UPDATES

വിപണി/സാമ്പത്തികം

ധനമന്ത്രിക്കും കൂട്ടര്‍ക്കും സാമ്പത്തിക സാക്ഷരതയുണ്ട്: മസാലബോണ്ട് വിഷയത്തില്‍ തുമ്മാരുകുടിയുടെ ചില ചിന്തകള്‍

കിഫ്ബിയെക്കുറിച്ച് ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നാണ് മുരളീ തുമ്മാരുകുടി പറയുന്നത്‌

കിഫ്ബിയിലേക്കുള്ള ഫണ്ട് സ്വരൂപണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന മസാല ബോണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ കിഫ്ബിയെയും വിദേശത്തുനിന്നും വരുന്ന മസാല ബോണ്ടിനെയും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍. വാസ്തവത്തില്‍ അത്തരം ചര്‍ച്ചകള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ലെന്ന് പറയുകയാണ് യുഎന്‍ എന്‍വിറോണ്‍മെന്റ് പ്രോഗ്രാമില്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ചീഫ് ആയ മുരളീ തുമ്മാരുകുടി.

വിദേശത്തുള്ളവര്‍ രൂപയുടെ വിലയിടിവ് കണക്കിലെടുത്ത് രൂപയില്‍ നിക്ഷേപം നടത്താറില്ലെന്നും കാരണം പലിശ കൂടുതല്‍ ലഭിച്ചാലും അത് തിരികെ ഡോളറിലേക്കോ മറ്റേതെങ്കിലും വിദേശ കറന്‍സിയിലേക്കോ മാറ്റിയെടുത്താല്‍ നിക്ഷേപിച്ച തുക പോലും കൊണ്ടുപോകാന്‍ സാധിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിദേശകമ്പനികള്‍ ഇവിടെ ഡോളറില്‍ ലോണ്‍ കൊടുത്ത് ഒന്നര ശതമാനം പലിശ കിട്ടിയാല്‍ അവര്‍ക്ക് നാട്ടില്‍ കിട്ടുന്നതിലും ഒരു ശതമാനം കൂടുതല്‍ ആണ്. അതേസമയം ഡോളര്‍ ഒക്കെ രൂപയിലേക്ക് മാറ്റി പത്ത് ശതമാനം പലിശ കിട്ടിയാലും ലോണ്‍ തിരിച്ചു കിട്ടുന്ന സമയത്ത് ഡോളറിന്റെ വില പതിനഞ്ച് ശതമാനം കൂടിയാല്‍ അവരുടെ വരുമാനം നെഗറ്റീവ് ആകും. അതായത് നൂറ് രൂപയ്ക്ക് തുല്യമായ ഡോളര്‍ നിക്ഷേപിച്ചു എന്ന് കരുതുക. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പലിശ ഉള്‍പ്പെടെ നൂറ്റി പത്ത് രൂപ കിട്ടി, പക്ഷെ അത്രയും ഡോളര്‍ കിട്ടണമങ്കില്‍ ഇപ്പോള്‍ നൂറ്റി പതിനഞ്ച് രൂപ കൊടുക്കണം. അതായത് എത്ര ഡോളര്‍ ഇങ്ങോട്ട് കൊണ്ടുവന്നോ അത്രയും ഡോളര്‍ തിരിച്ചുകൊണ്ടു പോകാന്‍ ഉണ്ടാകില്ല. ഇതുകൊണ്ടാണ് ഇന്ത്യന്‍ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ വിദേശകമ്പനികള്‍ മടിക്കുന്നതെന്നും അദ്ദേഹം കലാകൗമുദിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കിഫ്ബി ബോണ്ടുകള്‍ രൂപയിലാണ് വിപണനം ചെയ്യുന്നതെന്നും അതിനാല്‍ പലിശ ഒന്നരയിലും രണ്ടിലും നില്‍ക്കാതെ ഒമ്പതില്‍ എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ പൊതുമേഖലയില്‍ ഉള്ള പ്രസ്ഥാനത്തിന് അന്താരാഷ്ട്രപരമായി പണം സംഭരിക്കാനായത് വലിയ കാര്യമാണ്. ഒന്നാമതായി അന്താരാഷ്ട്ര വിപണിയില്‍ ബോണ്ട് പോലുള്ള ഒരു ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ് കൊണ്ടുപോയി കച്ചവടം ചെയ്യാന്‍ നന്നായി ഗ്രൗണ്ട് വര്‍ക്ക് ചെയ്യണം. അതിന് പറ്റിയ ഫിനാന്‍ഷ്യല്‍ ലിറ്ററസി വേണം. നമ്മുടെ ധനമന്ത്രിക്കും സംഘത്തിനും അതുണ്ട് എന്നാണ് കിഫ്ബി ബോണ്ട് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിനുമായി ബന്ധപ്പെട്ട ആരോപണത്തിലും പ്രസക്തിയില്ലെന്നാണ് തുമ്മാരുകുടി പറയുന്നത്. കിഫ്ബി ബോണ്ടില്‍ നിക്ഷേപിച്ച പെന്‍ഷന്‍ ഫണ്ടിന് ലാവ്‌ലിനിലും നിക്ഷേപം ഉണ്ടെന്നാണോ അതോ പെന്‍ഷന്‍ ഫണ്ടിന് പണം നല്‍കുന്നത് ലാവ്‌ലിനില്‍ നിന്നാണെന്നാണോ? ഇതില്‍ ഏതെങ്കിലുമോ രണ്ടും തന്നെയോ സത്യമാണെന്ന് വച്ചാല്‍ പോലും അതിനെന്താണ് പ്രസക്തി? നമ്മള്‍ പണം നിക്ഷേപിക്കുകയോ അതോ ലോണ്‍ എടുക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിലെ എല്ലാ നിക്ഷേപകരും ലോണ്‍ എടുക്കുന്നവരും ആണെന്ന് നമ്മള്‍ അന്വേഷിക്കാറുണ്ടോ? ഇവിടെ നമ്മുടെ ബോണ്ടില്‍ അവര്‍ പണം നിക്ഷേപിക്കുകയാണ്. അപ്പോള്‍ നമ്മള്‍ വിശ്വസിക്കാവുന്നവര്‍ ആണോ അല്ലയോ എന്നത് അവരാണ് നോക്കേണ്ടത്. കാരണം റിസ്‌ക് എടുക്കുന്നത് അവരാണ്. ബോണ്ടിലെ റിസ്‌ക് എടുക്കുന്നത് വാങ്ങുന്നവര്‍ ആണ് എന്ന് സാമാന്യമായി പറയാം.

ബോണ്ട ആകുമ്പോള്‍ റിസ്‌ക് ഒന്നുമില്ല. ഒന്നുകില്‍ വെങ്ങോലയിലെ ചായക്കടയില്‍ കിട്ടുന്ന പോലെ ഉള്ള ‘ഉണ്ടന്‍പൊരി’ ബോണ്ട. അല്ലെങ്കില്‍ ഇന്ത്യന്‍ കോഫീ ഹൗസിലും ശരവണഭവനിലും കിട്ടുന്ന മസാല നിറച്ച ബോണ്ട. രണ്ടാണെങ്കിലും എനിക്കിഷ്ടമാണ്. ഉണ്ടന്‍പൊരിയുടെ കൂടെ പക്ഷെ ചമ്മന്തി പറ്റില്ല.- എന്നാണ് ലേഖനം അവസാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍