UPDATES

ട്രെന്‍ഡിങ്ങ്

തലയില്‍ തൊപ്പിവെച്ച മുസ്ലിം പണ്ഡിതന്‌ നേരെ ആക്രമണം

ഗുല്‍സാറും ഇസ്രാറും അബു ബക്കറും തലയില്‍ ധരിച്ച തൊപ്പി അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടു. താന്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷി

ഉത്തര്‍പ്രദേശില്‍, തലയില്‍ തൊപ്പി വെച്ചതിനാല്‍ മുസ്ലീം മതപണ്ഡിതനെയും അദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കളെയും ട്രെയിനില്‍ വച്ച് ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ധിച്ചു. ബാഗ്പത് ജില്ലയില്‍ വച്ച് ഡല്‍ഹി-ഷാംലി ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പുരോഹിതനെയും ബന്ധുക്കളെയും ബുധനാഴ്ച രാത്രിയാണ് ഒരു സംഘം മര്‍ദ്ദിച്ചത്. തലയില്‍ ധരിച്ചിരിക്കുന്ന തൊപ്പി മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബാഗ്പത്തിലുള്ള ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ഗുല്‍സാര്‍ (30), ഇസ്രാര്‍ (25), അബു ബക്കര്‍ (21) എന്നിവര്‍ രാത്രി പത്തേകാലോടെ ആറ് സഹയാത്രികരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് ജിആര്‍പി പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ സുഖ്പാല്‍ സിംഗ് വിവരിക്കുന്നത്. വാക്കുതര്‍ക്കത്തിനിടയില്‍ മൂവരെയും ആറംഗസംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഹസ്രത് നിസാമുദ്ദീന്‍ പള്ളി സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന സംഘമാണ് ആക്രമം.

തങ്ങളുടെ ഗ്രാമത്തിന് സമീപമുള്ള അഹെര സ്റ്റേഷനില്‍ ഇറങ്ങാനിരിക്കുകയായിരുന്നു തങ്ങളെന്നും എന്നാല്‍ സ്റ്റേഷന്‍ എത്താറായപ്പോള്‍ ആറംഗ സംഘം വാതിലിന്റെ കുറ്റിയിട്ടുവെന്നും ദൃക്സാക്ഷിയായ ഗുഡു ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അടുത്ത സ്റ്റേഷനില്‍ തങ്ങള്‍ക്ക് ഇറങ്ങേണ്ടതാണെന്ന് സംഘത്തെ ധരിപ്പിച്ചപ്പോള്‍ കുറച്ച് കഴിഞ്ഞ വിട്ടയയ്ക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഗുല്‍സാറും ഇസ്രാറും അബു ബക്കറും തലയില്‍ ധരിച്ച തൊപ്പി അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടു. താന്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് ഗുഡു പറയുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ അവര്‍ മൂവരെുയം മര്‍ദ്ദിക്കുകയായിരുന്നു. മുര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ ഇസ്രാറിന് മാരകമായി മുറിവേറ്റിട്ടുണ്ട്. മൂവരും ഉറക്കെ നിലവിളിച്ചിട്ടും ട്രെയിനിലുണ്ടായിരുന്ന മറ്റാരും അവരെ രക്ഷിക്കാന്‍ മുന്നോട്ട് വന്നില്ല ഇസ്രാറിന്റെ തലയ്ക്ക് ഏറ്റ മുറിവ് ഗുരുതരമാണെന്നും മറ്റ് രണ്ട് പേര്‍ക്കും നിസാര പരിക്കാണെന്നും സുഖ്പാല്‍ സിംഗ് പറഞ്ഞു. ജില്ല ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മൂവരും സ്വന്തം ഗ്രാമമായ ചൗള്‍ഹാദയിലേക്ക് മടങ്ങി. ബാഗ്പത് സിറ്റി പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍