൊണ്ട് അലങ്കരിച്ചു മിനുക്കി എടുക്കാൻ ശ്രമിക്കുന്ന ഏതു ശ്രമങ്ങളും അപലപനീയമാണ്. അറിവില്ലായ്‍മയെ, അവിവേകത്തെ അങ്ങനെ തന്നെ കാണാൻ ശ്രമിക്കലാണ് ഏതൊരു രാഷ്ട്രീയ  നേതാവിനും പ്രസ്ഥാനത്തിനും അനുയായികൾക്കും പൊതുസമൂഹത്തോട് ചെയ്യാൻ പറ്റുന്ന സത്യസന്ധത; അല്ലാത്തതൊക്കെ കാലിടറി വീണവര്‍ എഴുന്നേറ്റു നിവർന്നു നിൽക്കാനുള്ള അടവ് നയങ്ങൾ ആയേ കണക്കാക്കാനാകൂ.

തുടര്‍ച്ചയായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന എംഎം മണിയെപ്പോലുള്ളവർക്ക് ജസ്റ്റിസ് വർമ്മ കമ്മിറ്റി ശുപാർശ ചെയ്ത് നിയമമന്ത്രാലയം 2013-ൽ പാസ്സാക്കിയ Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013 കോപ്പി വിതരണം ചെയ്യണം. അതവർ വായിക്കാനും അതുൾക്കൊള്ളാനും ശ്രമിക്കണം. തുടർച്ചയായുള്ള ഈ സ്ത്രീവിരുദ്ധ വീഴ്ചകളിൽ നിന്നും തുടർന്നുള്ള ബാലിശമായ ന്യായീകരണ അഭ്യാസങ്ങളിൽ നിന്നും തെറ്റുതിരുത്തലുകളിൽ നിന്നും ശാസനകളിൽ നിന്നും രക്ഷനേടാൻ അത് സഹായിച്ചേക്കാം. ഈ ആക്ടിന്റെ പരിധിയിൽ നിന്ന് നോക്കുകയാണെങ്കിൽ മന്ത്രി മണി നടത്തിയത് നിയമലംഘനമാണ്. അദ്ദേഹം സ്വയം സ്ഥാനത്യാഗം ചെയ്യാൻ തയ്യാറായില്ല എങ്കിൽ ഏതൊരു പൊതു പ്രവർത്തകനും ആ പ്രസംഗങ്ങൾ തെളിവായി കോടതിയിൽ ഹാജരാക്കി അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കാൻ ശ്രമിക്കാവുന്നതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജേക്കബ് സുധീര്‍

ജേക്കബ് സുധീര്‍

സാമൂഹ്യ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍