UPDATES

പ്രളയം 2019

പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് ശ്രീകോവിലില്‍ തിരിതെളിയിക്കാന്‍ ക്ഷേത്രം വൃത്തിയാക്കി ലീഗ് പ്രവര്‍ത്തകര്‍

ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങിയ ലീഗ് പ്രവര്‍ത്തകര്‍ക്ക് ചായയും പലഹാരവും വെള്ളവുമായി നിറഞ്ഞ സ്‌നേഹവുമായി പൂജാരിയും സംഘവും കൂടെ തന്നെയുണ്ടായിരുന്നു

പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഇന്നത്തെ ആദ്യ നിസ്‌കാരത്തിന് മുമ്പ് ക്ഷേത്രം വൃത്തിയാക്കി ശ്രീകോവിലില്‍ വിളക്ക് തെളിക്കാന്‍ സഹായിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. മാതൃഭൂമിയാണ് ഇവരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്താണ് സംഭവം. കനത്ത മഴയിലും മലവെള്ളത്തിലും ശ്രീകണ്ഠപുരം പുഴ നിറഞ്ഞുകവിഞ്ഞപ്പോഴാണ് പ്രളയജലം തീരത്തുള്ള പഴയങ്ങാടി അമ്മകോട്ടം ദേവീക്ഷേത്രത്തെ പൂര്‍ണമായും മുക്കിയത്. രണ്ട് ദിവസത്തിന് ശേഷം പ്രളയജലം ഇറങ്ങിയപ്പോള്‍ വലിയ മാലിന്യൂകൂമ്പാരമാണ് ഇവിടെയുണ്ടായത്.

പ്ലാസ്റ്റികും മരത്തടികളും ചപ്പുചവറുകളും കന്നുകാലികളുടെ ജഡവും തുടങ്ങി ശ്രീകോവിലടക്കം മാലിന്യവും ചെളിയും കൊണ്ട് മൂടി. നിത്യപൂജകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇതെല്ലാം വൃത്തിയാക്കുന്നത് വലിയ വെല്ലുവിളിയായപ്പോഴാണ് പഴയങ്ങാടി പ്രദേശത്തെ മുസ്ലിം ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍ഡ് ടീം രംഗത്തെത്തിയത്. ക്ഷേത്രം വൃത്തിയാക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അതിനെന്താ പൂര്‍ണ സന്തോഷമെന്ന് പൂജാരിയുടെ മറുപടിയും ലഭിച്ചു. അതോടെ ഇരുപത്തിയഞ്ചോളം വരുന്ന വൈറ്റ് ഗാര്‍ഡ് ടീം പൂര്‍ണ സജ്ജരായി ശുചീകരണത്തിനിറങ്ങി. മണിക്കൂറുകള്‍ക്കകം ശ്രീകോവിലും ക്ഷേത്രപരിസരവും വൃത്തിയാകുകയും ചെയ്തു.

ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങിയ ലീഗ് പ്രവര്‍ത്തകര്‍ക്ക് ചായയും പലഹാരവും വെള്ളവുമായി നിറഞ്ഞ സ്‌നേഹവുമായി പൂജാരിയും സംഘവും കൂടെ തന്നെയുണ്ടായിരുന്നു. ഏത് മതത്തിനായാലും ആരാധിക്കുന്ന ദൈവത്തിന് ഒരു രൂപമാണ് ഉള്ളതെന്നും മതം മനുഷ്യസ്‌നേഹത്തെ അടയാളപ്പെടുത്താനുള്ളതാണെന്നും അതുകൊണ്ട് ഏത് മതത്തിലുള്ളവര്‍ ക്ഷേത്രം വൃത്തിയാക്കാന്‍ വന്നാലും അത് തങ്ങള്‍ക്ക് സന്തോഷമാണെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ നിത്യവും അമ്മകോട്ടം ദേവീക്ഷേത്രത്തിലെ കീര്‍ത്തനങ്ങള്‍ കേട്ടാണ് തങ്ങള്‍ എഴുന്നേല്‍ക്കുന്നതും വീട്ടിലെത്തുന്നതുമെന്ന് വൈറ്റ് ഗാര്‍ഡ് സംഘത്തെ നയിച്ചവരും പറയുന്നു. അതുകൊണ്ട് തന്നെ അമ്പലം വൃത്തിയാക്കാന്‍ ഇറങ്ങിയത് തങ്ങള്‍ക്ക് പൂര്‍ണമായും സന്തോഷവും അഭിമാനവുമാണെന്നാണ് ഇവര്‍ പറയുന്നത്. ബലി പെരുന്നാളായ ഇന്ന് രാവിലെ പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് ക്ഷേത്രത്തിലെ ശ്രീകോവിലില്‍ തിരി തെളിയട്ടെ എന്നാണ് തങ്ങള്‍ കരുതിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

also read:ഉരുള്‍ പൊട്ടി പച്ചക്കാടിനു മുകളിലേക്ക് പതിക്കുകയായിരുന്നു; ഇല്ലാതായ വയനാട്ടിലെ പുത്തുമല – ചിത്രങ്ങളിലൂടെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍