UPDATES

ട്രെന്‍ഡിങ്ങ്

അഷ്ടമുടിയിലെ പ്രിന്‍സിപ്പളിന്റെ ആത്മഹത്യ; എന്തുകൊണ്ടിങ്ങനെ? ഈ ചോദ്യം ആരെങ്കിലുമൊരാള്‍ ഉച്ചത്തില്‍ ചോദിച്ചെങ്കില്‍: എന്‍ പ്രഭാകരന്‍

ലഹരിസാധനങ്ങളുടെ വില്‍പനക്കാര്‍ കുട്ടികളെ വല വീശിപ്പിടിക്കുന്നുണ്ടെന്നത് പല അധ്യാപകരെ സംബന്ധിച്ചിടത്തോളവും ഒരു വാര്‍ത്തയേ അല്ലാതായിക്കഴിഞ്ഞിട്ടുണ്ട്

കേരളത്തിലെ സ്‌കൂളുകള്‍ മികച്ച വിജയം നേടുമ്പോഴും ഇവിടങ്ങളിലെ അന്തരീക്ഷം ഒട്ടും ആഹ്ലാദകരമോ ആത്മാഭിമാനം വളര്‍ത്തുന്നതോ അല്ലെന്ന് കഥാകൃത്ത് എന്‍ പ്രഭാകരന്‍. കൊല്ലം അഷ്ടമുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എസ് ശ്രീദേവിയുടെ ആത്മഹത്യയെക്കുറിച്ച് തന്റേ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ശ്രീദേവിയുടെ ആത്മഹത്യ കേരളത്തിലെ അധ്യാപക വിദ്യാര്‍ത്ഥി സമൂഹങ്ങളെ കാര്യമായി ബാധിച്ചതായി കാണാനായില്ലെന്നും അദ്ദേഹം പറയുന്നു. എന്‍ പ്രഭാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

“കൊല്ലം അഷ്ടമുടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി എസ്. ശ്രീദേവിയുടെ ആത്മഹത്യ കേരളത്തിലെ അധ്യാപകസമൂഹത്തെയും വിദ്യാര്‍ത്ഥി സംഘടനകളെയും കാര്യമായി സ്പര്‍ശിച്ചതിന്റെ യാതൊരു ലക്ഷണവും ഇതേ വരെ കാണാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടിങ്ങനെ? എന്ന ചോദ്യം ആരെങ്കിലുമൊരാള്‍ ഉച്ചത്തില്‍ ചോദിക്കുന്നതായി കേള്‍ക്കുകയുമുണ്ടായില്ല.

ടീച്ചറുടെ ആത്മഹത്യയെ കുറിച്ച് വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങളുള്ള അധ്യാപകരില്‍ നിന്നും അല്ലാത്തവരില്‍ നിന്നും എനിക്ക് സ്വരൂപിക്കാന്‍ കഴിഞ്ഞ വിവരങ്ങളില്‍ കാര്യമായ പൊരുത്തക്കേടുകളൊന്നും കണ്ടില്ല. അവരില്‍ ഒരാള്‍ പോലും ആ അധ്യാപിക തെറ്റായി എന്തെങ്കിലും ചെയ്തതായി പറഞ്ഞില്ല. വിദ്യാര്‍ത്ഥികള്‍ എന്തു ചെയ്താലും, എത്ര ധിക്കാര പൂര്‍വം പെരുമാറിയാലും അതിനെ ചോദ്യം ചെയ്യാനോ സ്‌നേഹപൂര്‍വം അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പോലുമോ പറ്റാത്ത സാഹചര്യം പല വിദ്യാലയങ്ങളിലും നിലനിന്നു വരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ലഹരിസാധനങ്ങളുടെ വില്‍പനക്കാര്‍ കുട്ടികളെ വല വീശിപ്പിടിക്കുന്നുണ്ടെന്നത് പല അധ്യാപകരെ സംബന്ധിച്ചിടത്തോളവും ഒരു വാര്‍ത്തയേ അല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. പരമ ദരിദ്രരായ മാതാപിതാക്കളെ വിദ്യാര്‍ത്ഥികള്‍ എന്തൊക്കെയോ ആവശ്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ അധ്യാപകരില്‍ ചിലരുടെയെങ്കിലും കയ്യിലുണ്ട്.

പഠിക്കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയും ശിക്ഷിക്കപ്പെടാതിരിക്കുകയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയം ഉറപ്പാക്കുകയും വിജയിക്കുന്നവരില്‍ ചെറുതല്ലാത്ത ഒരു വിഭാഗത്തിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടുകയുമൊക്കെ ചെയ്യുമ്പോഴും കാര്യങ്ങള്‍ ഇത്തരത്തിലായിത്തീരുകയും സ്‌കൂള്‍ അന്തരീക്ഷം ഒട്ടും ആഹ്ലാദകരമോ ആത്മാഭിമാനം വളര്‍ത്തുന്നതോ അല്ലെന്ന് വേദനയോടെ പറയുന്ന അധ്യാപകരുടെ എണ്ണം ഓരോ ജില്ലയിലും പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഗൗരവപൂര്‍ണമായ ശ്രമങ്ങള്‍ ഉടനടി ആരംഭിക്കുന്നതിന് കേരളത്തിലെ അധ്യാപക സംഘടനകള്‍ക്കും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും അവരുടെ കക്ഷിരാഷ്ട്രീയ ബന്ധം തടസ്സമായിത്തീരേണ്ട കാര്യമേ ഇല്ല”.

അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ പ്രചരിപ്പിക്കുന്ന കഥകളിലെ വാസ്തവമെന്താണ്?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍