UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയ്യപ്പ ജ്യോതി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം: പ്രതീക്ഷിച്ചതിനപ്പുറം പങ്കാളിത്തമുണ്ടാകുമെന്ന് ബിജെപി

അഞ്ചു മണിയോടെ ആരംഭിക്കുന്ന ഉദ്ഘാടനപ്രസംഗത്തിനു ശേഷം എള്ളുതിരി കത്തിച്ച് പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതിയില്‍ അണിചേരുന്നതായാണ് തീരുമാനം

ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന അയ്യപ്പ ജ്യോതിയില്‍ മലബാര്‍ മേഖലയില്‍ നിന്നും ആറു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍. ബി.ജെ.പി, ആര്‍.എസ്.എസ് എന്നീ സംഘടനകള്‍ക്കൊപ്പം വിവിധ സമുദായ സംഘടനകളും വിശ്വാസി സമൂഹവും അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത് തിരിതെളിയിക്കുമെന്ന് ജില്ലാ സംഘാടക സമിതി പ്രതിനിധികള്‍ പറയുന്നു. എന്‍.എസ്.എസ്, വിശ്വകര്‍മസഭ, ബി.ഡി.ജെ.എസ് തുടങ്ങിയവര്‍ക്കൊപ്പം എസ്.എന്‍.ഡി.പി യൂണിറ്റുകളും പലയിടത്തും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നുണ്ട്.

ഒരു മീറ്റര്‍ ദൂരത്തില്‍ ഒരാള്‍ എന്ന കണക്കിലാണ് അയ്യപ്പജ്യോതിയില്‍ വിശ്വാസികള്‍ അണിചേരുക എന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ പറയുന്നു. അഞ്ചു മണിയോടെ ആരംഭിക്കുന്ന ഉദ്ഘാടനപ്രസംഗത്തിനു ശേഷം എള്ളുതിരി കത്തിച്ച് പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതിയില്‍ അണിചേരുന്നതായാണ് തീരുമാനം. കോഴിക്കോട് ജില്ലയില്‍ ഏകദേശം 79 കിലോമീറ്റര്‍ നീളത്തില്‍ രണ്ടു ലക്ഷത്തോളം പേരാണ് അണിനിരക്കുക. 16 പ്രധാന ഉദ്ഘാടന പരിപാടികള്‍ കോഴിക്കോട് ജില്ലയില്‍ മാത്രം നടക്കും. മുതലക്കുളത്ത് നടക്കുന്ന പ്രധാന പരിപാടിയെക്കൂടാതെ മറ്റിടങ്ങളിലും സമുദായ നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങുകളുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും, കണക്കൂട്ടലുകള്‍ക്കപ്പുറത്തേക്കുള്ള പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായുമാണ് പ്രവര്‍ത്തകരുടെ പ്രതികരണം.

കണ്ണൂര്‍ ജില്ലയിലും രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുന്നതായാണ് കണക്കുകളെന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ‘അയ്യപ്പവിശ്വാസികള്‍ മാത്രമല്ല, ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധമുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ അയ്യപ്പജ്യോതിയില്‍ ചേരുന്നുണ്ട്. കണ്ണൂര്‍ പോലൊരു ജില്ലയില്‍ പരിപാടിയോട് പരസ്യ പിന്തുണ പ്രഖ്യാപിക്കാന്‍ വിശ്വാസികള്‍ക്ക് പല തരത്തിലുള്ള തടസ്സങ്ങളുമുണ്ടാകാം. പുറമേ എതിര്‍പ്പു പ്രകടിപ്പിച്ചാലും മനസ്സുകൊണ്ട് പിന്തുണയ്ക്കുന്നവരാണ് പലരും. അവരുടെയെല്ലാം വീട്ടുകാരും കുടുംബാംഗങ്ങളും പരിപാടിയിലെത്തും. എന്‍.എസ്.എസ് പരസ്യമായും, ചില സമുദായ സംഘടനകള്‍ അല്ലാതെയും പിന്തുണയ്ക്കുന്നുണ്ട്’ ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റും അയ്യപ്പജ്യോതി സംഘാടകനുമായ സത്യപ്രകാശ് പറയുന്നു.

നാമജപസമ്മേളനങ്ങള്‍ക്കും ശബരിമലയുമായി ബന്ധപ്പെട്ടു നടത്തിയ മറ്റു പരിപാടികള്‍ക്കും വലിയ പങ്കാളിത്തമുണ്ടായിരുന്നെന്നും അയ്യപ്പജ്യോതിയില്‍ അതാവര്‍ത്തിക്കുമെന്നുമാണ് പ്രവര്‍ത്തകരുടെ അവകാശവാദം. വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നിന്നുള്ളവര്‍ കണ്ണൂര്‍ എടക്കാടും കല്‍പറ്റ, ബത്തേരി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട്ടുമാണ് ചേരുക. പ്രാതിനിധ്യമറിയിക്കുക എന്ന ലക്ഷ്യത്തോടെ ആയിരത്തോളം പേര്‍ മാത്രമാണ് വയനാട് ജില്ലയില്‍ നിന്നും എത്തിച്ചേരുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലപ്പുറത്തും കാസര്‍കോട്ടും ഒരു ലക്ഷം വീതം പേര്‍ പങ്കെടുക്കുമെന്നാണ് അയ്യപ്പ കര്‍മസമിതി അവകാശപ്പെടുന്നത്. കാസര്‍കോട്ടെ വിവിധ സമുദായ സംഘടനകളും പിന്തുണയറിയിച്ചിട്ടുണ്ട്. പലയിടങ്ങളിലും ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്കൊപ്പം എസ്.എന്‍.ഡി.പി യോഗവും അയ്യപ്പജ്യോതിയുടെ സംഘാടക സമിതിയിലടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. മിക്ക ജില്ലകളിലും പരോക്ഷമായാണ് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പിന്തുണയ്ക്കുന്നതെങ്കിലും, കോഴിക്കോട് ജില്ലയില്‍ എസ്.എന്‍.ഡി.പി നേതാക്കള്‍ സജീവ പങ്കാളികളാണ്. എസ്.എന്‍.ഡി.പിയുടെ വെസ്റ്റ്ഹില്‍ യൂണിയന്‍ സെക്രട്ടറി സുധീഷാണ് പാവങ്ങാട്ട് അയ്യപ്പജ്യോതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. വെസ്റ്റ്ഹില്‍ യൂണിറ്റിലെ അംഗങ്ങള്‍ കോഴിക്കോട് ജില്ലയിലെ അയ്യപ്പജ്യോതിയുടെ പ്രധാന പ്രവര്‍ത്തകരാണ്.

സംസ്ഥാനമൊട്ടാകെ എസ്.എന്‍.ഡി.പി. യോഗം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും, അതില്‍ പ്രത്യേകതയൊന്നും കാണേണ്ടതില്ലെന്നും സുധീഷ് പറയുന്നു. ‘എസ്.എന്‍.ഡി.പി. യോഗം ഭക്തര്‍ക്കൊപ്പമാണ്. അത് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുള്ള കാര്യവുമാണ്. കേരളത്തില്‍ മുഴുവന്‍ ഞങ്ങളുടെയാളുകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ പ്രത്യേകതയൊന്നും കാണേണ്ട കാര്യമില്ല.’ ഈഴവ സഭ, യോഗക്ഷേമസഭ, പത്മശാലിയ സംഘം, വൈശ്യ-വണിക സംഘം എന്നിവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍.എസ്.എസ് അംഗങ്ങള്‍ക്ക് പങ്കെടുക്കാനുള്ള ഔദ്യോഗിക നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും, എങ്കിലും വിശ്വാസികളെന്ന നിലയില്‍ എന്‍.എസ്.എസ് പ്രവര്‍ത്തകരും സാന്നിദ്ധ്യമറിയിക്കുമെന്ന് താലൂക്ക് സെക്രട്ടറിമാര്‍ അറിയിച്ചു. പലയിടങ്ങളിലും സംഘാടക സമിതി അംഗങ്ങളാണ് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍.

കോഴിക്കോട്ടും മലപ്പുറത്തും അയ്യപ്പജ്യോതിയില്‍ അഹമ്മദിയ്യ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളും പിന്തുണയറിയിച്ച് പങ്കെടുക്കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റുമാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അഹമ്മദിയ്യ മുസ്ലിം നേതൃത്വം സ്ഥിരീകരണം നല്‍കിയിട്ടില്ല. കേരളമടക്കം ആറു സംസ്ഥാനങ്ങളിലായി മൂവായിരത്തിലധികം പൊതു പരിപാടികളാണ് അയ്യപ്പജ്യോതിയുമായി ബന്ധപ്പെട്ട നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍