UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രവാദത്തിന് പ്രതിഫലമായി നല്‍കിയ മദ്യത്തില്‍ വിഷം: വെള്ളമുണ്ടയിലേത് ആസൂത്രിത കൊലപാതകമെന്ന് സംശയം

മരിച്ചത് അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍

വിഷ മദ്യം അകത്തുചെന്ന് അച്ഛനും മകനും ബന്ധും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചത് വയനാട് മാനന്തവാടിയ്ക്കടുത്ത് വെള്ളമുണ്ട നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെയാണ് വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗാന്നായി(75) വിഷ മദ്യം കുടിച്ച് ആദ്യം മരിച്ചത്. മന്ത്രവാദം ചെയ്യുന്ന തിഗന്നായിയെക്കൊണ്ട് പൂജ ചെയ്യിക്കാനായി ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് വീട്ടിലെത്തിയ ആള്‍ കൊണ്ടുവന്ന മദ്യമാണ് ഇവര്‍ കുടിച്ചത്. മദ്യം കുടിച്ച് അവശനിലയിലായ തിഗന്നായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്യേ മരണം സംഭവിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല.

അച്ഛന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ നടക്കാനിരിക്കെ മകന്‍ പ്രമോദും(35) സുഹൃത്തും ബന്ധുവുമായ പ്രസാദും(35) ഇന്നലെ രാത്രി ഈ മദ്യം കുടിക്കുകയായിരുന്നു. ഇവരും ഉടന്‍തന്നെ കുഴഞ്ഞു വീണു. പ്രമോദ് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും പ്രസാദ് ആശുപത്രിയില്‍ വച്ചും മരിച്ചു. ഇതോടെയാണ് വിഷമദ്യമാണ് മൂന്ന് മരണത്തിനും കാരണമെന്ന് തിരിച്ചറിഞ്ഞത്. ഇവര്‍ കഴിച്ച മദ്യത്തിന്റെ സാമ്പിള്‍ പോലീസ് ശേഖരിക്കുകയും പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.

അതേസമയം വെള്ളമുണ്ടയിലെ അറിയപ്പെടുന്ന ദുര്‍മന്ത്രവാദിയായിരുന്നു തിഗന്നായി. കുട്ടികളുടെ മരണത്തിനും മറ്റും ചരട് കെട്ടിക്കൊടുക്കുകയും ഗുളികന്‍ സേവയുമാണ് ഇയാള്‍ ചെയ്തു വന്നിരുന്നത്. ഈ ആവശ്യത്തിനായി എത്തുന്നവരില്‍ നിന്നും മദ്യമാണ് ഇയാള്‍ വാങ്ങിയിരുന്നത്. ഇന്നലെ മദ്യവുമായി വന്നവര്‍ ഗുളികന്‍ സേവയാണ് ഇയാളെക്കൊണ്ട് ചെയ്യിച്ചത്. കര്‍ണാടകയില്‍ നിര്‍മ്മിച്ച മദ്യത്തില്‍ വിഷം കലര്‍ത്തിയിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വിശദ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്നാണ് പോലീസിന്റെ നിലപാട്. സാധാരണ വിഷമദ്യം അകത്തു ചെന്നാലുണ്ടാകുന്ന ലക്ഷണങ്ങള്‍ മരിച്ചവരില്‍ കണ്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതാണ് മദ്യത്തില്‍ വിഷം കലര്‍ത്തിയതാണെന്ന സംശയത്തിന് കാരണം.

അതേസമയം ദുര്‍മന്ത്രവാദ പ്രവര്‍ത്തികള്‍ മൂലം തിഗന്നായിയോട് വൈരാഗ്യമുള്ള ചിലര്‍ ഗുളികന്‍ സേവയുടെ പേരില്‍ വിഷം കലര്‍ത്തിയ മദ്യം നല്‍കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. തിഗന്നായിക്ക് ഇതിന്റെ പേരില്‍ നിരവധി ശത്രുക്കളുള്ളതിനാലാണ് നാട്ടുകാര്‍ ഇങ്ങനെ ആരോപിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നോ കര്‍ണാടകത്തില്‍ നിന്നോ കൊണ്ടുവന്ന മദ്യമാണ് തിഗന്നായിക്ക് നല്‍കിയതെന്നും സംശയിക്കുന്നുണ്ട്. മദ്യം എത്തിച്ചവരില്‍ ഒരാള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍