UPDATES

സിപിഎമ്മിനും കോണ്‍ഗ്രസ്സിനും മേലെയാണ് ഈ വിഷയത്തില്‍ മുസ്ലീം ലീഗ്; ചരിത്രത്തില്‍ ഇടം നേടിയ രണ്ടു വോട്ടുകളെ കുറിച്ചു തന്നെ

മുസ്ലീം ലീഗ് ഉൾപ്പെടുന്ന യുപിഎയിലെ പ്രധാന പാർട്ടിയായ കോൺഗ്രസുൾപ്പെടെ സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ചപ്പോഴായിരുന്നു ലീഗ് അംഗങ്ങളുടെ ചരിത്രപരമായി വിയോജിപ്പ്

ഭരണഘടനയുടെ 124-മത് ഭേദഗതിയായി മുന്നോക്ക ജാതികളിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാനുള്ള ബില്‍ ഇന്നലെ ലോക്‌സഭയില്‍ പാസായി. ബില്‍ ഇനി രാജ്യസഭയും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കേണ്ടതുണ്ട്. ബില്ലിന്മേല്‍ ലോക് സഭയില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ മൂന്ന് പേര്‍ മാത്രമാണ് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി, കേരളത്തില്‍ നിന്നുള്ള മുസ്ലീം ലീഗ് എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് എതിര്‍ത്ത് വോട്ടു ചെയ്ത മൂന്ന് പേര്‍.

മുസ്ലീം ലീഗ് ഉൾപ്പെടുന്ന യുപിഎയിലെ പ്രധാന പാർട്ടിയായ കോൺഗ്രസുൾപ്പെടെ ബില്ലിനെ പിന്തുണയ്ച്ചപ്പോഴായിരുന്നു ലീഗ് അംഗങ്ങളുടെ ചരിത്രപരമായി വിയോജിപ്പ്. ബില്ല് അനാവശ്യ വ്യഗ്രതയോടെ നടപ്പാക്കി എന്ന ആരോപണം മാത്രമായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ചത്. ഭേദഗതിക്ക് നോട്ടീസ് നൽകിയെങ്കിലും സിപിഎം ഉൾപ്പെടെ ഇടത് പാർട്ടികളും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ ഭരണപക്ഷമായ ബിജെപിയുടെ കണക്കൂകൂട്ടലിന് അപ്പുറത്തുള്ള പിന്തുണയോടെ ബില്ല് പാസാവുകയായിരുന്നു.

323 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ മുസ്ലീം ലീഗ് എന്തുകൊണ്ട് എതിര്‍ത്ത് വോട്ട് ചെയ്തു? അതിനുള്ള കാരണങ്ങള്‍ വിശദീകരിക്കുകയാണ് മുസ്ലിംലീഗ് എം പി ഇ ടി മുഹമ്മദ് ബഷീറും, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ ഉപ നേതാവ് എം കെ മുനീറും.

ഇ ടി മുഹമ്മദ് ബഷീർ

‘ഞങ്ങള്‍ എതിര്‍ക്കാന്‍ വ്യക്തമായ കാരണമുണ്ട്. സാമൂഹിക നീതി ഉറപ്പുവരുത്തുന്നതാണ് സംവരണ തത്വം.ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും തുല്യ നീതി വിഭാവനം ചെയ്യുന്ന ഒന്ന്. ഉദ്യോഗങ്ങളില്‍, പഠനത്തില്‍, മറ്റ് കാര്യങ്ങളില്‍ പലതിലും ചില വിഭാഗം ജനങ്ങള്‍ മാറ്റി നിര്‍ത്തപ്പെടുന്നു. അല്ലെങ്കില്‍ അത് അവരിലേക്ക് ഇപ്പോഴും എത്തുന്നില്ല. അതിന് ചരിത്രപരമായ പല കാരണങ്ങളുണ്ട്. ആ ചരിത്രപരമായ കാരണങ്ങളുടെ വെളിച്ചത്തില്‍ കൂടെയേ ഭരണഘടനയിലെ സംവരണ തത്വത്തെ കാണാന്‍ കഴിയൂ. ഇപ്പോഴും പ്രത്യക്ഷമായും സൂക്ഷ്മതലത്തിലും ജാതി സമ്പ്രദായം നിലനില്‍ക്കുന്ന ചരിത്രപരമായി പുറന്തള്ളപ്പെട്ടവരെ വീണ്ടും പുറന്തള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇവിടുത്തെ മുന്നോക്ക വിഭാഗങ്ങളുടെ ആകെത്തുകയെടുത്താല്‍ വിദ്യാഭ്യാസത്തിലും ജോലിയിലുമെല്ലാം ബഹുഭൂരിപക്ഷവും അവര്‍ തന്നെയായിരിക്കും. അവര്‍ക്ക് തന്നെയാണ് ബഹുഭൂരിപക്ഷം അവസരങ്ങളും ലഭ്യമാവുന്നത്. അത് നല്ല കാര്യമാണ്. പക്ഷെ പിന്നോക്കക്കാര്‍ക്കും ആ അവസരങ്ങളെല്ലാം ലഭിച്ച് തുല്യത കൈവരിക്കേണ്ടതുണ്ട്.

ഇ ടി മുഹമ്മദ് ബഷീറിന് വോട്ടു ചെയ്തതിൽ അഭിമാനം; സംവരണ ബില്ലിൽ കോൺഗ്രസ് നിലപാടിനെ തള്ളിപ്പറഞ്ഞ് വി ടി ബൽറാം

സാമ്പത്തിക സംവരണം എന്ന വിഷയം മുമ്പ് കോടതികളില്‍ പലതവണ ചര്‍ച്ചയായിട്ടുണ്ട്. ഇന്ദ്രാ സാവ്‌നേ കേസ് തന്നെ അതിന് ഉദാഹരണമാണ്. അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സാവന്ത് സാമ്പത്തിക സംവരണം എന്നത് അംഗീകരിക്കാനാവില്ലെന്നും സംവരണത്തെ സാമ്പത്തികമായി കണക്കാക്കാനാവില്ലെന്നും നിരീക്ഷിച്ചിരുന്നു. എന്നുംമാത്രമല്ല ഇത് മുന്നോക്കക്കാരുടെ മേല്‍ക്കൈ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയേയും ഭരണഘടനയേയും എല്ലാം നിഷേധിച്ചുകൊണ്ടാണ് സാമ്പത്തിക സംവരണ ബില്ല് കൊണ്ടുവന്നിരിക്കുന്നത്.

മുന്നോക്ക് വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുണ്ട്. അത് ഞങ്ങള്‍ക്കുമറിയാം. എന്നാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ക്ക് വേണ്ടിയുള്ളതല്ല ഇന്ത്യയിലെ സംവരണം. തുല്യ നീതി ലഭിക്കുന്നതിനായുള്ള സംവരണം മുന്നോക്കക്കാരുടെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്നതില്‍ വലിയ നീതികേടുണ്ട്. ഇനി, ഇവര്‍ എവിടെ നിന്നാണ് ഈ സംവരണം എടുത്ത് കൊടുക്കുന്നത്. അത് വലിയ ഇംബാലന്‍സ് ഉണ്ടാക്കും. സംവരണ തത്വത്തെ അട്ടിമറിച്ച് യഥാര്‍ഥ സംവരണത്തിന് അവകാശികളായവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും, മെറിറ്റ് നാല്‍പ്പത് ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്യും. രണ്ട് വിഭാഗത്തിനും അതുവഴി ബുദ്ധിമുട്ടാണുണ്ടാവുക. ഇതെല്ലാം കൊണ്ട് ഞങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

ബില്ല് അവതരിപ്പിച്ചതിന് ശേഷമുള്ള പ്രസംഗങ്ങളില്‍ പലരുടേയും വിയോജിപ്പ് പ്രകടമായിരുന്നു. എന്നാല്‍ പാര്‍ട്ടി സമ്മര്‍ദ്ദമോ മറ്റ് കാരണങ്ങളാലോ അവരെല്ലാം വോട്ട് ചെയ്തപ്പോള്‍ അനുകൂലമായി ചെയ്തു എന്നേയുള്ളൂ. വോട്ട് ചെയ്യാന്‍ ഞങ്ങളേ ഉണ്ടായുള്ളൂ എങ്കിലും പലരുടേയും മനസ്സിൽ ഞങ്ങളുടെ സമീപനത്തോടൊപ്പമാണെന്ന് തന്നെയാണ് വിശ്വാസം.’

ഏതു സവര്‍ണനാണ് വിവേചനം നേരിട്ടിട്ടുള്ളത്? സാമ്പത്തിക സംവരണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടാന്‍ അസദുദ്ദീന്‍ ഒവൈസി എടുത്തത് വെറും 3 മിനിട്ട്, 8 പോയിന്റുകള്‍

എന്നാൽ രാജ്യത്തെ ജനവിഭാഗങ്ങളുടെ സാമൂഹിക, വിദ്യഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാനും, സാമൂഹിക നീതി ഉറപ്പുവരുത്താനും ഭരണഘടനാ നിർമാണത്തിലുൾപ്പെടെ ഭാഗമായി പ്രവർത്തിച്ച മുസ്ലീം ലീഗ് സ്ഥാപക നേതാവ് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ അനുയായികൾക്ക്  ബില്ലിന് ഒരുതരത്തിലും അനുകൂലിക്കാൻ കഴിയില്ലെന്ന് ഡോ. എം കെ മുനീർ വ്യക്തമാക്കുന്നു. കോൺഗ്സ് ഉൾപ്പെടെ ഏത് പാർട്ടി ഏത് പാർട്ടി എന്ത് നിലപാടെടുത്താലും സാമൂഹിക നീതിക്ക് എതിരായി മുസ്ലീം ലീഗ് നിലകൊള്ളില്ലെന്നും അദ്ദേഹം പറയുന്നു.

ഡോ. എം കെ മുനീര്‍

‘സംവരണം എന്നത് സാമൂഹികമായും വിദ്യഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവരുടെ ഉന്നമനത്തിനായാണ് ഇന്ത്യൻ ഭരണഘടനയിൽ എഴുതി ചേർത്തിട്ടള്ളതാണ്. എസ് സി എസ് ടി ഒബിസി തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനമാണ് സംവരണം വ്യക്തമാക്കുന്ന 15, 16 അനുഛേദങ്ങളിൽ പറയുന്നത്. സംവരണം എന്നത് ഒരു ദാരിദ്ര്യ നിർമാർജന പരിപാടിയല്ലെന്ന് അന്നത്തെ ചർച്ചകളിൽ നിന്നും വ്യക്തമാണ്. സമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായാരുന്നു പ്രധാന ലക്ഷ്യം. ഇതിന് പുറമെ സംവരണം 50 ശതമാനത്തിന് മുകളിലേക്ക് പോവരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവും നിവവിലുണ്ട്. സംവരണത്തിന് പുറത്ത് വരുന്ന 50 ശതമാനം ഇന വിഭാഗങ്ങളുടെ ജനറൽ ക്വാട്ടയിലെ എല്ലാവർക്കും അവസരം ലഭിക്കണമെന്നതിനാലാണ്. 10 ശതമാനം അധിക സംവരണം ഏർ‌പ്പെടുത്തുന്നതിലൂടെ ബാക്കിയുള്ളവരുടെ പങ്കാളിത്തം തന്നെയാണ് കുറയുന്നത്. പുതിയ സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിന് തടസമാവും. റിസർവേഷൻ വരുമ്പോഴും ജനറൽ ക്വാട്ടയിൽ കിട്ടേണ്ടതിന്റെ ഷെയറാണ് നഷ്ടമാക്കുന്നത്.

ഇക്കാര്യങ്ങൾ പരിശോധിച്ചാണ് ഭരണഘടനക്ക് രൂപം നൽകിയ കാലത്ത് തന്നെ അന്നത്തെ നേതാക്കൾ അനുഛേദങ്ങൾ ഉൾപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടയ്ക്കും സുപ്രീം കോടതി വിധിക്കും എതിരാണ് സാമ്പത്തിക സംവരണം. ഇതിനെ രണ്ടിനെയും മറികടക്കാനുദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്ന നിയമം എന്ന നിലയിൽ ബില്ല് ഭരണ ഘടനാ ശിൽപികകളുടെയും സുപ്രീം കോടതിയുടെയും വികാര വിചാരങ്ങള്‍ ഹനിക്കുന്നതാണ്.

ദരിദ്ര പട്ടികജാതിക്കാരന്‍ ദരിദ്രനായരുടെ അടുത്ത് പെണ്ണുചോദിച്ചാല്‍ തരുമോ? അതിന്റെ ഉത്തരമാണ് സാമ്പത്തിക സംവരണത്തിന്റെ പ്രശ്നം

15, 16 അനിഛേദങ്ങൾ റദ്ദാക്കുന്നതോടെ സാമൂഹിക നീതി നിഷേധിക്കുപ്പെടുകയും, ദാരിദ്ര്യ നിർമാർജനം എന്ന വിഷയം സംവരണത്തിലേക്ക് കടന്നുവരികയും ചെയ്യുകയാണ്. ദാരിദ്ര്യ നിർമാർജനത്തിന് മറ്റ് വഴികൾ കണ്ടെത്തണം. അതിന് സംവരണത്തിൽ തൊടേണ്ട അവസ്ഥ ഉണ്ടാവരുത്. മുന്നോക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക ശക്തി പകരുന്നതിന് പദ്ധതികൾ കണ്ടെത്തുകയാണ് സർക്കാരുകള്‍ ചെയ്യേണ്ടത്. മുന്നോക്ക വിഭാഗങ്ങളിലുള്ളവരെ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവരുന്നതിന് പാർട്ടി എതിരല്ല. സംവരണം എന്നത് മൊത്തത്തിൽ സാമുദായികം എന്നത് തന്നെയാണ് അടിസ്ഥാന തത്വം എന്നും മുനീർ പറയുന്നു. എന്നാൽ സോഷ്യൽ ജസ്റ്റിസിലാണ് ഇപ്പോൾ കൈവച്ചിരിക്കുന്നത്. വിഷയത്തിൽ‌ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് വ്യത്യസ്ഥ നിലപാടുകൾ ഉണ്ടായിരിക്കാം അത് മുസ്ലീം ലീഗിനെ ബാധിക്കില്ല.

1948 മുസ്ലീം ലീഗ് സ്ഥാപക നേതാവും ഭരണഘടനാ കമ്മിറ്റിയിൽ അംഗവുമായിരുന്ന മുഹമ്മദ് ഇസ്മൈൽ സാഹിബ് ഉൾപ്പെട്ട കമ്മിറ്റിയാണ് സംവരണം ഉൾപ്പെടെയുള്ള വസ്തുതകൾ ഭരണഘടനയുടെ ഭാഗമാക്കുന്നത്. മുസ്ലീം സമുദായത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഇടപെടലുകളാണ്. ഇതിനെല്ലാം ശേഷം ന്യൂനപക്ഷ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ദളിത് സമുദായങ്ങളെക്കാൾ സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരാണ് മുസ്ലീം വിഭാഗക്കാർ. ദേശീയ വിദ്യാഭ്യാസ നയം പരിശോധിച്ചാലും ഇന്ത്യയിലെ പിന്നോക്ക വിഭാഗം മുസ്ലീം സമുദായമാണ്. അത്തരം സർക്കാർ റിപ്പോർട്ടുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ പ്രവർത്തനങ്ങളെ കുറച്ച് വ്യക്തമായി പറയുന്നുമുണ്ട്. അത്തരത്തിൽ സാമൂഹിക നീതിക്ക് വേണ്ടി നിലകൊണ്ട നേതാവിന്റെ അനുയായികൾക്ക് ഇന്ന് ഏത് പാർട്ടി എന്ത് നിലപാടെടുത്താലും സാമൂഹിക നീതിക്ക് എതിരായി നിൽക്കാനാവില്ലെന്നും മുനീർ പറയുന്നു. രാജ്യ സഭയിലും പാർട്ടി സമാനമായ നിലപാട് സ്വീകരിക്കും.

എല്ലാവർക്കും സംവരണം എന്നാൽ ആർക്കും സംവരണം ഇല്ല എന്നാണ്; 10% സാമ്പത്തിക സംവരണം എന്തുകൊണ്ടാണ് വെറുമൊരു തട്ടിപ്പാകുന്നത്?

മുന്നോക്കക്കാര്‍ക്ക് സംവരണം; കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചോറിങ്ങും കൂറങ്ങുമാണ്- കെകെ കൊച്ച് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍