UPDATES

ട്രെന്‍ഡിങ്ങ്

ആള്‍ക്കൂട്ടം അടിച്ചു കൊന്നത് രണ്ടു പേരെ; സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ പ്രേരകം

യുവാവ് കരഞ്ഞുപറഞ്ഞത് ആള്‍ക്കൂട്ടം വകവെച്ചതേയില്ല. അക്രമികള്‍ തങ്ങള്‍ തീരുമാനിച്ച ‘വധശിക്ഷ’ നടപ്പാക്കി. അക്രമത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘എന്നെ കൊല്ലരുത്…ദയവു ചെയ്ത് എന്നെ തല്ലരുത്. ഞാന്‍ അസംകാരനാണ്. എന്നെ വിശ്വസിക്കൂ… ഞാന്‍ സത്യമാണ് പറയുന്നത്. എന്റെ അച്ഛന്റെ പേര് ഗോപാല്‍ ചന്ദ്രദാസ് എന്നും അമ്മയുടെ പേര് രാധിക ദാസ് എന്നുമാണ്. ദയവു ചെയ്ത് എന്നെ… ചോരയൊലിക്കുന്ന മുഖവും കൂപ്പിയ കൈകളുമായി കലാകാരനും സൌണ്ട് എഞ്ചിനീയറുമായ നീലോല്‍പ്പല്‍ ദാസ് എന്ന ഗുവാഹത്തി സ്വദേശിയായ യുവാവ് കരഞ്ഞുപറഞ്ഞത് ആള്‍ക്കൂട്ടം വകവെച്ചതേയില്ല. അക്രമികള്‍ തങ്ങള്‍ തീരുമാനിച്ച ‘വധശിക്ഷ’ നടപ്പാക്കി. നീലോല്‍പ്പലിനെയും സുഹൃത്തിനേയും അടിച്ചും തൊഴിച്ചും കൊലപ്പെടുത്തി. അക്രമത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നീലോത്പല്‍, സുഹൃത്തായ അഭിജിത് നാഥിനൊപ്പം അസമിലെ കര്‍ബി ഗ്ലോംഗിലെത്തിയപ്പോളായിരുന്നു അക്രമം. കാംഗ്തിലാംഗ്‌സോ വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള വഴി ഗ്രാമീണരോട് ചോദിച്ചതിന് പിന്നാലെയാണ് ആള്‍ക്കൂട്ടത്തിന്റെ അക്രമം. ഗോവയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരായ നീലോല്‍പ്പലും സുഹൃത്തും ബൊഹാഗ് ബിഹുവിനോട് അനുബന്ധിച്ച് നാട്ടിലെത്തിയതായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍ എന്ന് ആരോപിച്ചാണ് മര്‍ദ്ദനം തുടങ്ങിയത്. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ ആള്‍ക്കൂട്ടം നശിപ്പിച്ചു. ഇരുവരുടേയും മൊബൈല്‍ ഫോണുകളും നശിപ്പിച്ചു. വ്യാജ മൊബൈല്‍ സന്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു അക്രമം. പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വൈകിട്ട് 8.45-ഓടു കൂടിയാണ് തങ്ങള്‍ക്ക് വിവരം ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു. ഉടന്‍ തന്നെ സ്ഥലത്ത് എത്തിയെങ്കിലും ഒരാള്‍ അപ്പോഴേക്കും മരിച്ചിരുന്നു. മറ്റൊരാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരിച്ചു. അഭിജിത് നാഥ് മത്സ്യങ്ങളെയും മൃഗങ്ങളെയും ഇഷ്ടപ്പെടുന്നയാള്‍ എന്നാണ് അറിയപ്പെടുന്നത്. ഗുവാഹത്തിയില്‍ ബിസിനസ് ചെയ്യുന്ന നാഥും നീലോല്‍പ്പലും അപൂര്‍വയിനം മത്സ്യങ്ങളെ തേടിയാണ് ഗ്രാമത്തില്‍ എത്തിയത് എന്നാണ് സംശയിക്കുന്നത് എന്ന് പോലീസ് പറയുന്നു.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങള്‍ വ്യാപകം എന്ന രീതിയില്‍ നിരവധി വാര്‍ത്തകള്‍ വാട്സ്ആപ്പിലടക്കം പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച വൈകിട്ടും അസമിലെ സോണിത്പൂര്‍ ജില്ലയില്‍ സമാനമായ രീതിയില്‍ ഒരു യുവാവിനെ ജനങ്ങള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പോലീസ് തക്ക സമയത്ത് എത്തിയതുകൊണ്ട് മാത്രമാണ് അയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.

 

 

അന്യദേശക്കാരന്‍ എന്ന ശത്രു; ദിമാപ്പൂര്‍ കൊലയുടെ പാഠങ്ങള്‍

ദുരഭിമാന കൊലകളുടെയും ആള്‍ക്കൂട്ട നീതിയുടേയും പുതിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍

നമ്മുടെ മൗനങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ഇന്ത്യ ഇതാണ്

ആള്‍ക്കൂട്ടം തല്ലിക്കൊന്നവരും മൌനത്തിലൊളിച്ച ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളും

ചരിത്രം ആവര്‍ത്തിക്കുകയാണ്, അവര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിത്തുടങ്ങിയിരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍