UPDATES

ട്രെന്‍ഡിങ്ങ്

രേണുക ചൗധരിയുടെ ചിരി, മോദിയുടെ തമാശ; കോണ്‍ഗ്രസ് -ബിജെപി പുതിയ വിവാദം

മോദി രാജ്യസഭയില്‍ പ്രസംഗിക്കുന്നതിനിടയിലായിരുന്നു രേണുക ചൗധരിയുടെ വിവാദചിരി

രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി രേണുക ചൗധരിയുടെ ചിരിയെ പരിഹസിച്ച പ്രധാനമന്ത്രി മോദിയ്‌ക്കെതിരേ കോണ്‍ഗ്രസ്. ബിജെപിയുടെ പൊതുവെയുള്ള സ്ത്രീവിരുദ്ധതയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കാണാനാകുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. തനിക്കെതിരേ പ്രധാനമന്ത്രി നടത്തിയത് വ്യക്തിപരമായ പരാമര്‍ശമാണെന്നും ഇതില്‍ക്കൂടുതല്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാനാകില്ലെന്നും രേണുക ചൗധരി പറഞ്ഞു. ബിജെപി വനിതകള്‍ക്ക് എതിരാണെന്നു വ്യക്തമായതായും തന്റെ ചിരി വേദനിപ്പിച്ചെങ്കില്‍ അത് സത്യത്തിന്റെ ചിരിയായതുകൊണ്ടാണെന്നും രേണുക ചൗധരി പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തു വന്നു. താന്‍ സഭയില്‍ ഉണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി മോദിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് അവര്‍ അവിടെ നടത്തിയതെന്നും സ്മൃതി ഇറാനി പറഞ്ഞു. അവര്‍ക്ക് അത്തരം പരാമര്‍ശങ്ങള്‍ നടത്താം, എന്നാല്‍ അവയെ പരിഹാസപൂര്‍വം നേരിടുമ്പോള്‍ ലിംഗ അനീതിയെന്ന് പറയുന്നും; കേന്ദ്രമന്ത്രി പ്രതികരിച്ചു.

ഇന്നലെ രാജ്യസഭയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടയിലായിരുന്നു വിവാദ സംഭവം. മോദി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രേണുക ചൗധരി ഉറക്കെ ചിരിച്ചു. മോദി തന്റെ പ്രസംഗം തുടര്‍ന്നെങ്കിലും രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രേണുക ചൗധരിയെ ശാസിച്ചു. അച്ചടക്കമില്ലായ്മയും നിയന്ത്രണമില്ലാത്ത പെരുമാറ്റവും സഭയില്‍ അനുവദിക്കില്ലെന്നു പറഞ്ഞ അധ്യക്ഷന്‍ എംപിയെ രൂക്ഷമായ ഭാഷയില്‍ താക്കീതു ചെയ്തു. എന്നാല്‍ ഈ താക്കീതില്‍ രേണുക ചൗധരി തന്റെ ചിരി നിര്‍ത്തിയില്ല. തുടര്‍ന്നായിരുന്നു മോദിയുടെ പരിഹാസം. രേണുക ചൗധരി ചിരി തുടര്‍ന്നോട്ടെയെന്നും രാമായണം സീരിയലിനും ശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം ലഭിക്കുന്നത് ഇപ്പോഴാണെന്നുമായിരുന്നു മോദിയുടെ തിരിച്ചടി. ഈ വാക്കുകള്‍ ഭരണകക്ഷിയംഗങ്ങള്‍ ഡസ്‌കില്‍ ആടിച്ച് ആഘോഷിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍