UPDATES

ട്രെന്‍ഡിങ്ങ്

“ഞാന്‍ മരിച്ചാല്‍ ചേരമന്‍ പള്ളി വളപ്പില്‍ സംസ്കരിക്കുമോ?”; ടി എന്‍ ജോയ് ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നില്‍

ഫാഷിസത്തിനെതിരെ അനുരഞ്ജനം ആത്മഹത്യാപരമാണ്. ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഞാൻ ഇസ്ലാം മതം ആശ്ലേഷിക്കുന്നു.

അന്തരിച്ച നക്‌സലൈറ്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.എന്‍ ജോയ് മൂന്നു വർഷങ്ങൾക്ക് മുൻപാണ് ഇസ്ലാം മതം സ്വീകരിച്ചത്. നജ്മല്‍ എന്‍ ബാബുവെന്ന നാമധേയം ആണ് അദ്ദേഹം സ്വീകരിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ വിവരം ലോകത്തോട് വിളിച്ചു പറഞ്ഞത്. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അദ്ദേഹം പള്ളിക്കമ്മിറ്റിക്കാര്‍ക്ക് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. “ഞാന്‍ മരിച്ചാല്‍ ചേരമന്‍ പള്ളി വളപ്പില്‍ സംസ്കരിക്കാന്‍ സാധിക്കുമോ?” ടി എന്‍ ജോയ് ചോദിച്ചു. പള്ളിക്കമ്മിറ്റിക്കാര്‍ ഇത് അംഗീകരിച്ചെങ്കിലും ചില പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ അന്ന് പ്രശ്‌നമുണ്ടാക്കിയിരുന്നു.

സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തിവാദിയുമായിരുന്നത് കൊണ്ടാണ് പിതാവ് നീലകണ്ഠദാസ് ടി.എന്‍ ജോയ്ക്ക് ആ പേരിട്ടത്. ആ സമയത്ത് അദ്ദേഹത്തിന്റെ അമ്മാവന്റെ മകളുടെ പേര് ആയിഷ എന്നുമിട്ടു. 1970കളില്‍ കേരളത്തില്‍ സജീവമായിരുന്ന നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായും നേതൃസ്ഥാനം ഉള്‍പ്പെടെ വഹിച്ചിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് തടവ് ശിക്ഷ നേരിട്ട വ്യക്തികളില്‍ ഒരാള്‍ കൂടിയാണ്. പിന്നീട് നിരവധി മനുഷ്യാവകാശ ആദിവാസി സമരങ്ങളില്‍ ജോയ് സജീവ സാന്നിധ്യമായി.

ഇസ്ലാം മതം സ്വീകരിച്ചത് തന്റെ ഫാഷിസത്തിനെതിരായ രാഷ്ട്രീയ പ്രസ്താവന ആണെന്നാണ് 2015ല്‍ പ്രബോധത്തിനു നൽകിയ ഒരു അഭിമുഖത്തിൽ നജ്മൽ ബാബു പറഞ്ഞത്.

അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

മതമില്ലാത്ത കുടുംബമായിരുന്നു എന്റേത്. എന്നാല്‍ മതങ്ങളുടെ കഥകള്‍ പറഞ്ഞു തന്നാണ് അച്ഛന്‍ ഞങ്ങളെ മൂല്യങ്ങള്‍ പഠിപ്പിച്ചത്. എനിക്ക് ജോയ് എന്നും അമ്മാമന്റെ മകള്‍ക്ക് ആയിഷ എന്നും പേരിട്ടത് എന്റെ അച്ഛനാണ്. സവര്‍ണതയുടെ അതിക്രമങ്ങള്‍ കണ്ടും അനുഭവിച്ചും വളര്‍ന്നതിനാലാണ് അവര്‍ മതരഹിതരായി മാറിയത്. സവര്‍ണതയുടെ തന്നെ ഭാഗമായ അല്ലെങ്കില്‍ സവര്‍ണതയുടെ സമകാലിക ആവിഷ്‌കാരമായ ഹിന്ദുത്വ ഫാഷിസത്തിനെതിരായാണ് ഞാന്‍ ഇസ്‌ലാം മതാശ്ലേഷം നടത്തിയത്.

ഫാഷിസമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ ഏറ്റവും വലിയ നേതാവ് മോദി തന്നെ പ്രധാനമന്ത്രിയായി കഴിഞ്ഞിരിക്കുന്നു. ഇന്ത്യ സകല മാനവികമൂല്യങ്ങളുടെയും ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യവും മതേതരത്വവും തകര്‍ക്കാന്‍ ആര്‍.എസ്.എസ് ആസ്ഥാനത്തുനിന്നുള്ള അടയാളം കാത്തിരിക്കുകയാണ്. ഹിറ്റ്‌ലറുടെ രാജ്യവും അതിലെ സാംസ്‌കാരിക നായകന്മാരും ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നിന്നതുപോലെ ഇന്ത്യയും നില്‍ക്കേണ്ടിവരും. രണ്ട് ലോക യുദ്ധങ്ങള്‍ക്കു ശേഷം തകര്‍ന്നു തരിപ്പണമായ ജര്‍മനി ആ ദയനീയാവസ്ഥയില്‍ നിന്ന് മോചിതമായി. എന്നാല്‍, വരാനിരിക്കുന്ന ഫാഷിസ്റ്റ് തേര്‍വാഴ്ചക്കു ശേഷം ഇന്ത്യക്കൊരിക്കലും മോചനമുണ്ടാവില്ല. മാനവികതാ വാദികളും സാംസ്‌കാരിക നായകരും ഏതറ്റം വരെയും പ്രതികരിക്കേണ്ട അവസാന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. മറ്റൊരവസരം അവര്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല. യു.ആര്‍ അനന്തമൂര്‍ത്തിയും സക്കറിയയും കെ.ഇ.എന്നും പോലെയുള്ള ചിലര്‍ മാത്രമാണ് ഇത് തിരിച്ചറിയാനുള്ള ധൈഷണിക ഔന്നത്യം പ്രകടിപ്പിച്ചത്. എന്നാല്‍, ഭൂരിഭാഗവും ഈ നിര്‍ണായക നിമിഷത്തിലും അറച്ചുനില്‍ക്കുകയാണ്.

ഈ കറുത്ത കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാനുള്ള ഏറ്റവും പ്രധാന രാഷ്ട്രീയ ദൗത്യം ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്നുള്ളതാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ബാക്കിയുള്ള ശരീരവും അതിന്റെ പിന്നിലെ സര്‍വ ഊര്‍ജവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിനായി സമര്‍പ്പിക്കുകയാണ്. ചേരമാന്‍ പള്ളിയില്‍ ഖബ്‌റടക്കുക എന്നഭ്യര്‍ഥിച്ചപ്പോള്‍ ഞാന്‍ എന്റെ ശരീരത്തെ അതിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായപ്പോള്‍ ഞാന്‍ എന്റെ ആത്മാവിനെയും ശേഷിക്കുന്ന ജീവിതത്തെയും സമര്‍പ്പിക്കുകയാണ്. ഫാഷിസത്തിനെതിരെ അനുരഞ്ജനം ആത്മഹത്യാപരമാണ്. ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഞാൻ ഇസ്ലാം മതത്തെ ആശ്ലേഷിക്കുന്നു.

ഇന്ത്യന്‍ ഫാഷിസത്തിന്റെ ആക്രമണങ്ങളോടൊപ്പം ഇസ്‌ലാമോഫോബിയ കൂടി ചേര്‍ന്നപ്പോള്‍ ഏതൊരു മുസ്‌ലിമും ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്നവനായിരിക്കുന്നു. ആയിരക്കണക്കിന് മുസ്‌ലിംകള്‍ ജയിലിലടക്കപ്പെടുന്നത് മുതല്‍ ഇങ്ങേയറ്റത്ത് യുവജനോത്സവത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നു വന്ന ടീം പ്രതിഷേധിക്കാനൊരുങ്ങുമ്പോള്‍ അവരെ ഒതുക്കുന്നതിനായി ‘തീവ്രവാദം കളിച്ചാല്‍ ശരിയാക്കിക്കളയും’ എന്ന് ഭീഷണിപ്പെടുത്തുന്ന പോലീസുകാരന്റെ മനോഭാവത്തില്‍ വരെ ഇത് പടര്‍ന്നിരിക്കുന്നു.

സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെല്ലാം ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്നു. മാധ്യമങ്ങളാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രയോക്താക്കള്‍. എത്രയെത്ര ഭീകരതയുടെ വാര്‍ത്തകളാണ് യാതൊരു തെളിവുമില്ലാതെ നിരന്തരം ഉല്‍പാദിപ്പിക്കപ്പെടുന്നത്!

മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഒരു വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് ആദ്യമേ ഉണ്ടാകേണ്ടതാണ്. ഞങ്ങളാണ് പരിശുദ്ധ ഇസ്‌ലാം എന്ന വാദം ഇക്കാര്യത്തിലെങ്കിലും മാറ്റിവെക്കണം. കേരളത്തിലെ പ്രമുഖ കക്ഷികള്‍ ഫാഷിസത്തിനെതിരെ വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം. ഫാഷിസത്തിനെതിരെ ഗാന്ധി ബ്രിട്ടീഷുകാരെ പിന്തുണച്ചതുപോലെ മുസ്‌ലിം സംഘടനകളുമായി യോജിപ്പിനുള്ള വഴികള്‍ തേടണം.

ഫാഷിസത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷമായിരുന്നു നേതൃത്വം വഹിക്കേണ്ടിയിരുന്നത്. അവര്‍ ഒരു പരിധിവരെ അത് ചെയ്യുന്നുണ്ട്. എന്നാല്‍, അതില്‍ വന്‍ വീഴ്ചകളും ജാഗ്രതക്കുറവും സംഭവിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രാദേശിക രാഷ്ട്രീയത്തില്‍ സൗഹൃദ മത്സരങ്ങളാണ് വളരെക്കാലമായി നടക്കുന്നത്. മേജര്‍ അറ്റാക്കുകള്‍ അടുത്ത കാലത്തൊന്നും ഒരു വിഭാഗവും നേരിടേണ്ടിവന്നിട്ടില്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഒരു മുസ്‌ലിം പള്ളിയുടെ പ്രശ്‌നമായി ലഘൂകരിക്കപ്പെടുന്നതാണ് പിന്നീട് നമ്മള്‍ കണ്ടത്. ഈ ‘സൗഹൃദാന്തരീക്ഷം’ നിലനിര്‍ത്താന്‍ ബാബരി മസ്ജിദിനെക്കുറിച്ച് മിണ്ടരുതെന്ന് മുസ്‌ലിം ലീഗ് പോലും തീരുമാനിച്ചു. മതേതരത്വത്തിന്റെ മാലാഖമാരായി മാറാന്‍ എല്ലാവരും മത്സരിച്ചു. ഭൂരിപക്ഷ വര്‍ഗീയത പറയുമ്പോഴെല്ലാം ന്യൂനപക്ഷ വര്‍ഗീയതയും പറയണമെന്ന് ശഠിച്ചു. ന്യൂനപക്ഷം ചെയ്യുന്ന പാപങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ക്ക് ഈ അക്രമങ്ങള്‍ ചെയ്യേണ്ടിവരുന്നതെന്ന് ലോകത്തെങ്ങുമുള്ള ഫാഷിസ്റ്റുകളെയും പോലെ ഇന്ത്യയിലെ സംഘ്പരിവാറും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതേ വാദം ഏറ്റുപിടിക്കുന്നവരായി മാറുകയാണ് ഫലത്തില്‍ കേരളത്തിലെ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മതേതരപക്ഷം.

ഉള്ളിൽ കനലുള്ളവന് ഈ ഫാസിസ്റ്റ് കാലത്ത് നിശ്ശബ്ദനായിരിക്കാനാവില്ല; ജോയിച്ചേട്ടന്‍ എന്ന നജ്മല്‍ ബാബുക്കയെ ഓര്‍ക്കുമ്പോള്‍-സഫിയ ഫാത്തിമ എഴുതുന്നു

എന്തിനാണ് ജോയി ഒളിച്ചിരിക്കുന്നത്? ഒരിക്കല്‍ സക്കറിയ ചോദിച്ചു

മുന്‍ നക്‌സല്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി എന്‍ ജോയ് അന്തരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍