UPDATES

യുകെ/അയര്‍ലന്റ്

ദുരൂഹത മാറാതെ അയര്‍ലണ്ട് സ്വദേശി ലിഗയുടെ മരണം; ചെന്തിലാക്കരിയില്‍ എത്തിയതെങ്ങനെ?

പോലീസിന്റെ അനാസ്ഥ പരക്കെ വിമര്‍ശിക്കപ്പെടുന്നു

അയര്‍ലന്‍ഡില്‍ നിന്നും ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗ സ്‌ക്രോമേന്‍ എന്ന യുവതിയുടെ മൃതദേഹം ഒടുവില്‍ തിരുവല്ലത്തിന് സമീപം ചെന്തിലാക്കരിയിലെ പനത്തുറ ആറിനോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാട്ടില്‍ നിന്നും കണ്ടെത്തി. പ്രദേശവാസികള്‍ക്ക് പോലും എത്തിപ്പെടാന്‍ ഏറെ വിഷമം പിടിച്ച ഈ കാട്ടില്‍ ലിഗ എങ്ങനെ എത്തിച്ചേര്‍ന്നുവെന്നതാണ് പോലീസിനെ കുഴയ്ക്കുന്ന ചോദ്യം. ഒരുപക്ഷെ അത് കണ്ടെത്താന്‍ സാധിച്ചാല്‍ ലിഗയുടെ മരണത്തിന് പിന്നിലെ ചുരുളഴിയുകയും ചെയ്യും.

മൂന്ന് വര്‍ഷമായി കടുത്ത വിഷാദ രോഗിയാണ് 33കാരിയായ ലിഗ. ലാത്വിയയിലാണ് സ്വദേശമെങ്കിലും അയര്‍ലന്‍ഡില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്താണ് ലിഗയും സഹോദരി ഇലീസും പ്രവര്‍ത്തിച്ചിരുന്നത്. നാല് വര്‍ഷം മുമ്പ് കോര്‍ക്ക് നഗരത്തില്‍ നടന്ന ഒരു ആഘോഷ ചടങ്ങിനിടെ പരിചയപ്പെട്ട ആന്‍ഡ്ര്യൂ ജോര്‍ദാനുമായി പ്രണയത്തിലാകുകയും സ്വേര്‍ഡ്‌സ് നഗരത്തില്‍ ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. ഇതിനിടെ മറ്റു രാജ്യങ്ങളില്‍ പോയി മയക്കുമരുന്ന് ഉപയോഗിച്ചതാണ് ഇവരെ കടുത്ത വിഷാദ രോഗിയാക്കിയത്. തുടര്‍ച്ചയായി സിഗരറ്റ് വലിക്കുന്ന ശീലമുണ്ടായിരുന്നു ഇവര്‍ക്ക്. മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച മൂന്ന് സിഗരറ്റ് പാക്കറ്റുകളില്‍ രണ്ട് വിദേശ നിര്‍മ്മിത സിഗരറ്റ് പാക്കറ്റുകള്‍ ലിഗ ഉപയോഗിക്കുന്നത് തന്നെയാണെന്ന് സഹോദരി സ്ഥിരീകരിച്ചിട്ടുണ്ട്.

വിഷാദരോഗ ബാധിതയായതോടെ ഇവര്‍ക്ക് മൂന്ന് വര്‍ഷമായി ജോലിയില്ല. തുടര്‍ന്ന് ഇലീസ് അയര്‍ലന്‍ഡില്‍ ബ്യൂട്ടി ക്രൈം എന്ന പേരില്‍ ബ്യൂട്ടി സലൂണ്‍ ആരംഭിക്കുകയായിരുന്നു. ലിഗയെ പലയിടങ്ങളിലും ചികിത്സയ്ക്ക് കൊണ്ടുപോയെങ്കിലും പൂര്‍ണമായും ഭേദമായില്ല. പിന്നീട് ചികിത്സയ്ക്കായി പലയിടത്തും കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ലിഗ അതിന് തയ്യാറായതുമില്ല. അതോടെയാണ് കേരളത്തിലെ ആയുര്‍വേദ ചികിത്സകളെക്കുറിച്ച് സുഹൃത്തുക്കള്‍ വഴി അറിഞ്ഞ് അവര്‍ ഇവിടേക്ക് തിരിച്ചത്.

കൊച്ചിയിലെത്തി ആദ്യം അമൃത ആശ്രമത്തില്‍ ഒരു ദിവസം തങ്ങിയ ശേഷം അവര്‍ വര്‍ക്കലയിലേക്ക് തിരിച്ചു. വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ പത്ത് ദിവസം തങ്ങിയ ശേഷമാണ് ലിഗയെ കാണാതായ പോത്തന്‍കോട്ടെ ധര്‍മ്മ ആയുര്‍വേദ ആശുപത്രിയില്‍ ഇലീസും ലിഗയും എത്തിച്ചേര്‍ന്നത്. അതേസമയം ലിഗയ്ക്ക് വിഷാദരോഗം ആയിരുന്നില്ലെന്നും എല്ലാവര്‍ക്കും ഉണ്ടാകാറുള്ള മാനസികനില മാറ്റം (mood shifting) മാത്രമായിരുന്നെന്നും ധര്‍മ്മ ആശുപത്രിയിലെ ഡോക്ടര്‍ ഷാനവാസ് അഴിമുഖത്തോട് പറഞ്ഞു. സോറിയാസിസിനാണ് ഇവര്‍ ആശുപത്രിയില്‍ മുഖ്യമായും ചികിത്സ തേടിയത് എന്നാണ് അദ്ദേഹം അഴിമുഖത്തോട് പറഞ്ഞത്. ഇന്റര്‍നെറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത് ഫെബ്രുവരി 21നാണ് ധര്‍മ്മയില്‍ ഇവര്‍ എത്തിയത്. തുടര്‍ച്ചയായ പുകവലിയും മാനസികനില മാറുന്നതും സോറിയാസിസും ഭേദപ്പെടുത്തുന്നതിനായി യോഗ, ആയുര്‍വേദ ചികിത്സകളാണ് ഇവര്‍ ആവശ്യപ്പെട്ടതെന്നും ഡോ. ഷാനവാസ് വ്യക്തമാക്കി.

മാര്‍ച്ച് 14 വരെ ഇവിടെ ചികിത്സയിലിരുന്നെങ്കിലും ലിഗയുടെ പുകവലിയില്‍ കാര്യമായ മാറ്റം വന്നിരുന്നില്ല. പലപ്പോഴും യോഗ ഒഴിവാക്കി രാവിലെയും വൈകിട്ടും നടക്കാന്‍ പോകുന്നതായിരുന്നു ഇവരുടെ പതിവ്. ഒരു മണിക്കൂറോളം നീളുന്ന ഈ നടത്തയ്ക്കിടയില്‍ അവര്‍ ആവശ്യത്തിന് സിഗരറ്റും വാങ്ങിയിരുന്നു. ഫെബ്രുവരി 14നും ഇവര്‍ യോഗ ക്ലാസ് ഒഴിവാക്കിയപ്പോള്‍ സഹോദരിയും ആശുപത്രി അധികൃതരും അതില്‍ അസ്വാഭാവികത കാണാതിരുന്നതും അതിനാലാണ്. എന്നാല്‍ ഇലീസ് യോഗ കഴിഞ്ഞ് മടങ്ങിയെത്തിയിട്ടും ലിഗ തിരിച്ചെത്തിയില്ലെന്ന് കണ്ടതോടെ ഇവര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. മരുതുമ്മൂട് ജംഗ്ഷനില്‍ നിന്നും ഒരു ഓട്ടോ പിടിച്ച് അവര്‍ കോവളത്തേക്ക് പോയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഓട്ടോക്കാരില്‍ നിന്നും അറിയാന്‍ സാധിച്ചതെന്നും ഡോ. ഷാനവാസ് അറിയിച്ചു. ബിച്ചിനോട് വളരെയധികം താല്‍പര്യമുള്ള വ്യക്തിയായിരുന്നു അവര്‍. അതിനാല്‍ തന്നെ ആശുപത്രി ജീവനക്കാരും ഇലീസും ചേര്‍ന്ന് കോവളത്തും പരിസരപ്രദേശത്തും തിരച്ചില്‍ നടത്തി. കണ്ടെത്താനാകാതെ വന്നതോടെ കോവളം പോലീസില്‍ പരാതി നല്‍കാന്‍ ചെന്നെങ്കിലും പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശം.

എന്നിട്ടും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് തോന്നിയതോടെ ഇലീസ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ കാണുകയായിരുന്നു. കമ്മിഷണറെ ഫോണില്‍ വിളിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അദ്ദേഹം അവരോട് കമ്മിഷണറെ കാണാനും പറഞ്ഞു. കമ്മിഷണര്‍ ഇടപെട്ടതോടെ വീണ്ടും കോവളം പോലീസിനെ സമീപിച്ചെങ്കിലും പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് ഇലീസ് പറയുന്നത്. കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം ലിഗയുടെ ചിത്രത്തിന്റെ 200 പകര്‍പ്പുകളും അവര്‍ പോലീസിനെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോവളം മേഖലയില്‍ ലീഗയുടെ ചിത്രങ്ങള്‍ പതിച്ചു. ഈ സാഹചര്യത്തില്‍ ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാന്‍ കേരളത്തിലെത്തി. പിന്നീട് ഇലീസും ആന്‍ഡ്ര്യൂവും ചേര്‍ന്നായി ലീഗയ്ക്കായുള്ള തിരച്ചില്‍. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആന്‍ഡ്ര്യൂ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതോടെ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് അയയ്ക്കുകയും പിന്നീട് അയര്‍ലന്‍ഡിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ച ഇയാള്‍ പലപ്പോഴും ഹോട്ടല്‍ ജീവനക്കാരോടും പോലീസ് ഉദ്യോഗസ്ഥരോടും തട്ടിക്കയറുകയായിരുന്നു.

ആവള്‍ക്ക് വേണ്ടി ഒരു ചെറുജാഥ നടത്താന്‍ പോലും ആരുമുണ്ടായില്ല; ലിഗയെക്കുറിച്ച് അശ്വതി ജ്വാല

അയര്‍ലന്‍ഡില്‍ ഏതാനും ദിവസത്തെ ചികിത്സ നേടിയ ശേഷം ആന്‍ഡ്ര്യു കേരളത്തിലേക്ക് തന്നെ മടങ്ങി. ഇലീസിനൊപ്പം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ലീഗയുടെ ചിത്രമടങ്ങിയ പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു. ലീഗയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യം ഒരു ലക്ഷം രൂപയും പിന്നീട് രണ്ട് ലക്ഷം രൂപയുമായിരുന്നു പാരിതോഷികം. ഒടുവില്‍ കാസര്‍കോട് എത്തിയപ്പോഴാണ് പോലീസ് ഇവരോട് തിരുവല്ലത്ത് എത്താന്‍ ആവശ്യപ്പെട്ടത്. തിരുവല്ലത്ത് എത്തിയ ഇരുവര്‍ക്കും കാണാന്‍ സാധിച്ചത് ലിഗയുടേതെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കാത്ത വിധത്തില്‍ അഴുകിയ ഒരു മൃതദേഹവും. എന്നാല്‍ ഇന്നലെ മൃതദേഹത്തിനരികില്‍ നിന്നുമുള്ള ഇവരുടെ ചിത്രങ്ങള്‍ തെളിയിക്കുന്നത് അത് ലിഗയുടേത് തന്നെയാണെന്ന് ഇവര്‍ ഉറപ്പിച്ചെന്നാണ്.

പോലീസിനെയാണ് ഇലീസും ആന്‍ഡ്ര്യുവും ഇപ്പോഴും പഴിചാരുന്നത്. ഓട്ടോയില്‍ കോവളം ബീച്ചില്‍ എത്തിയ ലിഗ 800 രൂപ നല്‍കിയ ശേഷം നടന്നു പോയെന്ന് മാത്രമാണ് പോലീസിന് ലഭിച്ചവിവരം. ലിഗ വിഷാദരോഗിയാണെന്ന് പറയുന്ന പോലീസ് കടലില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ കടല്‍ത്തീരത്ത് മാത്രമാണ് തെരച്ചില്‍ നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ഇലീസ് ആരോപിക്കുന്നുണ്ടെങ്കില്‍ അതില്‍ വലിയ കാര്യമില്ലെന്നാണ് ധര്‍മ്മ ആശുപത്രി അധികൃതര്‍ പറയുന്നത്. തങ്ങള്‍ പരാതി കൊടുത്തതോടെ ഷാഡോ പോലീസിന്റെ ഒരു സംഘവും ഡിജിപിയുടെ ഒരു സംഘവും മന്ത്രി കടകംപള്ളി നിയോഗിച്ച ഒരു പോലീസ് സംഘവും ലിഗയ്ക്കായി തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നെന്നും ഷാനവാസ് വ്യക്തമാക്കി.

ലിഗയുടെ മിസ്സിംഗ് കേസ് അന്വേഷിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ഈ കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അശ്വതി ജ്വാല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. “ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങേണ്ടി വന്നു. ‘നിങ്ങള്‍ വിചാരിക്കും പോലെ ഈ നാട്ടില്‍ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല’ എന്നായിരുന്നു ഒരു പൊലീസേമാന്റെ ഫലിതം വളിച്ച മറുപടി.” എന്നാണ് അശ്വതി ഫേസ്ബുക്കില്‍ കുറിച്ചത്.

“എന്റെ സഹോദരി ലിഗയെ കണ്ടുകിട്ടാനും പൊലീസിന്റെ അനാസ്ഥക്കെതിരെ ആവശ്യമായത് ചെയ്യാനും നിങ്ങള്‍ക്കെന്നെ സഹായിക്കാനാകുമോ?” എന്നായിരുന്നു ഇല്‍സെ സ്ക്രോമേന്‍ എഴുതി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചത്.

ഇതിനിടെ ലിഗയുടെ മരണത്തില്‍ അമൃത ആശ്രമത്തിനുള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. എന്നാല്‍ കേരളത്തിലെത്തിയ ആദ്യ ദിവസം മാത്രമാണ് ഇവര്‍ അമൃത ആശ്രമത്തില്‍ താമസിച്ചത് എന്നാണ് ധര്‍മ്മ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും അഴിമുഖത്തിന് അറിയാന്‍ സാധിച്ചത്. അതിനാല്‍ തന്നെ ഈ സംഭവത്തില്‍ അമൃത ആശ്രമത്തിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ സാധിക്കുകയില്ല. അമൃത ആശ്രമത്തിന്റെ പേരില്‍ മുമ്പും ഒട്ടനവധി ആരോപണങ്ങളുയര്‍ന്നിട്ടുണ്ടെങ്കിലും ഈ സംഭവത്തിലേക്ക് അവരുടെ പേര് വലിച്ചിഴയ്ക്കുന്നത് വിഷയത്തില്‍ നിന്നും വ്യതിചലിയ്ക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ ചര്‍ച്ച നടക്കുന്നുണ്ട്.

എന്റെ സഹോദരിയെ കണ്ടുകിട്ടാന്‍ നിങ്ങള്‍ക്കെന്നെ സഹായിക്കാനാവുമോ? ഈ ലാത്വിയന്‍ പൌരന്റെ അപേക്ഷ കേള്‍ക്കൂ…

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍