UPDATES

ട്രെന്‍ഡിങ്ങ്

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കി പത്തനംതിട്ടയിലെ സ്വാശ്രയ ലോ കോളേജ്

പോലീസിന്റെ നിര്‍ദ്ദേശപ്രകാരമെന്ന് നോട്ടീസില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരമൊരു നിര്‍ദ്ദേശത്തെക്കുറിച്ച് അറിയില്ലെന്നാണ് പോലീസ് പറയുന്നത്‌

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുചക്ര വാഹനങ്ങളില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നത് വിലക്കി പത്തനംതിട്ട കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളേജ്. കോളേജ് നോട്ടീസ് ബോര്‍ഡില്‍ പതിച്ച പ്രിന്‍സിപ്പലിന്റെ ഉത്തരവിലാണ് നിര്‍ദ്ദേശമുള്ളത്. പോലീസ് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഇത്തരമൊരു ഉത്തരവെന്നാണ് നോട്ടീസില്‍ പറയുന്നത്. ഡൂള്‍ ന്യൂസ് ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍ തങ്ങള്‍ അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പത്തനംതിട്ട പോലീസ് പറയുന്നു. ‘പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കോളേജിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ആയതിനാല്‍ പെണ്‍കുട്ടികള്‍ ഈ ശീലം ഉപേക്ഷിക്കണം’. എന്നാണ് നോട്ടീസില്‍ പറയുന്നത്.

പതിവായി കോളേജ് ബസില്‍ പോയി വരുന്ന ചില വിദ്യാര്‍ത്ഥികളും ഇടയ്ക്കിടെ ബൈക്കില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇവര്‍ രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം സമര്‍പ്പിക്കണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ രക്ഷിതാക്കളുടെ നമ്പര്‍ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നിലിരിക്കുന്നവരുടെ സുരക്ഷയെ കരുതി ഈമാസം 11ന് പോലീസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പോള്‍ ഗോമസ് നല്‍കുന്ന വിശദീകരണം.

എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പത്തനംതിട്ട ഡിവൈഎസ്പി കെ എ വിദ്യാധരന്‍ പറഞ്ഞതായും ഡൂള്‍ ന്യൂസിന്റെ വാര്‍ത്തയില്‍ പറയുന്നു. ഇത്തരമൊരു നോട്ടീസിനെ കുറിച്ച് അറിയില്ലെന്ന് കോളേജ് ഡയറക്ടര്‍(അഡ്മിനിസ്‌ട്രേഷന്‍) കെകെ ജോസ് പറഞ്ഞതായും വാര്‍ത്ത ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍