UPDATES

ട്രെന്‍ഡിങ്ങ്

ഹാവൂ…! എംആര്‍ വാക്‌സിന്‍ 79.55 ശതമാനമായി; ആരോഗ്യ മാതൃക എന്ന പട്ടുകുപ്പായമഴിച്ചുവെച്ച് ഇനി നമുക്കൊന്ന് സ്വയം പഠിക്കാം

ഒരാഴ്ച കൂടി എംആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ നീട്ടുമ്പോള്‍ അതുവഴി 90 ശതമാനമെങ്കിലും ലക്ഷ്യം കാണാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്

പാഷന്‍ഫ്രൂട്ട് ഇലകഴിച്ചാല്‍ പ്രമേഹം മാറുമോ? പറഞ്ഞുവരുന്നത് കേരളത്തിലെ പൊതു ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഡോക്ടറുടെ അനുഭവമാണ്. പ്രമേഹരോഗിയായ ഒരു സ്ത്രീ കാലങ്ങളായി ഡോക്ടറുടെ അടുത്ത് ചികിത്സതേടിയെത്തിയിരുന്നു. ആ സ്ത്രീ മൂന്ന് മാസം മുമ്പ് ഒരു ദിവസം ഡോക്ടറെ കാണാനെത്തിയപ്പോള്‍ താനിനി തല്‍ക്കാലം ഇവിടെ ചികിത്സ തുടരുന്നില്ലെന്ന് വ്യക്തമാക്കി. ഡോക്ടര്‍ കാര്യം തിരക്കി. പാഷന്‍ഫ്രൂട്ടിന്റെ ഇല രണ്ട് മാസം തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹത്തില്‍ നിന്ന് മുക്തി നേടാമെന്ന് അവര്‍ക്ക് അറിവ് കിട്ടിപോലും! വാട്‌സ്ആപ്പില്‍ നിന്ന് ലഭിച്ച അറിവാണ്, താനെന്തായാലും അത് ഒന്നു ശ്രമിച്ചുനോക്കാന്‍ പോവുകയാണെന്നായിരുന്നു അവരുടെ വാദം. ഡോക്ടറുടെ എതിര്‍പ്പുകളെ അവഗണിച്ച അവര്‍ മറ്റ് മരുന്നുകളെല്ലാം ഉപേക്ഷിച്ച് പാഷന്‍ഫ്രൂട്ടിന്റെ ഇല ദിവസവും കഴിച്ചു. പിന്നീടെന്താണുണ്ടായത്? ഡോക്ടറുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘പ്രമേഹം പൂര്‍ണമായും ഇല്ലാതാക്കാന്‍ മരുന്നെല്ലാം ഉപേക്ഷിച്ച് പാഷന്‍ഫ്രൂട്ടിന്റെ ഇല മാത്രം കഴിച്ചു. രണ്ട് മാസം കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് സംഭവിച്ചു. പ്രമേഹമല്ല, അവര്‍ തന്നെ ഇല്ലാതായി. അവരുടെ പതിനാറടിയന്തിരം കഴിഞ്ഞിട്ട് ഇന്ന് ഇരുപത് ദിവസമായി’.

പാഷന്‍ഫ്രൂട്ട് ഇലകഴിച്ചാല്‍ പ്രമേഹം മാറുമോ ഇല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ. എന്നാല്‍ ഈ ബോധവും എം ആര്‍ വാക്‌സിനേഷന്‍ കാമ്പയിനുമായി എന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ പാഷന്‍ഫ്രൂട്ട് ഇല കഴിച്ചുള്ള പ്രമേഹരോഗശാന്തി എന്ന നവമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ബോധത്തെ ചോദ്യം ചെയ്യാതെ, മനസ്സിലാക്കാതെ എംആര്‍ വാക്‌സിനേഷന്‍ കാമ്പയിനെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ല. വാട്‌സ്ആപ്പും ഫേസ്ബുക്കും വഴി പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ വെള്ളം ചേര്‍ക്കാതെ അതേപടി വിഴുങ്ങുന്ന സാമൂഹ്യ ബോധത്തിലാണ് ആന്റി വാക്‌സിന്‍ കാമ്പയിനും ഒരു പരിധിവരെ വിജയിക്കുന്നത്.

കേരള സര്‍ക്കാര്‍ മീസല്‍സ്-റൂബല്ല വാക്‌സിന്‍ കാമ്പയിന്‍ ആരംഭിക്കുന്നതും ആരംഭിച്ചതും സമൂഹത്തിലെ പലരും അറിഞ്ഞിരുന്നില്ല. എന്നാല്‍ അതിന് മുമ്പ് തന്നെ വാക്‌സിന്‍ വിരുദ്ധ സന്ദേശങ്ങളാണ് പലര്‍ക്കും ലഭിച്ചത്. അശാസ്ത്രീയമായ പല ന്യായവാദങ്ങളും നിരത്തി പ്രചരിച്ച സന്ദേശങ്ങളില്‍ ഒരുപരിധിവരെ ജനം വീണുപോയി. മീസല്‍സ് റൂബല്ല വാക്‌സിന്‍ കാമ്പയിനിന്റെ തണുത്ത തുടക്കം ഇതാണ് സൂചിപ്പിച്ചത്. വാക്‌സിനേഷന്‍ എടുക്കുന്നത് വഴി പ്രത്യുല്‍പ്പാദനശേഷി നഷ്ടമാവുമെന്ന സന്ദേശമാണ് ഇതില്‍ ഏറ്റവും ശക്തമായ പ്രഹരശേഷിയുണ്ടായ ഒന്ന്. പ്രത്യേകിച്ചും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇത്തരം സന്ദേശങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുവാനും സ്വാധീനം ചെലുത്തുവാനും സാധിച്ചു എന്നതാണ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ശതമാനക്കണക്കിലുള്ള കുറവ് സൂചിപ്പിക്കുന്നത്. വാക്‌സിനെടുക്കുന്ന കുട്ടികള്‍ക്ക് വളര്‍ച്ചാ വൈകല്യം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് കണ്ട് വിദേശ രാജ്യങ്ങളിലടക്കം എംആര്‍ വാക്‌സിനില്‍ നിന്ന് ജനങ്ങള്‍ വിട്ടു നിന്നു എന്നതടക്കമുള്ള സന്ദേശങ്ങളും ഇതോടൊപ്പം പ്രചരിക്കപ്പെട്ടു. വാക്‌സിനേഷന്‍ കാമ്പയിനുമായി രംഗത്തെത്തിയ ആരോഗ്യവകുപ്പിനെയും ഡോക്ടര്‍മാരെയും പിന്നിലാക്കിക്കൊണ്ട് വാക്‌സിന്‍ വിരുദ്ധ യുക്തികള്‍ ശാസ്ത്രീയ അറിവുകളേക്കാള്‍ പതിന്‍മടങ്ങ് വേഗതയിലും പ്രഹരശേഷിയിലും പൊതുബോധത്തിലേക്കെത്തി. ഇതോടെ വാക്‌സിന്‍ എടുക്കുന്നത് വഴിയുണ്ടാവുന്ന പ്രശ്‌നങ്ങളേക്കാള്‍ അതെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന സാമാന്യ യുക്തിയിലേക്ക് പലരും എത്തിച്ചേര്‍ന്നു.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഏതാണ്ട് നൂറ് ശതമാനത്തിനരികെ വരെ വാക്‌സിനേഷന്‍ വിജയിച്ചപ്പോള്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇത് ഇപ്പോഴും 80 ശതമാനം കടന്നിട്ടില്ല. ഇതില്‍ മലപ്പുറം ജില്ലയില്‍ 55 ശതമാനം പേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചത്. മലബാറിലെ മുസ്ലീം ജനവിഭാഗങ്ങളാണ് പ്രധാനമായും കാമ്പയിനില്‍ നിന്ന് വിട്ടുനിന്നത്. ജേക്കബ് വടക്കാഞ്ചേരിയും മോഹനന്‍ വൈദ്യരുമുള്‍പ്പെടെയുള്ള വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ വേറെയും. വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യമില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രചാരണം മുന്നോട്ട് പോയത്. ഇതും ഒരു വിഭാഗം ജനതയെ സ്വാധീനിക്കാന്‍ ഉതകുന്നതായിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന വാക്‌സിന്‍ വിരുദ്ധരും അസത്യ പ്രചാരകരും നടത്തുന്ന പ്രചാരണങ്ങള്‍ എന്തുകൊണ്ടാണ് ഇത്രത്തോളം സമൂഹത്തെ സ്വാധീനിച്ചത് എന്നതാണ് ചോദ്യം. എന്തുകൊണ്ട് ആരോഗ്യവകുപ്പിനോ ഡോക്ടര്‍മാര്‍ക്കോ ഇത്തരം പ്രചാരണങ്ങള്‍ക്ക് മറുപടിയായി ഒരു ശക്തമായ വാദം ഉന്നയിക്കാന്‍ കഴിയാതിരുന്നത്? ശാസ്ത്രീയ അടിത്തറയോടെ സംസാരിക്കുമ്പോഴും ജനങ്ങളുടെ ബോധ്യത്തെ മാറ്റാന്‍ ഉതകുന്ന വിതത്തില്‍ അതില്‍ മാറ്റം വരാതിരുന്നതെന്തുകൊണ്ടാണ്? ഇതിന് കാരണങ്ങള്‍ പലതാണ്. ആശയവിനിമയ പാടവമില്ലായ്മയും, വേണ്ടത്ര ഗൃഹപാഠമില്ലാതെയുള്ള പ്രവര്‍ത്തനങ്ങളും, വാക്‌സിന്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് കൃത്യമായ അറിവ് നല്‍കുന്നതിലെ പാളിച്ചകളുമാണ് അതില്‍ പ്രധാനം.

രോഗങ്ങളെയും അതിന്റെ മാരകഫലങ്ങളെയും വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയേയും ശാസ്ത്രീയമായ അറിവുകൊണ്ട് മാത്രം വിശദീകരിച്ച ആരോഗ്യ വകുപ്പിനും ഡോക്ടര്‍മാര്‍ക്കും ജനങ്ങളിലേക്ക് കൃത്യമായി എത്തിച്ചേരാനായില്ലെന്നതാണ് വാസ്തവം. മറുഭാഗത്ത് ഏറ്റവും ലളിതമായ ഭാഷയില്‍ ജീവിതത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കാന്‍ പോവുന്ന ഒന്നാണ് എന്ന തരത്തില്‍ ജനങ്ങളിലേക്ക് വാക്‌സിന്‍ വിരുദ്ധ സന്ദേശങ്ങള്‍ എത്തിച്ചേര്‍ന്നപ്പോല്‍ ജനങ്ങളെ കയ്യിലെടുക്കുന്നതില്‍ ഡോക്ടര്‍മാരും ആരോഗ്യവകുപ്പും തുടക്കത്തില്‍ പരാജയപ്പെട്ടു. ഇതുമൂലം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം സംസ്ഥാനത്താകെ 69 ശതമാനം മാത്രമായി ചുരുങ്ങി. നവംബര്‍ ഒന്ന് വരെ നിശ്ചയിച്ച കാമ്പയിന്‍ പിന്നീട് 18 ദിവസങ്ങള്‍ കൂടി നീട്ടി. എന്നാല്‍ ഈ ശ്രമവും പൂര്‍ണമായും പരാജയമായിരുന്നില്ലെങ്കിലും വിജയമായിരുന്നു എന്നും പറയാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചാരകര്‍ എണ്ണത്തില്‍ ചുരുക്കമായതിനാല്‍ ഊര്‍ജ്ജിതമായ ശ്രമത്തിലൂടെ അവര്‍ക്ക് തടയിടാം എന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതീക്ഷയെങ്കിലും അത് ഒരു പരിധിവരെ പരാജയപ്പെട്ടു. ജനങ്ങളെ ഇത് സംബന്ധിച്ച് ബോധവാന്‍മാരാക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. മരുന്ന് കമ്പനിക്കാരും ഡോക്ടര്‍മാരും സര്‍ക്കാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടായാണ് വാക്‌സിനേഷന്‍ കാമ്പയിനെ ചിലരെങ്കിലും കണ്ടത്. പോളിയോ തുള്ളിമരുന്ന് നല്‍കുന്നത് പോലെ സമൂഹത്തില്‍ നിന്ന് മീസല്‍സ് റുബല്ല രോഗങ്ങളെ തുടച്ചുനീക്കുന്നതിനായാണ് കാമ്പയിന്‍ നടത്തുന്നതെന്ന സന്ദേശം അത്രകണ്ട് ജനങ്ങളിലേക്കെത്തിയതുമില്ല. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിലുയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുന്നതിലും ആരോഗ്യവകുപ്പ് പരാജയപ്പെട്ടു.

എംആര്‍ വാക്‌സിനേഷനുമായി സഹകരിക്കുന്നില്ല: സിബിഎസ്ഇ സ്‌കൂളുകള്‍ക്കെന്താ കൊമ്പുണ്ടോ?

കേരള ഗവ.ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സാബു സുഗതന്‍ കാമ്പയിനുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവക്കുന്നതിങ്ങനെ- ‘എംആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ പരിപൂര്‍ണ വിജയമായെന്ന് പറയാനാവില്ല. പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ പ്രതിരോധമാണ് ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങളിലെല്ലാം ന്യൂനപക്ഷമായിരുന്നെങ്കില്‍ കൂടി ഒരു സംഘമാളുകള്‍ വലിയതോതില്‍ വാസ്തവവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയത് കാമ്പയിന് തിരിച്ചടിയായി. എന്നാല്‍ തെക്കന്‍ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍ വലിയപരിധിവരെ കാമ്പയിന്‍ സ്വീകാര്യമാവുകയും ചെയ്തു. വാക്‌സിനേഷന്റെ ആവശ്യകതയും അതിന്റെ സാമൂഹിക പ്രസക്തിയും സംബന്ധിച്ച് ജനങ്ങളെ വേണ്ടരീതിയില്‍ ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ ന്യൂനതയായി നില്‍ക്കുന്നത്. കൃത്യമായ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാനായിരുന്നെങ്കില്‍ കാമ്പയിന്‍ ഇതിലും ഫലം ചെയ്‌തേനെ. ജനസംഖ്യാവര്‍ധനവ് തടയാനാണ് വാക്‌സിനേഷന്‍ നല്‍കുന്നതെന്ന പ്രചാരണം വളരെ ശക്തമായാണ് ജനങ്ങളെ സ്വാധീനിച്ചത്, പ്രത്യേകിച്ചും മലബാറിലെ മുസ്ലീം ജനവിഭാഗത്തെ.

ഒരു ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജ് വിഭാഗത്തിന് മുന്നില്‍ വളര്‍ച്ചാ വൈകല്യവും ശാരീരിക വൈകല്യങ്ങളുമുള്ള കുട്ടികളുമായി ഇരിക്കുന്ന അമ്മമാരെ നിരവധി ഞാന്‍ കാണാറുണ്ട്. ഈ അമ്മമാരോട് ചോദിക്കുമ്പോള്‍ അറിയാം ഇവരില്‍ പലര്‍ക്കും ഗര്‍ഭകാലത്ത് റൂബല്ല വന്നിട്ടുണ്ടെന്ന്. അതുവഴി അവരുടെ ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്നതാണ് കാണാനാവുക. ഇത്തരം കാര്യങ്ങള്‍ വളരെ ലളിതമായി ജനങ്ങളിലേക്കെത്തിച്ച് കാമ്പയിന്‍ ചെയ്തിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. മോര്‍ട്ടാലിറ്റി അല്ല നമ്മുടെ ഇപ്പോഴത്തെ ശാപം മറിച്ച് മോര്‍ബിഡിറ്റിയാണ്. ഗര്‍ഭിണികളിലെ റൂബല്ല ഗര്‍ഭസ്ഥശിശുവിനെ സാരമായി ബാധിക്കുമെന്ന സന്ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയത്. അങ്ങനെയാണെങ്കില്‍ പിന്നെ ആണ്‍കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ എന്തിന് നല്‍കണമെന്ന ചോദ്യമാണ് പലരില്‍ നിന്നും കേള്‍ക്കാനിടയായത്. എന്നാല്‍ ഇതെല്ലാം സാമൂഹികാരോഗ്യത്തിന്റെ കാര്യമാണെന്നും റൂബല്ല ആരില്‍ നിന്നും ആരിലും പടരാന്‍ സാധ്യതയുണ്ടെന്നും തുടങ്ങിയ സന്ദേശങ്ങളും വേണ്ടരീതിയില്‍ നല്‍കാനായില്ല. കൃത്യമായി ആശയവിനിമയം നടത്തുന്നതിന് ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. മാധ്യമചര്‍ച്ചകളിലുള്‍പ്പെടെ ശാസ്ത്രീയവശങ്ങള്‍ പറഞ്ഞ്, ശാസ്ത്രീയ പദങ്ങളുപയോഗിച്ച് സംസാരിച്ച ഡോക്ടര്‍മാര്‍ക്ക് ജനങ്ങളിലേക്ക് എത്താനായില്ല. ഇത്തരം സംസാരം വഴി ആശയവിനിമയശേഷിക്കുറവാണ് ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചത്.

ഇത് രാഷ്ട്രീയപരമായ എന്തോ അജണ്ടയാണെന്ന സംശയം വടക്കന്‍ കേരളത്തിലെ ഒരു ജനവിഭാഗത്തിലുണ്ടായി. കാമ്പയിനുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ പല മദ്രസ്സകളിലും ഞാന്‍ ക്ലാസ്സെടുക്കാന്‍ പോയി. എന്നാല്‍ നമ്മള്‍ പറയുന്നതിനപ്പുറം അവര്‍ ഇത്തരം അജണ്ടകളെ ഭയപ്പെടുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. പൗരോഹിത്യ മേധാവിത്വമുള്ള സമൂഹത്തില്‍ പുരോഹിതന്‍ പറയുന്നതിനായിരിക്കും മറ്റാര് പറയുന്നതിനേക്കാള്‍ പ്രധാനം. ഡോക്ടര്‍മാര്‍ പ്രചാരണം നടത്താനായി എത്തുമ്പോള്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാരിന് വേണ്ടി സംസാരിക്കുന്നു എന്ന തരത്തിലാണ് പലരും സ്വീകരിച്ചത്. എന്നാല്‍ ഭര്‍ത്താക്കന്‍മാരറിയാതെ രഹസ്യമായി മരുന്നുകൊടുക്കാമെന്ന് പറഞ്ഞ് ചില അമ്മമാര്‍ എത്തിയിരുന്നു. മരുന്ന് കൊടുത്താല്‍ ആരുമറിയാതെ അവര്‍ തന്നെ കുത്തിക്കോളാമെന്ന് പറഞ്ഞ അമ്മമാര്‍ പോലുമുണ്ട്.

മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധ പ്രചരണം: പിന്നില്‍ മതമല്ല, അന്ധവിശ്വാസികള്‍

ഡോക്ടര്‍മാര്‍ക്ക് വാക്‌സിന്‍ വഴി മരുന്നുകമ്പനിക്കാരില്‍ നിന്ന് ലാഭമുണ്ടാക്കാനാണ് ഇതെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇത് ഇന്ത്യന്‍ മെഡിസിന്‍ ആണ്. മറ്റൊന്ന്, ഡോക്ടര്‍മാര്‍ക്ക് ഇതുവഴി യാതൊരു ലാഭവുമില്ല. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കൃത്യമായി സംവദിക്കാന്‍ കഴിഞ്ഞില്ല. നല്ല സ്രോതാവായ ഡോക്ടര്‍ നല്ല പ്രാക്ടീഷനറും നല്ല അഭിനേതാവായ ഡോക്ടര്‍ ജനപക്ഷ ഡോക്ടറുമാവും. മലബാര്‍ മേഖലയില്‍ അലോപ്പതിയല്ലാതെ സമാന്തര വൈദ്യശാസ്ത്രങ്ങളോട് പ്രത്യേക മമതയുണ്ട്. ഇതും വലിയൊരളവ് വരെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അവരെ കേള്‍ക്കാന്‍ തയ്യാറാവുകയും, അവരോട് അവരുടേതായ ഭാഷയില്‍ സംസാരിക്കുകയും ചെയ്യാന്‍ തയ്യാറാവുന്ന ഡോക്ടര്‍മാരെ ജനങ്ങള്‍ക്ക് പെട്ടെന്ന് താത്പര്യമുണ്ടാവും. പക്ഷെ അലോപ്പതി ഡോക്ടര്‍മാര്‍ പലരും സയന്റിഫിക് വശങ്ങള്‍ മാത്രം സംസാരിക്കുകയും രോഗത്തിന് ചികിത്സിക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരിത്തിലൊരു ഇടപ്പഴകല്‍ നടക്കുന്നില്ല. ഡോക്ടര്‍മാര്‍ കൂടുതല്‍ സാമൂഹ്യബോധമുള്ളവരും സമൂഹത്തോട് പ്രതിജ്ഞാബദ്ധരുമാവേണ്ടതുണ്ട് എന്ന് തന്നെയാണ് കാമ്പയിന്റെ ഫലം സൂചിപ്പിക്കുന്നത്.”

എന്തുകൊണ്ട് എംആര്‍ വാക്‌സിന്‍ പ്രധാനപ്പെട്ടതാണ്? ഈ ഡോക്ടര്‍മാര്‍ പറയുന്നതു കേള്‍ക്കൂ…

കാമ്പയിന്‍ വിജയത്തിലേക്കെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമം ആരോഗ്യവകുപ്പ് നടത്തുന്നതിനിടെയാണ് വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന തരത്തില്‍ ഹൈക്കോടതി ഉത്തരവ് വരുന്നത്. ഇതും കാമ്പയിന് പ്രതിസന്ധികള്‍ സൃഷ്ടിച്ചു. തിരുവന്തപുരം ജില്ലയിലുള്‍പ്പെടെ സിബിഎസ്ഇ സ്‌കൂളുകള്‍ കാമ്പയിനില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം പതിനെട്ടാം തീയതി കാമ്പയിന്‍ അവസാനിക്കുമ്പോള്‍ 59,66306 പേരാണ് വാക്‌സിനെടുത്തിട്ടുള്ളത്. എഴുപത്തിയഞ്ച് ലക്ഷം കുട്ടികളായിരുന്നു ആരോഗ്യവകുപ്പിന്റെ ടാര്‍ജറ്റ്. അങ്ങനെ നോക്കിയാല്‍ സംസ്ഥാനത്തൊട്ടാകെ 79.55 ശതമാനം പേരാണ് വാക്‌സിന്‍ കാമ്പയിനോട് സഹകരിച്ചത്. ആരോഗ്യവകുപ്പിന്റെ ഇടപെടലോടെ കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ എണ്‍പത് ശതമാനത്തിലേക്കെത്തിക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഉഷാകുമാരി പറഞ്ഞു. കാമ്പയിനില്‍ സഹകരിക്കാന്‍ തയ്യാറായി കൂടുതല്‍ പേരെത്തിയതോടെ ഒരാഴ്ചകൂടി കാമ്പയിന്‍ നീട്ടിവക്കാന്‍ തീരുമാനിച്ചതായും അവര്‍ അറിയിച്ചു. “ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഏതാണ്ട് നൂറ് ശതമാനത്തിനടത്താളുകള്‍ വാക്‌സിന്‍ എടുത്തു. മുമ്പുണ്ടായിരുന്നതില്‍ നിന്ന് ചില വടക്കന്‍ ജില്ലകളിലെ ഫലം മറിയിട്ടുണ്ട്. കാസര്‍ഗോഡ്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ എണ്‍പത് ശതമാനത്തിനടുത്ത് ആളുകള്‍ കാമ്പയിനില്‍ പങ്കുചേര്‍ന്നു. എന്നാല്‍ മലപ്പുറം ജില്ലയാണ് ഇപ്പോഴും പ്രശ്‌നമായി നില്‍ക്കുന്നത്. 55 ശതമാനം പേര്‍മാത്രമാണ് ജില്ലയില്‍ വാക്‌സിനെടുത്തിട്ടുള്ളത്. വടക്കന്‍ ജില്ലകളില്‍ മുമ്പ് വിട്ടുനിന്നിരുന്ന ചില സ്‌കൂളുകളും മറ്റും ഇപ്പോള്‍ സന്നദ്ധത അറിയിച്ച് സമീപിച്ചിട്ടുണ്ട്. അതിനാല്‍ നവംബര്‍ 25 വരെ കാമ്പയിന്‍ നീട്ടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിലുപരിയായി ഇനി കുഞ്ഞുങ്ങള്‍ക്ക് ഒമ്പതാം മാസത്തിലെടുക്കുന്ന മീസല്‍സ് വാക്‌സിനേഷനൊപ്പം റൂബല്ലയും ഉള്‍പ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഒരാഴ്ച കൂടി എംആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ നീട്ടുമ്പോള്‍ അതുവഴി 90 ശതമാനമെങ്കിലും ലക്ഷ്യം കാണാമെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പിനുള്ളത്”.

അരിമ്പാറയും വാക്‌സിന്‍ സൈഡ് എഫക്റ്റും പിന്നെ സ്റ്റീവ് ജോബ്‌സും

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍