UPDATES

ട്രെന്‍ഡിങ്ങ്

കണ്ണന്താനം തെറുപ്പിക്കുമെന്ന സൂചന കളക്ടര്‍ ബ്രോ നേരത്തെ തന്നെ നല്‍കി; ഇനി ‘ഫ്രീഡം’ എന്നും പ്രശാന്ത്‌

സെന്‍ട്രല്‍ സ്റ്റാഫിംഗ് സ്‌കീം പ്രകാരം ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കുന്നതിന്റെ ഭാഗമായാണ് പ്രശാന്തിനെ കേന്ദ്രസഹമന്ത്രിയുടെ സെക്രട്ടറിയുടെ സ്ഥാനത്തു നിന്നും മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം

കളക്ടര്‍ ബ്രോ എന്‍ പ്രശാന്തിനെ കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തതിന് വന്‍ രാഷ്ട്രീയ കളികളെന്ന് സൂചന. മന്ത്രാലയത്തിലെ അഴിമതികളെയും കെടുകാര്യസ്ഥതയെയും കുറിച്ച് സൂചനകള്‍ നല്‍കുന്ന കാര്യങ്ങള്‍ പ്രശാന്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്ക് പോസ്റ്റായി ഇട്ടിരുന്നു. കൂടാതെ സിവില്‍ സര്‍വീസുകാരെ ഉടുക്കു കൊട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്ന കഥകളെ ഓര്‍മ്മിപ്പിച്ചും പ്രശാന്ത് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റുകളില്‍ നിന്നു തന്നെ തന്റെ സ്ഥാനചലനം ഉടനുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.

മെയ് മുപ്പതിനാണ് പ്രശാന്ത് സിവില്‍ സര്‍വീസുകാരെ ഉടുക്കു കൊട്ടി പേടിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് തുറന്നടിക്കുന്നത്. ‘സ്വകാര്യമേഖലയിലും അന്താരാഷ്ട്രതലത്തിലും വമ്പന്‍ ജോലികള്‍ക്ക് യോഗ്യതയുള്ള, അവനനവന്റെ കഴിവിലും യോഗ്യതയിലും പൂര്‍ണ്ണവിശ്വാസമുള്ള പല യുവതീയുവാക്കളും ഇന്ന് സിവില്‍ സര്‍വീസിലേക്ക് കടന്ന് വരുന്നുണ്ട്. ഇവരില്‍ പലരും കൊച്ചു നഗരങ്ങളില്‍ നിന്നുള്ള തന്റേടികളാണ്. ഇവര്‍ വരേണ്യവര്‍ഗ്ഗത്തില്‍ പെട്ടവരല്ല, സിവില്‍ സര്‍വീസ് കുടുംബങ്ങളില്‍ പിറന്നവരല്ല. അടവച്ച് വിരിയിക്കുന്ന, IIT/St.Stephens/Doon School തുടങ്ങിയ വന്‍ സെറ്റപ്പില്‍ നിന്നുള്ളവരുമല്ല. താന്‍പ്രമാണികളല്ലെങ്കിലും ആത്മാഭിമാനമുള്ളവര്‍. മിഡില്‍ ക്ലാസ്സ്, ലോവര്‍ മിഡില്‍ ക്ലാസ് ഫെലോസ്. ഇവരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ ശ്രമിച്ച് ബ്ലീച്ചടിക്കുന്ന ഓള്‍ഡ് സ്‌കൂള്‍ ബ്യൂറോക്രസി കഥകള്‍ ഡെയിലി കേള്‍ക്കാനുണ്ട്. വിസ്താരഭയത്താല്‍ കഥ പറയുന്നില്ല’. എന്നായിരുന്നു ആ പോസ്റ്റ്.

ജൂണ്‍ നാലിനാണ് ടൂറിസം മന്ത്രാലയത്തിലെ അഴിമതികളെക്കുറിച്ചുള്ള സൂചനകള്‍ അദ്ദേഹം നല്‍കുന്നത്. ‘രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ട് നാണയങ്ങളും ഇട്ട് വെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്ത് കണ്ടാലേ ശരിക്കും തിരിച്ചറിയാന്‍ പറ്റൂ. സഫറോം കീ സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ’. എന്നായിരുന്നു ആ പോസ്റ്റ്.

ടൂറിസം മന്ത്രാലയത്തില്‍ എന്തോ ചീഞ്ഞു നാറുന്നുവെന്ന വ്യക്തമായ സൂചനയാണ് പ്രശാന്ത് ഈ പോസ്റ്റിലൂടെ നല്‍കുന്നത്. റെഡ് ഫോര്‍ട്ട്‌, താജ് മഹല്‍ അടക്കം രാജ്യത്തെ പ്രധാന ഹെറിറ്റേജുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ‘അഡോപ്റ്റ്’ ചെയ്യാനുള്ള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കേന്ദ്ര ടൂറിസം മന്ത്രാലയമാണ്. മന്ത്രാലയത്തിന്റെ ഈ ‘അഡോപ്റ്റ് എ ഹെറിറ്റേജ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെഡ് ഫോര്‍ട്ട്‌ ഡാല്‍മിയ കമ്പനിക്ക് വിട്ടു നല്‍കുന്നതിനുള്ള ധാരണാപത്രത്തിലും ഒപ്പുവച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ രാജ്യത്തിന്റെ സ്വത്തായ സ്ഥാപനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടു നല്‍കുന്ന കാര്യത്തില്‍ ശക്തമായ എതിര്‍പ്പുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ കീഴില്‍ ഇത്തരം പദ്ധതികള്‍ നടക്കുമ്പോള്‍ തന്നെയാണ് എന്തൊക്കെയോ അവിഹിതമായ കാര്യങ്ങള്‍ നടക്കുന്ന കാര്യങ്ങള്‍ പ്രശാന്ത്‌ തന്റെ പോസ്റ്റുകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ പദ്ധതികളുമായി ബന്ധപ്പെട്ടാണോ സൂചനകള്‍ എന്നു വ്യക്തമല്ല.

ഇത് കൂടാതെ തന്റെ സ്ഥാനം ഉടന്‍ തെറിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടും പ്രശാന്ത് പോസ്റ്റിട്ടിരുന്നു. അഴിമതി കണ്ടെത്തിയതിനാല്‍ തനിക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്ന സൂചനയാണ് അദ്ദേഹം മെയ് അഞ്ചിന് ഇട്ട ആ പോസ്റ്റില്‍ നല്‍കിയിരുന്നത്. ‘ഒരു ഡിറ്റക്റ്റീവ് കഥ എഴുതുകുയായിരുന്നു. ഒരു ബാങ്ക് മാനേജര്‍ ബാങ്കിലെ ലോക്കര്‍ കുത്തിപ്പൊട്ടിക്കുന്നത് അവിടത്തെ സെക്യൂരിറ്റിക്കാരന്‍ കണാന്‍ ഇടവന്നു. കഥയില്‍ ഇനിയെന്ത് സംഭവിക്കും:
1) ബാങ്ക് മാനേജര്‍ ചമ്മല്‍ മാറ്റാന്‍ ഷോഡ കുടിക്കും.
2) സെക്യൂരിറ്റിക്കാരനെ പിരിച്ച് വിടും.
3)ബാങ്ക് മനേജര്‍ തെറ്റ് തിരുത്തും. നന്നാവും.
4)മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും.
5)സെക്യൂരിറ്റിക്കാരന്‍ സ്വയം പിരിഞ്ഞ് പോകും.
ഇതിലേതാ ഹീറോയിസം?’ എന്നതായിരുന്നു ആ പോസ്റ്റ്. ഇതിന് പിന്നാലെ പ്രശാന്ത് സ്ഥാനമൊഴിയുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.

 

ഇന്നലെയാണ് പ്രശാന്തിനെ സ്ഥാനത്തു നിന്നും മാറ്റി ഉത്തരവായത്. സെന്‍ട്രല്‍ സ്റ്റാഫിംഗ് സ്‌കീം പ്രകാരം ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കുന്നതിന്റെ ഭാഗമായാണ് പ്രശാന്തിനെ കേന്ദ്രസഹമന്ത്രിയുടെ സെക്രട്ടറിയുടെ സ്ഥാനത്തു നിന്നും മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ലെന്നും കണ്ണന്താനവുമായുള്ള അഭിപ്രായ ഭിന്നതയും മന്ത്രാലയവുമായി ബന്ധപ്പെട്ട എന്തൊക്കെയോ പ്രശ്‌നങ്ങളാണെന്നും ഇന്നലെയിട്ട പോസ്റ്റില്‍ നിന്നുപോലും വ്യക്തമാണ്. ഇരുവര്‍ എന്ന മണിരത്‌നം സിനിമയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടിരിക്കുന്ന ആ പോസ്റ്റില്‍ ‘ഫ്രീഡം’ എന്നാണ് പ്രശാന്ത് പറയുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

‘കളക്ടര്‍ ബ്രോ’യെ കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

അന്തസും കഴിവുമല്ല, ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത് ‘മറ്റ് മിടുക്കു’കളാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍

മലാപ്പറമ്പ സ്കൂളിലെ കുഞ്ഞുങ്ങള്‍ തല്‍ക്കാലം കളക്ടര്‍ ‘ബ്രോ’യുടെ ചിറകിനടിയില്‍

നല്ലൊരു സിവില്‍ വക്കീലിനേ നല്ലൊരു സിവില്‍ സര്‍വീസുകാരനാകാന്‍ കഴിയൂവെന്ന് ബല്‍റാം: മറുപടിയുമായി കളക്ടര്‍ ബ്രോ

കേസുകൊടുക്കുമെന്ന് എംപി, വിരട്ടേണ്ടെന്ന് കലക്ടര്‍ ‘ബ്രോ’

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍