UPDATES

സിനിമ

കാത്തിരുന്ന ആ പ്രതികരണം എത്തി; അരുതേ…ഞങ്ങളെ മാഫിയാക്കാരും സ്ത്രീവിരുദ്ധരുമാക്കരുതേ…

കിരാതമായ ആ ആക്രമണത്തെ കുറിച്ച് അറിഞ്ഞ നിമിഷത്തില്‍ തന്നെ ആ വേദന ഏറ്റുവാങ്ങി നടക്കുന്നവരാണത്രേ സകല സിനിമാക്കാരും!

കേരളം കാത്തിരുന്ന ആ പ്രതികരണം എത്തി. എഎംഎംഎയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ തന്റെ സംഘടനയ്‌ക്കെതിരേ നടക്കുന്ന ചളിവാരിയെറിയലിനെതിരേ പ്രതികരിച്ചിരിക്കുന്നു. അര്‍ഹിക്കുന്നതിലും(!) ഏറെയായി മാധ്യമങ്ങളില്‍ നിന്നും കേള്‍ക്കേണ്ടി വരുന്നതിന്റെ വേദന സഹിക്കാതെയായതുകൊണ്ടാണ്, നാട്ടില്‍ വന്നിട്ട് പ്രതികരിക്കാമെന്ന നിലപാട് മാറ്റി അങ്ങ് ശീമയില്‍ നിന്നു തന്നെ മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നത്.

തന്നെയുള്‍പ്പടെ സംഘടനയെ വിമര്‍ശിക്കുന്നവരെയെല്ലാം വളരെ വൈകാരികമായി ഒരു കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന്‍ തന്റെ പ്രതികരണം തുടങ്ങുന്നത്. ‘അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് ഇക്കാലമത്രയും ആ സംഘടന നിലനിന്നതും നില്‍ക്കുന്നതെന്നുമുള്ള ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ടെന്നാണ് അദ്ദേഹം വികാരം കൊള്ളുന്നത്. തുടര്‍ന്നദ്ദേഹം ജനാധിപത്യ മര്യാദ എന്താണെന്നാണ് വിമര്‍ശകരെ പഠിപ്പിക്കുന്നു. ദിലീപിനെ തിരിച്ചെടുത്തത് പ്രാഥമികമായൊരു ജനാധിപത്യ മര്യാദ ആണെന്നു പോലും തിരിച്ചറിയാതെ കൂവി വിളിക്കുന്നവര്‍ക്ക് ജനാധിപത്യത്തെ കുറിച്ച് ഒരു ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്; 2018 ജൂണ്‍ 26 ന് ചേര്‍ന്ന അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ ശബ്ദങ്ങളില്ലാതെ ഉയര്‍ന്നുവന്ന പൊതുവികാരമാണ് ദിലീപിനെതിരേ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൊണ്ടത്” അല്ലാതെ അതിലൊട്ടും സ്വാര്‍ത്ഥതയോ നിക്ഷിപ്ത താതപര്യങ്ങളോ ഇല്ലായിരുന്നുവെന്നാണ് അദ്ദേഹം വിമര്‍ശകരോട് ആണയിടുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് കിട്ടാതിരുന്ന, അവള്‍ക്കൊപ്പം നിന്നവര്‍ക്കും കിട്ടാതിരുന്ന ജനാധിപത്യ മര്യാദ ആ നടന്റെ കാര്യത്തില്‍ കാണിച്ചതിനെ നിക്ഷിപ്ത താതപര്യം എന്നല്ലാതെ മറ്റെന്താണ് ശ്രീ മോഹന്‍ലാല്‍ വിളിക്കേണ്ടത്? കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസില്‍ കുറ്റാരോപിതനായി പേരുള്ള ആ നടനെ അമ്മപോലുള്ള(ആ വാക്കിന്റെ പൊരുള്‍ അറിയുന്നവനല്ലോ അങ്ങ്) സംഘടനയിലേക്ക് തിരികെ എടുക്കുമ്പോള്‍, അത് ക്രൂരമായി അക്രമിക്കപ്പെട്ട, ഒരു പെണ്‍കുട്ടിയോട്(നിങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ള) കാണിക്കുന്ന മര്യാദകേടാണ് എന്ന് അങ്ങേയ്ക്ക് തോന്നാതിരുന്നത് എന്തുകൊണ്ടാണ്? ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഒരുപോലെ നില്‍ക്കുന്നത്, ഞങ്ങള്‍ മനസിലാക്കിയ ജനാധിപത്യമല്ല.

മാധ്യമങ്ങള്‍ എത്ര പറഞ്ഞാലും ഞങ്ങള്‍ അവള്‍ക്കൊപ്പം അല്ല എന്ന് സമ്മതിച്ചു തരില്ലെന്നു തന്നെയാണ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നത്. കിരാതമായ ആ ആക്രമണത്തെ കുറിച്ച് അറിഞ്ഞ നിമിഷത്തില്‍ തന്നെ ആ വേദന ഏറ്റുവാങ്ങി നടക്കുന്നവരാണത്രേ സകല സിനിമാക്കാരും! അന്നുതൊട്ട് ഇന്നോളം ഞങ്ങള്‍ അവള്‍ക്കൊപ്പം തന്നെയുണ്ടായിരിക്കുമെന്നും മോഹന്‍ലാല്‍ കൈയിലടിച്ച് സത്യമിടുന്നതുപോലെ പറയുന്നുണ്ട്. ആ പെണ്‍കുട്ടിക്ക്, തനിക്ക് അമ്മയില്‍ നിന്നും നീതി കിട്ടിയില്ലെന്ന് പറയേണ്ടി വന്നതും ഒടുവില്‍ ആ സംഘടനയില്‍ നിന്നു രാജിവച്ച് പോകേണ്ടി വന്നതും നിങ്ങളെല്ലാവരും കൂടെ ഉണ്ടായിട്ടായിരുന്നോ? ആരൊക്കെയായിരുന്നു ആത്മാര്‍ത്ഥമായി അവളുടെ കൂടെ ഉള്ളതെന്ന് ഇന്നിപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടും വീണ്ടും വീണ്ടും നിങ്ങള്‍ എന്തിനാണിങ്ങനെ നുണകള്‍ ആവര്‍ത്തിക്കുന്നതെന്ന് മനസിലാകുന്നില്ല.

ബസിലും ട്രെയിനിലുമൊക്കെ ‘സഹായിക്കണം’ എന്നക്ഷേപിച്ച് ഒരു കാര്‍ഡും കൊണ്ട് വരുന്ന ചിലരുണ്ട്. ആ കാര്‍ഡുകളിലെ ഉള്ളടക്കം ഏകദേശം എല്ലായിടത്തും ഒന്നു തന്നെയായിരിക്കും. ഏതാണ്ട് അതുപോലെയാണ് എഎംഎംഎയെ കുറിച്ച് ഗദ്ഗദകണ്ഠനെന്നപോലെ മോഹന്‍ലാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ തോന്നുന്നത്. സാമ്പത്തിക സഹായം ചെയ്യല്‍, വീടു കെട്ടികൊടുക്കല്‍, മരുന്ന് വാങ്ങിക്കൊടുക്കല്‍…അങ്ങനെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു പറുദീസയാണ് അമ്മ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചെയ്യുന്ന കാര്യങ്ങളൊക്കെ എല്ലാവരോടും വിളിച്ചു പറഞ്ഞു കൈയടി വാങ്ങിക്കാന്‍ ഒട്ടു താത്പര്യമില്ലാത്തതുകൊണ്ട് മാത്രം ഇതൊന്നും ആരോടും പറയാറില്ലെന്നു മാത്രം. സംഘടന ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊക്കെ ഞങ്ങള്‍ക്കെല്ലാം മതിപ്പ് മാത്രമെയുള്ളൂ. ഒരാളും തന്നെ അതിനെയൊന്നും കുറ്റം പറഞ്ഞിട്ടുമില്ല. ഇവിടെ പ്രശ്‌നം എഎംഎംഎ ആര്‍ക്കെങ്കിലും ദാനം കൊടുക്കാത്തതോ ദീനം മാറ്റാന്‍ മരുന്നു കൊടുക്കാത്തതോ അല്ല. ഇത്രയൊക്കെ സഹാനുഭൂതി സഹപ്രവര്‍ത്തകരായവരോട് കാട്ടുന്ന സംഘടന അതില്‍പ്പെട്ട ഒരു പെണ്‍കുട്ടിയോട് അവള്‍ അര്‍ഹിക്കുന്ന നീതി കാട്ടിയോ എന്നാണ്? അതിനാണ് ഉത്തരം പറയേണ്ടത്. ചോദ്യം ചോദിക്കുമ്പോള്‍ കരഞ്ഞു കാണിച്ചതുകൊണ്ടായില്ല.

ഒരു പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗികാക്രമണത്തിന് വിധേയാക്കിയെന്ന കേസിലാണ് നടന്‍ ദീലീപിനെതിരേ പൊലീസ് കേസ് എടുത്തിരിക്കുന്നത്. അങ്ങനെയുള്ളൊരാളെ ആ കേസിന്റെ കോടതി വിധി വരുന്നതിനു മുന്നേ സംഘടനയിലേക്ക് തിരിച്ചെടുക്കുമ്പോള്‍ അത് സ്ത്രീ വിരുദ്ധവും മാഫിയ പ്രവര്‍ത്തനവുമെന്നൊക്കെ പൊതുധാരണയുണ്ടാകുന്നത് സ്വാഭാവികം. അല്ലാതെ നിങ്ങളെ പോലുള്ള താരരാജാക്കന്മാരെ ഇല്ലാതാക്കാന്‍ വേണ്ടി നടത്തുന്ന മനുഷ്യരഹിതമായ പ്രവര്‍ത്തികളായിട്ടു കാണേണ്ടതില്ല.

വിമര്‍ശനങ്ങള്‍ പരിശോധിക്കാനും എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കാനും എടുത്തിരിക്കുന്ന തീരുമാനം എന്തായാലും ജനാധിപത്യ മര്യാദ തന്നെയാണ്. ഞങ്ങളെ ഇങ്ങനെ വിമര്‍ശിക്കരുതേ എന്നു പറയുമ്പോഴും ഈ വിമര്‍ശനങ്ങളൊന്നും ഇല്ലായിരുന്നെങ്കില്‍ ഈയൊരു മര്യാദപോലും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം.

മിസ്റ്റര്‍ മോഹന്‍ലാല്‍, താങ്കള്‍ കേവലം എഎംഎംഎ എന്ന സംഘടനയില്‍ മാത്രം ഒതുങ്ങുന്ന ഒരാളല്ല, ഈ പൊതുസമൂഹമാണ് താങ്കളെന്ന താരത്തിന്റെ നിര്‍മിതിയില്‍ പ്രധാന പങ്ക് വഹിച്ചത്, താങ്കളെ നിലനിര്‍ത്തുന്നതും. എന്നാല്‍ ആ സമൂഹത്തെ പുറത്തുള്ളവരെന്നു വിളിച്ച് അവഗണിക്കുമ്പോഴും ഞങ്ങള്‍ നിങ്ങളെ വിമര്‍ശിക്കുന്നത് താങ്കളുടെ സ്ഥാനത്തിനു ചേരാത്ത പ്രവര്‍ത്തികള്‍ നടത്തുമ്പോഴാണ്. ജനാധിപത്യ മര്യാദയെക്കുറിച്ച് വാചാലനാകുന്ന ഒരാള്‍ക്ക് വിമര്‍ശനങ്ങളോട് അസഹിഷ്ണുത പാടില്ല. വിമര്‍ശനങ്ങളും ചൂണ്ടിക്കാണിക്കലും തിരുത്തല്‍ നിര്‍ദേശങ്ങളും അഴുക്കു വാരിയെറിയലുകളായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍, അത് നിങ്ങള്‍ക്ക് ഇല്ലാതെ പോകുന്ന ജനാധിപത്യ മര്യാദമൂലമാണ്. ഒരു സംഘടനയ്ക്കുള്ളില്‍ അല്ല നിങ്ങളുടെ സ്ഥാനം, അത് ഈ സമൂഹത്തിനുള്ളിലാണ്. അത് മറക്കാതിരിക്കുക..ആ സംഘടന തകര്‍ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ഉദ്ദേശമില്ല, എന്നാല്‍ ആ പെണ്‍കുട്ടിക്ക് നീതി വാങ്ങി നല്‍കണമെന്നത് ഇളക്കമില്ലാത്ത ഉദ്ദേശം തന്നെയാണ്. അതുകൊണ്ട് സ്വയം തിരുത്തുക…മോഹന്‍ലാല്‍ എന്ന നടനോടുള്ള ഇഷ്ടം ഞങ്ങള്‍ തുടരാം…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍