UPDATES

വായന/സംസ്കാരം

ജയ്ശ്രീറാം എന്ന് അഭിവാദ്യം ചെയ്യുന്നവരെ കെഇഎന്‍ അങ്ങനെ തിരിച്ചും അഭിവാദ്യം ചെയ്യുമോ: കാരശേരി

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തിലെ കെഇഎന്നിന്റെ പരാമര്‍ശങ്ങള്‍ക്ക് കാരശേരിയുടെ മറുപടി

ഒരാള്‍ ജയ് ശ്രീറാം എന്ന് അഭിവാദ്യം ചെയ്താല്‍ അതേ വാക്യത്തില്‍ തിരിച്ചും അഭിവാദ്യം ചെയ്യുമോയെന്ന് കെ.ഇ.എന്നിനോട് എംഎന്‍ കാരശ്ശേരി. താന്‍ അങ്ങനെ തന്നെ ചെയ്യുമെന്നും കാരശ്ശേരി.

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗത്തോടുള്ള വിമര്‍ശനമായാണ് കാരശ്ശേരി ഫേസ്ബുക്കിലൂടെ ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റിന്റെ മൂന്ന് വിശ്വാസഘട്ടങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തില്‍ ഇനിമുതല്‍ അസ്സലാമു അലൈക്കും എന്നൊരാള്‍ അഭിവാദ്യം ചെയ്താല്‍ തിരിച്ച് സലാം മടക്കുമെന്ന് പറഞ്ഞിരുന്നു. ഏറെ നാളത്തെ ആലോചനയുടേയും ആശയക്കുഴപ്പത്തിന്റെയും അവസാനമാണ് അതിലേക്ക് എത്തുന്നതെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. ഇതിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് കാരശ്ശേരി തന്റെ ചോദ്യം ചോദിക്കുന്നത്.

‘ജയ് ശ്രീറാം, ജയ് ഹനുമാന്‍, സ്വാമി ശരണം തുടങ്ങിയ രീതികളില്‍ അഭിവാദ്യം ചെയ്യുന്നവരുണ്ട്. അങ്ങനെ ചെയ്താല്‍ കെ.ഇ.എന്‍ അതേ വാക്കുകളില്‍ പ്രത്യഭിവാദ്യം ചെയ്യുമോ? എന്റെ കാര്യത്തില്‍ ഏത് അഭിവാദ്യത്തേയും അതേ വാക്കുകളില്‍ തിരിച്ചും ചെയ്യാന്‍ തയ്യാറാണ്. ഒരു സലാം പറഞ്ഞാല്‍ തിരിച്ചും സലാം പറയണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് വിവിധതരം അഭിവാദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. അല്ലേ?’

കാരശ്ശേരി എഴുതുന്നു.

പരിചയപ്പെടുന്നവരും ബന്ധുക്കളും ഇസ്‌ളാമിക പതിവനുസരിച്ചും അല്ലാതെയും അസ്സലാമു അലൈക്കും എന്ന് പറയുമ്പോള്‍ അനൗചിത്യമില്ല എന്നറിഞ്ഞിട്ടും ഏതെങ്കിലും മതവിശ്വാസിയാണെന്ന് തെറ്റിദ്ധരിക്കുമോ എന്ന ഉത്കണ്ഠയാല്‍ തനിക്കതിന് കഴിഞ്ഞിരുന്നില്ല എന്ന് കെ.ഇ.എന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

”ഒരു സുഹൃത്തുമായി ഇതിനെ ചൊല്ലിയുള്ള സംഭാഷണം കൂടുതല്‍ ആലോചിക്കാന്‍ പ്രേരകമായി. നമസ്‌കാരം പറഞ്ഞാല്‍ തിരിച്ച് നമസ്‌കാരം, ജയ്ഹിന്ദിന് തിരിച്ച് ജയ്ഹിന്ദ്. അസ്സലാമു അലൈക്കും എന്നതിന് തിരിച്ച് വ അലൈക്കും അസ്സലാം എന്ന് പറയാന്‍ കഴിയാതെ പോകുന്നത് എന്ത് കൊണ്ടെന്ന് വിമര്‍ശനപരമായി ആലോചിച്ചു. ആ ആലോചനയുടെ ഭാഗമായി കഴിഞ്ഞ സ്വാതന്ത്യ ദിനത്തില്‍ ഈയൊരു തീരുമാനമെടുത്തു. ഇനി ഇങ്ങനെ അഭിവാദ്യം ചെയ്താല്‍ അതേ രീതിയില്‍ പ്രത്യഭിവാദ്യം ചെയ്യണമെന്ന് തീരുമാനിച്ചു. രണ്ടുമൂന്നുമാസം ആരും ഈ രീതിയില്‍ അഭിവാദ്യം ചെയ്തില്ല. ഈ രീതിയില്‍ ചിലര്‍ വിളിച്ചപ്പോഴാകട്ടെ വേണ്ട രീതിയില്‍ പ്രതികരിക്കാനും കഴിഞ്ഞില്ല. തത്ത്വത്തില്‍ പഴയ തീരുമാനം തിരുത്തിയെങ്കിലും പ്രയോഗത്തില്‍ കൊണ്ടു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി മുതല്‍ ഇങ്ങനെ സലാം പറയുമ്പോള്‍ തിരിച്ച് സലാം പറയും. നമസ്‌തെക്ക് നമസ്‌തെ. ജയ്ഹിന്ദിന് ജയ്ഹിന്ദ്. ഒരുപക്ഷേ ഫാസിസ്റ്റാനന്തര കാലത്തെ നിരന്തരമായ ജനാധിപത്യ ബഹുസ്വരതയെക്കുറിച്ച പ്രചാരണം എന്നില്‍ വരുത്തിയ ബഹുസ്വര മാറ്റമായി ഞാനിതിനെ സ്വാഗതം ചെയ്യുന്നു’.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍