UPDATES

ട്രെന്‍ഡിങ്ങ്

സിറിയയില്‍ കൊല്ലപ്പെട്ട ‘ഐഎസ് ഭീകരന്‍’ ഷമീര്‍, ഒരു കാലത്ത് വളപട്ടണത്തുകാരുടെ പ്രിയപ്പെട്ട ഷമീര്‍ക്കയായിരുന്നു

ദേശീയ രംഗത്തും അന്തര്‍ദേശീയ രംഗത്തും നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ മുസ്ലിം യുവാക്കളില്‍ ഒരു വിഭാഗത്തിനെങ്കിലും ‘തങ്ങള്‍ സുരക്ഷിതരല്ല’ എന്ന തോന്നല്‍ നല്‍കുന്നുണ്ട്

മരണപ്പെട്ടു കഴിഞ്ഞാല്‍ അയാളെ കുറിച്ചുള്ള ഏറ്റവും അവസാനത്തെ നിലപാടുകള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുക എന്നത് ഭീകര-തീവ്രവാദ മുദ്ര ചാര്‍ത്തപ്പെട്ടവരുടെ മാത്രം ദൗര്‍ഭാഗ്യമാണ്. അത്തരം ദൗര്‍ഭാഗ്യം തന്നെയാണ് ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ സിറിയയില്‍ വെച്ച് കൊല്ലപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്ഥിരീകരിച്ച, കണ്ണൂര്‍ പാപ്പിനിശ്ശേരി പഴഞ്ചിറ നിവാസിയായിരുന്ന ഷമീറിന്‍റെതും. ഏതാനും മാസം മുമ്പ് വരെ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട സാമൂഹിക പ്രവര്‍ത്തകനായിരുന്നു പലരും ഷമീര്‍ക്ക എന്ന് വിളിക്കുന്ന/ വിളിച്ചിരുന്ന ഷമീര്‍.

മറ്റു പലരോടൊപ്പം ഷമീര്‍ക്കയെ കേരളവും രാജ്യവും ചര്‍ച്ച ചെയ്യുമ്പോള്‍, എന്റെയും അദ്ദേഹത്തിന്റെയും നാടായ വളപട്ടണത്തുകാര്‍ക്ക് അറിയുന്ന ഒരു ഷമീറിനെ കുറിച്ച് എഴുതണമെന്ന് തോന്നുന്നു. അവസാന കാലത്തെ ഷമീര്‍ക്കയുടെ രാഷ്ട്രീയവും മതപരവുമായ നിലപാടുകളോടുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ, ഷമീര്‍ എന്ന ‘ഭീകരനെ’ കുറിച്ച് എനിക്കറിയുന്ന കാര്യങ്ങള്‍ സംസാരിക്കേണ്ടതുണ്ട്. ഒരു വ്യക്തിയെ കുറിച്ച് പറയുന്നതിന്, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതിന്, ആ വ്യക്തിയുടെ എല്ലാ നിലപാടുകളെയും ഉയര്‍ത്തിപ്പിടിക്കുന്നു എന്നര്‍ത്ഥമില്ല.

ലോകത്ത് എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്, ഞാന്‍ ഇഷ്ടപ്പെടുന്നത്, എനിക്ക് ജീവിച്ച് കൊതി തീരാതെ പോയത് ചെറുപ്പത്തിലെ എന്നെയും കുടുംബത്തെയും വിട്ടു പോയ എന്റെ ഉപ്പയാണ്. ഇന്നും എന്നെ ഏറെ ഉത്തേജിപ്പിക്കുന്നത് 12 വര്‍ഷം മാത്രം ഒന്നിച്ച് ജീവിച്ച ഉപ്പയുടെ ഓര്‍മ്മകളാണ്, വാക്കുകളാണ്. പക്ഷെ ‘ഖാദിരിയ ത്വരീക്കത്തി’ന്റെ അനുയായി ആയിരുന്ന, മുരീദായിരുന്ന, ഉപ്പയുടെ മാര്‍ഗമല്ല ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. അങ്ങനെ നമുക്ക് വളരെ വേണ്ടപ്പെട്ടവര്‍ നമുക്ക് യോജിക്കാന്‍ പറ്റാത്ത പല നിലപാടുകളും പുലര്‍ത്തുന്നുണ്ടാവും. അതിനര്‍ത്ഥം അവരുടെ ജീവിതത്തിലെ മറ്റു വശങ്ങളും അവരുടെ പൂര്‍വ്വകാലവും പൂര്‍ണ്ണമായും റദ്ദ് ചെയ്യണം എന്നല്ലല്ലോ.

മിഡില്‍ ഈസ്റ്റില്‍ ഐ.എസ് എന്ന ഭീകരസംഘം ഉയര്‍ന്നു വരുന്നതിനും എത്രയോ വര്‍ഷം മുമ്പ് ഷമീര്‍ക്ക ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിശബ്ദനായി അപ്രത്യക്ഷനാകുന്നതിനു മുമ്പ് അദ്ദേഹത്തിന് സമ്പന്നമായ ഒരു സാമൂഹിക ഇടപെടലിന്റെ ഭൂതകാലമുണ്ട്. കുറച്ചു മാസം മുമ്പ് വരെ നാട്ടുകാരുടെ ഇടയില്‍, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ട് ജീവിച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്നു ഷമീര്‍. വളപട്ടണം, പാപ്പിനിശ്ശേരി മേഖലയിലെ നിരവധി പേര്‍ക്ക് ഷമീര്‍ക്കയെ അടുത്ത പരിചയം ഉണ്ട്. ഷമീര്‍ക്ക പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല അവര്‍. ഷമീര്‍ക്കയുടെ പരിചിതവലയം ഏതെങ്കിലും സംഘടനയുടെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയതായിരുന്നില്ല. നര്‍ധന കുടുംബങ്ങളെ സഹായിക്കുന്നതില്‍ കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള മിടുക്കരായ വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങളില്‍ അങ്ങനെ അങ്ങനെ ഒരു നാട്ടിലെ സാധാരണ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെടുന്ന എല്ലാ കാര്യങ്ങളില്‍ മറ്റാരേക്കാളും മുന്നിലായിരുന്നു ഷമീര്‍ക്ക.

ഐ എസ് ബന്ധം; ‘ബിരിയാണി ഹംസ’മാരില്‍ നിന്നും ഈ യുവാക്കളെ രക്ഷിക്കേണ്ടതുണ്ട്

സംഘടനാ വ്യത്യാസമില്ലാതെ അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ് ലീഗ് ജമാഅത്ത് എന്നീ സംഘടനകളുടെ നേതാക്കളുമായും പ്രവര്‍ത്തകരുമായും നല്ല ബന്ധം പുലര്‍ത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരിക്കുമ്പോള്‍ തന്നെ, തനിക്ക് തെറ്റെന്നു തോന്നിയ സംഘടനയുടെ പല നയങ്ങളെയും നിലപാടുകളെയും വിമര്‍ശിച്ചു. അപ്പോഴും ഷമീര്‍ക്ക എന്ന ആത്മാര്‍ഥതയുള്ള, മനുഷ്യത്വമുള്ള, നിസ്വാര്‍ത്ഥനായ സാമൂഹിക പ്രവര്‍ത്തകനെ എല്ലാവരും ഇഷ്ടപ്പെട്ടു. അവരില്‍ പലരും തങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം വന്നാല്‍ ആദ്യം വിളിക്കുക ഷമീര്‍ക്കയെ ആയിരുന്നു. സിറിയയിലും ഇറാക്കിലും ഉയര്‍ന്നു വന്ന പുതിയ ‘ഇസ്ലാമിക രാജ്യത്തെ’ കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ അര്‍ദ്ധ സത്യങ്ങളാണ് എന്നായിരുന്നു ഷമീര്‍ക്കയുടെ വാദം. ഇന്ത്യയില്‍ വഷളായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്ഥിതിയിലും മുസ്ലിംകളടക്കമുള്ള ജനവിഭാഗങ്ങളെ ലക്ഷ്യം വെക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഭീകരമായ വളര്‍ച്ചയിലും സ്വാധീനത്തിലും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു.

ഷമീര്‍ക്ക തിരഞ്ഞെടുത്ത രാഷ്ട്രീയം വിചിത്രമാണ്. പക്ഷെ അപൂര്‍വമല്ല. നിരപരാധികളായ ഫലസ്തീനികളെയും റോഹിങ്ക്യകളേയും കൂട്ടക്കൊല ചെയ്യുന്ന ഇസ്രയേലിന്റെയോ മ്യാന്‍മറിന്റേയോ സൈന്യത്തിലോ ഇറാക്ക്, അഫ്ഗാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ അധിനിവേശത്തില്‍ ഏര്‍പ്പെട്ട അമേരിക്കന്‍ സൈന്യത്തിലോ ചേരുന്നതിനു സമാനമായ തെറ്റാണ് ഷമീര്‍ക്ക ചെയ്തതെന്നാണ് ഞാന്‍ കരുതുന്നത്. ഒരര്‍ത്ഥത്തില്‍, മിഡില്‍ ഈസ്റ്റില്‍ തങ്ങളുടെ താല്‍പ്പര്യ സംരക്ഷണത്തിന് അമേരിക്കയും സഖ്യ രാജ്യങ്ങളും നടത്തുന്ന അധിനിവേശം ഇല്ലായിരുന്നെങ്കില്‍ ഷമീര്‍ക്ക എന്ന ‘ഭീകരവാദി’യും ഉണ്ടാവുമായിരുന്നില്ല. ദുബായ് പോലെയും ദോഹ പോലെയും ഉണ്ടായിരുന്ന ദാമാസ്‌ക്കസിനെയും ബാഗ്ദാദിനെയും സമീപ പ്രദേശങ്ങളെയും ഐ.എസ് പോലുള്ള വിചിത്ര സംഘങ്ങളുടെ കയ്യില്‍ എത്തിച്ചത് ആരാണ്? അക്രമത്തിന്റെയും ഹിംസയുടെയും മാര്‍ഗ്ഗം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ഉള്‍ക്കൊള്ളലിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും പ്രത്യശാസ്ത്രമാണത്. എന്നിട്ടും മുസ്ലിം യുവാക്കളില്‍ ഒരു ചെറിയ ന്യൂനപക്ഷമെങ്കിലും വഴി തെറ്റി പോകുന്നെങ്കില്‍ അത് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്.

റാഖ ഇപ്പോഴും ശാന്തമായി ഉറങ്ങുന്നില്ല

ദേശീയ രംഗത്തും അന്തര്‍ദേശീയ രംഗത്തും നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ മുസ്ലിം യുവാക്കളില്‍ ഒരു വിഭാഗത്തിനെങ്കിലും ‘തങ്ങള്‍ സുരക്ഷിതരല്ല’ എന്ന തോന്നല്‍ നല്‍കുന്നുണ്ട്. അതിന്റെ കാരണങ്ങളില്‍ പലതും ന്യായമാണ് താനും. എന്നാല്‍ ആ ആശങ്കയെ മറികടക്കേണ്ടത് ആവേശത്തോടെയുള്ള ‘ഹിജറ’യിലൂടെയോ നാട്ടില്‍ ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടോ അല്ല എന്ന് അവരോട് പറയേണ്ടതുണ്ട്. ഔദ്യോഗിക അന്വേഷണ എജന്‍സികളെക്കാള്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ കഴിയുക സമുദായത്തിനകത്തെ സംഘടനകള്‍ക്കാണെന്ന് വിശ്വസിക്കുന്നവര്‍ സമുദായത്തിനകത്തുണ്ട്. അതിനായി സമുദായ സംഘടനകള്‍ കുറച്ചു കൂടി ആത്മാര്‍ഥതയും ഗൌരവവും കാണിക്കേണ്ടതുണ്ട്. ഒന്നിക്കാവുന്ന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിച്ച് ആ യുവാക്കളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കുകയും അവരുടെ ആത്മവിശ്വാസം ആര്‍ജിക്കുകയും അവരില്‍ നമ്മുടെ സമൂഹത്തെയും ചുറ്റുപാടിനെയും കുറിച്ച് പ്രതീക്ഷ നിറക്കുകയും ചെയ്താല്‍ മാത്രമേ ഇനി ഒരു ഷമീര്‍ ഉണ്ടാവാതിരിക്കൂ..

ഐ.എസിനെ എതിര്‍ക്കുന്ന യുവാക്കളെല്ലാം തന്നെ ഇന്നത്തെ ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നവരല്ല. അവര്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരാണ്. പക്ഷെ, രാജ്യത്തു നടക്കുന്ന സംഭവ വികാസങ്ങളില്‍ അവര്‍ക്ക് ന്യായമായ ആശങ്കകളുണ്ട്. അവ പരിഹരിക്കാന്‍ സമുദായത്തിനകത്തും പുറത്തും കൂട്ടായ, ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാവണം. നിലവിലുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണം. ഷമീര്‍ക്കയെ പോലുള്ള ഒരു സാമൂഹിക പ്രവര്‍ത്തകന്റെ നഷ്ടം ഒരു കുടുംബത്തിനല്ല, ആ നാടിനു മുഴുവനുമാണ്. ഇനി ഒരു ഷമീര്‍ക്കയെ വളപട്ടണത്തിനും കേരളത്തിനും നഷ്ടമാകരുത്.

ഐ എസ് ജിഹാദ് വീട്ടുമുറ്റത്തെത്തുമ്പോള്‍; അടുത്ത തലമുറയുടെ ബിന്‍ ലാദന്‍ ഇവരില്‍ നിന്നാകുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

മുഹമ്മദ് സാബിത്

മാധ്യമം ദിനപത്രം സബ് എഡിറ്റര്‍, കാലിക്കറ്റ് സര്‍വകലാശാല മാധ്യമ പഠനവിഭാഗത്തില്‍ ഗവേഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍