UPDATES

ട്രെന്‍ഡിങ്ങ്

എംആര്‍ വാക്‌സിനേഷന്‍ തിയ്യതി വീണ്ടും നീട്ടി; മലപ്പുറം ജില്ലയില്‍ കുത്തിവെപ്പ് പൊലിസ് കാവലില്‍

കുത്തിവയ്പ്പിനെതിരായ പ്രചാരണങ്ങള്‍ വാക്സിനേഷന്‍ യജ്ഞത്തെ ദോഷമായി ബാധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍

മീസില്‍സ് റുബെല്ലാ വാക്സിനേഷന്‍ കാംപെയിന്റെ തിയതി വീണ്ടും നീട്ടി. ഡിസംബര്‍ ഒന്ന് വരെയാണ് നീട്ടിയത്. ഒരുമാസത്തിനുള്ളില്‍ 76 ലക്ഷം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അറുപത് ദിവസമായിട്ടും സംസ്ഥാനത്ത് ഇതുവരെ 61,07,293 കുട്ടികള്‍ക്കാണ് കുത്തിവയ്പ്പെടുക്കാനായത്. 14,92,707 കുട്ടികള്‍ ഇനിയും കുത്തിവയ്പ്പെടുത്തിട്ടില്ല. ഇതുവരെ 81 ശതമാനം കുട്ടികളാണ് കുത്തിവയ്പ്പെടുത്തത്. മലപ്പുറം ഉള്‍പ്പടെയുള്ള ജില്ലകളില്‍ ഇത് 62 ശതമാനം മാത്രമാണ്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളാണ് ഏറെ പിറകിലുള്ളത്. ഓക്ടോബര്‍ മൂന്ന് മുതല്‍ നവംബര്‍ മൂന്ന് വരെയായിരുന്നു നേരത്തേ കാംപയില്‍ തീരുമാനിച്ചിരുന്നത്. ഈ സമയത്തിനകം പരമാവധി ലക്ഷ്യം കൈവരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, 60 ശതമാനം കുട്ടികള്‍ മാത്രമാണ് കുത്തിവയ്പ്പെടുത്തത്. തുടര്‍ന്ന് തിയതി നവംബര്‍ 24 വരെ നീട്ടുകയായിരുന്നു. ഈ തിയതി അവസാനിച്ചിട്ടും 15 ലക്ഷത്തോളം കുട്ടികള്‍ പുറത്തായതോടെയാണ് വീണ്ടും നീട്ടിയത്.

കുത്തിവയ്പ്പിനെതിരായ പ്രചാരണങ്ങള്‍ വാക്സിനേഷന്‍ യജ്ഞത്തെ ദോഷമായി ബാധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍, രക്ഷിതാക്കളെ വിശ്വാസത്തിലെടുത്ത് അവബോധം നല്‍കുന്നതില്‍ ആരോഗ്യവകുപ്പിനുണ്ടായ വീഴ്ചയാണ് വാക്സിനേഷന്‍ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചതെന്നാണ് ആക്ഷേപം. കുത്തിവയ്പ്പിനെതിരേ പ്രചാരണം നടത്തുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ മറുപടി പറയുന്നതിനുപകരം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ അനാവശ്യ ഉത്തരവുകളിറക്കി പ്രകോപനമുണ്ടാക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. രക്ഷിതാക്കളുടെ സമ്മതപത്രമില്ലാതെതന്നെ കുത്തിവയ്പ്പെടുക്കണമെന്ന മലപ്പുറം ജില്ലാ കലക്ടറുടെ നിര്‍ദേശം ഏറെ വിവാദമായിരുന്നു. ഇതിനെതിരേ പൊന്നാനി കോക്കൂര്‍ ഗവ. സ്‌കൂളിലെ പി.ടി.എ ഹൈക്കോടതിയെ സമീപിക്കുകയും നിര്‍ബന്ധിച്ച് വാക്സിനേഷന്‍ നല്‍കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് വളാഞ്ചേരി എടയൂര്‍, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായത്.

എംആര്‍ വാക്‌സിന്‍; നഴ്സിനെ മര്‍ദ്ദിച്ച ഈ തെമ്മാടികളാണ് മലപ്പുറം വിരുദ്ധര്‍

എം.ആര്‍ വാക്സിനെതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്നുപറയുന്ന ആരോഗ്യ വകുപ്പ്, സ്വമേധയാ കുത്തിവയ്പ്പെടുക്കാന്‍ തയാറാകാത്ത രക്ഷിതാക്കള്‍ക്കെതിരേ എന്തുചെയ്യാനാകുമെന്ന ചോദ്യത്തിനുമുന്നില്‍ മൗനം പാലിക്കുകയാണ്. മലപ്പുറം ജില്ലയില്‍ ഇന്നലെ മുതല്‍ വാക്സിനേഷന്‍ നടത്തുന്നത് പൊലിസിന്റെ സാന്നിധ്യത്തിലാണ്. പ്രശ്നമുണ്ടാകുന്ന സ്ഥലങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍