UPDATES

ട്രെന്‍ഡിങ്ങ്

പശുവിറച്ചി വിറ്റെന്ന് ആരോപിച്ച് 68കാരന് ആൾക്കൂട്ട മർ‌ദനം; മുസ്ലീം വിശ്വാസിയായ വ്യാപാരിയെ പന്നിയിറച്ചി തീറ്റിക്കാനും ശ്രമം

മുട്ടുകുത്തി റോഡിലിരിക്കുന്ന അവശനായ വയോധികന് ചുറ്റിലും അക്രമികള്‍ കൂടി നിന്ന് അക്രോശിക്കുന്ന വീ‍ഡിയോ ആണ് പുറത്ത് വന്നത്.

ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് മുസ്ലീം വൃദ്ധന് നേരെ ആള്‍ക്കൂട്ട ആക്രമണം. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് പശു ഇറച്ചി വില്‍പ്പന നടത്തിയെന്നാരോപിച്ച് ഷൗക്കത്ത് അലി (68) എന്നയാളെ ക്രൂരമായി മർദിച്ചത്. ഇയാളെ പന്നിയിറച്ച് തീറ്റിക്കാൻ ശ്രമം നടന്നതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണണ് ഷൗക്കത്ത് അലിയെ ഒരു സംഘം നടുറോഡിൽ മർദനത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുട്ടുകുത്തി റോഡിലിരിക്കുന്ന അവശനായ വയോധികന് ചുറ്റിലും അക്രമികള്‍ കൂടി നിന്ന് അക്രോശിക്കുന്ന വീ‍ഡിയോ ആണ് പുറത്ത് വന്നത്.

നിങ്ങൾ ബംഗ്ലാദേശി ആണോയെന്നും ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരുണ്ടോയെന്ന് ചോദിച്ചും മർദനം തുടരുകയായിരുന്നു. പ്രചരിക്കുന്ന വീഡിയോയിലും ചോദ്യങ്ങൾ വ്യക്തമാണ്. ഇതിന് പുറമെ ഇറച്ചി വിൽപനയ്ക്കുള്ള അനുമതിയുണ്ടോ എന്നും അക്രമി സംഘം ആരായുന്നുണ്ട്. അതിനിടെ മർദനം ചൂണ്ടിക്കാട്ടി ഷൗക്കത്ത് അലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പന്നിയിറച്ചി കഴിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമം നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

അതേസമയം, മേഖലയില്‍ 35 വർഷത്തോളമായി ഭക്ഷണ ശാല നടത്തിവരുന്ന വ്യക്തിയാണ് ഷൗക്കത്ത് അലിയെന്നും എന്നാൽ ആഴ്ച ചന്തയിൽ ഇറച്ചി വിൽപന നടത്തിയതിനാണ് ആൾക്കൂട്ടം മർദിച്ചതെന്നുമാണ് പോലീസിന്റെ പ്രതികരണം. സംഭവത്തിൽ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചതായി അറിയിച്ച പോലീസ് ബന്ധുക്കൾ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതായും ബിശ്വനാഥ് എസ്.പി രാകേഷ് റോഷന്‍ പറയുന്നു. എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുരമായി പരിക്കേറ്റ ഷൗക്കത്ത് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍