UPDATES

ട്രെന്‍ഡിങ്ങ്

വിവാഹ രാത്രിയിലെ കന്യകാത്വ പരിശോധനയെ എതിര്‍ത്തു; മൂന്ന് പേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം

കഞ്ചര്‍ഭട്ട് സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന ദുരാചാരത്തിനെതിരെ പ്രതിഷേധം നടത്തുന്നവരാണ് മറ്റ് സമുദായാംഗങ്ങളാല്‍ ആക്രമിക്കപ്പെട്ടത്‌

വിവാഹ രാത്രിയില്‍ നവവധുക്കള്‍ നിര്‍ബന്ധിതമായി നേരിടേണ്ടി വരുന്ന കന്യകാത്വ പരിശോധനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം നടത്തുന്ന മൂന്ന് പേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. കഴിഞ്ഞദിവസം പൂനെയിലെ പിമ്പ്രി-ചിഞ്ച്‌വാഡ മേഖലയിലെ ഭട്ടനഗറിലെ വിവാഹ വീട്ടില്‍ എത്തിയപ്പോഴാണ് കഞ്ചര്‍ഭട്ട് സമുദായത്തിലെ നാല്‍പ്പതോളം വരുന്ന ആളുകള്‍ അതേസമുദായത്തിലെ മൂന്ന് പേര്‍ക്ക് നേരെ ആക്രമണം നടത്തിയത്.

പ്രശാന്ത് ഇന്ദ്രെകാര്‍, സൗരഭ് മച്ച്‌ലെ, പ്രശാന്ത് തംചികര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. വിവാഹ രാത്രിയില്‍ നവവധുക്കളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കുകയെന്നത് ഈ സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന ദുരാചാരമാണ്. സമുദായ പഞ്ചായത്ത് ആണ് പരിശോധന നടത്തുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പായ ‘സ്റ്റോപ്പ് വി റിച്വല്‍’ എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. നരേന്ദ്ര ധബോല്‍ക്കര്‍ സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ ശക്തമായ പിന്തുണയോടെയാണ് ഈ ഗ്രൂപ്പിന്റെ പ്രതിഷേധങ്ങള്‍ നടക്കുന്നത്. പൂനെ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി നാല്‍പ്പത് പേര്‍ അംഗങ്ങളായുള്ള ഈ ഗ്രൂപ്പ് ആരംഭിച്ചത് വിവേക് തമൈചെകാര്‍ എന്ന ഇതേ സമുദായക്കാരന്‍ തന്നെയാണ്.

ഈ ആചാരം അനുസരിച്ച് ആദ്യരാത്രിയില്‍ നവദമ്പതികള്‍ക്ക് ഒരു വെളുത്ത ബഡ്ഷീറ്റ് നല്‍കും. പിറ്റേദിവസം രാവിലെ സമുദായ പഞ്ചായത്തും മറ്റ് സമുദായാംഗങ്ങളും വിവാഹ വീട്ടിലെത്തി വരനോട് വധു കന്യകയാണോയെന്ന് ചോദിക്കും. ഇതിന് മറുപടിയായി വരന്‍ നല്ല ഉല്‍പ്പന്നം(മാല്‍ ഖാര) എന്ന് മറുപടി പറഞ്ഞില്ലെങ്കില്‍ പെണ്‍കുട്ടി ചോദ്യം ചെയ്യപ്പെടുമെന്ന് ദ ക്വിന്റിന്റെ റിപ്പോര്‍ട്ട് പറയുന്നു. ആരിലൂടെയാണ് പെണ്‍കുട്ടിയുടെ കന്യകാത്വം ഇല്ലാതായതെന്നാണ് മറുപടി പറയേണ്ടത്. കന്യകാത്വം നഷ്ടപ്പെടുത്തിയ ആളും പെണ്‍കുട്ടിയും സമുദായ പഞ്ചായത്തിന് പെനാല്‍റ്റി (മിക്കവാറും പണം) അടയ്ക്കണമെന്നാണ് അവരുടെ നിയമം.

തങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ വിഷയം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ തന്നെ സമുദായത്തിനകത്ത് തങ്ങള്‍ക്ക് നിരവധി ശത്രുക്കളുണ്ടെന്നും അക്രമിക്കപ്പെട്ട ഇന്ദ്രെകാര്‍ ടൈംസ് ഓഫ് ഇന്ത്യയെ അറിയിച്ചു. ഇദ്ദേഹം പിമ്പ്രി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ആള്‍ക്കൂട്ടം തങ്ങളെ കസേരകള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ഇടിയ്ക്കുകയും തൊഴിക്കുകയുമായിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 40 സമുദായ അംഗങ്ങള്‍ക്കെതിരെ പിമ്പ്രി പോലീസ് കേസെടുത്തിരിക്കുകയാണ്.

കേസില്‍ പ്രതിയായ സണ്ണി മലാകെ എന്നയാളുടെ സഹോദരിയുടെ വിവാഹത്തിന് ക്ഷണിച്ചിട്ടാണ് ഇന്ദ്രെകാറും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം അവിടെ ഒത്തുചേര്‍ന്ന് സമുദായ പഞ്ചായത്ത് ഇവര്‍ക്ക് മൂന്ന് പേര്‍ക്കും എതിരെ തിരിയുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍