UPDATES

ട്രെന്‍ഡിങ്ങ്

മുസ്ലീങ്ങള്‍ കോടതിയില്‍ വിവാഹമോചനം തേടണം, വ്യക്തിനിയമ ബോര്‍ഡ് സ്ത്രീവിരുദ്ധ സ്ഥാപനം: എംഎന്‍ കാരശേരി

തലാഖ് എന്ന് പറഞ്ഞാല്‍ മുസ്ലീം പുരുഷന് ഭാര്യയെ ഏകപക്ഷീയമായി ഉപേക്ഷിക്കാനുള്ള അവകാശമാണ്. അതും ഒരു പൗരാവകാശ ലംഘനമാണ് എന്നാണ് എന്റെ അഭിപ്രായം.

മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ എംഎന്‍ കാരശേരി. സുപ്രീംകോടതി വിധി എല്ലാ വിഭാഗം ആളുകളും സ്വാഗതം ചെയ്യേണ്ടതാണ് എന്ന്‌ കാരശേരി അഴിമുഖത്തോട് പറഞ്ഞു. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. മുത്തലാഖ് സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമാണ്. മുസ്ലീങ്ങളില്‍ തന്നെ വലിയൊരു വിഭാഗം ഇത് ദുരാചാരമാണെന്ന് നൂറ്റാണ്ടുകളായി പറയുന്നുണ്ട്. ഈ വിധിയില്‍ ചിലര്‍ വിചാരിക്കുന്നത് പോലെ യാതൊരു മത പീഡനമോ മതവിരുദ്ധമായ പ്രശ്‌നമോ ഇല്ല. ഇതൊരു സ്ത്രീ പ്രശ്‌നമാണ്. പൗരാവകാശ പ്രശ്‌നമാണ്. അനീതിക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കൊപ്പമാണ് പൗരാവകാശ പ്രവര്‍ത്തകര്‍ നില്‍ക്കേണ്ടത്.

മുത്തലാഖ് വിഷയത്തില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണം എന്ന ആവശ്യം ശരിയാണ്. ആറ് മാസത്തേയ്ക്ക് മുത്തലാഖ് (മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലിയുള്ള വിവാഹമോചനം) ആണ് കോടതി വിലക്കിയിരിക്കുന്നത്. തലാഖിന്റെ പ്രശ്‌നം വേറെയുണ്ട്. തലാഖ് എന്ന് പറഞ്ഞാല്‍ മുസ്ലീം പുരുഷന് ഭാര്യയെ ഏകപക്ഷീയമായി ഉപേക്ഷിക്കാനുള്ള അവകാശമാണ്. അതും ഒരു പൗരാവകാശ ലംഘനമാണ് എന്നാണ് എന്റെ അഭിപ്രായം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബൗദ്ധ, ജൈന വിഭാഗങ്ങളില്‍ പെടുന്നവരെ പോലെ തന്നെയായിരിക്കണം മുസ്ലീങ്ങളുടേയും വിവാഹ മോചന നിയമങ്ങള്‍. ഒരു കോടതിക്ക് മുമ്പാകെ എത്തിയേ മുസ്ലീങ്ങളും വിവാഹമോചനം നേടാവൂ. സ്ത്രീ വിരുദ്ധമായ ഈ വകുപ്പ് മാറ്റിക്കൊണ്ട് പാര്‍ലമെന്റ് ആറ് മാസത്തിനകം നിയമം കൊണ്ടുവരണം. 1937ലെ മുസ്ലീം പേഴ്‌സണല്‍ ലോ, ശരി അത് ആപ്ലിക്കേഷന്‍ ആക്ട് എന്ന നിയമം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നിട്ടുണ്ട്. ആ നിയമത്തിന് ഇപ്പോളും ഇന്ത്യയില്‍ പ്രാബല്യമുണ്ട്.

മുത്തലാഖ് ‘ശരി അതി’ന് വിരുദ്ധമാണെന്ന് വാദിക്കുന്ന ഇസ്ലാമിക പണ്ഡിതന്മാരുണ്ട്. കേരളത്തിലെ മുജാഹിദ് പണ്ഡിതന്മാര്‍ അടക്കമുള്ളവര്‍ ഇത് ഇസ്ലാമിക വിരുദ്ധമാണെന്ന് പറയുന്നവരാണ്. മുസ്ലീങ്ങളുടെ വേദ ഗ്രന്ഥമായ ഖുര്‍ ആനും പ്രവാചകന്‍ മുഹമ്മദ് നബിയും മുന്നോട്ട് വയ്ക്കുന്ന ചര്യകള്‍ക്ക് വിരുദ്ധമാണ് മുത്തലാഖെന്ന് അഞ്ച് ജഡ്ജിമാരില്‍ ഒരാള്‍ – കുര്യന്‍ ജോസഫ് ആണെന്ന് തോന്നുന്നു – വ്യക്തമാക്കുന്നുണ്ട്. ഇതൊരു തര്‍ക്കവിഷയമാണ്. ഒരു വിഭാഗം യാഥാസ്ഥിതികന്മാര്‍ ഇത് ഇസ്ലാമിക ശരി അത്താണെന്ന് പറയുന്നു. അതേസമയം വേറൊരു വിഭാഗം മതമൗലികവാദികള്‍ തന്നെ ശരി അത് പ്രകാരം ഇതൊരു ദുരാചാരമാണെന്നും ഹറാം ആണെന്നും പറയുന്നു. ഇത്തരം തര്‍ക്കങ്ങളൊന്നും പരിഹരിക്കാന്‍ കോടതിക്കാവില്ല. സ്ത്രീ – പുരുഷ ഭേദമില്ലാതെ വ്യക്തികളുടെ, പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ജനാധിപത്യം. പൗരോഹിത്യം എന്തുപറയുന്നു, മതം എന്തുപറയുന്നു എന്നതല്ല, നമ്മുടെ ആവശ്യങ്ങളും അവകാശങ്ങളുമാണ് നോക്കേണ്ടത്. ക്രിസ്ത്യന്‍ പാരമ്പര്യം അനുസരിച്ച് അവര്‍ക്ക് വിവാഹമോചനത്തിനുള്ള സ്വാതന്ത്ര്യമില്ല. എന്നാല്‍ ഇവിടെ അതിന് നിയമമുണ്ട്. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം ശരി അത് വ്യക്തമാക്കുന്നില്ല. എന്നാല്‍ നമ്മള്‍ 1978ല്‍ അതിനുള്ള നിയമം ഉണ്ടാക്കിയിട്ടുണ്ട്. 18 വയസ് വിവാഹ പ്രായമാക്കി നിശ്ചയിച്ചുകൊണ്ട്. അത് മതകാര്യത്തിലുള്ള കൈകടത്തലാണ് എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും എന്ന് കാരശേരി ചോദിച്ചു.

ഷാബാനു കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വരുന്നത് 1985 ഏപ്രില്‍ 23നാണ്. അത് വലിയ കോലാഹലങ്ങളുണ്ടാക്കിയതിനെ തുടര്‍ന്നാണ് 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ മുസ്ലീം വിമണ്‍ ഡൈവേഴ്‌സ് ബില്‍ കൊണ്ടുവന്നു. പക്ഷെ ആ ബില്ലിന് കേരള ഹൈക്കോടതി നല്‍കിയ രണ്ട് വ്യഖ്യാനങ്ങളുണ്ട്. കേരള ഹൈക്കോടതിയുടെ ഇടപെടല്‍ മുസ്ലീം സ്ത്രീകള്‍ക്ക് ഗുണം ചെയ്തു. ഇപ്പോള്‍ വിവാഹമോചനത്തിന് വിധേയരാവുന്ന മുസ്ലീം സ്ത്രീകള്‍ക്ക് മറ്റ് സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് കിട്ടുന്നതിനേക്കാള്‍ പണം കിട്ടുന്നുണ്ട്. മുസ്ലീങ്ങള്‍ക്കിടയിലെ വിവാഹമോചന നിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. വിവാഹ മോചിതയാകുന്ന മുസ്ലീം സ്ത്രീക്ക് ഇപ്പോള്‍ വലിയൊരു തുക കിട്ടുന്നു
ണ്ട്. അത് ഈ കോടതി വ്യാഖ്യാനങ്ങള്‍ കൊണ്ടുണ്ടായതാണ്. അന്ന് ഞങ്ങളൊക്കെ എതിര്‍ത്തിരുന്ന നിയമമായിരുന്നു ഈ മുസ്ലീം വനിതാ നിയമം. എന്നാല്‍ സത്യം പറഞ്ഞാല്‍ ഹൈക്കോടതി ഇടപെടല്‍ ഈ നിയമത്തിന് പുരോഗമനപരമായ ഒരു മാനം നല്‍കുകയായിരുന്നു. മുസ്ലീം വ്യക്തിനിയമ ബോഡ് അന്നും ഇന്നും വളരെ യാഥാസ്ഥിതികവും പുരുഷാധിപത്യപരവും ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാടുകള്‍ എടുത്തിട്ടുള്ള സ്ഥാപനമാണെന്നും എംഎന്‍ കാരശേരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍