UPDATES

ട്രെന്‍ഡിങ്ങ്

വാക്‌സിന്‍ വിരുദ്ധത മതതീവ്രവാദമാക്കി കെ സുരേന്ദ്രന്റെ; കുഞ്ഞുങ്ങളുടെ പേരിലും വര്‍ഗീയ മുതലെടുപ്പ് നടത്തരുതെന്ന് സോഷ്യല്‍ മീഡിയ

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികളില്‍ നിന്നെങ്കിലും വര്‍ഗീയ മുതലെടുപ്പ് ഒഴിവാക്കണമെന്ന് സുരേന്ദ്രനോട് അഭ്യര്‍ത്ഥന

എം ആര്‍ വാക്‌സിനേഷന്‍ കാമ്പയിനെതിരേയുള്ള ചില ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനം ശക്തമായി നേരിടാന്‍ പൊതുസമൂഹവും സര്‍ക്കാരും ജാഗ്രതയോടെ നീങ്ങുമ്പോള്‍ സാഹചര്യങ്ങള്‍ക്ക് തെറ്റായരീതിയില്‍ വ്യാഖ്യാനം നല്‍കി വര്‍ഗീയപ്രചരണം നടത്താന്‍ ബിജെപി ശ്രമിക്കുന്നതായി വിമര്‍ശനം. എം ആര്‍ വാക്‌സിനേഷന്‍ കാമ്പയിന്റെ ഭാഗമായി തിരൂര്‍ ജിഎം യുപി സ്‌കൂളില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് തടയാന്‍ എത്തിയവര്‍ക്ക് മുന്നില്‍ കൂപ്പുകൈയോടെ അപേക്ഷിക്കുന്ന മലപ്പുറം ജില്ല ആശുപത്രിയിലെ ഡോക്ടര്‍ കെ പ്രശാന്തിന്റെ ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതേ ചിത്രം ഉപയോഗിച്ചാണ് കേരളത്തില്‍ മതതീവ്രവാദം ഉണ്ടെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തന്റ ഫെയ്‌സ്ബുക്ക് പേജില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സുരേന്ദ്രന്‍ പരോക്ഷമായി കേരളത്തില്‍ ബിജെപി നിരന്തരമായി ആരോപിക്കുന്ന മതതീവ്രവാദത്തിന്റെ സാധൂകരണത്തിനാണ് ശ്രമിക്കുന്നത്. ഈ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ അത് വ്യക്തമാണ്. ‘കേരളത്തില്‍ മത തീവ്രവാദമുണ്ടെന്ന് തെളിയിക്കാന്‍ കോടിയേരിയുടെ വെല്ലുവിളി. മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇതെല്ലാം എന്നതുമാത്രമാണ് ഒരാശ്വാസം’ എന്നാണ് പരിഹാസരൂപേണയുള്ള ഒരു പരോക്ഷ മതതീവ്രവാദസ്ഥിരീകരണത്തിന് സുരേന്ദ്രന്‍ തയ്യാറായിരിക്കുന്നത്.

അതേസമയം സുരേന്ദ്രന്റെ നടപടി വര്‍ഗീയമുതലെടുപ്പാണെന്നും ഇങ്ങനെയൊരു സാഹചര്യത്തെ താത്പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ കാര്യത്തില്‍ സുരേന്ദ്രന്റെ നടപടിയെ എതിര്‍ത്തുകൊണ്ട് ഡോക്ടര്‍ ജിനേഷ് പി എസ് നല്‍കുന്ന മറുപടി വന്‍സ്വീകാര്യത നേടിക്കഴിഞ്ഞു. വാക്‌സിനേഷന്‍ യജ്ഞത്തെ തടയാന്‍ ശ്രമിക്കുന്നവരോട് ഒരു രീതിയിലും യോജിക്കാന്‍ കഴിയില്ലെങ്കിലും സുരേന്ദ്രന്‍ ചെയ്യുന്നതുപോലെ എതിര്‍ക്കുന്നവരുടെ മതത്തെ മുന്‍നിര്‍ത്തി തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍ ജിനേഷ് പറയുന്നത്.

ഏതെങ്കിലും ഒരു മതവിഭാഗമല്ല വാക്‌സിന്‍ വിരുദ്ധതയുടെ കേന്ദ്രബിന്ദുക്കളെന്നും നിരവധി വാട്ട്‌സ്ആപ്പ് ഓഡിയോവീഡിയോ സന്ദേശങ്ങളിലൂടെ വാക്‌സിന്‍ വിരുദ്ധത പടര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്‍. പി. പ്രസാദ്, മോഹനന്‍, ജേക്കബ് വടക്കന്‍ചേരി, സാജന്‍ സിന്ധു, പി. ജി. ഹരി തുടങ്ങിയവരാണ്. ഇവരെ പോലെയുള്ള ആള്‍ക്കാര്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ക്ക് ഇരയാകുന്നവരാണ് മറ്റുള്ളവര്‍. ഇവരുടെയൊന്നും മതമോ ജാതിയോ പറയാന്‍ വേണ്ടിയല്ല ഞാന്‍ ഈ പേരുകള്‍ എഴുതിയത്. ഇത്രയും പേരെ കാണാതിരിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിക്കാന്‍ വേണ്ടി മാത്രമാണെന്നും ഡോക്ടര്‍ ജിനേഷ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികളില്‍ നിന്നെങ്കിലും വര്‍ഗീയപ്രസ്താവനകള്‍ ഒഴിവാക്കാന്‍ സുരേന്ദ്രനെപ്പോലുള്ളവര്‍ തയ്യാറാകണമെന്നും ഡോക്ടര്‍ അഭ്യര്‍ത്ഥിക്കുന്നു.

ഡോക്ടര്‍ ജിനേഷ് പി എസ് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍ വായിക്കാം;

ബിജെപി നേതാവ് കെ. സുരേന്ദ്രനോട്,

എം ആര്‍ വാക്‌സിന്‍ യജ്ഞം തടയരുത് എന്ന് കൈകൂപ്പി അപേക്ഷിക്കുന്ന ഒരു ഡോക്ടറുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയുണ്ടായി. മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ അടക്കമുള്ള ആള്‍ക്കാര്‍ ഈ ചിത്രം പങ്കുവെക്കുകയുണ്ടായി. വാക്‌സിനേഷന്‍ യജ്ഞത്തെ തടയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവും നിരവധിപേര്‍ ഉന്നയിക്കുകയുണ്ടായി. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനും ആരോഗ്യത്തിനും ആയുസ്സിനും വാക്‌സിന്‍ അത്യന്താപേക്ഷിതമാണ് എന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഇത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍ സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ചിലരെങ്കിലും മനസ്സിലാക്കി എന്നുള്ളതിന്റെ അടയാളവുമാണിത്.

എന്നാല്‍ ഇന്ന് കെ സുരേന്ദ്രന്റെ പേജില്‍ ഇതേ വാര്‍ത്ത പങ്കുവെക്കുകയുണ്ടായി. കേരളത്തില്‍ മത തീവ്രവാദം ഉണ്ട് എന്ന രീതിയിലാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് എന്നുമാത്രം. വാക്‌സിനേഷനെ എതിര്‍ക്കാന്‍ തയ്യാറായ വ്യക്തിയുടെ മതത്തെ കുറിച്ച് പരോക്ഷമായ സൂചന നല്‍കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

വാക്‌സിനേഷന്‍ യജ്ഞത്തെ തടയാന്‍ ശ്രമിക്കുന്നവരോട് യാതൊരു രീതിയിലുമുള്ള യോജിപ്പില്ല എന്നു പറഞ്ഞുകൊണ്ട് തന്നെ ബാക്കി തുടരട്ടെ. അത്തരക്കാര്‍ക്കെതിരെ കേസെടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് തന്നെ പറയട്ടെ.

കേരളത്തിലെ വാക്‌സിന്‍ വിരുദ്ധതയുടെ കേന്ദ്ര ബിന്ദുക്കള്‍ ഇവരൊന്നുമല്ല. നിരവധി വാട്ട്‌സ്ആപ്പ് ഓഡിയോവീഡിയോ സന്ദേശങ്ങളിലൂടെ വാക്‌സിന്‍ വിരുദ്ധത പടര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്‍. പി. പ്രസാദ്, മോഹനന്‍, ജേക്കബ് വടക്കന്‍ചേരി, സാജന്‍ സിന്ധു, പി. ജി. ഹരി തുടങ്ങിയവരാണ്. ഇവരെ പോലെയുള്ള ആള്‍ക്കാര്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ക്ക് ഇരയാകുന്നവരാണ് മറ്റുള്ളവര്‍. ഇവരുടെയൊന്നും മതമോ ജാതിയോ പറയാന്‍ വേണ്ടിയല്ല ഞാന്‍ ഈ പേരുകള്‍ എഴുതിയത്. ഇത്രയും പേരെ കാണാതിരിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിക്കാന്‍ വേണ്ടി മാത്രമാണ്.
മൂല കാരകരായ വ്യക്തിത്വങ്ങളെ കുറിച്ച് കെ സുരേന്ദ്രന് അറിയാത്തതു കൊണ്ടാണോ എന്നറിയില്ല. പക്ഷേ, അദ്ദേഹം പങ്കു വെച്ച ചിത്രം മതേതരത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ്.

നമ്മുടെ കുട്ടികളുടെ ആയുസ്സിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വാക്‌സിനേഷന്‍ യജ്ഞങ്ങളില്‍ പോലും മതവും ജാതിയും കൂട്ടിക്കുഴക്കുന്നത് തികച്ചും മര്യാദകേടാണ്. മതവും ജാതിയും തിരിക്കാതെ എല്ലാ ജനങ്ങളിലും വാക്‌സിനേഷന്‍ എത്തിക്കുക എന്നുള്ളതാണ് ജനാധിപത്യരാജ്യത്തിലെ പൗരന്റെ കടമ. അതിനായി വാദിക്കുക എന്നുള്ളതാണ് ഓരോരുത്തരും ചെയ്യേണ്ടത്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ കെ സുരേന്ദ്രന്റെ കടമ കൂടിയാണ് ഇത്.

അതിനാല്‍ തന്നെ ഒരു ചിത്രത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തുന്ന കെ സുരേന്ദ്രനോട് വിയോജിക്കാതെ വയ്യ. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികളില്‍ നിന്നെങ്കിലും ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കുക.

മതസ്പര്‍ധ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ പിന്‍വലിച്ച് ശാസ്ത്രത്തോടൊപ്പം സഞ്ചരിച്ച് നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി വാക്‌സിനേഷന്‍ യജ്ഞത്തെ പിന്തുണയ്ക്കാന്‍ കെ. സുരേന്ദ്രനോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളല്ലേ അവര്‍? മതത്തിനും ജാതിക്കും ദൈവത്തിനും അല്ലല്ലോ പ്രസക്തി, മനുഷ്യജീവനല്ലേ?

വാക്‌സിനേഷന്‍ യജ്ഞത്തെ പരാജയപ്പെടുത്താനായി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് വീണ്ടും ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. നിലവില്‍ ചിലര്‍ക്കെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍